1 പത്രൊസ് 3:1-18

1 പത്രൊസ് 3:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻതന്നെ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ട് ദൈവത്തിൽ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നത്. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ച് അനുസരിച്ചിരുന്നു; നന്മ ചെയ്ത് യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു. അങ്ങനെതന്നെ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർഥനയ്ക്കു മുടക്കം വരാതിരിക്കേണ്ടതിനു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ച്, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപയ്ക്കു കൂട്ടവകാശികൾ എന്നും ഓർത്ത് അവർക്കു ബഹുമാനം കൊടുപ്പിൻ. തീർച്ചയ്ക്ക് എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ. ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാൺമാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. കർത്താവിന്റെ കണ്ണ് നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുത്; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിനു നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിൻ. നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നത് ഏറ്റവും നന്ന്. ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിനു നീതിമാനായി നീതികെട്ടവർക്കുവേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏല്ക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

1 പത്രൊസ് 3:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഭാര്യാമാരേ, ഭർത്താക്കന്മാർക്ക് നിങ്ങൾ വിധേയരായിരിക്കുക. അവരിൽ ദൈവവചനം അനുസരിക്കാത്തവർ ഉണ്ടെങ്കിൽ, പതിഭക്തിയോടും സ്വഭാവനൈർമ്മല്യത്തോടുംകൂടി അവരോടു പെരുമാറുക. ഒന്നും പറയാതെതന്നെ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടിയെടുക്കുവാൻ കഴിയും. പിന്നിയ മുടി, സ്വർണാഭരണം, മോടിയുള്ള വസ്ത്രം തുടങ്ങി ബാഹ്യമായ ഒന്നുമല്ല നിങ്ങളുടെ യഥാർഥഭൂഷണം. സൗമ്യവും പ്രശാന്തവുമായ മനസ്സ് എന്ന അനശ്വരരത്നം ധരിക്കുന്ന അന്തരാത്മാവ് ആയിരിക്കട്ടെ നിങ്ങളുടെ അലങ്കാരം. ദൈവത്തിന്റെ ദൃഷ്‍ടിയിൽ വിലയുള്ളതായി കരുതപ്പെടുന്നത് അതാണ്. ദൈവത്തിൽ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്‍ത്രീകൾ മുൻകാലത്ത് ഇപ്രകാരമാണല്ലോ തങ്ങളെത്തന്നെ അലങ്കരിച്ച് ഭർത്താക്കന്മാർക്കു വിധേയരായിരുന്നത്. സാറാ അബ്രഹാമിനെ നാഥാ എന്നു വിളിച്ച് അദ്ദേഹത്തിനു കീഴ്പെട്ടിരുന്നല്ലോ. ഭീഷണി ഒന്നും ഭയപ്പെടാതെ നന്മ പ്രവർത്തിക്കുന്നതുകൊണ്ട് നിങ്ങൾ സാറായുടെ സന്തതികളായിത്തീരുന്നു. അതുപോലെതന്നെ ഭർത്താക്കന്മാരേ, സ്‍ത്രീകൾ ബലഹീനപാത്രമാണെന്നുള്ളതു മനസ്സിലാക്കി അവരോടൊത്തു വിവേകപൂർവം ജീവിക്കുക. ദൈവത്തിന്റെ ദാനമായ ജീവന് നിങ്ങളെപ്പോലെതന്നെ അവർക്കും അവകാശം ഉള്ളതുകൊണ്ട് അവരെ ബഹുമാനിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ പ്രാർഥനയ്‍ക്കു പ്രതിബന്ധം ഉണ്ടാവുകയില്ല. ചുരുക്കത്തിൽ നിങ്ങൾക്കെല്ലാവർക്കും ഐകമത്യവും, സഹതാപവും, സഹോദരസ്നേഹവും, മനസ്സലിവും, വിനയവും ഉണ്ടായിരിക്കണം. തിന്മയ്‍ക്കു തിന്മയും, അധിക്ഷേപത്തിന് അധിക്ഷേപവും പകരം ചെയ്യാതെ അനുഗ്രഹിക്കുകയാണു വേണ്ടത്. നിങ്ങൾ ഇതുമൂലം അനുഗ്രഹം പ്രാപിക്കേണ്ടതിനു വിളിക്കപ്പെട്ടവരാണല്ലോ. സൗഭാഗ്യജീവിതം വാഞ്ഛിക്കുകയും സന്തോഷം നല്‌കുന്ന ദിവസങ്ങൾ കാണാൻ ആഗ്രഹിക്കുകയും ചെയ്യുന്നവൻ തിന്മയിൽനിന്നു തന്റെ നാവിനെയും വഞ്ചന സംസാരിക്കുന്നതിൽനിന്നു തന്റെ അധരങ്ങളെയും കാത്തു സൂക്ഷിക്കട്ടെ. അവൻ തിന്മ വിട്ടകന്ന് നന്മ പ്രവർത്തിക്കട്ടെ; സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. എന്തെന്നാൽ സർവേശ്വരൻ നീതിമാന്മാരെ കടാക്ഷിക്കുന്നു; അവരുടെ പ്രാർഥന ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാൽ തിന്മ പ്രവർത്തിക്കുന്നവർക്ക് അവിടുന്ന് എതിരായിരിക്കും. നന്മ ചെയ്യുന്നതിൽ നിങ്ങൾ ഉത്സുകരാണെങ്കിൽ ആരു നിങ്ങളെ ദ്രോഹിക്കും? എന്നാൽ നീതി നിമിത്തം കഷ്ടത സഹിക്കേണ്ടി വന്നാൽത്തന്നെയും നിങ്ങൾ ഭാഗ്യവാന്മാർ! നിങ്ങൾ ആരെയും ഭയപ്പെടേണ്ടാ; അസ്വസ്ഥചിത്തരാകുകയും വേണ്ടാ. നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ പരമനാഥനായി ആരാധിക്കുക. നിങ്ങൾക്കുള്ള പ്രത്യാശയെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോട് സൗമ്യതയോടും ആദരത്തോടും കൂടി പ്രതിവാദം നടത്തുവാൻ സന്നദ്ധരായിരിക്കുക. ക്രിസ്തുവിന്റെ അനുയായികളായ നിങ്ങളുടെ സൽപ്രവൃത്തിയെ ദുഷിക്കുകയും നിങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നവർ ലജ്ജിച്ചുപോകത്തക്കവിധം നിങ്ങൾ നിർമ്മല മനസ്സാക്ഷിയുള്ളവരായിരിക്കണം. നിങ്ങൾ നന്മ ചെയ്യുന്നതുമൂലം കഷ്ടത സഹിക്കുന്നതു ദൈവഹിതമാണെങ്കിൽ, തിന്മ ചെയ്തിട്ടു കഷ്ടത സഹിക്കുന്നതിനെക്കാൾ നല്ലതാണ് അത്. ക്രിസ്തുവും എല്ലാവരുടെയും പാപങ്ങൾക്കുവേണ്ടി ഒരിക്കൽമാത്രം മരിച്ചു; നമ്മെ ദൈവത്തിങ്കലേക്കു നയിക്കുന്നതിന് നീതികെട്ടവർക്കുവേണ്ടി നീതിമാൻ ശരീരത്തിൽ മരണശിക്ഷ ഏല്‌ക്കുകയും ആത്മാവിൽ ഉയിർപ്പിക്കപ്പെടുകയും ചെയ്തു

1 പത്രൊസ് 3:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതുപോലെ, ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ പെരുമാറ്റം കണ്ടറിഞ്ഞ് വചനം കൂടാതെ ഭാര്യമാരുടെ പെരുമാറ്റത്താൽ അവരെ നേടിയെടുക്കുവാൻ ഇടയാകും. നിങ്ങളുടെ അലങ്കാരമാക്കേണ്ടത് തലമുടി പിന്നുന്നതും, പൊന്നണിയുന്നതും, മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, മറിച്ച് സൗമ്യതയും പ്രശാന്തവുമായ മനസ്സ് എന്ന നശിക്കാത്ത ആഭരണമായ അന്തരാത്മാവ് തന്നെ ആയിരിക്കട്ടെ; അത് ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ട് ദൈവത്തിൽ പ്രത്യാശ വച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിച്ച് തങ്ങളുടെ സ്വന്തം ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരുന്നത്. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ച് അനുസരിച്ചിരുന്നു; നന്മ ചെയ്യുകയും, യാതൊരുവിധ ബുദ്ധിമുട്ടുകളേയും ഭയപ്പെടാതെയും ഇരുന്നാൽ നിങ്ങളും അവളുടെ മക്കൾ ആയിത്തീരുന്നു. അങ്ങനെ തന്നെ ഭർത്താക്കന്മാരേ, പ്രാർത്ഥനയ്ക്ക് മുടക്കം വരാതിരിക്കേണ്ടതിന് വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ച്, സ്ത്രീപങ്കാളി ബലഹീനപാത്രം എന്നും അവർ ജീവന്‍റെ കൃപയ്ക്ക് കൂട്ടവകാശികൾ എന്നും ഓർത്തു അവർക്ക് ബഹുമാനം കൊടുക്കുവിൻ. ഒടുവിൽ എല്ലാവരോടും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയവുമുള്ളവരായിരിപ്പിൻ. ദോഷത്തിന് ദോഷവും ശകാരത്തിന് ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന് വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിൻ. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്‍റെ നാവിനേയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്ന് ഗുണം ചെയ്കയും സമാധാനം അന്വേഷിച്ച് പിന്തുടരുകയും ചെയ്യട്ടെ. കർത്താവിന്‍റെ കണ്ണ് നീതിമാന്മാരുടെമേലും അവന്‍റെ ചെവി അവരുടെ പ്രാർത്ഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്‍റെ മുഖം ദുഷ്പ്രവൃത്തിക്കാർക്ക് പ്രതികൂലമായിരിക്കുന്നു.” നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്ക് ദോഷം ചെയ്യുന്നവൻ ആർ? നീതിനിമിത്തം കഷ്ടം സഹിക്കേണ്ടിവന്നാലും നിങ്ങൾ അനുഗ്രഹീതർ. അവർ ഭയപ്പെടുന്നതിനെ ഭയപ്പെടുകയും, കലങ്ങുകയുമരുത്; പകരം ക്രിസ്തുവിനെ കർത്താവായി നിങ്ങളുടെ ഹൃദയങ്ങളിൽ വേർതിരിപ്പിൻ. നിങ്ങൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നത് എന്ത് എന്നു ചോദിക്കുന്ന ഏവരോടും സൗമ്യതയോടും ബഹുമാനത്തോടുംകൂടി മറുപടി പറയുവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല ജീവിതത്തെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ച് പറയുന്നതിൽ ലജ്ജിക്കേണ്ടതിന് നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ. നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവം ഇച്ഛിക്കുന്നു എങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ട് സഹിക്കുന്നത് ഏറ്റവും നന്ന്. നീതിമാനായ ക്രിസ്തുവും ഒരിക്കൽ നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നമ്മുടെ പാപംനിമിത്തം കഷ്ടം അനുഭവിക്കുകയും, ജഡത്തിൽ മരണശിക്ഷ ഏൽക്കുകയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

1 പത്രൊസ് 3:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നതു. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു. അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ. തീർച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ. “ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്മാൻ ഇച്ഛിക്കയും ചെയ്യുന്നവൻ ദോഷം ചെയ്യാതെ തന്റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ. അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ. കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.” നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ. ക്രിസ്തുവിൽ നിങ്ങൾക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവർ നിങ്ങളെ പഴിച്ചു പറയുന്നതിൽ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിൻ. നിങ്ങൾ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും നന്നു. ക്രിസ്തുവും നമ്മെ ദൈവത്തോടു അടുപ്പിക്കേണ്ടതിന്നു നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.

1 പത്രൊസ് 3:1-18 സമകാലിക മലയാളവിവർത്തനം (MCV)

ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക. വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും. വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം; പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം. ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്. സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ. അങ്ങനെതന്നെ ഭർത്താക്കന്മാരും സ്ത്രീകൾ ദുർബലപാത്രങ്ങളാണെന്ന് അറിഞ്ഞ്, അവരും ജീവന്റെ കൃപയ്ക്ക് നിങ്ങളോടൊപ്പം കൂട്ടവകാശികൾ ആയിരിക്കുകയാൽ, അവർക്ക് ബഹുമാനം നൽകി അവരോടൊപ്പം പരസ്പരധാരണയോടെ വസിക്കുക. അങ്ങനെയായാൽ നിങ്ങളുടെ പ്രാർഥനയ്ക്ക് തടസ്സം നേരിടുകയില്ല. സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക. തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. “ജീവനെ സ്നേഹിക്കുകയും ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ അവരുടെ നാവിനെ തിന്മയിൽനിന്നും അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക. തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക. കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു, എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.” നിങ്ങൾ നന്മചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും? നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.” നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം. നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും. നിങ്ങൾ കഷ്ടത സഹിക്കുന്നതു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടു സഹിക്കുന്നതിനെക്കാൾ, നന്മ ചെയ്തിട്ടു സഹിക്കുന്നതാണ് ഉത്തമം. അതുപോലെ നീതിമാനായ ക്രിസ്തു, നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന്, ഒരിക്കലായി നമ്മുടെ പാപംനിമിത്തം കഷ്ടത അനുഭവിച്ചു. അവിടന്ന് ശരീരത്തിൽ വധിക്കപ്പെട്ടുവെങ്കിലും ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു.