1 പത്രൊസ് 1:13-23

1 പത്രൊസ് 1:13-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചു നിർമദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണപ്രത്യാശ വച്ചുകൊൾവിൻ. പണ്ടു നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്ന് എഴുതിയിരിക്കുന്നുവല്ലോ. മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവ് എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ. വ്യർഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. അവൻ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു. എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ. കെടുന്ന ബീജത്താലല്ല, കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽതന്നെ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

1 പത്രൊസ് 1:13-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട് നിങ്ങളുടെ മനസ്സ് സുസജ്ജമാക്കി, യേശുക്രിസ്തു പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്കു ലഭിക്കുവാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ പൂർണമായി ഉറപ്പിച്ചുകൊള്ളുക. മുമ്പ് നിങ്ങൾ അജ്ഞരായിരുന്ന കാലത്ത് നിങ്ങളിൽ വർത്തിച്ചിരുന്ന രാഗമോഹാദികൾ അനുസരിച്ചു നടക്കരുത്. പ്രത്യുത നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുകൊണ്ട്, അനുസരണയുള്ള മക്കൾ എന്നവണ്ണം നിങ്ങളുടെ എല്ലാ പെരുമാറ്റങ്ങളിലും വിശുദ്ധർ ആയിരിക്കുക. ‘ഞാൻ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക’ എന്ന് എഴുതിയിട്ടുണ്ടല്ലോ. പക്ഷപാതം കൂടാതെ അവനവൻ ചെയ്യുന്ന പ്രവൃത്തിക്ക് ഒത്തവണ്ണം ഓരോരുത്തനെയും വിധിക്കുന്നവനെയാണ് നിങ്ങൾ പിതാവ് എന്നു വിളിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഈ പ്രവാസകാലം മുഴുവൻ ഭക്തിയോടെ ജീവിക്കുക. പിതൃപാരമ്പര്യ വഴിക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങളെ വിമോചിപ്പിക്കുന്നതിനുള്ള വിലയായി കൊടുത്തത് വെള്ളി, സ്വർണം തുടങ്ങിയ നശ്വരവസ്തുക്കളല്ല, പ്രത്യുത ക്രിസ്തുവിന്റെ വിലയേറിയ രക്തമാണ് എന്നുള്ളതു നിങ്ങൾക്ക് അറിയാമല്ലോ. ഊനവും കളങ്കവും ഇല്ലാത്ത ബലിമൃഗമായ കുഞ്ഞാടാണ് അവിടുന്ന്. പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അവിടുന്നു നിയോഗിക്കപ്പെട്ടു. ഈ അന്ത്യനാളുകളിൽ നിങ്ങൾക്കുവേണ്ടി വെളിപ്പെടുകയും ചെയ്തു. അവിടുന്നു മുഖാന്തരം നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും, അവിടുത്തേക്കു മഹത്ത്വം നല്‌കുകയും ചെയ്ത ആ ദൈവത്തിലാകുന്നു നിങ്ങളുടെ വിശ്വാസവും പ്രത്യാശയും. സത്യത്തെ അനുസരിക്കുന്നതിനാൽ ആത്മാവിനു നൈർമ്മല്യവും ഹൃദയംഗമമായ സഹോദരസ്നേഹവും നിങ്ങൾക്ക് ഉണ്ടായിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ അന്യോന്യം ഉറ്റുസ്നേഹിക്കുക. നശ്വരമായ ബീജത്താലല്ല, സജീവവും അനശ്വരവുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

1 പത്രൊസ് 1:13-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ. പണ്ട് നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കരുത് എന്നാൽ വിശുദ്ധനായവൻ നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട് ജീവിതത്തിലെ എല്ലാപെരുമാറ്റങ്ങളിലും നിങ്ങൾ വിശുദ്ധരായിരിപ്പിൻ. “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ. ഓരോരുത്തരുടെയും പ്രവൃത്തിക്ക് തക്കവണ്ണം നിഷ‌്പക്ഷമായി ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവായ ദൈവം എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയഭക്തിയോടെ ജീവിക്കുവിൻ. പിതാക്കന്മാരിൽനിന്ന് പഠിച്ച വ്യർത്ഥമായ പെരുമാറ്റങ്ങളിൽ നിന്ന് നിങ്ങളെ വീണ്ടെടുത്തിരിക്കുന്നത്, പൊന്ന്, വെള്ളി, മുതലായ നശിച്ചുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിൻ്റെ ശ്രേഷ്ഠമേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. ക്രിസ്തു ലോകസ്ഥാപനത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ടവനും ഈ അന്ത്യകാലത്ത് നിങ്ങൾക്ക് വെളിപ്പെട്ടവനും ആകുന്നു. അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചു, അവനു തേജസ്സ് കൊടുത്തുമിരിക്കുന്നു. എന്നാൽ സത്യം അനുസരിക്കുകയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ട് ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിക്കുവിൻ. നശിച്ചുപോകുന്ന ബീജത്താലല്ല, നശിക്കാത്തതിനാൽ ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

1 പത്രൊസ് 1:13-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ. പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ. “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ. മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ. വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു. എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ. കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.

1 പത്രൊസ് 1:13-23 സമകാലിക മലയാളവിവർത്തനം (MCV)

ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക. നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക. നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക. “ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഓരോരുത്തരുടെയും പ്രവൃത്തികൾക്ക് അനുസൃതമായി, പക്ഷഭേദംകൂടാതെ ന്യായംവിധിക്കുന്ന ദൈവത്തെ നിങ്ങൾ പിതാവെന്ന് വിളിക്കുന്നു. അതിനാൽ ഭൂമിയിലെ നിങ്ങളുടെ പ്രവാസജീവിതം ഭയഭക്തിയോടെ ആയിരിക്കട്ടെ. നിങ്ങളുടെ പൂർവികരിൽനിന്നു സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്നു നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല, പിന്നെയോ, നിർമലവും കളങ്കരഹിതവുമായ ക്രിസ്തു എന്ന കുഞ്ഞാടിന്റെ അമൂല്യരക്തത്താൽ ആണ്. ലോകാരംഭത്തിനു മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്. ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു. നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക. നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ.

1 പത്രൊസ് 1:13-23

1 പത്രൊസ് 1:13-23 MALOVBSI