1 പത്രൊസ് 2:1-5
1 പത്രൊസ് 2:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞ് ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവ് ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ. മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാൻ തക്ക വിശുദ്ധപുരോഹിതവർഗമാകേണ്ടതിനു പണിയപ്പെടുന്നു.
1 പത്രൊസ് 2:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എല്ലാ ദുഷ്ടതയും, വഞ്ചനയും, കാപട്യവും അസൂയയും എല്ലാ പരദൂഷണങ്ങളും ഉപേക്ഷിക്കുക. പിഞ്ചുശിശുക്കൾ പാൽ കുടിച്ചു വളരുന്നതുപോലെ രക്ഷയിലേക്കു വളരുന്നതിന് ദൈവവചനമാകുന്ന കലർപ്പറ്റ പാൽ കുടിക്കുവാൻ പുതുതായി ജനിച്ച നിങ്ങൾ അഭിവാഞ്ഛിക്കണം. കർത്താവിന്റെ ദയാലുത്വം നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ. അവിടുത്തെ അടുക്കലേക്കു വരിക; മനുഷ്യൻ പരിത്യജിച്ചതെങ്കിലും ദൈവം തിരഞ്ഞെടുത്തതും വിലയേറിയതുമായ ജീവിക്കുന്ന ശിലയാണ് അവിടുന്ന്. ജീവിക്കുന്ന ശിലകൾ എന്നപോലെ നിങ്ങളും ആധ്യാത്മിക മന്ദിരമായും വിശുദ്ധ പുരോഹിതവർഗമായും ഉയർത്തപെടട്ടെ. അങ്ങനെ ദൈവത്തിനു പ്രസാദകരമായ ആത്മീയയാഗം യേശുക്രിസ്തു മുഖാന്തരം നിങ്ങൾ അർപ്പിക്കും.
1 പത്രൊസ് 2:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും അപവാദങ്ങളും നീക്കിക്കളഞ്ഞ് ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയിൽ വളരുവാൻ വചനം എന്ന മായമില്ലാത്ത ആത്മീയ പാൽ കുടിക്കുവാൻ വാഞ്ചിപ്പിൻ. തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നതുപോലെ കർത്താവ് ദയയുള്ളവൻ എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ. മനുഷ്യർ തള്ളിയതെങ്കിലും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനും, വിലയേറിയവനുമായ ജീവനുള്ള കല്ലായ ക്രിസ്തുവിന്‍റെ അടുക്കൽ വന്നിട്ട് നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന് പ്രസാദമുള്ള ആത്മികയാഗം അർപ്പിക്കുന്ന വിശുദ്ധ പുരോഹിതവർഗ്ഗമാകേണ്ടതിന് പണിയപ്പെടുന്നു.
1 പത്രൊസ് 2:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ സകലദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാനുണയും നീക്കിക്കളഞ്ഞു ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ. മനുഷ്യർ തള്ളിയതെങ്കിലും ദൈവസന്നിധിയിൽ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കൽ വന്നിട്ടു നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്തക്ക വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്നു.
1 പത്രൊസ് 2:1-5 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട് സകലവിദ്വേഷവും സകലവഞ്ചനയും കപടഭാവവും അസൂയയും എല്ലാവിധ അപവാദപ്രചാരണങ്ങളും ഉപേക്ഷിക്കുക. കർത്താവ് നല്ലവനെന്ന് നിങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ടല്ലോ. ആകയാൽ, ശുദ്ധമായ ആത്മികപാൽ കുടിക്കാൻ നവജാതശിശുക്കളെപ്പോലെ അതിയായി ആഗ്രഹിക്കുക. അങ്ങനെ നിങ്ങൾക്ക് രക്ഷയിൽ വളരാൻ സാധിക്കും. മനുഷ്യർ ഉപേക്ഷിച്ചതും എന്നാൽ ദൈവം തെരഞ്ഞെടുത്തതും അമൂല്യവും ജീവനുള്ള പാറയുമായ ക്രിസ്തുവിന്റെ അടുത്തേക്കാണ് നിങ്ങൾ വന്നുചേർന്നിരിക്കുന്നത്. യേശുക്രിസ്തുമുഖേന ദൈവത്തിന് സ്വീകാര്യമായ ആത്മികയാഗങ്ങൾ അർപ്പിക്കുന്നതിനുള്ള വിശുദ്ധപുരോഹിതഗണമായിത്തീരണം നിങ്ങൾ. അതിനായി ജീവനുള്ള കല്ലുകളെപ്പൊലെ ഒരു ആത്മികഗൃഹമായി പണിയപ്പെടുകയാണ്.