1 രാജാക്കന്മാർ 18:1-4

1 രാജാക്കന്മാർ 18:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഏറിയനാൾ കഴിഞ്ഞിട്ട് മൂന്നാം സംവത്സരത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്ന് ആഹാബിനു നിന്നെത്തന്നെ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു. ഏലീയാവ് ആഹാബിനു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു. ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു. ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്ന് ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.

1 രാജാക്കന്മാർ 18:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഏറെനാൾ കഴിഞ്ഞു വരൾച്ചയുടെ മൂന്നാം വർഷം സർവേശ്വരൻ ഏലിയായോട് അരുളിച്ചെയ്തു: “നീ ആഹാബിന്റെ അടുക്കൽ ചെല്ലുക; ഞാൻ ഭൂമിയിൽ മഴ പെയ്യിക്കാൻ പോകുകയാണ്.” ഏലിയാ ആഹാബിന്റെ അടുക്കലേക്കു പോയി. ശമര്യയിൽ ക്ഷാമം അതികഠിനമായിരുന്നു. ആഹാബ് കൊട്ടാരകാര്യസ്ഥനായിരുന്ന ഓബദ്യായെ വിളിപ്പിച്ചു; അദ്ദേഹം വലിയ ദൈവഭക്തനായിരുന്നു. ഈസേബെൽ സർവേശ്വരന്റെ പ്രവാചകന്മാരെ വധിച്ചപ്പോൾ, ഓബദ്യാ നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി അമ്പതു പേരെ വീതം ഗുഹകളിൽ ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു സംരക്ഷിച്ചു.

1 രാജാക്കന്മാർ 18:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വളരെനാൾ കഴിഞ്ഞ് മൂന്നാം വര്‍ഷത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ ചെന്നു ആഹാബിന്‍റെ മുമ്പിൽ പ്രത്യക്ഷപ്പെടുക; ഞാൻ ഭൂമിയിൽ മഴ പെയ്യിപ്പാൻ പോകുന്നു” എന്നു പറഞ്ഞു. ഏലീയാവ് ആഹാബിന്‍റെ മുൻപിൽ പ്രത്യക്ഷപ്പെടുവാൻ പോയി. അപ്പോൾ ശമര്യയിൽ അതികഠിന ക്ഷാമമായിരുന്നു. ആഹാബ് തന്‍റെ ഗൃഹവിചാരകനായ ഓബദ്യാവിനെ ആളയച്ചുവരുത്തി; ഓബദ്യാവ് യഹോവയോടു വളരെ ഭക്തിയുള്ള വ്യക്തിയായിരുന്നു. ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ, ഓബദ്യാവ് നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു പോയി ഓരോ ഗുഹയിൽ അമ്പതുപേരെ വീതം ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.

1 രാജാക്കന്മാർ 18:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഏറിയ നാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു. ഏലീയാവു ആഹാബിന്നു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു. ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു. ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.

1 രാജാക്കന്മാർ 18:1-4 സമകാലിക മലയാളവിവർത്തനം (MCV)

വളരെ നാളുകൾക്കുശേഷം—മൂന്നാംവർഷത്തിൽ—യഹോവയുടെ അരുളപ്പാട് ഏലിയാവിനുണ്ടായി: “നീ ചെന്ന് ആഹാബ് രാജാവിന്റെ മുമ്പിൽ മുഖം കാണിക്കുക. ഞാൻ ഭൂമിയിൽ മഴപെയ്യിക്കാൻ പോകുന്നു.” അങ്ങനെ, ആഹാബിന്റെ മുമ്പിൽ മുഖം കാണിക്കുന്നതിനായി ഏലിയാവു പുറപ്പെട്ടു. ഈ സമയം, ശമര്യയിൽ ക്ഷാമം അതികഠിനമായിരുന്നു. ആഹാബ്, കൊട്ടാരം ഭരണാധിപനായ ഓബദ്യാവിനെ ആളയച്ചുവരുത്തി—ഓബദ്യാവ് യഹോവയുടെ ഒരു മഹാഭക്തനായിരുന്നു; ഈസബേൽരാജ്ഞി യഹോവയുടെ പ്രവാചകന്മാരെ കൂട്ടക്കൊല ചെയ്തുകൊണ്ടിരുന്നപ്പോൾ ഓബദ്യാവ് നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി. അവരെ അൻപതുപേർ വീതമുള്ള സംഘങ്ങളായി രണ്ടു ഗുഹകളിലായി ഒളിപ്പിക്കുകയും അവർക്കു ഭക്ഷണപാനീയങ്ങൾ നൽകി സംരക്ഷിക്കുകയും ചെയ്തിരുന്നു