1 രാജാക്കന്മാർ 19:15-21

1 രാജാക്കന്മാർ 19:15-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമി വഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായിട്ട് അഭിഷേകം ചെയ്ക. നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽ നിന്നുള്ള സാഫാത്തിന്റെ മകനായ എലീശായെ നിനക്കു പകരം പ്രവാചകനായിട്ട് അഭിഷേകം ചെയ്കയും വേണം. ഹസായേലിന്റെ വാളിനു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിനു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും. എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു. അങ്ങനെ അവൻ അവിടെനിന്നു പുറപ്പെട്ട് സാഫാത്തിന്റെ മകനായ എലീശായെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താൻതന്നെ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്നു തന്റെ പുതപ്പ് അവന്റെമേൽ ഇട്ടു. അവൻ കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന് അവൻ: പോയിവരിക; എന്നാൽ ഞാൻ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്നോർക്ക എന്നു പറഞ്ഞു. അങ്ങനെ അവൻ അവനെ വിട്ടു ചെന്ന് ഒരു ഏർ കാളയെ പിടിച്ച് അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവനു ശുശ്രൂഷകനായിത്തീർന്നു.

1 രാജാക്കന്മാർ 19:15-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരൻ ഏലിയായോടു പറഞ്ഞു: “നീ ദമാസ്കസിനടുത്തുള്ള വിജനപ്രദേശത്തേക്കു മടങ്ങിപ്പോകുക; അവിടെച്ചെന്ന് ഹസായേലിനെ സിറിയായുടെ രാജാവായി അഭിഷേകം ചെയ്യണം. നിംശിയുടെ മകൻ യേഹൂവിനെ ഇസ്രായേലിന്റെ രാജാവായും ആബേൽ-മെഹോലക്കാരനായ ശാഫാത്തിന്റെ മകൻ എലീശയെ നിനക്കുപകരം പ്രവാചകനായും അഭിഷേകം ചെയ്യുക. ഹസായേലിന്റെ കൈയിൽനിന്നു രക്ഷപെടുന്നവനെ യേഹൂ വധിക്കും. യേഹൂവിൽനിന്നു രക്ഷപെടുന്നവനെ എലീശ വധിക്കും; എന്നാൽ ബാൽവിഗ്രഹത്തിന്റെ മുമ്പിൽ മുട്ടുമടക്കുകയോ അതിനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാൻ ഇസ്രായേലിൽ ശേഷിപ്പിക്കും. ഏലിയാ അവിടെനിന്നു പുറപ്പെട്ട് ശാഫാത്തിന്റെ പുത്രനായ എലീശയുടെ അടുക്കൽ എത്തി. അയാൾ പന്ത്രണ്ട് ഏർ കാള പൂട്ടി ഉഴുതുകൊണ്ടിരിക്കുക ആയിരുന്നു. പന്ത്രണ്ടാമത്തെ നിരയിലായിരുന്നു എലീശ. എലീശയുടെ അടുക്കലെത്തിയപ്പോൾ ഏലിയാ തന്റെ മേലങ്കി ഊരി അയാളുടെ മേലിട്ടു. അയാൾ ഉടൻതന്നെ കാളകളെ വിട്ടു ഏലിയായുടെ അടുക്കലേക്ക് ഓടിച്ചെന്നു പറഞ്ഞു: “ഞാൻ മാതാപിതാക്കന്മാരെ ചുംബിച്ചു യാത്രപറഞ്ഞിട്ട് അങ്ങയെ അനുഗമിക്കാം.” “അങ്ങനെയാകട്ടെ, ഞാൻ നിന്നെ തടസ്സപ്പെടുത്തുന്നില്ല” ഏലിയാ പറഞ്ഞു. എലീശ പോയി ഒരു ഏർ കാളയെ കൊന്ന് കലപ്പ വിറകായി ഉപയോഗിച്ചു മാംസം പാകംചെയ്തു; അതു ജനത്തിനു കൊടുത്തു, അവർ അതു ഭക്ഷിച്ചു. പിന്നീട് അയാൾ ഏലിയായെ അനുഗമിച്ച് അദ്ദേഹത്തിന്റെ ശുശ്രൂഷകനായിത്തീർന്നു.

1 രാജാക്കന്മാർ 19:15-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ അവനോട് അരുളിച്ചെയ്തത്: “നീ പുറപ്പെട്ടു ദമാസ്കസിലെ മരുഭൂമിവഴിയെ മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായി അഭിഷേകം ചെയ്ക. നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലായിൽ നിന്നുള്ള ശാഫാത്തിന്‍റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായി അഭിഷേകം ചെയ്കയും വേണം. ഹസായേലിന്‍റെ വാളിനു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്‍റെ വാളിന് തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും. എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.” അങ്ങനെ അവൻ അവിടെനിന്നു പുറപ്പെട്ടു ശാഫാത്തിന്‍റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ടു ഏർ കാളകളെ പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ അവൻ തന്നെ ആയിരുന്നു; ഏലീയാവ് അവന്‍റെ അരികെ ചെന്നു തന്‍റെ പുതപ്പ് അവന്‍റെമേൽ ഇട്ടു. അവൻ കാളയെ വിട്ട് ഏലീയാവിന്‍റെ പിന്നാലെ ഓടി: ”ഞാൻ എന്‍റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്‍റെശേഷം ഞാൻ നിന്‍റെ പിന്നാലെ വരാം” എന്നു പറഞ്ഞു. അതിന് അവൻ: ”പോയി വരിക; എന്നാൽ ഞാൻ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോർക്ക” എന്നു പറഞ്ഞു. അങ്ങനെ അവൻ അവനെ വിട്ട് ചെന്നു ഒരു ഏർ കാളയെ പിടിച്ച് അറുത്തു കാളയുടെ മരത്തടി കൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്‍റെ പിന്നാലെ ചെന്നു അവനു ശുശ്രൂഷകനായ്തീർന്നു.

1 രാജാക്കന്മാർ 19:15-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമിവഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന്നു രാജാവായിട്ടു അഭിഷേകം ചെയ്ക. നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം. ഹസായേലിന്റെ വാളിന്നു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിന്നു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും. എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു. അങ്ങനെ അവൻ അവിടെനിന്നു പറപ്പെട്ടു സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ടു ഏർ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താൻ തന്നേ ആയിരുന്നു; ഏലീയാവു അവന്റെ അരികെ ചെന്നു തന്റെ പുതപ്പു അവന്റെ മേൽ ഇട്ടു. അവൻ കാളയെ വിട്ടു ഏലീയാവിന്റെ പിന്നാലെ ഓടി: ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചു കൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന്നു അവൻ: പോയി വരിക; എന്നാൽ ഞാൻ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോർക്ക എന്നു പറഞ്ഞു. അങ്ങനെ അവൻ അവനെ വിട്ടു ചെന്നു ഒരു ഏർ കാളയെ പിടിച്ചു അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിന്നു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റു ഏലീയാവിന്റെ പിന്നാലെ ചെന്നു അവന്നു ശുശ്രൂഷകനായ്തീർന്നു.

1 രാജാക്കന്മാർ 19:15-21 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ വന്നവഴിയേ മടങ്ങിപ്പോകുക; അവിടെനിന്നും ദമസ്കോസിലെ മരുഭൂമിയിലേക്കു യാത്രചെയ്യുക; നീ അവിടെയെത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായി അഭിഷേകംചെയ്യുക. ഇസ്രായേലിനു രാജാവായി നിംശിയുടെ മകനായ യേഹുവിനെയും അഭിഷേകംചെയ്യുക; ആബേൽ-മെഹോലയിലെ ശാഫാത്തിന്റെ മകൻ എലീശയെ നിനക്കുശേഷം പ്രവാചകനായി അഭിഷേകംചെയ്യുക. ഹസായേലിന്റെ വാളിനിരയാകാതെ രക്ഷപ്പെടുന്നവരെ യേഹു വധിക്കും. യേഹുവിന്റെ വാളിനെ ഒഴിഞ്ഞുപോകുന്നവരെ എലീശാ വധിക്കും. എന്നാൽ, ബാലിന്റെമുമ്പിൽ മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനംചെയ്യാത്ത അധരങ്ങളുമുള്ള ഏഴായിരംപേരെ ഞാൻ ഇസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.” അങ്ങനെ, ഏലിയാവ് അവിടെനിന്നു യാത്രയായി; അദ്ദേഹം ശാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി. പന്ത്രണ്ട് ജോടി കാളകളെ പൂട്ടി നിലം ഉഴുന്നവരോടൊപ്പം എലീശയും ഉഴുതുകൊണ്ടിരിക്കുകയായിരുന്നു. പന്ത്രണ്ടാമത്തെ ജോടിയെ തെളിച്ചിരുന്നത് അദ്ദേഹംതന്നെയായിരുന്നു. ഏലിയാവ് അടുത്തേക്കുചെന്ന് തന്റെ അങ്കി എലീശയുടെമേൽ ഇട്ടു. എലീശാ ഉടൻതന്നെ തന്റെ കാളകളെ ഉപേക്ഷിച്ച് ഏലിയാവിന്റെ പിന്നാലെ ഓടിച്ചെന്നു. “ഞാൻ മാതാപിതാക്കളെ ചുംബിച്ചു യാത്ര പറയട്ടെ? പിന്നെ, ഞാൻ അങ്ങയെ അനുഗമിക്കാം,” എന്ന് എലീശാ പറഞ്ഞു. “പോയിവരിക; എന്നാൽ, ഞാൻ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്ന കാര്യം ഓർക്കുക,” എന്ന് ഏലിയാവ് മറുപടി പറഞ്ഞു. അങ്ങനെ, എലീശാ ഏലിയാവിനെ വിട്ട് തന്റെ കാളകളുടെ അടുക്കലെത്തി അതിന്റെ നുകം അഴിച്ചുമാറ്റി; അദ്ദേഹം ആ കാളകളെ അറത്ത്, ഉഴവിനുള്ള തടിയുപകരണങ്ങൾകൊണ്ട് മാംസം പാകംചെയ്ത് ജനത്തിനു കൊടുത്തു; അവർ ഭക്ഷിച്ചു. അതിനുശേഷം, എലീശാ ഏലിയാവിന്റെ ശുശ്രൂഷകനായി അദ്ദേഹം അനുഗമിച്ചു.