1 രാജാക്കന്മാർ 19:1-9

1 രാജാക്കന്മാർ 19:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഏലീയാവ് ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു. ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു. അവൻ ഭയപ്പെട്ട് എഴുന്നേറ്റു ജീവരക്ഷയ്ക്കായി പുറപ്പെട്ടു യെഹൂദായ്ക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്ന് അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു. താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി അവനോട്: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു. അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലയ്ക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നു കുടിച്ചു പിന്നെയും കിടന്നുറങ്ങി. യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്ന് അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവതമായ ഹോറേബോളം നടന്നു. അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോട്: ഏലീയാവേ, ഇവിടെ നിനക്ക് എന്തു കാര്യം എന്നു ചോദിച്ചു.

1 രാജാക്കന്മാർ 19:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഏലിയാ ചെയ്ത സകല പ്രവൃത്തികളും പ്രവാചകന്മാരെ വാളുകൊണ്ടു വെട്ടിക്കൊന്നതും ആഹാബ് ഈസേബെലിനോടു പറഞ്ഞു: അപ്പോൾ അവൾ ഒരു ദൂതനെ ഏലിയായുടെ അടുക്കൽ അയച്ചു പറയിച്ചു: “നാളെ ഈ നേരത്തിനു മുമ്പായി നിന്റെ ജീവൻ ആ പ്രവാചകന്മാരിൽ ഒരുവൻറേതുപോലെ ഞാൻ ആക്കിത്തീർക്കുന്നില്ലെങ്കിൽ ദേവന്മാർ അതും അതിലധികവും എന്നോടു ചെയ്തുകൊള്ളട്ടെ.” ഏലിയാ ഭയന്നു പ്രാണരക്ഷാർഥം ഓടിപ്പോയി. യെഹൂദ്യയിലെ ബേർ-ശേബയിലെത്തി അവിടെവച്ചു തന്റെ ഭൃത്യനെ വിട്ടുപിരിഞ്ഞു. തുടർന്നു മരുഭൂമിയിലൂടെ ഒരു ദിവസത്തെ യാത്ര ചെയ്ത് ഒരു മുൾച്ചെടിയുടെ തണൽപറ്റി ഇരുന്നു; മരിച്ചാൽ മതി എന്നു പ്രവാചകൻ ആഗ്രഹിച്ചു. അതിനുവേണ്ടി പ്രാർഥിച്ചു: “സർവേശ്വരാ, എനിക്കു മതിയായി, എന്റെ പ്രാണനെ എടുത്തുകൊണ്ടാലും; എന്റെ പിതാക്കന്മാരെക്കാൾ ഞാൻ നല്ലവനല്ലല്ലോ.” പ്രവാചകൻ ആ ചെടിയുടെ തണലിൽ കിടന്നുറങ്ങി; ഒരു മാലാഖ പ്രവാചകനെ തട്ടിയുണർത്തിയിട്ട് പറഞ്ഞു: “എഴുന്നേറ്റു ഭക്ഷിക്കുക.” അദ്ദേഹം എഴുന്നേറ്റു നോക്കിയപ്പോൾ കനലിൽ ചുട്ടെടുത്ത അടയും ഒരു ഭരണി വെള്ളവും തലയ്‍ക്കൽ ഇരിക്കുന്നതു കണ്ടു. അതു ഭക്ഷിച്ചതിനുശേഷം പ്രവാചകൻ വീണ്ടും കിടന്നു. സർവേശ്വരന്റെ ദൂതൻ ഏലിയായെ വീണ്ടും തട്ടിയുണർത്തി, “എഴുന്നേറ്റു ഭക്ഷിക്കുക, നിനക്കു ദൂരയാത്ര ചെയ്യാനുണ്ടല്ലോ” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റു ഭക്ഷണപാനീയങ്ങൾ കഴിച്ചു. അതിന്റെ ശക്തികൊണ്ടു നാല്പതു പകലും നാല്പതു രാവും യാത്ര ചെയ്തു ദൈവത്തിന്റെ പർവതമായ ഹോരേബിൽ എത്തി; അവിടെ ഒരു ഗുഹയിൽ ഏലിയാ പാർത്തു; അവിടെവച്ചു സർവേശ്വരൻ പ്രവാചകനോടു ഏലിയായേ, നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു.

1 രാജാക്കന്മാർ 19:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഏലീയാവ് ചെയ്ത സകല കാര്യങ്ങളും അവൻ സകലപ്രവാചകന്മാരെയും വാളാൽ കൊന്നതും ആഹാബ് ഈസേബെലിനോട് പറഞ്ഞു. ഈസേബെൽ ഏലീയാവിന്‍റെ അടുക്കൽ ഒരു ദൂതനെ അയച്ചു: “നാളെ ഈ നേരത്തു ഞാൻ നിന്‍റെ ജീവനെ അവരിൽ ഒരുവന്‍റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറയിച്ചു. അവൻ ഭയപ്പെട്ട് പ്രാണരക്ഷാർത്ഥം ഓടി യെഹൂദായിലെ ബേർ-ശേബയിൽ ചെന്നു; അവിടെ തന്‍റെ ബാല്യക്കാരനെ താമസിപ്പിച്ചു. പിന്നീട് താൻ മരുഭൂമിയിലേക്കു ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു: “ഇപ്പോൾ മതി, യഹോവേ, എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്‍റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ!” എന്നു പറഞ്ഞു. അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി വിളിച്ചു അവനോട്: “എഴുന്നേറ്റ് തിന്നുക” എന്നു പറഞ്ഞു. അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തന്‍റെ തലെക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി. യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യവും വന്ന് അവനെ തട്ടി: ”എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്‍റെ ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്‍റെ പർവ്വതമായ ഹോരേബ് വരെ നടന്നു. അവിടെ അവൻ ഒരു ഗുഹയിൽ രാപാർത്തു; അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായി: “ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം?” എന്നു യഹോവ ചോദിച്ചു.

1 രാജാക്കന്മാർ 19:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഏലീയാവു ചെയ്തതൊക്കെയും അവൻ സകലപ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു. ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു. അവൻ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്നു അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു. താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്നു ഒരു ദൂതൻ അവനെ തട്ടി അവനോടു: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു. അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി. യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്നു അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‌വാനുണ്ടല്ലോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു. അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.

1 രാജാക്കന്മാർ 19:1-9 സമകാലിക മലയാളവിവർത്തനം (MCV)

ഏലിയാവു ചെയ്ത സകലകാര്യങ്ങളും അദ്ദേഹം ബാലിന്റെ പ്രവാചകന്മാരെയെല്ലാം വാളിനിരയാക്കിയതും മറ്റും ആഹാബ് ഈസബേലിനോടു വിവരിച്ചുപറഞ്ഞു. അപ്പോൾ, ഈസബേൽ ഒരു ദൂതനെ അയച്ച് ഏലിയാവിനോടു പറഞ്ഞതു: “നാളെ ഈ സമയത്തിനുള്ളിൽ ഞാൻ നിന്റെ ജീവൻ ആ പ്രവാചകന്മാരിൽ ഒരുവന്റെ ജീവൻപോലെ ആക്കിത്തീർക്കുന്നില്ലെങ്കിൽ എന്റെ ദേവന്മാർ എന്നോട് ഇതും ഇതിനപ്പുറവും ചെയ്യട്ടെ.” ഏലിയാവു ഭയപ്പെട്ട്, എഴുന്നേറ്റ് പ്രാണരക്ഷാർഥം പലായനംചെയ്തു. അദ്ദേഹം യെഹൂദ്യയിലെ ബേർ-ശേബയിലെത്തിയപ്പോൾ തന്റെ ഭൃത്യനെ അവിടെ താമസിപ്പിച്ചു. ഏലിയാവ് തനിച്ചു മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി യാത്രചെയ്ത് ഒരു കുറ്റിച്ചെടിയുടെ തണലിൽ ഇരുന്നു. മരിച്ചെങ്കിൽ എന്നാഗ്രഹിച്ച് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചു: “യഹോവേ! ഇപ്പോൾ എനിക്കു മതിയായി; എന്റെ ജീവൻ എടുത്തുകൊള്ളണമേ! ഞാൻ എന്റെ പൂർവികരെക്കാൾ നല്ലവനല്ലല്ലോ!” പിന്നെ, അദ്ദേഹം ആ കുറ്റിച്ചെടിയുടെ തണലിൽക്കിടന്ന് ഉറങ്ങി. അപ്പോൾത്തന്നെ, യഹോവയുടെ ഒരു ദൂതൻ ഏലിയാവിനെ സ്പർശിച്ചിട്ട്, “എഴുന്നേറ്റു ഭക്ഷണം കഴിക്കുക” എന്നു പറഞ്ഞു. അദ്ദേഹം ചുറ്റും നോക്കി; അവിടെ അദ്ദേഹത്തിന്റെ തലയ്ക്കൽ തീക്കനലിൽ ചുട്ടെടുത്ത അപ്പവും ഒരു ഭരണി വെള്ളവും ഇരിക്കുന്നുണ്ടായിരുന്നു! അദ്ദേഹം ഭക്ഷണം കഴിച്ചശേഷം വീണ്ടും കിടന്നുറങ്ങി. യഹോവയുടെ ദൂതൻ രണ്ടാംപ്രാവശ്യവും പ്രത്യക്ഷനായി അദ്ദേഹത്തെ തട്ടിയുണർത്തി: “എഴുന്നേറ്റു ഭക്ഷിക്കുക; അല്ലെങ്കിൽ, ദീർഘദൂരയാത്ര നിനക്ക് അസഹനീയമായിരിക്കും” എന്നു പറഞ്ഞു. അതിനാൽ, അദ്ദേഹം എഴുന്നേറ്റ് വീണ്ടും ഭക്ഷണം കഴിച്ചു. ആ ഭക്ഷണത്തിന്റെ ശക്തിയാൽ അദ്ദേഹം ദൈവത്തിന്റെ പർവതമായ ഹോരേബിലെത്തുന്നതുവരെ നാൽപ്പതുപകലും നാൽപ്പതുരാത്രിയും സഞ്ചരിച്ചു. അവിടെ, അദ്ദേഹം ഒരു ഗുഹയിൽ രാത്രി കഴിച്ചു.