1 രാജാക്കന്മാർ 16:1-34
1 രാജാക്കന്മാർ 16:1-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബയെശയ്ക്കു വിരോധമായി ഹനാനിയുടെ മകൻ യേഹൂവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി എന്റെ ജനമായ യിസ്രായേലിനു പ്രഭുവാക്കിവച്ചു; നീയോ യൊരോബെയാമിന്റെ വഴിയിൽ നടക്കയും തങ്ങളുടെ പാപങ്ങളാൽ എന്നെ കോപിപ്പിക്കത്തക്കവണ്ണം എന്റെ ജനമായ യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്കയാൽ ഇതാ ഞാൻ ബയെശയെയും അവന്റെ ഗൃഹത്തെയും അശേഷം അടിച്ചുവാരിക്കളയും; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയാക്കും. ബയെശയുടെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും. ബയെശയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവന്റെ പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ബയെശ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സായിൽ അടക്കം ചെയ്തു; അവന്റെ മകൻ ഏലാ അവനു പകരം രാജാവായി. ബയെശ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്ന് തന്റെ കൈകളുടെ പ്രവൃത്തിയാൽ യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവയ്ക്ക് അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ട് അവനും അവന്റെ ഗൃഹത്തിനും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സായിൽ രണ്ടു സംവത്സരം വാണു. എന്നാൽ രഥങ്ങളിൽ പകുതിക്ക് അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവൻ തിർസ്സായിൽ തിർസ്സാരാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോൾ സിമ്രി അകത്തുകടന്നു യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി. അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവനാകട്ടെ അവന്റെ ചാർച്ചക്കാർക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവൻ ശേഷിപ്പിച്ചില്ല. അങ്ങനെ ബയെശയും അവന്റെ മകൻ ഏലായും തങ്ങളുടെ മിഥ്യാമൂർത്തികളാൽ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകല പാപങ്ങളും നിമിത്തം യഹോവ യേഹൂപ്രവാചകൻ മുഖാന്തരം ബയെശയ്ക്കു വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു. ഏലായുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാം ആണ്ടിൽ സിമ്രി തിർസ്സായിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോൻ നിരോധിച്ചിരിക്കയായിരുന്നു. സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലാ യിസ്രായേലും അന്നുതന്നെ പാളയത്തിൽവച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിനു രാജാവാക്കി വാഴിച്ചു. ഉടനെ ഒമ്രി എല്ലാ യിസ്രായേലുമായി ഗിബ്ബെഥോൻ വിട്ടുചെന്നു തിർസ്സായെ നിരോധിച്ചു. പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്നു രാജധാനിക്കു തീ വച്ച് അതിൽ മരിച്ചുകളഞ്ഞു. അവൻ യൊരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവയ്ക്ക് അനിഷ്ടമായുള്ളതു പ്രവർത്തിച്ചു, ഇങ്ങനെ താൻ ചെയ്ത പാപങ്ങൾ നിമിത്തം തന്നെ. സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അന്ന് യിസ്രായേൽജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന് അവന്റെ പക്ഷംചേർന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേർന്നു. എന്നാൽ ഒമ്രിയുടെ പക്ഷം ചേർന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേർന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു. യെഹൂദാരാജാവായ ആസായുടെ മുപ്പത്തിയൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ട് സംവത്സരം വാണു; തിർസ്സായിൽ അവൻ ആറു സംവത്സരം വാണു. പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിനു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻപ്രകാരം ശമര്യ എന്നു പേരിട്ടു. ഒമ്രി യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു. എങ്ങനെയെന്നാൽ: അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാ വഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു. ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവനു പകരം രാജാവായി. യെഹൂദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാം ആണ്ടിൽ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലിൽ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയിൽ യിസ്രായേലിനെ ഇരുപത്തിരണ്ട് സംവത്സരം വാണു. ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നതു പോരാ എന്നു തോന്നുമാറ് അവൻ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു. താൻ ശമര്യയിൽ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന് ഒരു ബലിപീഠം ഉണ്ടാക്കി. ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലാ യിസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ചു. അവന്റെ കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന് അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വച്ചപ്പോൾ ശെഗൂബ് എന്ന ഇളയമകനും നഷ്ടം വന്നു.
1 രാജാക്കന്മാർ 16:1-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹാനാനിയുടെ പുത്രൻ യേഹൂപ്രവാചകനിലൂടെ സർവേശ്വരൻ ബയെശയോട് അരുളിച്ചെയ്തു: “ഞാൻ നിന്നെ പൊടിയിൽ നിന്നുയർത്തി എന്റെ ജനമായ ഇസ്രായേലിന്റെ നായകനായി നിയമിച്ചു. എന്നാൽ നീ യെരോബെയാമിന്റെ വഴിയിൽ നടന്നു; എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്റെ കോപം ജ്വലിപ്പിച്ചിരിക്കുന്നു. അതുകൊണ്ടു ബയെശയെയും അവന്റെ ഗൃഹത്തെയും ഞാൻ നിശ്ശേഷം നശിപ്പിക്കും; നിന്റെ ഭവനം നെബാത്തിന്റെ പുത്രനായ യെരോബെയാമിന്റെ ഭവനംപോലെയാകും; ബയെശയുടെ കുടുംബക്കാരിൽ പട്ടണത്തിൽവച്ചു വധിക്കപ്പെടുന്നവരെ നായ്‍ക്കളും വയലിൽവച്ചു കൊല്ലപ്പെടുന്നവരെ പക്ഷികളും ഭക്ഷിക്കും; ബയെശയുടെ മറ്റെല്ലാ ചെയ്തികളും വീരപരാക്രമങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ബയെശ തന്റെ പിതാക്കന്മാരെപ്പോലെ മരിച്ചു; അയാളെ തിർസ്സയിൽ സംസ്കരിച്ചു. പിന്നീട് അയാളുടെ മകൻ ഏലാ രാജാവായി. യെരോബെയാമിന്റെ ഭവനക്കാരെപ്പോലെ സർവേശ്വരനെതിരായി പാപം ചെയ്ത് അവിടുത്തെ പ്രകോപിപ്പിക്കുകയും യെരോബെയാമിന്റെ ഭവനത്തെ നശിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഹാനാനിയുടെ പുത്രൻ യേഹൂപ്രവാചകനിലൂടെ സർവേശ്വരൻ ബയെശയ്‍ക്കെതിരായി അരുളിച്ചെയ്തത്. യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ഭരണവർഷം ബയെശയുടെ പുത്രൻ ഏലാ ഇസ്രായേലിന്റെ രാജാവായി. അയാൾ തിർസ്സായിൽ രണ്ടു വർഷം ഭരിച്ചു. തന്റെ രഥസൈന്യത്തിൽ അർധഭാഗത്തിന്റെ അധിപനായിരുന്ന സിമ്രി അയാൾക്കെതിരെ ഗൂഢാലോചന നടത്തി. തിർസ്സായിലെ കൊട്ടാരത്തിന്റെ മേൽവിചാരകനായിരുന്ന അർസയുടെ വീട്ടിൽ ഏലാരാജാവ് ഒരു ദിവസം മദ്യപിച്ചു മത്തനായിരിക്കെ സിമ്രി അകത്തു കടന്ന് അയാളെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവർഷത്തിലായിരുന്നു ഈ സംഭവം. ഏലായ്‍ക്കു പകരം സിമ്രി രാജാവായി. ഉടൻതന്നെ സിമ്രി ബയെശയുടെ കുടുംബത്തെ പൂർണമായി സംഹരിച്ചു; അയാളുടെ ചാർച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെപ്പോലും ശേഷിപ്പിച്ചില്ല; ബയെശയ്‍ക്കെതിരായി യേഹൂപ്രവാചകനിലൂടെ സർവേശ്വരൻ കല്പിച്ചതുപോലെ സിമ്രി അയാളുടെ വംശത്തെ മുഴുവൻ സംഹരിച്ചു. വിഗ്രഹങ്ങളെ ആരാധിക്കുകയും ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും നിമിത്തം ബയെശയും അയാളുടെ പുത്രൻ ഏലായും ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ കോപം ജ്വലിപ്പിച്ചു. ഏലായുടെ മറ്റു സകല പ്രവർത്തനങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവർഷം സിമ്രി രാജാവായി. അയാൾ തിർസ്സായിൽ ഏഴു ദിവസം ഭരിച്ചു. അപ്പോൾ ഇസ്രായേൽസൈന്യം ഫെലിസ്ത്യയിലെ ഗിബ്ബെഥോൻ പട്ടണത്തിൽ പാളയമടിച്ചിരിക്കുകയായിരുന്നു. സിമ്രി ഗൂഢാലോചന നടത്തി രാജാവിനെ കൊന്ന വിവരം പാളയത്തിൽ അറിഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ഇസ്രായേൽസൈനികർ സൈന്യാധിപനായ ഒമ്രിയെ ഇസ്രായേൽരാജാവായി വാഴിച്ചു. ഒമ്രിയും ഇസ്രായേൽസൈന്യവും ഗിബ്ബെഥോനിൽനിന്നു തിർസ്സായിലെത്തി അതിനെ വളഞ്ഞു. പട്ടണം പിടിക്കപ്പെടുന്നു എന്നു കണ്ടപ്പോൾ സിമ്രി കൊട്ടാരത്തിന്റെ ഉള്ളറയിൽ കടന്നു; കൊട്ടാരത്തിനു തീ വച്ച് ആത്മഹത്യ ചെയ്തു. അയാൾ യെരോബെയാമിനെപ്പോലെ പാപവഴികളിൽ നടക്കുകയും ഇസ്രായേലിനെ അതിലൂടെ നടത്തുകയും ചെയ്ത് സർവേശ്വരനെ കോപിപ്പിച്ചതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. സിമ്രിയുടെ മറ്റു പ്രവൃത്തികളും അയാളുടെ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഇസ്രായേൽജനം രണ്ടു വിഭാഗമായി പിരിഞ്ഞു. ഒരു വിഭാഗം ഗീനത്തിന്റെ പുത്രൻ തിബ്നിയെ രാജാവാക്കാൻ ആഗ്രഹിച്ചു; മറുഭാഗം ഒമ്രിയുടെ പക്ഷം ചേർന്നു; ഒമ്രിയുടെ അനുയായികൾ തിബ്നിയുടെ പക്ഷക്കാരെ തോല്പിച്ചു. തിബ്നി വധിക്കപ്പെടുകയും ഒമ്രി രാജാവാകുകയും ചെയ്തു. യെഹൂദാരാജാവായ ആസായുടെ മുപ്പത്തൊന്നാം ഭരണവർഷം ഒമ്രി ഇസ്രായേലിൽ രാജാവായി; പന്ത്രണ്ടുവർഷം അയാൾ ഭരിച്ചു; ആറു വർഷം തിർസ്സായിലായിരുന്നു ഭരണം നടത്തിയത്. രണ്ടു താലന്ത് വെള്ളി കൊടുത്ത് അയാൾ ശമര്യാമല വാങ്ങി; അവിടെ പട്ടണം പണിതു കോട്ട കെട്ടി ഉറപ്പിച്ചു. മലയുടെ ഉടമസ്ഥനായിരുന്ന ശേമെരിന്റെ പേരിനെ അടിസ്ഥാനമാക്കി അതിനു ശമര്യ എന്നു പേരിട്ടു. ഒമ്രിയും സർവേശ്വരന് ഹിതകരമല്ലാത്തവിധം ജീവിച്ചു; അയാൾ തന്റെ മുൻഗാമികളെക്കാൾ കൂടുതൽ തിന്മ ചെയ്തു; അയാൾ നെബാത്തിന്റെ മകനായ യെരോബെയാമിന്റെ പാപവഴി പിന്തുടർന്നു; ഇസ്രായേൽജനത്തെ വിഗ്രഹാരാധനയിലേക്കു നയിച്ചു. അങ്ങനെ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ പ്രകോപിപ്പിച്ചു. ഒമ്രിയുടെ മറ്റെല്ലാ പ്രവർത്തനങ്ങളും അയാളുടെ വീരപരാക്രമങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഒമ്രി മരിച്ചു; അയാളെ ശമര്യയിൽ സംസ്കരിച്ചു; അയാളുടെ മകൻ ആഹാബ് തുടർന്നു രാജാവായി. യെഹൂദാരാജാവായ ആസായുടെ മുപ്പത്തെട്ടാം ഭരണവർഷം ഒമ്രിയുടെ മകൻ ആഹാബ് രാജ്യഭാരമേറ്റു; ശമര്യയിൽ അയാൾ ഇരുപത്തിരണ്ടു വർഷം ഭരിച്ചു. അയാൾ തന്റെ മുൻഗാമികളെക്കാൾ അധികം ഹീനകൃത്യങ്ങൾ സർവേശ്വരനെതിരായി ചെയ്തു. നെബാത്തിന്റെ പുത്രനായ യെരോബെയാമിന്റെ പാത പിന്തുടർന്നതു കൂടാതെ സീദോൻരാജാവായ എത്ത്ബാലിന്റെ പുത്രി ഈസേബെലിനെ വിവാഹം കഴിക്കുകയും ബാൽദേവനെ ആരാധിക്കുകയും ചെയ്തു; അയാൾ ശമര്യയിൽ പണിയിപ്പിച്ച ബാൽക്ഷേത്രത്തിൽ ബാലിനുവേണ്ടി ഒരു ബലിപീഠം പണിതു; ഒരു അശേരാപ്രതിഷ്ഠയും അയാൾ സ്ഥാപിച്ചു. അങ്ങനെ ആഹാബ് തന്റെ മുൻഗാമികളെക്കാളധികം ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനെ പ്രകോപിപ്പിച്ചു. അയാളുടെ കാലത്ത് ബേഥേൽക്കാരനായ ഹീയേൽ യെരീഹോ പണിതു; നൂനിന്റെ മകനായ യോശുവയിലൂടെ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ നഗരത്തിന്റെ അടിസ്ഥാനമിട്ടപ്പോൾ അയാളുടെ മൂത്തമകൻ അബീരാമും നഗരവാതിൽ സ്ഥാപിച്ചപ്പോൾ ഇളയമകൻ ശെഹൂബും മരിച്ചു.
1 രാജാക്കന്മാർ 16:1-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ബയെശയ്ക്കു വിരോധമായി ഹനാനിയുടെ മകൻ യേഹൂവിനു യഹോവയുടെ അരുളപ്പാടുണ്ടായത്: “ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി എന്റെ ജനമായ യിസ്രായേലിനു പ്രഭുവാക്കിവച്ചു; നീയോ യൊരോബെയാമിന്റെ വഴിയിൽ നടന്ന് എനിക്ക് കോപം ജ്വലിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു. അതുകൊണ്ട് ഞാൻ ബയെശയെയും അവന്റെ ഗൃഹത്തെയും നിശ്ശേഷം നശിപ്പിക്കും; നിന്‍റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും. ബയെശയുടെ സന്തതികളിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.” ബയെശയുടെ മറ്റ് പ്രവൃത്തികളും അവൻ ചെയ്ത വീര്യപ്രവൃത്തികളും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കം ചെയ്തു; അവന്റെ മകൻ ഏലാ അവനു പകരം രാജാവായി. ബയെശാ യഹോവയുടെ കൺമുൻപിൽ യൊരോബെയാംഗൃഹത്തെപ്പോലെ സകല ദുഷ്ടതകളും പ്രവൃത്തിച്ച് യഹോവയെ കോപിപ്പിക്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടത്രേ അവന്‍റെ ഗൃഹത്തിനു വിരോധമായി ഹനാനിയുടെ മകൻ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു. യെഹൂദാ രാജാവായ ആസായുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ടു വര്‍ഷം വാണു. എന്നാൽ രഥങ്ങളിൽ പകുതിക്ക് അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഏലാ തിർസ്സയിലെ രാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ മദ്യപിച്ചു ലഹരിപിടിച്ചിരിക്കുമ്പോൾ സിമ്രി അകത്തു കടന്നു യെഹൂദാ രാജാവായ ആസായുടെ ഇരുപത്തേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി. അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്നപ്പോൾ ബയെശയുടെ ഗൃഹത്തെ മുഴുവനും നശിപ്പിച്ചു; ആ കുടുംബത്തിന്‍റെ ചാർച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെ പോലും അവൻ ശേഷിപ്പിച്ചില്ല. അങ്ങനെ ബയെശയും അവന്റെ മകൻ ഏലയും തങ്ങളുടെ മിഥ്യാമൂർത്തികളാൽ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകലപാപങ്ങളും നിമിത്തം യഹോവ യേഹൂപ്രവാചകൻ മുഖാന്തരം ബയെശയ്ക്കു വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു. ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദാ രാജാവായ ആസായുടെ ഇരുപത്തേഴാം ആണ്ടിൽ സിമ്രി തിർസ്സയിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യരുടെ ഗിബ്ബെഥോൻ ഉപരോധിച്ചിരിക്കയായിരുന്നു. സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലാ യിസ്രായേലും അന്നു തന്നെ പാളയത്തിൽവച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിനു രാജാവായി വാഴിച്ചു. ഉടനെ ഒമ്രിയും എല്ലാ യിസ്രായേലും ഗിബ്ബെഥോൻ വിട്ടുചെന്നു തിർസ്സയെ ഉപരോധിച്ചു. പട്ടണം പിടിക്കപ്പെട്ടു എന്നു സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്നു രാജധാനിക്കു തീ വച്ചു അതിനകത്ത് സ്വയം മരിച്ചു. സ്വയം പാപംചെയ്യുകയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കുകയും ചെയ്ത യൊരോബെയാമിന്‍റെ വഴികളിൽ നടന്നു യഹോവയ്ക്ക് അനിഷ്ടമായുള്ളതു പ്രവൃത്തിച്ചതിനാൽ തന്നെ ഇങ്ങനെ സംഭവിച്ചു. സിമ്രിയുടെ മറ്റ് പ്രവൃത്തികളും അവൻ ഉണ്ടാക്കിയ ഗൂഢാലോചനയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അന്നു യിസ്രായേൽജനം രണ്ടു ഭാഗമായി പിരിഞ്ഞു; പകുതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന് അവന്‍റെ പക്ഷം ചേർന്നു; മറ്റെ പകുതി ഒമ്രിയുടെ പക്ഷം ചേർന്നു. എന്നാൽ ഒമ്രിയുടെ അനുയായികൾ ഗീനത്തിന്‍റെ മകൻ തിബ്നിയുടെ പക്ഷത്തെ തോല്പിച്ചു; അങ്ങനെ തിബ്നി കൊല്ലപ്പെടുകയും ഒമ്രി രാജാവാകയും ചെയ്തു. യെഹൂദാ രാജാവായ ആസായുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു വര്‍ഷം വാണു; തിർസ്സയിൽ അവൻ ആറു വര്‍ഷം വാണു. പിന്നെ അവൻ ശേമെരിനോടു ശമര്യാമല ഏകദേശം 70 കിലോഗ്രാം വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിനു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു. ഒമ്രി യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു. അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാ വഴികളിലും നടന്നു, യിസ്രായേലിന്‍റെ ദൈവമായ യഹോവയെ തങ്ങളുടെ മിഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചു. ഒമ്രി ചെയ്ത മറ്റുള്ള പ്രവൃത്തികളും അവന്‍റെ വീര്യപ്രവൃത്തികളും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകൻ ആഹാബ് അവനു പകരം രാജാവായി. യെഹൂദാ രാജാവായ ആസായുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകൻ ആഹാബ് യിസ്രായേലിൽ രാജാവായി. അവൻ ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ട് വര്‍ഷം വാണു. ഒമ്രിയുടെ മകൻ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. നെബാത്തിന്‍റെ മകൻ യൊരോബെയാമിന്‍റെ പാപങ്ങളിൽ നടക്കുന്നതു പോരാ എന്നു തോന്നുമാറ് അവൻ സീദോന്യരാജാവായ എത്ത്-ബാലിന്‍റെ മകൾ ഈസേബെലിനെ വിവാഹം കഴിക്കുകയും ബാലിനെ സേവിച്ചു നമസ്കരിക്കയും ചെയ്തു. താൻ ശമര്യയിൽ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന് ഒരു ബലിപീഠം ഉണ്ടാക്കി. ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ അവൻ തനിക്കു മുമ്പുണ്ടായിരുന്ന എല്ലാ യിസ്രായേൽ രാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു. അവന്‍റെ കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന് അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വച്ചപ്പോൾ ശെഗൂബു എന്ന ഇളയ മകനും നഷ്ടമായി.
1 രാജാക്കന്മാർ 16:1-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ബയെശക്കു വിരോധമായി ഹനാനിയുടെ മകൻ യേഹൂവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: ഞാൻ നിന്നെ പൊടിയിൽനിന്നു ഉയർത്തി എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കിവെച്ചു; നീയോ യൊരോബെയാമിന്റെ വഴിയിൽ നടക്കയും തങ്ങളുടെ പാപങ്ങളാൽ എന്നെ കോപിപ്പിക്കത്തക്കവണ്ണം എന്റെ ജനമായ യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്കയാൽ ഇതാ ഞാൻ ബയെശയെയും അവന്റെ ഗൃഹത്തെയും അശേഷം അടിച്ചുവാരിക്കളയും; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും. ബയെശയുടെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും. ബയെശയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവന്റെ പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കംചെയ്തു; അവന്റെ മകൻ ഏലാ അവന്നു പകരം രാജാവായി. ബയെശാ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്നു തന്റെ കൈകളുടെ പ്രവൃത്തിയാൽ യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവെക്കു അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടു അവന്നും അവന്റെ ഗൃഹത്തിന്നും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു. യെഹൂദാരാജാവായ ആസയുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ടു സംവത്സരം വാണു. എന്നാൽ രഥങ്ങളിൽ പകുതിക്കു അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവൻ തിർസ്സയിൽ തിർസ്സാരാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോൾ സിമ്രി അകത്തു കടന്നു യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്നു അവന്നു പകരം രാജാവായി. അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവന്നാകട്ടെ അവന്റെ ചാർച്ചക്കാർക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവൻ ശേഷിപ്പിച്ചില്ല. അങ്ങനെ ബയെശയും അവന്റെ മകൻ ഏലയും തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ സകലപാപങ്ങളുംനിമിത്തം യഹോവ യേഹൂപ്രവാചകൻമുഖാന്തരം ബയെശക്കു വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു. ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദാരാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ സിമ്രി തിർസ്സയിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യർക്കുള്ള ഗിബ്ബെഥോൻ നിരോധിച്ചിരിക്കയായിരുന്നു. സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലായിസ്രായേലും അന്നു തന്നേ പാളയത്തിൽവെച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന്നു രാജാവാക്കി വാഴിച്ചു. ഉടനെ ഒമ്രി എല്ലായിസ്രായേലുമായി ഗിബ്ബെഥോൻ വിട്ടുചെന്നു തിർസ്സയെ നിരോധിച്ചു. പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്നു രാജധാനിക്കു തീവെച്ചു അതിൽ മരിച്ചുകളഞ്ഞു. അവൻ യെരോബെയാമിന്റെ വഴിയിലും അവൻ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു പ്രവൃത്തിച്ചു, ഇങ്ങനെ താൻചെയ്ത പാപങ്ങൾനിമിത്തം തന്നേ. സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അന്നു യിസ്രായേൽ ജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന്നു അവന്റെ പക്ഷം ചേർന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേർന്നു. എന്നാൽ ഒമ്രിയുടെ പക്ഷം ചേർന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേർന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു. യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിർസ്സയിൽ അവൻ ആറു സംവത്സരം വാണു. പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു. ഒമ്രി യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു. എങ്ങനെയെന്നാൽ: അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാവഴിയിലും യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിത്ഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു. ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകനായ ആഹാബ് അവന്നു പകരം രാജാവായി. യെഹൂദാരാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലിൽ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ടു സംവത്സരം വാണു. ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നതു പോരാ എന്നു തോന്നുമാറു അവൻ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു. താൻ ശമര്യയിൽ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന്നു ഒരു ബലിപീഠം ഉണ്ടാക്കി. ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലായിസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ചു. അവന്റെ കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന്നു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടംവന്നു.
1 രാജാക്കന്മാർ 16:1-34 സമകാലിക മലയാളവിവർത്തനം (MCV)
ബയെശയ്ക്കെതിരായി ഹനാനിയുടെ മകനായ യേഹുവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി; എന്റെ ജനമായ ഇസ്രായേലിനു നിന്നെ ഭരണാധികാരിയാക്കി. എന്നാൽ, നീ യൊരോബെയാമിന്റെ മാർഗങ്ങളിൽ സഞ്ചരിച്ചു; എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപംചെയ്യിപ്പിച്ചിരിക്കുന്നു; അവരുടെ പാപങ്ങളാൽ എന്റെ രോഷത്തെ നീ ആളിക്കത്തിച്ചിരിക്കുന്നു. അതിനാൽ, കണ്ടുകൊള്ളുക! ഞാൻ ബയെശയെയും അവന്റെ കുടുംബത്തെയും നശിപ്പിച്ചുകളയും; ഞാൻ നിന്റെ ഭവനത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനത്തെപ്പോലെയാക്കും. ബയെശയുടെ ആളുകളിൽ നഗരത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.” ബയെശയുടെ ഭരണകാലത്തെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, സൈനികനേട്ടങ്ങൾ, ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? ബയെശാ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ തിർസ്സയിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ഏലാ പിന്നീടു രാജസ്ഥാനം വഹിച്ചു. ബയെശാ യഹോവയുടെ ദൃഷ്ടിയിൽ യൊരോബെയാം ഗൃഹത്തെപ്പോലെതന്നെ സകലദുഷ്ടതകളും പ്രവർത്തിച്ച് യഹോവയെ കോപിപ്പിക്കുകയും യൊരോബെയാം ഗൃഹത്തെ നശിപ്പിക്കുകയും ചെയ്തു. ഈ രണ്ടു കാരണങ്ങളാൽ ബയെശയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി ഹനാനിയുടെ മകനായ യേഹുപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായി. യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയാറാംവർഷം ബയെശയുടെ മകനായ ഏലാ ഇസ്രായേലിൽ രാജാവായി ഭരണം ആരംഭിച്ചു. അദ്ദേഹം തിർസ്സയിൽ രണ്ടുവർഷം ഭരിച്ചു. ഏലയുടെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ രഥസൈന്യങ്ങളിൽ പകുതിക്ക് അധിപനുമായ സിമ്രി അയാൾക്കെതിരേ ഗൂഢാലോചന നടത്തി. ഏലാ ആ സമയത്ത് മദ്യപിച്ചു മദോന്മത്തനായി തിർസ്സയിൽ കൊട്ടാരത്തിന്റെ ഭരണാധിപനുമായ അർസ്സയുടെ വീട്ടിൽ ഇരിക്കുകയായിരുന്നു. സിമ്രി അകത്തുകടന്ന് അദ്ദേഹത്തെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാംവർഷത്തിലാണ് ഇതു സംഭവിച്ചത്. അതിനെത്തുടർന്ന്, സിമ്രി അടുത്ത രാജാവായി സ്ഥാനമേറ്റു. സിംഹാസനസ്ഥനായി ഭരണം ഏറ്റെടുത്തയുടൻതന്നെ സിമ്രി ബയെശയുടെ കുടുംബത്തെ മുഴുവനും വധിച്ചു. ആ കുടുംബത്തിൽപ്പെട്ട ഒരൊറ്റ പുരുഷനെയും ശേഷിപ്പിച്ചില്ല; വീണ്ടെടുപ്പവകാശമുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ശേഷിപ്പിച്ചില്ല. അങ്ങനെ, യേഹുപ്രവാചകനിലൂടെ ബയെശയ്ക്കെതിരായി യഹോവ അരുളിച്ചെയ്ത വാക്കുകൾപ്രകാരം സിമ്രി ബയെശയുടെ കുടുംബത്തെ പൂർണമായും നശിപ്പിച്ചു. ബയെശയും അദ്ദേഹത്തിന്റെ മകൻ ഏലയും പാപംചെയ്യുകയും ഇസ്രായേലിനെക്കൊണ്ട് ആ പാപകർമങ്ങളെല്ലാം ചെയ്യിക്കുകയും ചെയ്തു. അങ്ങനെ, അവർ മിഥ്യാമൂർത്തികളെ ആരാധിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവയെ കുപിതനാക്കി. ഏലയുടെ ഭരണകാലത്തെ മറ്റു സംഭവവികാസങ്ങളും, അദ്ദേഹം ചെയ്ത സകലപ്രവൃത്തികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാംവർഷം തിർസ്സയിൽ സിമ്രി ഏഴുദിവസം ഭരിച്ചു. ആ സമയം, ഇസ്രായേൽസൈന്യം ഫെലിസ്ത്യനഗരമായ ഗിബ്ബെഥോൻ ഉപരോധിച്ചിരുന്നു. സിമ്രി, രാജാവിനെതിരേ ഗൂഢാലോചന നടത്തി അദ്ദേഹത്തെ വധിച്ചു എന്ന് ഇസ്രായേല്യസൈന്യം കേട്ടപ്പോൾ അവർ അന്നുതന്നെ പാളയത്തിൽവെച്ച് സേനാധിപതിയായ ഒമ്രിയെ ഇസ്രായേലിന്റെ രാജാവായി പ്രഖ്യാപിച്ചു. പിന്നെ, ഒമ്രിയും സകല ഇസ്രായേലും ഗിബ്ബെഥോനിൽനിന്നു പിൻവാങ്ങി തിർസ്സയെ ഉപരോധിച്ചു. നഗരം പിടിക്കപ്പെട്ടുവെന്നു കണ്ടപ്പോൾ സിമ്രി രാജകൊട്ടാരത്തിന്റെ ഉൾമുറിയിൽക്കടന്ന് കൊട്ടാരത്തിനു തീവെച്ച് സ്വയം മരിച്ചു. സിമ്രി യഹോവയുടെ കണ്മുമ്പിൽ തിന്മ പ്രവർത്തിക്കുകയും, സ്വയം പാപംചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു പാപംചെയ്യിപ്പിക്കയും ചെയ്ത യൊരോബെയാമിന്റെ മാർഗങ്ങളിൽ സഞ്ചരിക്കുകയും ചെയ്തതിനാൽ ഇപ്രകാരം സംഭവിച്ചു. സിമ്രിയുടെ ഭരണകാലത്തെ മറ്റുസംഭവങ്ങളും അദ്ദേഹം നടത്തിയ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? സിമ്രിയുടെ മരണശേഷം ഇസ്രായേൽജനം രണ്ടു വിഭാഗമായി വേർതിരിഞ്ഞു; ഒരുവിഭാഗം ഗീനത്തിന്റെ മകൻ തിബ്നിയെ രാജാവാക്കുന്നതിനോട് അനുകൂലിച്ചപ്പോൾ മറ്റേവിഭാഗം ഒമ്രിക്കു പിന്തുണ നൽകി. എന്നാൽ, ഒമ്രിയെ അനുകൂലിച്ചവർ ഗീനത്തിന്റെ മകൻ തിബ്നിയെ അനുകൂലിച്ചവരെ യുദ്ധത്തിൽ പരാജയപ്പെടുത്തി. അങ്ങനെ, തിബ്നി വധിക്കപ്പെടുകയും ഒമ്രി രാജാവാകുകയും ചെയ്തു. യെഹൂദാരാജാവായ ആസായുടെ മുപ്പത്തിയൊന്നാംവർഷം ഒമ്രി ഇസ്രായേലിന്റെ രാജാവായി. അദ്ദേഹം പന്ത്രണ്ടുവർഷം ഭരണംനടത്തി; അതിൽ, ആറുവർഷം അദ്ദേഹം തിർസ്സയിലാണ് ഭരിച്ചത്. അദ്ദേഹം, രണ്ടുതാലന്തു വെള്ളികൊടുത്തു ശമര്യമല ശെമേറിനോടു വാങ്ങി; ആ മലമുകളിൽ ഒരു നഗരം പണിതു കോട്ടകെട്ടിയുറപ്പിച്ചു. മലയുടെ മുൻ ഉടമയായിരുന്ന ശെമെരിന്റെ പേരിനെ അടിസ്ഥാനമാക്കി നഗരത്തിനു ശമര്യ എന്നു പേരിട്ടു. എന്നാൽ, ഒമ്രി യഹോവയുടെ ദൃഷ്ടിയിൽ ദുഷ്ടത പ്രവർത്തിച്ചു; തനിക്കു മുമ്പു ഭരണം നടത്തിയിരുന്ന ആരെക്കാളും അധികം തിന്മ അദ്ദേഹം പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാ മാർഗങ്ങളിലും അദ്ദേഹം ഇസ്രായേലിനെക്കൊണ്ട് പ്രവർത്തിപ്പിച്ച എല്ലാ പാപങ്ങളിലും സഞ്ചരിക്കുകയും ചെയ്തു. അങ്ങനെ, തങ്ങളുടെ മിഥ്യാമൂർത്തികളെ ആരാധിച്ച് അവർ ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു. ഒമ്രിയുടെ ഭരണകാലത്തെ മറ്റു സംഭവങ്ങൾ, അദ്ദേഹത്തിന്റെ പ്രവൃത്തികൾ, പരാക്രമപ്രവൃത്തികൾ എന്നിവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? ഒമ്രി നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ശമര്യയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ആഹാബ് തുടർന്നു ഭരണം ഏറ്റെടുത്തു. യെഹൂദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാംവർഷം ഒമ്രിയുടെ മകനായ ആഹാബ് ഇസ്രായേലിൽ രാജാവായി. അദ്ദേഹം, ഇരുപത്തിരണ്ടു വർഷം ശമര്യയിൽ ഇസ്രായേലിനെ ഭരിച്ചു. ഒമ്രിയുടെ മകനായ ആഹാബ്, തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളുമധികം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. അദ്ദേഹം, നെബാത്തിന്റെ മകനായ യൊരോബെയാം ചെയ്ത തിന്മകളെല്ലാം പ്രവർത്തിക്കുന്നത് നിസ്സാരവൽക്കരിച്ചുക്കൊണ്ട് സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസബേലിനെ വിവാഹംകഴിക്കുകയും ബാൽപ്രതിഷ്ഠയെ സേവിക്കുകയും അതിനെ ആരാധിക്കുകയും ചെയ്തു. ആഹാബ് ശമര്യയിൽ നിർമിച്ച ബാൽക്ഷേത്രത്തിൽ ബാലിന് ഒരു ബലിപീഠവും ഒരു അശേരാപ്രതിഷ്ഠയും സ്ഥാപിച്ചു. അങ്ങനെ, തന്റെ മുൻഗാമികളായ സകല ഇസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അദ്ദേഹം കോപിപ്പിച്ചു. ആഹാബിന്റെ ഭരണകാലത്ത് ബേഥേല്യനായ ഹീയേൽ യെരീഹോനഗരം പുനർനിർമിച്ചു. നൂന്റെ മകനായ യോശുവ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനപ്രകാരം; അതിന്റെ അടിസ്ഥാനമിട്ടപ്പോൾ അദ്ദേഹത്തിന്റെ ആദ്യജാതൻ അബീരാമും അതിന്റെ കവാടം ഉറപ്പിച്ചപ്പോൾ ഏറ്റവും ഇളയപുത്രൻ സെഗൂബും നഷ്ടപ്പെട്ടു.