1 രാജാക്കന്മാർ 5:1-18
1 രാജാക്കന്മാർ 5:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ശലോമോനെ അവന്റെ അപ്പനു പകരം രാജാവായിട്ട് അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ട് ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു. ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാല്ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ അവനു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ. എന്നാൽ ഇപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു. ആകയാൽ ഇതാ, ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന് ഒരു ആലയം പണിയുമെന്ന് യഹോവ എന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു. ആകയാൽ ലെബാനോനിൽനിന്ന് എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചുതരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ. ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാൻ ദാവീദിനു ജ്ഞാനമുള്ളൊരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതൊക്കെയും ഞാൻ ചെയ്യാം. എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്ക് അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ച് കെട്ടഴിപ്പിച്ചു തരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന് ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം. അങ്ങനെ ഹീരാം ശലോമോന് ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെയൊക്കെയും കൊടുത്തുപോന്നു. ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്ക് ആഹാരം വകയ്ക്ക് ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന് ആണ്ടുതോറും കൊടുക്കും. യഹോവ ശലോമോനോട് അരുളിച്ചെയ്തതുപോലെ അവനു ജ്ഞാനം നല്കി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു. ശലോമോൻരാജാവ് യിസ്രായേലിൽ നിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയവേലക്കാർ മുപ്പതിനായിരം പേരായിരുന്നു. അവൻ അവരെ മാസംതോറും പതിനായിരം പേർ വീതം മാറിമാറി ലെബാനോനിലേക്ക് അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടു മാസം വീട്ടിലും ആയിരുന്നു. അദോനീരാം ഊഴിയവേലക്കാർക്കു മേധാവി ആയിരുന്നു. വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാന കാര്യക്കാരന്മാരൊഴികെ ശലോമോന് എഴുപതിനായിരം ചുമട്ടുകാരും മലയിൽ എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു. ആലയത്തിന് ചെത്തിയ കല്ലുകൊണ്ട് അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയ കല്ലു വെട്ടി. ശലോമോന്റെ ശില്പികളും ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തിയൊരുക്കി.
1 രാജാക്കന്മാർ 5:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശലോമോൻ തന്റെ പിതാവിന്റെ സ്ഥാനത്തു രാജാവായി അഭിഷിക്തനായിരിക്കുന്നു എന്ന വാർത്ത ദാവീദിന്റെ ആജീവനാന്തസുഹൃത്തും സോരിലെ രാജാവുമായ ഹീരാം കേട്ടപ്പോൾ തന്റെ ഭൃത്യന്മാരെ ശലോമോന്റെ അടുക്കൽ അയച്ചു. പിന്നീടു ശലോമോൻ ഹീരാമിന് ഒരു സന്ദേശം അയച്ചു: “ചുറ്റുപാടുമുള്ള ശത്രുക്കളെ കീഴടക്കാൻ എന്റെ പിതാവായ ദാവീദിന് എപ്പോഴും യുദ്ധം ചെയ്യേണ്ടിയിരുന്നു; അതുകൊണ്ട് തന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ ഒരു ആലയം നിർമ്മിക്കുന്നതിനു കഴിഞ്ഞില്ലെന്ന് അങ്ങേക്ക് അറിയാമല്ലോ. എന്റെ രാജ്യത്ത് എല്ലായിടത്തും എന്റെ ദൈവമായ സർവേശ്വരൻ എനിക്കു സ്വസ്ഥത നല്‌കിയിരിക്കുന്നു; എനിക്കു പ്രതിയോഗിയോ ആക്രമണഭീഷണിയോ ഇല്ല. ‘നിനക്കുശേഷം രാജാവായി ഞാൻ അവരോധിക്കുന്ന നിന്റെ മകൻ എനിക്ക് ഒരു ദേവാലയം പണിയുമെന്ന്” സർവേശ്വരൻ എന്റെ പിതാവിനോടു വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ച് എന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കുന്നതിന് ഒരു ദേവാലയം പണിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതിനായി ദേവദാരുമരം മുറിക്കാൻ അങ്ങയുടെ ആളുകളെ ലെബാനോനിലേക്ക് അയച്ചാലും; അങ്ങു നിശ്ചയിക്കുന്ന കൂലി ഞാൻ അവർക്കു കൊടുത്തുകൊള്ളാം; എന്റെ ജോലിക്കാരും അവരോടൊത്തു ജോലി ചെയ്യും. മരം മുറിക്കാൻ സീദോന്യരെപ്പോലെ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ഇല്ലെന്ന് അങ്ങേക്കറിയാമല്ലോ. ശലോമോന്റെ സന്ദേശം ലഭിച്ചപ്പോൾ ഹീരാം അതീവ സന്തുഷ്ടനായി; അദ്ദേഹം പറഞ്ഞു: “മഹത്തായ ഈ ജനതയെ ഭരിക്കാൻ ജ്ഞാനിയായ ഒരു പുത്രനെ ദാവീദിനു നല്‌കിയ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ.” ശലോമോന്റെ സന്ദേശം കിട്ടിയപ്പോൾ ഹീരാം അറിയിച്ചു: “അങ്ങയുടെ ആഗ്രഹംപോലെ പ്രവർത്തിക്കാൻ ഞാൻ ഒരുക്കമാണ്. ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഞാൻ ചെയ്യാം. എന്റെ ജോലിക്കാർ ലെബാനോനിൽനിന്നു തടി കടലിൽ ഇറക്കി ചങ്ങാടങ്ങളാക്കി അങ്ങു പറയുന്ന സ്ഥലത്തെത്തിച്ചു കെട്ടഴിപ്പിച്ചു തരും; അവിടെവച്ച് അവ ഏറ്റുവാങ്ങിയാൽ മതി. എന്റെ കുടുംബത്തിനാവശ്യമായ ഭക്ഷണം നല്‌കണമെന്നുള്ള എന്റെ ആഗ്രഹം അങ്ങു നിറവേറ്റിത്തരണം. അങ്ങനെ ശലോമോൻ ആവശ്യപ്പെട്ടതുപോലെ ദേവദാരുവും സരളമരവും ഹീരാം അയച്ചുകൊടുത്തു. ഹീരാമിന്റെ കുടുംബത്തിനാവശ്യമായ ഇരുപതിനായിരം കോർ കോതമ്പും ഇരുപതിനായിരം കോർ ആട്ടിയെടുത്ത എണ്ണയും ശലോമോൻ ആണ്ടുതോറും നല്‌കിപ്പോന്നു. സർവേശ്വരൻ ശലോമോനോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അദ്ദേഹത്തിനു വേണ്ടത്ര ജ്ഞാനം നല്കി. ഹീരാമും ശലോമോനും സമാധാനത്തോടെ കഴിഞ്ഞു; അവർ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു. ശലോമോൻരാജാവ് ഇസ്രായേലിൽനിന്നു മുപ്പതിനായിരം പേരെ അടിമവേലയ്‍ക്കു തിരഞ്ഞെടുത്തു; അവരിൽനിന്നു പതിനായിരം പേരെ വീതം മാസംതോറും ലെബാനോനിലേക്കയച്ചുകൊണ്ടിരുന്നു. അവർ ഒരു മാസം ലെബാനോനിൽ കഴിയും; രണ്ടു മാസം തങ്ങളുടെ വീടുകളിലും. അദോനീരാം ആയിരുന്നു അവരുടെ മേൽനോട്ടം വഹിച്ചിരുന്നത്. ശലോമോന് എൺപതിനായിരം കല്ലുവെട്ടുകാരും കല്ലു ചുമക്കുന്നതിന് എഴുപതിനായിരം ചുമട്ടുകാരും കൂടാതെ അവരുടെ മേൽനോട്ടം വഹിക്കുന്നതിനു മൂവായിരത്തി മുന്നൂറ് ആളുകളും ഉണ്ടായിരുന്നു. ദേവാലയത്തിന് അടിത്തറ പണിയാൻ രാജകല്പനപ്രകാരം വിലപ്പെട്ട വലിയ കല്ലുകൾ കൊണ്ടുവന്നു ചെത്തിയൊരുക്കി. ശലോമോന്റെയും ഹീരാമിന്റെയും ശില്പികളും ഗെബാല്യരും ആലയപ്പണിക്കുവേണ്ട മരവും കല്ലും ചെത്തിയൊരുക്കി.
1 രാജാക്കന്മാർ 5:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ശലോമോനെ അവന്റെ അപ്പനു പകരം രാജാവായി അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹൂരാം കേട്ടിട്ടു, ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. അവൻ എല്ലായ്‌പ്പോഴും ദാവീദിന്‍റെ സ്നേഹിതനായിരുന്നു. ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു ഇപ്രകാരം പറയിച്ചു: “എന്‍റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ തോല്പിക്കും വരെ, തനിക്കു ചുറ്റുപാടുമുള്ള രാജ്യങ്ങളോട് യുദ്ധം ചെയ്യേണ്ടിയിരുന്നതിനാൽ, തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ അവന് കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ. എന്നാൽ എന്‍റെ ദൈവമായ യഹോവ എനിക്ക് എല്ലാ ഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു; ഇപ്പോൾ ഒരു പ്രതിയോഗിയോ പ്രതിബന്ധമോ ഇല്ല. ഞാൻ നിനക്കു പകരം സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന് ഒരു ആലയം പണിയുമെന്ന് യഹോവ എന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാൻ ഞാൻ ഉദ്ദേശിക്കുന്നു. ആകയാൽ ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരുമരം മുറിയ്ക്കുവാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്‍റെ വേലക്കാർക്ക് നീ പറയുന്ന കൂലി ഞാൻ തന്നു കൊള്ളാം; സീദോന്യരെപ്പോലെ മരം മുറിയ്ക്കുവാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.” ഹൂരാം ശലോമോന്‍റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: “ഈ മഹാജനത്തെ ഭരിക്കുവാൻ ദാവീദിന് ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്ന് വാഴ്ത്തപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. ഹൂരാം ശലോമോന്‍റെ അടുക്കൽ ആളയച്ചു ഇപ്രകാരം പറയിച്ചു: “നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ആഗ്രഹിച്ചതുപോലെ ഞാൻ ചെയ്യാം. എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു തടികൾ ഇറക്കിയശേഷം, ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്ത് കടൽവഴി എത്തിച്ച് കെട്ടഴിപ്പിച്ചുതരാം; അവ നിനക്കു അവിടെനിന്നു കൊണ്ടുപോകാം; എന്നാൽ എന്റെ ഗൃഹത്തിന് ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം.” അങ്ങനെ ഹൂരാം ശലോമോനു ദേവദാരുവും സരളമരവും അവന്‍റെ ആവശ്യാനുസരണം കൊടുത്തു. ശലോമോൻ ഹൂരാമിന്‍റെ ഗൃഹത്തിലേക്ക് ഭക്ഷണത്തിനായി ഇരുപതിനായിരം പറ ഗോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന് ആണ്ടുതോറും കൊടുത്തിരുന്നു. യഹോവ ശലോമോനോട് വാഗ്ദാനം ചെയ്തതുപോലെ അവനു ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഒരു ഉടമ്പടിയും ചെയ്തു. ശലോമോൻ രാജാവ് സകല യിസ്രായേലിൽനിന്നും കഠിനവേലക്കായി മുപ്പതിനായിരം പേരെ നിയോഗിച്ചു. അവൻ അവരെ പതിനായിരം പേർ വീതമുള്ള സംഘമായി തിരിച്ചു മാസംതോറും, തവണകളായി ലെബാനോനിലേക്ക് അയച്ചുകൊണ്ടിരുന്നു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം അവർക്കു മേധാവി ആയിരുന്നു. വേലചെയ്യുന്ന ജനത്തെ ഭരിച്ചു നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരെക്കൂടാതെ ശലോമോനു എഴുപതിനായിരം ചുമട്ടുകാരും മലകളിൽ എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു. ആലയത്തിന് അടിസ്ഥാനം ഇടുവാൻ വലിയതും വിലയേറിയതുമായ കല്ലുകൾ ചെത്തിയൊരുക്കുവാൻ രാജാവ് കല്പിച്ചു. ശലോമോന്‍റെയും ഹീരാമിന്റെയും ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി കല്ലുകൾ ചെത്തി എടുക്കുകയും, തടികൾ പണിത് ഒരുക്കുകയും ചെയ്തു.
1 രാജാക്കന്മാർ 5:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോർരാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു. ശലോമോൻ ഹീരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാല്ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ. എന്നാൽ ഇപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു. ആകയാൽ ഇതാ, ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയുമെന്നു യഹോവ എന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു. ആകയാൽ ലെബാനോനിൽനിന്നു എനിക്കായി ദേവദാരുമരം മുറിപ്പാൻ കല്പന കൊടുക്കേണം; എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാർക്കും നീ പറയുന്ന കൂലി ഞാൻ എത്തിച്ചുതരാം; സീദോന്യരെപ്പോലെ മരം മുറിപ്പാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ. ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോൾ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാൻ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. ഹീരാം ശലോമോന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാൻ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ നീ ഇച്ഛിച്ചതു ഒക്കെയും ഞാൻ ചെയ്യാം. എന്റെ വേലക്കാർ ലെബാനോനിൽനിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാൻ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്റെ ഇഷ്ടവും നിവർത്തിക്കേണം. അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു. ശലോമോൻ ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോൻ ഹീരാമിന്നു ആണ്ടുതോറും കൊടുക്കും. യഹോവ ശലോമോനോടു അരുളിച്ചെയ്തതുപോലെ അവന്നു ജ്ഞാനം നൽകി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു. ശലോമോൻരാജാവു യിസ്രായേലിൽനിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാർ മുപ്പതിനായിരംപേരായിരുന്നു. അവൻ അവരെ മാസംതോറും പതിനായിരംപേർവീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാർക്കു മേധാവി ആയിരുന്നു. വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരന്മാരൊഴികെ ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു. ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാൻ അവർ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി. ശലോമോന്റെ ശില്പികളും, ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തി ഒരുക്കി.
1 രാജാക്കന്മാർ 5:1-18 സമകാലിക മലയാളവിവർത്തനം (MCV)
ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ പിൻതുടർച്ചാവകാശിയായി വാഴുന്നതിന് അഭിഷേകം ചെയ്യപ്പെട്ടു എന്ന് സോരിലെ രാജാവായ ഹീരാമിന് അറിവുകിട്ടി. അദ്ദേഹം എപ്പോഴും ദാവീദുരാജാവുമായി സൗഹൃദത്തിലായിരുന്നു. അതുകൊണ്ട് ഹീരാം ശലോമോന്റെ അടുക്കൽ സ്ഥാനപതികളെ അയച്ച് അദ്ദേഹത്തെ അനുമോദിച്ചു. ശലോമോൻ ഹീരാംരാജാവിന് ഇപ്രകാരം ഒരു സന്ദേശം തിരികെ അയച്ചു: “എന്റെ പിതാവായ ദാവീദിന്റെ ശത്രുക്കളെ യഹോവ അദ്ദേഹത്തിന്റെ കാൽക്കീഴാക്കുന്നതുവരെ അദ്ദേഹത്തിന് ചുറ്റുമുള്ള സകലരാജ്യങ്ങളോടും യുദ്ധത്തിൽ ഏർപ്പെടേണ്ടിവന്നതിനാൽ, തന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം നിർമിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നു താങ്കൾക്കറിയാമല്ലോ! എന്നാൽ, എനിക്കിപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല. എന്റെ ദൈവമായ യഹോവ എനിക്ക് എല്ലാഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു. ‘നിനക്കുപകരം നിന്റെ സിംഹാസനത്തിൽ ഞാൻ അവരോധിക്കുന്ന നിന്റെ മകൻ എന്റെ നാമത്തിന് ഒരു ആലയം നിർമിക്കും,’ എന്ന് യഹോവ എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തപ്രകാരം ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം നിർമിക്കാൻ ആലോചിക്കുന്നു. “ആകയാൽ, ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരുക്കൾ മുറിക്കാൻ കൽപ്പന കൊടുത്താലും! എന്റെ സേവകരും താങ്കളുടെ സേവകരോടൊപ്പം ജോലിചെയ്യുന്നതായിരിക്കും. താങ്കളുടെ ആളുകൾക്ക് താങ്കൾ നിശ്ചയിക്കുന്ന വേതനവും ഞാൻ നൽകുന്നതായിരിക്കും. മരം മുറിക്കുന്നതിൽ സീദോന്യരെപ്പോലെ വൈദഗ്ദ്ധ്യമുള്ളവർ ഞങ്ങൾക്കില്ല എന്ന് അങ്ങേക്കറിയാമല്ലോ.” ശലോമോൻ അയച്ച സന്ദേശം വായിച്ചുകേട്ടപ്പോൾ ഹീരാം അത്യധികം സന്തോഷിച്ചു. “ഈ മഹാജനതയെ ഭരിക്കാൻ ഇത്ര ജ്ഞാനമുള്ള ഒരു പുത്രനെ ദാവീദിനു നൽകിയ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് അദ്ദേഹം പ്രതികരിച്ചു. ഹീരാം ഇപ്രകാരമൊരു മറുപടിയും ശലോമോന് കൊടുത്തയച്ചു: “അങ്ങ് കൊടുത്തയച്ച സന്ദേശം എനിക്കു ലഭിച്ചു. ദേവദാരുക്കളും സരളമരങ്ങളും തരുന്ന കാര്യത്തിൽ അങ്ങ് ആഗ്രഹിക്കുന്നതുപോലെയെല്ലാം ഞാൻ ചെയ്യാം. എന്റെ ജോലിക്കാർതന്നെ ലെബാനോനിൽനിന്നു തടികൾ മെഡിറ്ററേനിയൻ കടലിലേക്ക് ഇറക്കി അവിടെനിന്ന് ചങ്ങാടങ്ങളാക്കി അങ്ങു പറയുന്ന സ്ഥലത്ത് കടൽവഴിയായി എത്തിച്ച് അതിന്റെ കെട്ട് അഴിച്ചുതരുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ചെയ്യും. തുടർന്ന് അവരിൽനിന്ന് അങ്ങ് അവ ഏറ്റുവാങ്ങുമല്ലോ. എന്റെ രാജഗൃഹത്തിനുവേണ്ട ഭക്ഷണസാധനങ്ങൾ എത്തിച്ചുതരുന്ന കാര്യത്തിൽ എന്റെ ആഗ്രഹവും സാധിച്ചുതന്നാലും.” ഇപ്രകാരം, ഹീരാം ശലോമോന് ആവശ്യമായിരുന്ന ദേവദാരുക്കളും സരളമരങ്ങളും നൽകിവന്നു. ശലോമോനാകട്ടെ, ഹീരാമിന്റെ ഗൃഹത്തിന് 20,000 കോർ ഗോതമ്പും ആട്ടിയെടുത്ത 20,000 കോർ ഒലിവെണ്ണയും ഭക്ഷണത്തിനായി കൊടുത്തുപോന്നു. ശലോമോൻ വർഷംതോറും ഇവ ഹീരാമിന് കൊടുത്തുകൊണ്ടിരുന്നു. യഹോവ, താൻ വാഗ്ദാനം ചെയ്തിരുന്നപ്രകാരം ശലോമോനു ജ്ഞാനം നൽകി. ഹീരാമും ശലോമോനുംതമ്മിൽ സമാധാനത്തിൽ തുടരുകയും ഇരുവരും ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു. അതിനുശേഷം, ശലോമോൻരാജാവ് സകല ഇസ്രായേലിൽനിന്നും നിർബന്ധിതവേലയ്ക്കായി മുപ്പതിനായിരം ആളുകളെ നിയോഗിച്ചു. അദ്ദേഹം അവരെ പതിനായിരംപേർവീതമുള്ള ഓരോ സംഘമായി മാസംതോറും ലെബാനോനിലേക്ക് മാറിമാറി അയച്ചുകൊണ്ടിരുന്നു. അവർ ഒരുമാസം ലെബാനോനിൽ ജോലിചെയ്തശേഷം രണ്ടുമാസം സ്വഭവനങ്ങളിൽ താമസിച്ചിരുന്നു. നിർബന്ധിതമായി വേലചെയ്യുന്നവരുടെ മേധാവി അദോനിരാം ആയിരുന്നു. ശലോമോന് മലകളിൽ എഴുപതിനായിരം ചുമട്ടുകാരും എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു. മൂവായിരത്തി മുന്നൂറു പ്രധാനകാര്യസ്ഥന്മാർ ഇവർക്കു മേൽനോട്ടം വഹിച്ചിരുന്നു. രാജകൽപ്പനപ്രകാരം ചെത്തിയൊരുക്കിയ കല്ലുകൊണ്ട് ദൈവാലയത്തിന് അടിത്തറ പണിയുന്നതിന് അവർ വിലപിടിപ്പുള്ള വലിയ കല്ലുകൾ പാറമടയിൽനിന്നു വെട്ടിയെടുത്തു. ശലോമോന്റെയും ഹീരാമിന്റെയും ശില്പികളും, ഗിബലിൽനിന്നുള്ളവരും ദൈവാലയനിർമാണത്തിനുള്ള കല്ലുകളും തടികളും ചെത്തിമിനുക്കി.