1 രാജാക്കന്മാർ 4:29-34
1 രാജാക്കന്മാർ 4:29-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു. സകല പൂർവദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകല ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു. സകല മനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകല ജാതികളിലും പരന്നു. അവൻ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തിയഞ്ച് ആയിരുന്നു. ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളയ്ക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു. ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകല ഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.
1 രാജാക്കന്മാർ 4:29-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം ശലോമോന് അളവറ്റ ജ്ഞാനവും ബുദ്ധിയും കടല്പുറംപോലെ വിശാലമായ ഹൃദയവും കൊടുത്തിരുന്നു. പൗരസ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിക്കുന്ന വിധത്തിലുള്ളതായിരുന്നു ശലോമോന്റെ ജ്ഞാനം. എസ്രാഹ്യനായ ഏഥാൻ, മാഹേലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദാ എന്നിവരെക്കാൾ അദ്ദേഹം ജ്ഞാനി ആയിരുന്നു. അയൽരാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കീർത്തി പരന്നു. ശലോമോൻ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു. ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളയ്‍ക്കുന്ന ഏസോവുവരെയുള്ള എല്ലാ വൃക്ഷങ്ങളെയും സസ്യങ്ങളെയുംകുറിച്ചും മൃഗങ്ങൾ, പക്ഷികൾ, ഇഴജാതികൾ, മത്സ്യം എന്നിവയെക്കുറിച്ചും ശലോമോന് ആധികാരികമായി അറിവുണ്ടായിരുന്നു. ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടിരുന്ന പല രാജാക്കന്മാരും ജനങ്ങളും അദ്ദേഹത്തിന്റെ ജ്ഞാനവചസ്സുകൾ ശ്രവിക്കാൻ എത്തിയിരുന്നു.
1 രാജാക്കന്മാർ 4:29-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം ശലോമോനു ഏറ്റവും വളരെ ജ്ഞാനവും അതിമഹത്തായ വിവേകവും കടല്ക്കരയിലെ മണൽപോലെ അളവറ്റ ഹൃദയവിശാലതയും കൊടുത്തു. കിഴക്കുനിന്നുള്ള സകലരുടെയും ജ്ഞാനത്തെക്കാളും, മിസ്രയീമിന്‍റെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു. സകലമനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാന്‍, മാഹോലിന്‍റെ പുത്രന്മാരായ ഹേമാൻ, കൽകോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലരാജ്യങ്ങളിലും പരന്നു. അവൻ മൂവായിരം സദൃശവാക്യങ്ങളും ആയിരത്തഞ്ച് ഗീതങ്ങളും രചിച്ചു ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷലതാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു. ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലരാജാക്കന്മാരുടെയും അടുക്കൽനിന്ന്, അനേകർ അവന്‍റെ ജ്ഞാനം കേൾക്കുവാൻ വന്നു.
1 രാജാക്കന്മാർ 4:29-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു. സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു. സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കല്ക്കോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു. അവൻ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തഞ്ചു ആയിരുന്നു. ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു. ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.
1 രാജാക്കന്മാർ 4:29-34 സമകാലിക മലയാളവിവർത്തനം (MCV)
ദൈവം ശലോമോന് ജ്ഞാനവും അതിമഹത്തായ ഉൾക്കാഴ്ചയും കടൽത്തീരംപോലെ പരപ്പേറിയ പരിജ്ഞാനവും പ്രദാനംചെയ്തു. സകലപൗരസ്ത്യദേശവാസികളുടെ ജ്ഞാനത്തെക്കാളും ഈജിപ്റ്റിന്റെ ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠതരമായിരുന്നു. സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ എന്നിവരെക്കാളും അദ്ദേഹം കൂടുതൽ ജ്ഞാനിയായിരുന്നു. അയൽരാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കീർത്തി വ്യാപിച്ചു. മൂവായിരം സദൃശ്യവാക്യങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും അദ്ദേഹം രചിച്ചു. ലെബാനോനിലെ ദേവദാരുമുതൽ മതിലിന്മേൽ കിളിർക്കുന്ന ഈസോപ്പുവരെയുള്ള സസ്യജാലങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയും അദ്ദേഹം പരാമർശവിഷയമാക്കി. ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ സകലരാഷ്ട്രത്തലവന്മാരുടെയും അടുക്കൽനിന്ന് അനവധി സ്ഥാനപതികൾ ശലോമോന്റെ ജ്ഞാനവചനങ്ങൾ കേൾക്കാൻ എത്തിയിരുന്നു.