1 പത്രൊസ് 2:5-10

1 പത്രൊസ് 2:5-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാൻ തക്ക വിശുദ്ധപുരോഹിതവർഗമാകേണ്ടതിനു പണിയപ്പെടുന്നു. “ഞാൻ ശ്രേഷ്ഠവും മാന്യവുമായൊരു മൂലക്കല്ല് സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ. വിശ്വസിക്കുന്ന നിങ്ങൾക്ക് ആ മാന്യതയുണ്ട്; വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്കൽപ്പാറയുമായിത്തീർന്നു.” അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന് അവരെ വച്ചുമിരിക്കുന്നു. നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. മുമ്പേ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നെ.

1 പത്രൊസ് 2:5-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ജീവിക്കുന്ന ശിലകൾ എന്നപോലെ നിങ്ങളും ആധ്യാത്മിക മന്ദിരമായും വിശുദ്ധ പുരോഹിതവർഗമായും ഉയർത്തപെടട്ടെ. അങ്ങനെ ദൈവത്തിനു പ്രസാദകരമായ ആത്മീയയാഗം യേശുക്രിസ്തു മുഖാന്തരം നിങ്ങൾ അർപ്പിക്കും. വിശുദ്ധ ലിഖിതത്തിൽ ഇങ്ങനെ കാണുന്നു: ഇതാ, ഞാൻ തിരഞ്ഞെടുത്തതും വിലയേറിയതുമായ ഒരു മൂലക്കല്ല് സീയോനിൽ ഇടുന്നു. ആ കല്ലാണ് അവിടുന്ന്; അവിടുന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ലജ്ജിക്കുവാൻ ഇടയാകുകയില്ല. അതുകൊണ്ട് വിശ്വസിക്കുന്ന നിങ്ങൾക്ക് അവിടുന്നു വിലയേറിയവൻ ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ, പണിക്കാർ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു. അത് അവർക്ക് തട്ടിവീഴ്ത്തുന്ന തടസ്സക്കല്ലും ഇടറി വീഴ്ത്തുന്ന തെന്നൽപാറയും ആയിരിക്കും. വചനം അനുസരിക്കാത്തതിനാൽ അവർ തട്ടിവീഴുന്നു; അതിനുവേണ്ടി അവർ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങളാകട്ടെ, അന്ധകാരത്തിൽനിന്ന് തന്റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ച ദൈവത്തിന്റെ അദ്ഭുതകരമായ പ്രവൃത്തികളെ പ്രഘോഷിക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയ പുരോഹിതവർഗവും, വിശുദ്ധജനതയും, ദൈവത്തിന്റെ സ്വന്തജനവും ആകുന്നു. മുമ്പ് നിങ്ങൾ ദൈവത്തിന്റെ ജനം ആയിരുന്നില്ല; എന്നാൽ ഇപ്പോൾ നിങ്ങൾ അവിടുത്തെ ജനം ആയിരിക്കുന്നു; മുമ്പ് നിങ്ങൾക്കു കാരുണ്യം ലഭിച്ചിരുന്നില്ല; എന്നാൽ ഇപ്പോൾ നിങ്ങൾക്കു കാരുണ്യം ലഭിച്ചിരിക്കുന്നു.

1 പത്രൊസ് 2:5-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് പ്രസാദമുള്ള ആത്മികയാഗം അർപ്പിക്കുന്ന വിശുദ്ധ പുരോഹിതവർഗ്ഗമാകേണ്ടതിന് പണിയപ്പെടുന്നു. “ഇതാ ഞാൻ വിലയേറിയതും തിരഞ്ഞെടുക്കപ്പെട്ടതുമായൊരു മൂലക്കല്ല് സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിതനാകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ. വിശ്വസിക്കുന്ന നിങ്ങൾക്ക് ആ ആദരവുണ്ട്; “വീട് പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് തന്നെ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.” തിരുവെഴുത്ത് വീണ്ടും പറയുന്നു അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന് അവരെ നിയമിച്ചുമിരിക്കുന്നു. എന്നാൽ നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്‍റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. നിങ്ങൾ ഒരിക്കൽ ദൈവജനമല്ലാത്തവർ ആയിരുന്നു; ഇപ്പോഴോ ദൈവത്തിന്‍റെ ജനം; ദൈവത്തില്‍നിന്നും കരുണ ലഭിക്കാത്തവർ ആയിരുന്നു; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നെ.

1 പത്രൊസ് 2:5-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു. “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ. വിശ്വസിക്കുന്ന നിങ്ങൾക്കു ആ മാന്യതയുണ്ടു; വിശ്വസിക്കാത്തവർക്കോ “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു തന്നേ മൂലക്കല്ലും ഇടർച്ചക്കല്ലും തടങ്ങൽ പാറയുമായിത്തീർന്നു.” അവർ വചനം അനുസരിക്കായ്കയാൽ ഇടറിപ്പോകുന്നു; അതിന്നു അവരെ വെച്ചുമിരിക്കുന്നു. നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.

1 പത്രൊസ് 2:5-10 സമകാലിക മലയാളവിവർത്തനം (MCV)

യേശുക്രിസ്തുമുഖേന ദൈവത്തിന് സ്വീകാര്യമായ ആത്മികയാഗങ്ങൾ അർപ്പിക്കുന്നതിനുള്ള വിശുദ്ധപുരോഹിതഗണമായിത്തീരണം നിങ്ങൾ. അതിനായി ജീവനുള്ള കല്ലുകളെപ്പൊലെ ഒരു ആത്മികഗൃഹമായി പണിയപ്പെടുകയാണ്. തിരുവെഴുത്തിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ ഒരു മൂലക്കല്ലുതന്നെ; കർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല.” വിശ്വസിക്കുന്ന നിങ്ങൾക്ക് ഈ ശില അമൂല്യമാണ്, എന്നാൽ വിശ്വസിക്കാത്തവർക്കോ, “ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.” മാത്രമല്ല, “ഇത് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്.” വചനം അനുസരിക്കാത്തവർക്ക് കാലിടറുന്നു. അതാണ് അവരുടെ നിയോഗം. എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്. ഒരുകാലത്ത് നിങ്ങൾ ദൈവജനം ആയിരുന്നില്ല. എന്നാൽ ഇപ്പോൾ ദൈവത്തിന്റെ ജനമാണ്. ഒരിക്കൽ നിങ്ങൾ കരുണ ലഭിക്കാത്തവർ ആയിരുന്നു, എന്നാൽ ഇപ്പോഴോ, നിങ്ങൾക്ക് കരുണ ലഭിച്ചിരിക്കുന്നു.