1 രാജാക്കന്മാർ 22:1-53

1 രാജാക്കന്മാർ 22:1-53 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാർത്തു. മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു. യിസ്രായേൽരാജാവ് തന്റെ ഭൃത്യന്മാരോട്: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കൈയിൽനിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവൻ യെഹോശാഫാത്തിനോട്: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിൽ യുദ്ധത്തിനു പോരുമോ? എന്നു ചോദിച്ചു. അതിനു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഇന്നു യഹോവയുടെ അരുളപ്പാട് ചോദിച്ചാലും എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: ഞാൻ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തുവേണ്ടൂ എന്നു ചോദിച്ചു. അതിന് അവർ: പുറപ്പെടുക; കർത്താവ് അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാട് ചോദിക്കേണ്ടതിനു യഹോവയുടെ പ്രവാചകനായിട്ട് ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു. അതിനു യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: നാം യഹോവയോട് അരുളപ്പാട് ചോദിപ്പാൻ തക്കവണ്ണം ഇനി യിമ്ലയുടെ മകനായ മീഖായാവ് എന്നൊരുത്തൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷംതന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് ഒരു ഷണ്ഡനെ വിളിച്ചു, യിമ്ലയുടെ മകനായ മീഖായാവെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു. യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാരൊക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ടു കൊമ്പുണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. പ്രവാചകന്മാരൊക്കെയും അങ്ങനെതന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർഥനാകും; യഹോവ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു. മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തൻറേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു. അതിനു മീഖായാവ്: യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നതുതന്നെ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു. അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർഥരാകും; യഹോവ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു. രാജാവ് അവനോട്: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോട് പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നോട് സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു. അതിന് അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പർവതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോട്: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗത്തിലെ സൈന്യമൊക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽവച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. എന്നാറെ ഒരു ആത്മാവ് മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. ഏതിനാൽ എന്നു യഹോവ ചോദിച്ചതിന് അവൻ: ഞാൻ പുറപ്പെട്ട് അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്ന് അവൻ കല്പിച്ചു. ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകല പ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനർഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിന്റെ ചെകിട്ടത്ത് അടിച്ചു: നിന്നോട് അരുളിച്ചെയ്‍വാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു. അതിനു മീഖായാവ്: നീ ഒളിപ്പാനായിട്ട് അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവ് പറഞ്ഞത്: മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന് ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിനു രാജാവു കല്പിച്ചിരിക്കുന്നു എന്ന് അവരോടു പറക. അതിനു മീഖായാവ്: നീ സമാധാനത്തോടെ മടങ്ങി വരുന്നുണ്ടെങ്കിൽ യഹോവ എന്നെക്കൊണ്ട് അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകല ജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി. യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഞാൻ വേഷം മാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് വേഷംമാറി പടയിൽ കടന്നു. എന്നാൽ അരാംരാജാവ് തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോട് മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത് എന്നു കല്പിച്ചിരുന്നു. ആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ: ഇവൻതന്നെ യിസ്രായേൽരാജാവ് എന്നു പറഞ്ഞ് അവനോടു പൊരുതുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു. അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ട് അവനെ വിട്ട് മാറിപ്പോന്നു. എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടയ്ക്ക് എയ്തു; അവൻ തന്റെ സാരഥിയോട്: നിന്റെ കൈ തിരിച്ച് എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. അന്നു പട കഠിനമായിത്തീർന്നതുകൊണ്ടു രാജാവ് അരാമ്യർക്ക് എതിരേ രഥത്തിൽ നിവിർന്നുനിന്നു; സന്ധ്യാസമയത്ത് അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിനകത്ത് ഒഴുകിയിരുന്നു. സൂര്യൻ അസ്തമിക്കുമ്പോൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു. അങ്ങനെ രാജാവ് മരിച്ചു; അവനെ ശമര്യയിലേക്ക് കൊണ്ടുവന്നു; അവർ രാജാവിനെ ശമര്യയിൽ അടക്കം ചെയ്തു. രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു. ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി. ആസായുടെ മകനായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദായിൽ രാജാവായി. യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു. അവൻ തന്റെ അപ്പനായ ആസായുടെ എല്ലാ വഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികൾക്കു മാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു. യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു സഖ്യത ചെയ്തു. യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. തന്റെ അപ്പനായ ആസായുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവൻ ദേശത്തുനിന്നു നീക്കിക്കളഞ്ഞു. ആ കാലത്ത് എദോമിൽ രാജാവില്ലായ്കകൊണ്ട് ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു. ഓഫീരിൽ പൊന്നിനു പോകേണ്ടതിനു യെഹോശാഫാത്ത് തർശ്ശീശ്കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബെരിൽ വച്ച് ഉടഞ്ഞുപോയതുകൊണ്ട് അവയ്ക്കു പോകുവാൻ കഴിഞ്ഞില്ല. അന്നേരം ആഹാബിന്റെ മകനായ അഹസ്യാവ് യെഹോശാഫാത്തിനോട്: എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു. യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവനു പകരം രാജാവായി. ആഹാബിന്റെ മകനായ അഹസ്യാവ് യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിനു രാജാവായി; യിസ്രായേലിൽ രണ്ടു സംവത്സരം വാണു. അവൻ തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴിയിലും നടന്നു യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. അവൻ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പൻ ചെയ്തതുപോലെയൊക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.

1 രാജാക്കന്മാർ 22:1-53 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സിറിയായും ഇസ്രായേലും യുദ്ധം കൂടാതെ മൂന്നു വർഷക്കാലം കഴിച്ചുകൂട്ടി. മൂന്നാം വർഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേൽരാജാവിനെ സന്ദർശിച്ചു. ഇസ്രായേൽരാജാവ് തന്റെ സേവകരോടു പറഞ്ഞു: “സിറിയാരാജാവിൽനിന്നും ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കാൻ നാം എന്തിനു മടിക്കണം? അതു നമ്മുടേതല്ലേ.” ആഹാബ് യെഹോശാഫാത്തിനോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കുന്നതിന് എന്റെ കൂടെ നിങ്ങൾ വരുമോ?” അതിനു യെഹോശാഫാത്ത് പറഞ്ഞു: “ഞാനും എന്റെ സൈന്യവും എന്റെ കുതിരകളും സ്വന്തം എന്നപോലെ അങ്ങയോടു ചേർന്നു യുദ്ധം ചെയ്യാൻ ഒരുക്കമാണ്; എന്നാൽ ആദ്യമായി നമുക്ക് സർവേശ്വരന്റെ ഹിതം അന്വേഷിക്കാം.” ഇസ്രായേൽരാജാവ് നാനൂറോളം പ്രവാചകന്മാരെ വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് കൈവശപ്പെടുത്താൻ ഞാൻ പോകണമോ വേണ്ടയോ?” “പോകുക, സർവേശ്വരൻ അത് അങ്ങയുടെ കൈയിൽ ഏല്പിക്കും” അവർ പ്രതിവചിച്ചു. “സർവേശ്വരന്റെ ഹിതം ആരായാൻ അവിടുത്തെ പ്രവാചകന്മാരിൽ ഇനിയും ആരുമില്ലേ” യെഹോശാഫാത്ത് ചോദിച്ചു. ഇസ്രായേൽരാജാവു പറഞ്ഞു; ഇംലായുടെ പുത്രൻ മീഖായാ എന്നൊരാൾ കൂടിയുണ്ട്; എനിക്കെതിരായല്ലാതെ അനുകൂലമായി ഒന്നും അയാൾ പറയുകയില്ല; അതുകൊണ്ട് ഞാൻ അയാളെ വെറുക്കുന്നു.” “അങ്ങനെ പറയരുതേ” എന്നു യെഹോശാഫാത്ത് പറഞ്ഞു. ഇംലായുടെ മകൻ മീഖായായെ ഉടനെ കൂട്ടിക്കൊണ്ടു വരാൻ ഇസ്രായേൽരാജാവ് ഭൃത്യനെ അയച്ചു. ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രങ്ങളണിഞ്ഞ് ശമര്യയുടെ പടിവാതില്‌ക്കലുള്ള മെതിസ്ഥലത്ത് തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ മുമ്പിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനാനയുടെ പുത്രൻ സിദെക്കിയാ ഇരുമ്പുകൊണ്ടു തനിക്കു കൊമ്പുകൾ നിർമ്മിച്ചിട്ടു പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു. സിറിയാക്കാർ പൂർണമായി നശിക്കുന്നതുവരെ നീ ഇവകൊണ്ട് അവരെ കുത്തിപ്പിളർക്കും.” മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു. “ഗിലെയാദിലെ രാമോത്തിലേക്കു പോയി വിജയം വരിക്കുക; സർവേശ്വരൻ അങ്ങയെ അത് ഏല്പിക്കും.” മീഖായായെ വിളിക്കാൻ പോയിരുന്ന ദൂതൻ അദ്ദേഹത്തോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തിൽ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുകയാണ്; താങ്കളും അവരിൽ ഒരുവനെപ്പോലെ പറയണം.” മീഖായാ പറഞ്ഞു: “ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ ഞാൻ പറയുന്നു; അവിടുന്ന് അരുളിച്ചെയ്യുന്നതേ ഞാൻ പറയൂ.” അയാൾ രാജസന്നിധിയിൽ എത്തിയപ്പോൾ രാജാവു ചോദിച്ചു: “മീഖായായേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിൽ യുദ്ധം ചെയ്യാൻ പോകണമോ വേണ്ടയോ, പറയൂ.” മീഖായാ പറഞ്ഞു: “പുറപ്പെടുക, നിങ്ങൾ വിജയം കൈവരിക്കും; സർവേശ്വരൻ അങ്ങേക്ക് വിജയം നല്‌കും.” ആഹാബ് മീഖായായോടു പറഞ്ഞു: “സർവേശ്വരന്റെ നാമത്തിൽ സംസാരിക്കുമ്പോൾ സത്യമേ പറയാവൂ എന്ന് എത്ര തവണ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.” ഇതു കേട്ട് മീഖായാ പറഞ്ഞു: “ഇസ്രായേൽജനം ഇടയനില്ലാത്ത ആടുകളെപ്പോലെ മലകളിൽ ചിതറിക്കിടക്കുന്നതു ഞാൻ കാണുന്നു. സർവേശ്വരൻ അരുളിച്ചെയ്യുന്നു: ഇവർക്കു നേതാവില്ല, ഇവർ സ്വഭവനങ്ങളിലേക്കു സമാധാനത്തോടെ പോകട്ടെ.” ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇവൻ എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മയായി ഒന്നും പ്രവചിക്കുകയില്ല. എന്നു ഞാൻ പറഞ്ഞില്ലേ?” മീഖായാ തുടർന്നു പറഞ്ഞു: “സർവേശ്വരൻ സ്വർഗത്തിൽ അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതു ഞാൻ കണ്ടു; മാലാഖമാർ ഇരുവശത്തും നില്‌ക്കുന്നുണ്ടായിരുന്നു.” “ആഹാബ് രാമോത്തിൽ പോയി അവിടെവച്ച് വധിക്കപ്പെടാൻ തക്കവിധം ആര് അവനെ വശീകരിക്കും” എന്ന് അവിടുന്നു ചോദിച്ചു. അവർ ഓരോരുത്തരും ഓരോ മറുപടി നല്‌കി. ഒരു ആത്മാവ് മുമ്പോട്ടുവന്ന് “ഞാൻ അവനെ വശീകരിക്കും” എന്നു പറഞ്ഞു. എങ്ങനെയെന്നു സർവേശ്വരൻ ചോദിച്ചു. അപ്പോൾ ആത്മാവു പറഞ്ഞു: “ഞാൻ പോയി ആഹാബിന്റെ സകല പ്രവാചകന്മാരെയുംകൊണ്ടു നുണ പറയിക്കും.” “അങ്ങനെ ചെയ്യിക്കുക, നീ വിജയിക്കും” എന്നു സർവേശ്വരൻ പറഞ്ഞു. മീഖായാ പറഞ്ഞു: “വ്യാജം പറയുന്ന ആത്മാവിനെ അവിടുന്ന് ഈ പ്രവാചകന്മാർക്കു നല്‌കിയിരിക്കുന്നു; അങ്ങേക്ക് അനർഥം വരുത്താൻ സർവേശ്വരൻ നിശ്ചയിച്ചിരിക്കുന്നു.” ഉടൻതന്നെ കെനാനയുടെ പുത്രനായ സിദെക്കിയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്ത് അടിച്ചു: “സർവേശ്വരന്റെ ആത്മാവ് നിന്നോടു സംസാരിക്കാൻ തക്കവിധം എങ്ങനെയാണ് എന്നെ വിട്ടുപോയത്” എന്നു സിദെക്കിയാ ചോദിച്ചു. “ഒളിച്ചിരിക്കാൻ ഏതെങ്കിലും ഉള്ളറയിൽ പ്രവേശിക്കുന്ന ദിവസം നീ അതു മനസ്സിലാക്കും” എന്നു മീഖായാ പ്രതിവചിച്ചു. ആഹാബ്‍രാജാവ് കല്പിച്ചു: “മീഖായായെ പിടിച്ചു നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെല്ലുക; ഞാൻ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ വളരെക്കുറച്ച് അപ്പവും വെള്ളവും നല്‌കി അവനെ കാരാഗൃഹത്തിൽ സൂക്ഷിക്കുക.” മീഖായാ പ്രതിവചിച്ചു: “അങ്ങ് സുരക്ഷിതനായി മടങ്ങിവന്നാൽ സർവേശ്വരൻ എന്നിലൂടെ സംസാരിച്ചിട്ടില്ല എന്നതു സ്പഷ്ടം; ഞാൻ പറഞ്ഞതു എല്ലാവരും കേട്ടല്ലോ?” ഇസ്രായേൽരാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും കൂടി ഗിലെയാദിലെ രാമോത്തിലേക്കു പോയി. ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഞാൻ വേഷം മാറി യുദ്ധക്കളത്തിലേക്കു പോകാം. അങ്ങു രാജവസ്ത്രം ധരിച്ചു കൊള്ളുക.” അങ്ങനെ ഇസ്രായേൽരാജാവു വേഷം മാറി പടക്കളത്തിലേക്കു പോയി. ഇസ്രായേൽരാജാവിനോടല്ലാതെ വലിയവനോ ചെറിയവനോ ആയ മറ്റാരോടും യുദ്ധം ചെയ്യരുതെന്നു സിറിയാരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടും കല്പിച്ചിരുന്നു. അവർ യെഹോശാഫാത്തിനെ കണ്ടപ്പോൾ “ഇത് ഇസ്രായേൽരാജാവു തന്നെ” എന്നു പറഞ്ഞ് അയാളെ ആക്രമിച്ചു. യെഹോശാഫാത്ത് ഉറക്കെ നിലവിളിച്ചു; അയാൾ ഇസ്രായേൽ രാജാവല്ല എന്നു മനസ്സിലാക്കിയപ്പോൾ രഥനായകന്മാർ അയാളെ ആക്രമിക്കാതെ പിന്തിരിഞ്ഞു. ഒരു പടയാളി അവിചാരിതമായി എയ്ത അമ്പ് ഇസ്രായേൽരാജാവിന്റെ പടച്ചട്ടയുടെയും കവചത്തിന്റെയും ഇടയിൽക്കൂടി തുളച്ചുകയറി. രാജാവ് തന്റെ സാരഥിയോടു പറഞ്ഞു: “എനിക്കു മുറിവ് ഏറ്റിരിക്കുന്നു; രഥം പിന്തിരിച്ച് എന്നെ പടക്കളത്തിൽനിന്നു കൊണ്ടുപോകുക.” ഘോരയുദ്ധമാണ് അന്നു നടന്നത്; രാജാവിനെ സിറിയാക്കാർക്കു നേരെ രഥത്തിൽ നിവർത്തിയിരുത്തി; രക്തം രഥത്തിനടിയിലൂടെ ധാരധാരയായി ഒഴുകി; വൈകുന്നേരമായപ്പോൾ ആഹാബ് മരിച്ചു. സന്ധ്യയോടടുത്തപ്പോൾ ഓരോരുത്തനും അവന്റെ പട്ടണത്തിലേക്കോ ദേശത്തേക്കോ മടങ്ങിക്കൊള്ളട്ടെ എന്ന കല്പന മുഴങ്ങിക്കേട്ടു. ആഹാബ്‍രാജാവു മരിച്ചു; മൃതശരീരം ശമര്യയിൽ കൊണ്ടുവന്നു സംസ്കരിച്ചു. രഥം ശമര്യയിലെ കുളത്തിൽ കൊണ്ടുവന്നു കഴുകിയപ്പോൾ സർവേശ്വരൻ കല്പിച്ചിരുന്നതുപോലെ നായ്‍ക്കൾ രാജാവിന്റെ രക്തം നക്കിക്കുടിച്ചു; വേശ്യാസ്‍ത്രീകൾ ആ വെള്ളത്തിൽ കുളിക്കുകയും ചെയ്തു. ആഹാബിന്റെ മറ്റു പ്രവർത്തനങ്ങൾ ദന്തഹർമ്യം പണിയിച്ചതും, പട്ടണങ്ങൾ സ്ഥാപിച്ചതുമെല്ലാം ഇസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്; ആഹാബിന്റെ മരണശേഷം പുത്രൻ അഹസ്യാ രാജ്യഭാരമേറ്റു. ഇസ്രായേൽരാജാവായ ആഹാബിന്റെ നാലാം ഭരണവർഷം ആസായുടെ പുത്രൻ യെഹോശാഫാത്ത് യെഹൂദ്യയിലെ രാജാവായി. അപ്പോൾ അയാൾക്കു മുപ്പത്തിയഞ്ചു വയസ്സായിരുന്നു. ഇരുപത്തിയഞ്ചു വർഷം യെരൂശലേമിൽ അയാൾ ഭരണം നടത്തി. ശിൽഹിയുടെ മകൾ അസൂബാ ആയിരുന്നു അയാളുടെ മാതാവ്; പിതാവായ ആസായെപ്പോലെ സർവേശ്വരനു പ്രീതികരമായവിധം അയാൾ ജീവിച്ചു; എങ്കിലും പൂജാഗിരികൾ ദേശത്തുനിന്നു നീക്കിയില്ല. ജനം അവിടെ പൂജയും ധൂപാർപ്പണവും നടത്തിവന്നു; യെഹോശാഫാത്ത് ഇസ്രായേൽരാജാവുമായി സമാധാനബന്ധം പുലർത്തി. യെഹോശാഫാത്തിന്റെ മറ്റു പ്രവർത്തനങ്ങളും വീരകൃത്യങ്ങളും അദ്ദേഹം ചെയ്തിട്ടുള്ള യുദ്ധങ്ങളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പിതാവായ ആസായുടെ കാലത്ത് വിജാതീയാരാധനകളോടു ബന്ധപ്പെട്ടു തുടർന്നുപോന്ന പുരുഷവേശ്യാസമ്പ്രദായം അദ്ദേഹം അവസാനിപ്പിച്ചു. അക്കാലത്ത് എദോമിന് ഒരു രാജാവില്ലായിരുന്നു. ഒരു പ്രവിശ്യാധിപനാണു പകരം രാജസ്ഥാനം വഹിച്ചിരുന്നത്. ഓഫീർദേശത്തുനിന്ന് സ്വർണം കൊണ്ടുവരുന്നതിനു യെഹോശാഫാത്ത് തർശ്ശീശ് കപ്പലുകൾ നിർമ്മിച്ചു. എങ്കിലും എസ്യോൻ-ഗേബെരിൽ വച്ച് തകർന്നുപോയതുകൊണ്ട് അവയ്‍ക്കു മുമ്പോട്ടു പോകാൻ കഴിഞ്ഞില്ല. അപ്പോൾ ആഹാബിന്റെ പുത്രൻ അഹസ്യായ്‍ക്ക് തന്റെ ദാസന്മാരെ യെഹോശാഫാത്തിന്റെ ദാസന്മാരുടെ കൂടെ അയയ്‍ക്കാൻ ഒരുക്കമായിരുന്നു; എങ്കിലും യെഹോശാഫാത്ത് അതു സമ്മതിച്ചില്ല. യെഹോശാഫാത്ത് മരിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിലുള്ള പിതാക്കന്മാരുടെ കല്ലറയിൽ അദ്ദേഹത്തെ സംസ്കരിച്ചു; അദ്ദേഹത്തിന്റെ പുത്രൻ യെഹോരാം പകരം രാജാവായി. യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ഭരണവർഷം ആഹാബിന്റെ പുത്രൻ അഹസ്യാ ശമര്യയിൽ ഭരണഭാരം ഏറ്റു; രണ്ടു വർഷം അദ്ദേഹം ഭരിച്ചു. ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചവനും നെബാത്തിന്റെ പുത്രനുമായ യെരോബെയാമിന്റെയും തന്റെ മാതാപിതാക്കന്മാരുടെയും മാർഗത്തിൽ നടന്ന് സർവേശ്വരന് അനിഷ്ടമായത് അയാൾ ചെയ്തു. ബാലിനെ അയാൾ ആരാധിച്ചു. തന്റെ പിതാവിനെപ്പോലെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ എല്ലാ വിധത്തിലും അയാൾ പ്രകോപിപ്പിച്ചു.

1 രാജാക്കന്മാർ 22:1-53 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

മൂന്നു വര്‍ഷത്തോളം അരാമും യിസ്രായേലും തമ്മിൽ യുദ്ധം ഉണ്ടായില്ല. മൂന്നാം ആണ്ടിൽ യെഹൂദാ രാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിനെ കാണുവാൻ ചെന്നു. യിസ്രായേൽ രാജാവ് തന്‍റെ ഭൃത്യന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നില്ലയോ? നാം അതിനെ അരാം രാജാവിന്‍റെ കയ്യിൽനിന്നു പിടിക്കുവാൻ മടിക്കുന്നതെന്ത്?” എന്നു പറഞ്ഞു. അവൻ യെഹോശാഫാത്തിനോട്: “നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിന് പോരുമോ?” എന്നു ചോദിച്ചു. അതിന് യെഹോശാഫാത്ത് യിസ്രായേൽ രാജാവിനോട്: “ഞാനും നീയും എന്‍റെ ജനവും നിന്‍റെ ജനവും എന്‍റെ കുതിരകളും നിന്‍റെ കുതിരകളും ഒരുപോലെയല്ലോ” എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത് യിസ്രായേൽ രാജാവിനോട്: “ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും” എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവ് ഏകദേശം നാനൂറ് പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: “ഞാൻ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്ത് വേണം?” എന്നു ചോദിച്ചു. അതിന് അവർ: “പുറപ്പെടുക; കർത്താവ് അത് രാജാവിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത്: “നാം അരുളപ്പാടു ചോദിക്കുവാൻ യഹോവയുടെ പ്രവാചകന്മാർ ആരും ഇവിടെ ഇല്ലയോ?” എന്നു ചോദിച്ചു. അതിന് യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയോട് അരുളപ്പാടു ചോദിപ്പാനായി ഇനി യിമ്ലയുടെ മകൻ മീഖായാവ് എന്നൊരുവൻ ഉണ്ട്. എന്നാൽ അവൻ എന്നെക്കുറിച്ച് ഗുണമല്ല ദോഷം തന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല” എന്നു പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ” എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവ് ഒരു ഉദ്യോഗസ്ഥനെ വിളിച്ച്, യിമ്ലയുടെ മകൻ മീഖായാവിനെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു. യിസ്രായേൽ രാജാവും യെഹൂദാ രാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ കവാടത്തിലെ ഒരു വിശാലസ്ഥലത്ത് സിംഹാസനത്തിൽ ഇരുന്നിരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനാനയുടെ മകൻ സിദെക്കീയാവ് ഇരിമ്പുകൊണ്ടു കൊമ്പുകൾ ഉണ്ടാക്കി, ‘ഇവകൊണ്ട് അരാമ്യർ ഒടുങ്ങുംവരെ നീ അവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു’ എന്നു പറഞ്ഞു. പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ ജയാളിയാകുക; യഹോവ അതു രാജാവിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു അവർ പറഞ്ഞു. മീഖായാവിനെ വിളിപ്പാൻ പോയ ദൂതൻ അവനോട്: “ഇതാ, പ്രവാചകന്മാരുടെ എല്ലാവരുടെയും വാക്കുകൾ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്‍റെ വാക്കും അവരുടേതുപോലെ ആയിരിക്കേണം; നീയും ഗുണമായി പറയേണമേ” എന്നു പറഞ്ഞു. അതിന് മീഖായാവ്: “യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നതു തന്നെ ഞാൻ പ്രസ്താവിക്കും” എന്നു പറഞ്ഞു. അവൻ രാജാവിന്‍റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകണോ വേണ്ടായോ?” എന്നു ചോദിച്ചു. അതിന് അവൻ: “പുറപ്പെടുവിൻ; നിങ്ങൾ ജയാളികളാകും; യഹോവ അതു രാജാവിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു പറഞ്ഞു. രാജാവ് അവനോട്: “യഹോവയുടെ നാമത്തിൽ സത്യമല്ലാത്തതൊന്നും പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നെക്കൊണ്ട് സത്യം ചെയ്യിക്കണം?” എന്നു ചോദിച്ചു. അതിന് അവൻ പറഞ്ഞത്: “ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ‘ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ സ്വന്തം ഭവനങ്ങളിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ’ എന്നു കല്പിച്ചു.” അപ്പോൾ യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഇവൻ എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മ പ്രവചിക്കയില്ലെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ?” എന്നു പറഞ്ഞു. അതിന് മിഖായാവ് പറഞ്ഞത്: “എന്നാൽ നീ യഹോവയുടെ വചനം കേൾക്കുക: യഹോവ തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്‍റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. ‘ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ വച്ചു പട്ടുപോകത്തക്കവണ്ണം ആരവനെ വശീകരിക്കും?’ എന്നു യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. എന്നാറെ ഒരു ആത്മാവ് മുമ്പോട്ടുവന്ന് യഹോവയുടെ സന്നിധിയിൽ നിന്നു: ‘ഞാൻ അവനെ വശീകരിക്കും’ എന്നു പറഞ്ഞു. “‘എങ്ങനെ?’ എന്നു യഹോവ ചോദിച്ചു അതിന് അവൻ: ‘ഞാൻ അവന്‍റെ സകലപ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്‍റെ ആത്മാവായി പ്രവർത്തിക്കും’ എന്നു പറഞ്ഞു. ‘നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക’ എന്നു യഹോവ കല്പിച്ചു. “ആകയാൽ ഇതാ, യഹോവ ഭോഷ്കിന്‍റെ ആത്മാവിനെ നിന്‍റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിനക്കു അനർത്ഥം വിധിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ കെനാനയുടെ മകൻ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിന്‍റെ ചെകിട്ടത്ത് അടിച്ചു: “നിന്നോട് അരുളിച്ചെയ്‌വാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏത് വഴിയായി കടന്നുവന്നു?” എന്നു ചോദിച്ചു. അതിന് മീഖായാവ്: “നീ ഒളിക്കുവാൻ അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും” എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽ രാജാവ് പറഞ്ഞത്: “മീഖായാവിനെ പിടിച്ചു നഗരാധിപതിയായ ആമോന്‍റെയും രാജകുമാരനായ യോവാശിന്‍റെയും അടുക്കൽ കൊണ്ടുചെന്ന് അവനെ കാരാഗൃഹത്തിൽ അടക്കുക. ഞാൻ സമാധാനത്തോടെ വരുവോളം കുറച്ച് അപ്പവും കുറച്ച് വെള്ളവും മാത്രം കൊടുക്കണ്ടതിന് രാജാവ് കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.” അതിന് മീഖായാവ്: “നീ സമാധാനത്തോടെ മടങ്ങിവരുമെങ്കിൽ യഹോവ എന്നോട് അരുളിച്ചെയ്തിട്ടില്ല; സകല ജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ” എന്നു അവൻ പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവും യെഹൂദാ രാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി. യിസ്രായേൽ രാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷംമാറി പടയിൽ കടക്കും; നീ രാജവസ്ത്രം ധരിച്ചുകൊൾക” എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽ രാജാവ് വേഷംമാറി പടയിൽ കടന്നു. “നിങ്ങൾ യിസ്രായേൽ രാജാവിനോട് അല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്നു അരാം രാജാവ് തന്‍റെ മുപ്പത്തിരണ്ടു രഥനായകന്മാരോട് കല്പിച്ചിരുന്നു. ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ‘ഇവൻ തന്നെ യിസ്രായേൽ രാജാവ് എന്നു പറഞ്ഞ് അവനോട് യുദ്ധം ചെയ്യുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു. അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ മനസ്സിലാക്കി അവനെ വിട്ടുമാറി പോന്നു. എന്നാൽ ഒരുവൻ യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടെക്ക് എയ്തു; അവൻ തന്‍റെ തേരാളിയോട്: “എന്നെ യുദ്ധമുന്നണിയിൽ നിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്നു പറഞ്ഞു. അന്നു യുദ്ധം കഠിനമായി തീർന്നു; രാജാവിനെ അരാമ്യർക്ക് എതിരെ രഥത്തിൽ താങ്ങിനിർത്തിയിരുന്നു; സന്ധ്യാസമയത്ത് അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിനടിയിലേക്ക് ഒഴുകി. സൂര്യൻ അസ്തമിക്കുമ്പോൾ ‘ഓരോരുത്തൻ താന്താന്‍റെ പട്ടണത്തിലേക്കും താന്താന്‍റെ ദേശത്തേക്കും പോകട്ടെ’ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു. അങ്ങനെ രാജാവ് മരിച്ചു; അവനെ ശമര്യയിലേക്ക് കൊണ്ടുവന്ന് അവിടെ അടക്കം ചെയ്തു. രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവയുടെ വചനപ്രകാരം നായ്ക്കൾ അവന്‍റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു. ആഹാബിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പ് കൊണ്ടു അരമന പണിതതും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ആഹാബ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകൻ അഹസ്യാവ് അവനു പകരം രാജാവായി. ആസായുടെ മകൻ യെഹോശാഫാത്ത് യിസ്രായേൽ രാജാവായ ആഹാബിന്‍റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി. യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തഞ്ച് വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു വര്‍ഷം യെരൂശലേമിൽ വാണു; അവന്‍റെ അമ്മ ശിൽഹിയുടെ മകൾ അസൂബാ ആയിരുന്നു. അവൻ തന്‍റെ അപ്പനായ ആസായുടെ എല്ലാ വഴിയിലും നടന്ന്, അവയിൽ നിന്ന് വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു. എന്നാൽ പൂജാഗിരികൾ മാത്രം നീക്കം ചെയ്തില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കുകയും ധൂപം കാട്ടുകയും ചെയ്തുപോന്നു. യെഹോശാഫാത്ത് യിസ്രായേൽ രാജാവിനോട് സഖ്യത ചെയ്തു. യെഹോശാഫാത്തിന്‍റെ മറ്റുള്ള പ്രവർത്തനങ്ങളും അവന്‍റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. തന്‍റെ അപ്പനായ ആസായുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷവേശ്യാവൃത്തി നടപ്പിലാക്കിയിരുന്നവരെ അവൻ ദേശത്ത് നിന്നു നീക്കിക്കളഞ്ഞു. ആ കാലത്ത് ഏദോമിൽ രാജാവില്ലായ്കകൊണ്ട് ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു. ഓഫീരിൽ നിന്നു പൊന്ന് കൊണ്ടുവരേണ്ടതിനു യെഹോശാഫാത്ത് കച്ചവടക്കപ്പലുകൾ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബെരിൽവച്ച് തകർന്നുപോയതുകൊണ്ട് പോകുവാൻ കഴിഞ്ഞില്ല. അന്നേരം ആഹാബിന്‍റെ മകൻ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്‍റെ ദാസന്മാർ നിന്‍റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ” എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു. യെഹോശാഫാത്ത് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തിൽ തന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകൻ യെഹോരാം അവനു പകരം രാജാവായി. ആഹാബിന്‍റെ മകൻ അഹസ്യാവ് യെഹൂദാ രാജാവായ യെഹോശാഫാത്തിന്‍റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിനു രാജാവായി; യിസ്രായേലിൽ രണ്ടു വര്‍ഷം വാണു. അവൻ തന്‍റെ അപ്പന്‍റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകൻ യൊരോബെയാമിന്‍റെ വഴിയിലും നടന്നു യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു. അവൻ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്‍റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.

1 രാജാക്കന്മാർ 22:1-53 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാർത്തു. മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു. യിസ്രായേൽരാജാവു തന്റെ ഭൃത്യന്മാരോടു: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവൻ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിൽ യുദ്ധത്തിന്നു പോരുമോ? എന്നു ചോദിച്ചു. അതിന്നു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോടു: ഞാൻ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ പുറപ്പെടുക; കർത്താവു അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു യഹോവയുടെ പ്രവാചകനായിട്ടു ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു. അതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി യിമ്ലയുടെ മകനായ മീഖായാവു എന്നൊരുത്തൻ ഉണ്ടു. എന്നാൽ അവൻ എന്നെക്കുറിച്ചു ഗുണമല്ല ദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനോടു ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു ഒരു ഷണ്ഡനെ വിളിച്ചു, യിമ്ളയുടെ മകനായ മീഖായാവെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാൻ കല്പിച്ചു. യിസ്രായേൽ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പു ഉണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു. മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോക്കു, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു. അതിന്നു മീഖായാവു: യഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു. അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവു അവനോടു: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു. രാജാവു അവനോടു: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു. അതിന്നു അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; അവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: എന്നാൽ നീ യഹോവയുടെ വചനം കേൾക്ക: യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യം ഒക്കെയും അവന്റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽവെച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. ഏതിനാൽ എന്നു യഹോവ ചോദിച്ചതിന്നു അവൻ: ഞാൻ പുറപ്പെട്ടു അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവൻ കല്പിച്ചു. ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ സകലപ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവിന്റെ ചെകിട്ടത്തു അടിച്ചു: നിന്നോടു അരുളിച്ചെയ്‌വാൻ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു. അതിന്നു മീഖായാവു: നീ ഒളിപ്പാനായിട്ടു അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവു പറഞ്ഞതു: മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്നു ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക. അതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ എന്നെക്കൊണ്ടു അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി. യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വേഷംമാറി പടയിൽ കടന്നു. എന്നാൽ അരാംരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു. ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ഇവൻ തന്നേ യിസ്രായേൽരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു. അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു. എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. അന്നു പട കഠിനമായി തീർന്നതുകൊണ്ടു രാജാവു അരാമ്യർക്കു എതിരെ രഥത്തിൽ നിവിർന്നുനിന്നു; സന്ധ്യാസമയത്തു അവൻ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിന്നകത്തു ഒഴുകിയിരുന്നു. സൂര്യൻ അസ്തമിക്കുമ്പോൾ ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു. അങ്ങനെ രാജാവു മരിച്ചു; അവനെ ശമര്യയിലേക്കു കൊണ്ടുവന്നു; അവർ രാജാവിനെ ശമര്യയിൽ അടക്കം ചെയ്തു. രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു. ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി. ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി. യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു. അവൻ തന്റെ അപ്പനായ ആസയുടെ എല്ലാവഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികൾക്കുമാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു. യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു സഖ്യത ചെയ്തു. യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. തന്റെ അപ്പനായ ആസയുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവൻ ദേശത്തുനിന്നു നീക്കിക്കളഞ്ഞു. ആ കാലത്തു എദോമിൽ രാജാവില്ലായ്കകൊണ്ടു ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു. ഓഫീരിൽ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തർശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകൾ എസ്യോൻ-ഗേബരൽവെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവെക്കു പോകുവാൻ കഴിഞ്ഞില്ല. അന്നേരം ആഹാബിന്റെ മകനായ അഹസ്യാവു യെഹോശാഫാത്തിനോടു: എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന്നു മനസ്സില്ലായിരുന്നു. യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി. ആഹാബിന്റെ മകനായ അഹസ്യാവു യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിന്നു രാജാവായി; യിസ്രായേലിൽ രണ്ടു സംവത്സരം വാണു. അവൻ തന്റെ അപ്പന്റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴിയിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. അവൻ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.

1 രാജാക്കന്മാർ 22:1-53 സമകാലിക മലയാളവിവർത്തനം (MCV)

മൂന്നുവർഷത്തോളം അരാമും ഇസ്രായേലുംതമ്മിൽ യുദ്ധം ഉണ്ടായില്ല. എന്നാൽ, മൂന്നാംവർഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേൽരാജാവായ ആഹാബിനെ സന്ദർശിച്ചു. ഇസ്രായേൽരാജാവ് തന്റെ ഉദ്യോഗസ്ഥന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതാണെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ? എങ്കിലും, നാം അതിനെ അരാംരാജാവിന്റെ നിയന്ത്രണത്തിൽനിന്നു തിരിച്ചുപിടിക്കാൻ യാതൊന്നും ചെയ്യുന്നില്ലല്ലോ” എന്നു പറഞ്ഞു. അപ്പോൾ ആഹാബ് യെഹോശാഫാത്തിനോട്: “ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി അങ്ങയും എന്റെകൂടെ വരാമോ?” എന്നു ചോദിച്ചു. യെഹോശാഫാത്ത് ഇസ്രായേൽരാജാവിനോട്: “ഞാൻ അങ്ങയെപ്പോലെ; എന്റെ ജനം അങ്ങയുടെ ജനത്തെപ്പോലെ; എന്റെ കുതിരകൾ അങ്ങയുടെ കുതിരകളെപ്പോലെയുംതന്നെ” എന്നു മറുപടി പറഞ്ഞു. യെഹോശാഫാത്ത് തുടർന്നു: “എന്നാൽ, ഒന്നാമതായി നമുക്ക് യഹോവയോട് അരുളപ്പാട് ചോദിക്കാം.” അങ്ങനെ, ഇസ്രായേൽരാജാവ് ഏകദേശം നാനൂറു പ്രവാചകന്മാരെ ഒരുമിച്ചു വിളിച്ചുവരുത്തി അവരോട്: “ഞാൻ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനുപോകയോ അഥവാ, പോകാതിരിക്കയോ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു. “പോയാലും! കർത്താവ് അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിച്ചുതരും,” എന്ന് അവർ ഉത്തരം പറഞ്ഞു. എന്നാൽ, യെഹോശാഫാത്ത് ആഹാബിനോടു: “നാം ദൈവഹിതം അന്വേഷിക്കേണ്ടതിനായി ഇവിടെ യഹോവയുടെ പ്രവാചകനായി മറ്റാരുമില്ലേ?” എന്നു ചോദിച്ചു. ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയുടെഹിതം ആരായേണ്ടതിനായി യിമ്ളയുടെ മകനായ മീഖായാവ് എന്നൊരാൾകൂടി ഇവിടെയുണ്ട്; പക്ഷേ, അയാൾ എന്നെപ്പറ്റി തിന്മയായുള്ളതല്ലാതെ നന്മയായി ഒരിക്കലും പ്രവചിക്കാറില്ല. അതുകൊണ്ട് ഞാൻ അയാളെ വെറുക്കുന്നു” എന്നു പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ,” എന്നു യെഹോശാഫാത്ത് ആഹാബിനോട് അപേക്ഷിച്ചു. അങ്ങനെ, ഇസ്രായേൽരാജാവ് തന്റെ ഉദ്യോഗസ്ഥരിൽ ഒരാളോട്, “വേഗത്തിൽ യിമ്ളയുടെ മകനായ മീഖായാവെ കൂട്ടിക്കൊണ്ടുവരിക” എന്നു കൽപ്പന നൽകി. ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജകീയ വേഷധാരികളായി അവരവരുടെ സിംഹാസനങ്ങളിൽ ശമര്യയുടെ കവാടത്തിനുവെളിയിൽ ധാന്യം മെതിക്കുന്ന വിശാലമായ ഒരു മൈതാനത്തിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെമുമ്പിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനയനയുടെ മകനായ സിദെക്കീയാവ് ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി, “ ‘ഇതുകൊണ്ട് നീ അരാമ്യരെ ആക്രമിച്ച് അവരെ കുത്തിക്കീറിക്കളയും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു. മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു: “രാമോത്തിലെ ഗിലെയാദിനെ ആക്രമിക്കുക! വിജയിയാകുക! യഹോവ അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.” മീഖായാവെ ആനയിക്കാൻപോയ ഉദ്യോഗസ്ഥൻ അദ്ദേഹത്തോട്: “നോക്കൂ, മറ്റു പ്രവാചകന്മാരെല്ലാം ഏകകണ്ഠമായി രാജാവിനു വിജയം പ്രവചിച്ചിരിക്കുന്നു. അങ്ങയുടെ പ്രവചനവും അവരുടേതുപോലെ രാജാവിന് അനുകൂലമായിരിക്കട്ടെ!” എന്നു പറഞ്ഞു. എന്നാൽ മീഖായാവ്: “ജീവിക്കുന്ന യഹോവയാണെ, യഹോവ എന്നോട് എന്തു സംസാരിക്കുന്നോ അതുതന്നെ ഞാൻ പ്രസ്താവിക്കും” എന്നുത്തരം പറഞ്ഞു. മീഖായാവു രാജസന്നിധിയിലെത്തിയപ്പോൾ രാജാവ് അദ്ദേഹത്തോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനു പുറപ്പെടണമോ അഥവാ, പുറപ്പെടാതിരിക്കണമോ എന്തു ചെയ്യേണം?” എന്നു ചോദിച്ചു. മീഖായാവു പരിഹാസത്തോടെ മറുപടികൊടുത്തു: “ആക്രമിക്കുക! വിജയം വരിക്കുക! യഹോവ അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.” രാജാവ് അദ്ദേഹത്തോട്: “യഹോവയുടെ നാമത്തിൽ, എന്നോടു സത്യമല്ലാതെ മറ്റൊന്നും പറയരുതെന്നു ഞാൻ നിങ്ങളെക്കൊണ്ട് എത്രപ്രാവശ്യം ശപഥംചെയ്യിക്കണം?” എന്നു ചോദിച്ചു. അപ്പോൾ മീഖായാവു മറുപടി പറഞ്ഞു: “ഇസ്രായേൽസൈന്യം ഇടയനില്ലാത്ത ആടുകളെപ്പോലെ മലമുകളിൽ ചിതറിയിരിക്കുന്നതു ഞാൻ ദർശനത്തിൽ കണ്ടു. ‘ഈ ജനത്തിനു നായകനില്ല; ഓരോരുത്തനും സമാധാനത്തോടെ ഭവനങ്ങളിലേക്കു പോകട്ടെ’ എന്ന് യഹോവ കൽപ്പിക്കുകയും ചെയ്തു.” അപ്പോൾ, ഇസ്രായേൽരാജാവായ ആഹാബ് യെഹോശാഫാത്തിനോട്: “ഈ മനുഷ്യൻ എന്നെക്കുറിച്ച് ദോഷമായതല്ലാതെ നന്മയായുള്ളത് യാതൊന്നും പ്രവചിക്കുകയില്ലെന്ന് ഞാൻ അങ്ങയോടു പറഞ്ഞിരുന്നില്ലേ?” എന്നു ചോദിച്ചു. മീഖായാവു തുടർന്നു പറഞ്ഞത്: “എന്നാൽ, യഹോവയുടെ വാക്കു ശ്രദ്ധിക്കുക. യഹോവ തന്റെ സിംഹാസനത്തിലിരിക്കുന്നതും തന്റെ സകലസ്വർഗീയസൈന്യവും അവിടത്തെ വലത്തും ഇടത്തുമായി ചുറ്റും അണിനിരന്നുനിൽക്കുന്നതും ഞാൻ ദർശിച്ചു. അപ്പോൾ യഹോവ, ‘ആഹാബ് ഗിലെയാദിലെ രാമോത്തിൽച്ചെന്ന്, യുദ്ധത്തിൽ വധിക്കപ്പെടുംവിധം അതിനെ ആക്രമിക്കുന്നതിലേക്ക് ആര് അവനെ പ്രലോഭിപ്പിക്കും?’ എന്നു ചോദിച്ചു. “ചിലർ ഇത്തരത്തിലും മറ്റുചിലർ മറ്റൊരുതരത്തിലും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ, അവസാനം ഒരാത്മാവ് മുൻപോട്ടുവന്നു യഹോവയുടെമുമ്പിൽ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഞാൻ അവനെ പ്രലോഭിപ്പിക്കും.’ “ ‘ഏതുവിധം?’ എന്ന് യഹോവ ചോദിച്ചു. “ ‘ഞാൻ പുറപ്പെട്ട് അയാളുടെ സകലപ്രവാചകന്മാരുടെയും അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവായി പ്രവർത്തിക്കും,’ എന്ന് ആ ആത്മാവ് മറുപടി നൽകി.” അപ്പോൾ യഹോവ: “ ‘അവനെ വശീകരിക്കുന്നതിൽ നീ വിജയിക്കും; നീ പോയി അപ്രകാരം ചെയ്യുക!’ എന്നു കൽപ്പിച്ചു. “അങ്ങനെ, യഹോവ ഇപ്പോൾ നിന്റെ ഈ പ്രവാചകന്മാരുടെയെല്ലാം അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവിനെ അയച്ചിരിക്കുന്നു. യഹോവ നിനക്കു നാശം നിർണയിച്ചിരിക്കുന്നു.” അപ്പോൾ, കെനയനയുടെ മകനായ സിദെക്കീയാവ് മുൻപോട്ടുചെന്ന് മീഖായാവിന്റെ മുഖത്തടിച്ചു. “യഹോവയുടെ ആത്മാവ് എന്നെവിട്ടു നിന്നോടു സംസാരിക്കാൻ ഏതുവഴിയായി വന്നു?” എന്നു ചോദിച്ചു. “ഒരു രഹസ്യ അറയിൽ ഒളിക്കാൻ പോകുന്നനാളിൽ നീ അതു കണ്ടെത്തും,” എന്നു മീഖായാവു മറുപടി പറഞ്ഞു. അതിനുശേഷം ഇസ്രായേൽരാജാവ്: “ ‘മീഖായാവിനെ നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ തിരികെ കൊണ്ടുപോകുക. അവനെ കാരാഗൃഹത്തിലടയ്ക്കുകയും ഞാൻ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ അപ്പവും വെള്ളവുംമാത്രം കൊടുക്കുകയും ചെയ്യുക എന്നതാണ് രാജാവിന്റെ ഉത്തരവ്,’ എന്ന് അവനോടു പറയുക” എന്ന് ആജ്ഞാപിച്ചു. അപ്പോൾ മീഖായാവ്, “അങ്ങു സുരക്ഷിതനായി മടങ്ങിവരുമെങ്കിൽ യഹോവ എന്നിലൂടെ അരുളിച്ചെയ്തിട്ടില്ല” എന്നു മറുപടി പറഞ്ഞു. “ഈ ജനമെല്ലാം, എന്റെ വാക്കുകൾ കുറിച്ചിട്ടുകൊള്ളട്ടെ!” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ, ഇസ്രായേൽരാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി പുറപ്പെട്ടു. ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷപ്രച്ഛന്നനായി യുദ്ധത്തിൽ പ്രവേശിക്കട്ടെ; എന്നാൽ, അങ്ങ് രാജകീയ വേഷം ധരിച്ചാലും” എന്നു പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവ് വേഷപ്രച്ഛന്നനായി യുദ്ധരംഗത്തു പ്രവേശിച്ചു. എന്നാൽ, “ഇസ്രായേൽരാജാവിനോടല്ലാതെ ചെറിയവനോ വലിയവനോ ആയ മറ്റൊരുത്തനോടും യുദ്ധംചെയ്യരുത്” എന്ന് അരാംരാജാവ് തന്റെ മുപ്പത്തിരണ്ടു രഥനായകന്മാർക്ക് ആജ്ഞ നൽകിയിരുന്നു. രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ, “തീർച്ചയായും ഇതാണ് ഇസ്രായേൽരാജാവ്” എന്നു ചിന്തിച്ചു; അദ്ദേഹത്തെ ആക്രമിക്കാനായിത്തിരിഞ്ഞു. എന്നാൽ, അദ്ദേഹം നിലവിളിച്ചപ്പോൾ അത് ഇസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ ഗ്രഹിക്കുകയും അവർ അദ്ദേഹത്തെ പിൻതുടരുന്നത് അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ, ഏതോ ഒരു അരാമ്യപടയാളി യാദൃച്ഛികമായി വില്ലുകുലച്ച് ഇസ്രായേൽരാജാവിന്റെ കവചത്തിന്റെ വിടവുകൾക്കിടയിൽ എയ്തു. “രഥം തിരിച്ച് എന്നെ യുദ്ധക്കളത്തിനു വെളിയിൽ കൊണ്ടുപോകുക; എനിക്കു സാരമായി മുറിവേറ്റിരിക്കുന്നു,” എന്നു രാജാവു തന്റെ തേരാളിയോടു കൽപ്പിച്ചു. അന്നുമുഴുവൻ യുദ്ധം അത്യുഗ്രമായിത്തുടർന്നു. അന്ന് അരാമ്യർക്ക് അഭിമുഖമായി രാജാവിനെ രഥത്തിൽ താങ്ങിനിർത്തിയിരുന്നു. അദ്ദേഹത്തിന്റെ മുറിവിൽനിന്നു രക്തം രഥത്തിന്റെ അടിത്തട്ടിലേക്കൊഴുകി, അന്നു വൈകുന്നേരം ആഹാബു മരിച്ചു. സൂര്യാസ്തമയസമയം, “ഓരോരുത്തനും അവനവന്റെ രാജ്യത്തിലേക്കും നഗരത്തിലേക്കും തിരികെപ്പോകട്ടെ” എന്നു ഉച്ചത്തിൽ പാളയത്തിൽ പരസ്യപ്പെടുത്തി. അങ്ങനെ, ഇസ്രായേൽരാജാവു മരിച്ചു; അദ്ദേഹത്തിന്റെ മൃതശരീരം ശമര്യയിലേക്കു കൊണ്ടുവന്ന് അവിടെ അടക്കംചെയ്തു. ആഹാബിന്റെ രഥം വേശ്യാസ്ത്രീകൾ കുളിക്കാറുള്ള ശമര്യയിലെ ഒരു കുളത്തിൽ കൊണ്ടുപോയി കഴുകി. യഹോവയുടെ അരുളപ്പാടുപോലെതന്നെ, അന്നു നായ്ക്കൾ അദ്ദേഹത്തിന്റെ രക്തം നക്കിത്തുടച്ചു. ആഹാബിന്റെ ജീവിതകാലത്തെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ സകലപ്രവൃത്തികളും ദന്തം പതിച്ച അരമന, പുനർനിർമിച്ച നഗരങ്ങൾ, ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? ആഹാബ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ അഹസ്യാവ് തുടർന്നു രാജ്യഭാരമേറ്റെടുത്തു. ഇസ്രായേൽരാജാവായ ആഹാബിന്റെ നാലാംവർഷം ആസായുടെ മകനായ യെഹോശാഫാത്ത് യെഹൂദ്യയിൽ രാജാവായി. രാജഭരണം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തിയഞ്ചുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഇരുപത്തിയഞ്ചുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അസൂബാ എന്നായിരുന്നു. അവൾ ശിൽഹിയുടെ മകളായിരുന്നു. എല്ലാ കാര്യങ്ങളിലും അദ്ദേഹം തന്റെ പിതാവായ ആസായുടെ ജീവിതരീതികൾതന്നെ അനുവർത്തിച്ചു. അദ്ദേഹം അവയിൽനിന്നു വ്യതിചലിക്കാതെ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. എന്നിരുന്നാലും, ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനം അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു. യെഹോശാഫാത്ത് ഇസ്രായേൽരാജാക്കന്മാരുമായി സമാധാനബന്ധത്തിലായിരുന്നു. യെഹോശാഫാത്തിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ, അദ്ദേഹത്തിന്റെ നേട്ടങ്ങൾ, അദ്ദേഹത്തിന്റെ സൈനികപരാക്രമങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? തന്റെ പിതാവായ ആസായുടെകാലത്ത് അവശേഷിച്ചിരുന്നതും ക്ഷേത്രങ്ങളെ ആസ്ഥാനമാക്കി നിലവിലിരുന്നതുമായ പുരുഷവേശ്യാസമ്പ്രദായത്തെ അദ്ദേഹം രാജ്യത്തുനിന്നു നിശ്ശേഷം തുടച്ചുനീക്കി. ആ കാലത്ത് ഏദോമിൽ രാജാവില്ലായിരുന്നു; പകരം ഒരു രാജപ്രതിനിധിയായിരുന്നു ഭരണംനടത്തിയിരുന്നത്. സ്വർണത്തിനുവേണ്ടി ഓഫീറിലേക്കു പോകുന്നതിന് യെഹോശാഫാത്ത് ഒരു കച്ചവടക്കപ്പൽവ്യൂഹം നിർമിച്ചു. എന്നാൽ, അവ എസ്യോൻ-ഗേബെറിൽവെച്ചു തകർന്നുപോയതിനാൽ അവർക്ക് കടൽയാത്ര ചെയ്യാൻ സാധ്യമായില്ല. ആ സമയത്ത് ആഹാബിന്റെ മകനായ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്റെ സേവകന്മാരെ അങ്ങയുടെ സേവകന്മാരോടൊപ്പം കപ്പലിൽ യാത്രചെയ്യാൻ അനുവദിച്ചാലും” എന്നപേക്ഷിച്ചു. എന്നാൽ യെഹോശാഫാത്ത് ആ അപേക്ഷ നിരസിച്ചു. പിന്നെ, യെഹോശാഫാത്ത് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; തന്റെ പൂർവപിതാവായ ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരോടൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യെഹോരാം അനന്തരാവകാശിയായി രാജസ്ഥാനമേറ്റു. യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാംവർഷം ആഹാബിന്റെ മകനായ അഹസ്യാവ് ശമര്യയിൽ ഇസ്രായേലിനു ഭരണാധിപനായി സ്ഥാനമേറ്റു. അദ്ദേഹം രണ്ടുവർഷം ഇസ്രായേലിൽ ഭരണംനടത്തി. അദ്ദേഹം തന്റെ പിതാവിന്റെയും മാതാവിന്റെയും വഴികളിലും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴികളിലും നടന്നു യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു. തന്റെ പിതാവു ചെയ്തതുപോലെതന്നെ അദ്ദേഹവും ബാലിനെ സേവിക്കുകയും ആരാധിക്കുകയുംചെയ്ത് ഇസ്രായേലിന്റെ ദൈവമായ യഹോവയെ പ്രകോപിപ്പിച്ചു.