1 രാജാക്കന്മാർ 14:1-31

1 രാജാക്കന്മാർ 14:1-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ കാലത്ത് യൊരോബെയാമിന്റെ മകനായ അബീയാവ് ദീനം പിടിച്ചു കിടപ്പിലായി. യൊരോബെയാം തന്റെ ഭാര്യയോട്: നീ യൊരോബെയാമിന്റെ ഭാര്യ എന്ന് ആരും അറിയാതവണ്ണം വേഷം മാറി ശീലോവിലേക്കു പോകേണം; ഈ ജനത്തിനു ഞാൻ രാജാവാകും എന്ന് എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ. നിന്റെ കൈയിൽ പത്ത് അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്ന് അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. യൊരോബെയാമിന്റെ ഭാര്യ അങ്ങനെതന്നെ ചെയ്തു; അവൾ പുറപ്പെട്ട് ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർധക്യം നിമിത്തം കണ്ണു മങ്ങിയിരുന്നതുകൊണ്ടു കാൺമാൻ വഹിയാതെയിരുന്നു. എന്നാൽ യഹോവ അഹീയാവോട്: യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ ദീനമായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്തുവരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്ന് അരുളിച്ചെയ്തു. അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹീയാവ് കേട്ടിട്ട് പറഞ്ഞതെന്തെന്നാൽ: യൊരോബെയാമിന്റെ ഭാര്യയേ, അകത്തുവരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നത് എന്തിന്? കഠിനവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്കു നിയോഗം ഉണ്ട്. നീ ചെന്നു യൊരോബെയാമിനോട് പറയേണ്ടുന്നത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽനിന്നു നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കി. രാജത്വം ദാവീദുഗൃഹത്തിൽനിന്നു കീറിയെടുത്ത് നിനക്കുതന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാൻ പൂർണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിനു ചെന്ന് നിനക്ക് അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു. അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന് അനർഥം വരുത്തി യൊരോബെയാമിനുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെയൊക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും, കാഷ്ഠം കോരിക്കളയുന്നതുപോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും. യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു. ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിനകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്യും; യൊരോബെയാമിന്റെ ഗൃഹത്തിൽവച്ച് അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും. യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാൽ ഇപ്പോൾത്തന്നെ എന്ത്? യിസ്രായേൽ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഓട വെള്ളത്തിൽ ആടുന്നതുപോലെ അവർ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്കു താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും. പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപം നിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും. എന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ട് തിർസ്സായിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോൾ കുട്ടി മരിച്ചു. യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു. യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യൊരോബെയാം വാണകാലം ഇരുപത്തിരണ്ടു സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവനു പകരം രാജാവായി. ശലോമോന്റെ മകനായ രെഹബെയാം യെഹൂദായിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവനു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മയ്ക്കു നയമാ എന്നു പേർ. യെഹൂദാ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവർ ചെയ്ത പാപങ്ങൾകൊണ്ട് അവരുടെ പിതാക്കന്മാർ ചെയ്തതിനെക്കാൾ അധികം അവനെ ക്രുദ്ധിപ്പിച്ചു. എങ്ങനെയെന്നാൽ അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിൻകീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി. പുരുഷമൈഥുനക്കാരും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകല മ്ലേച്ഛതകളും അവർ അനുകരിച്ചു. എന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്റെ നേരേ വന്നു, യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും എല്ലാം കവർന്നു; അവൻ ആസകലം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തു കൊണ്ടുപോയി. ഇവയ്ക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കൈയിൽ ഏല്പിച്ചു. രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വയ്ക്കുകയും ചെയ്യും. രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മയ്ക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവനു പകരം രാജാവായി.

1 രാജാക്കന്മാർ 14:1-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെരോബെയാമിന്റെ പുത്രൻ അബീയാ രോഗബാധിതനായി; അദ്ദേഹം ഭാര്യയെ വിളിച്ചുപറഞ്ഞു: “നീ എന്റെ ഭാര്യയാണെന്നു മനസ്സിലാകാത്തവിധം വേഷം മാറി ശീലോവിലേക്കു പോകുക; ഞാൻ ഈ ജനത്തിന്റെ രാജാവാകും എന്നു പറഞ്ഞ അഹീയാപ്രവാചകൻ അവിടെയാണു പാർക്കുന്നത്. പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനുമായി നീ അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലണം. മകന് എന്തു സംഭവിക്കും എന്ന് അദ്ദേഹം നിന്നോടു പറയും.” അങ്ങനെ രാജ്ഞി ശീലോവിൽ അഹീയായുടെ ഭവനത്തിലെത്തി. വാർധക്യം നിമിത്തം അദ്ദേഹത്തിന്റെ കാഴ്ച മങ്ങിയിരുന്നു. രോഗിയായ പുത്രനെക്കുറിച്ചുള്ള വിവരം ചോദിക്കാൻ യെരോബെയാമിന്റെ ഭാര്യ വരുമെന്നും അവളോട് എന്താണ് പറയേണ്ടതെന്നും സർവേശ്വരൻ അഹീയായെ അറിയിച്ചിരുന്നു. വേഷം മാറിയാണ് അവൾ അവിടെ ചെന്നത്. അവൾ വാതിൽ കടക്കുമ്പോൾതന്നെ അവളുടെ കാലൊച്ച കേട്ട അഹീയാ പറഞ്ഞു: “യെരോബെയാമിന്റെ പത്നീ, അകത്തു വരിക; മറ്റൊരാളെന്നു നീ എന്തിനു നടിക്കുന്നു? ദുസ്സഹമായ വാർത്ത നിന്നെ അറിയിക്കാൻ ഞാൻ നിയുക്തനായിരിക്കുന്നു. നീ പോയി യെരോബെയാമിനോട് പറയുക: ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; ജനത്തിന്റെ ഇടയിൽനിന്നു ഞാൻ നിന്നെ ഇസ്രായേലിന്റെ ഭരണാധികാരിയായി ഉയർത്തി. രാജ്യം ദാവീദിന്റെ ഗൃഹത്തിൽനിന്നു കീറിയെടുത്തു നിനക്കു തന്നു; എങ്കിലും എന്റെ ദാസനായ ദാവീദിനെപ്പോലെ നീ എന്നോടു വിശ്വസ്തനായിരുന്നില്ല. ദാവീദാകട്ടെ എന്നോടു പൂർണവിശ്വസ്തത പാലിച്ചിരുന്നു; എന്റെ കല്പനകളെല്ലാം അനുസരിച്ചിരുന്നു; എന്റെ ഹിതമനുസരിച്ചു മാത്രമാണ് അവൻ പ്രവർത്തിച്ചിരുന്നത്. എന്നാൽ നിന്റെ മുൻഗാമികളെക്കാൾ അധികം തിന്മകൾ നീ ചെയ്തു. നീ അന്യദേവന്മാരുടെ വാർപ്പുവിഗ്രഹങ്ങളെ ആരാധിച്ചു; എന്നെ പുറന്തള്ളി എന്നെ പ്രകോപിപ്പിച്ചു. അതുകൊണ്ട് യെരോബെയാമിന്റെ കുടുംബത്തെ ഞാൻ നശിപ്പിക്കും; യെരോബെയാമിനു അടിമകളിൽനിന്നും സ്വതന്ത്രരിൽനിന്നും ജനിച്ച എല്ലാ പുരുഷസന്തതികളെയും ഞാൻ ഇസ്രായേലിൽനിന്നു ഛേദിച്ചുകളയും. നിന്റെ കുടുംബത്തിലുള്ളവരെയെല്ലാം ഉണക്കച്ചാണകം കത്തിച്ചുകളയുംപോലെ ഞാൻ നശിപ്പിക്കും. നിന്റെ കുടുംബാംഗങ്ങളിൽ ആരെങ്കിലും പട്ടണത്തിൽവച്ചു മരിച്ചാൽ നായ്‍ക്കൾ ആ ജഡം ഭക്ഷിക്കും; വെളിമ്പ്രദേശത്തുവച്ചു മരിച്ചാൽ പക്ഷികൾ തിന്നും. സർവേശ്വരനാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.” അഹീയാ യെരോബെയാമിന്റെ ഭാര്യയോടു തുടർന്നു പറഞ്ഞു: “വീട്ടിലേക്കു മടങ്ങിപ്പോകുക; നീ പട്ടണത്തിൽ കാലു കുത്തുമ്പോൾ കുട്ടി മരിക്കും; ഇസ്രായേൽജനമെല്ലാം അവനെക്കുറിച്ചു വിലപിക്കും. അവർ അവനെ സംസ്കരിക്കും; യെരോബെയാമിന്റെ കുടുംബാംഗങ്ങളിൽ അവൻ മാത്രമേ കല്ലറയിൽ സംസ്കരിക്കപ്പെടുകയുള്ളൂ. കാരണം അവനിൽ മാത്രമേ സർവേശ്വരൻ അല്പമെങ്കിലും നന്മ കണ്ടിട്ടുള്ളൂ; അവിടുന്ന് ഇസ്രായേലിൽ മറ്റൊരു രാജാവിനെ നിയമിക്കാൻ പോകുകയാണ്; അവൻ യെരോബെയാമിന്റെ കുടുംബത്തെ നശിപ്പിച്ചുകളയും; ഇസ്രായേൽ അശേരാ പ്രതിഷ്ഠകളെ നിർമ്മിച്ചു സർവേശ്വരനെ കോപിപ്പിച്ചതുകൊണ്ടു ‘വെള്ളത്തിൽ ഞാങ്ങണ’ എന്നപോലെ അവിടുന്ന് അവരെ ഉലയ്‍ക്കും; അവിടുന്ന് അവരുടെ പിതാക്കന്മാർക്കു നല്‌കിയ ഈ നല്ല ദേശത്തുനിന്ന് അവരെ ഛേദിച്ച് യൂഫ്രട്ടീസ്നദിയുടെ മറുകരയിലേക്കു ചിതറിച്ചുകളയും. സ്വയം പാപം ചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കുകയും ചെയ്ത യെരോബെയാം നിമിത്തം സർവേശ്വരൻ ഇസ്രായേലിനെ ഉപേക്ഷിച്ചുകളയും. യെരോബെയാമിന്റെ ഭാര്യ തിർസ്സയിൽ മടങ്ങിവന്നു; അവൾ കൊട്ടാരവാതില്‌ക്കൽ എത്തിയപ്പോൾ കുട്ടി മരിച്ചു; തന്റെ ദാസനായ അഹീയാപ്രവാചകനിലൂടെ സർവേശ്വരൻ അരുളിച്ചെയ്തതുപോലെ ഇസ്രായേൽജനം അവനെ സംസ്കരിക്കുകയും അവനെക്കുറിച്ചു വിലപിക്കുകയും ചെയ്തു. യെരോബെയാമിന്റെ ഭരണവും യുദ്ധങ്ങളും, മറ്റു പ്രവൃത്തികളും സംബന്ധിച്ച വിവരങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ ദിനവൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യെരോബെയാം ഇരുപത്തിരണ്ടു വർഷം രാജ്യം ഭരിച്ചു; പിന്നീട് അദ്ദേഹം മരിച്ച് പിതാക്കന്മാരോടു ചേർന്നു. തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ നാദാബ് രാജാവായി. ശലോമോന്റെ പുത്രനായ രെഹബെയാം നാല്പത്തിയൊന്നാമത്തെ വയസ്സിൽ യെഹൂദ്യയിലെ രാജാവായി. സകല ഇസ്രായേൽഗോത്രങ്ങളിൽനിന്നും തന്നെ ആരാധിക്കാനായി സർവേശ്വരൻ തിരഞ്ഞെടുത്ത യെരൂശലേമിൽ പാർത്തുകൊണ്ടു പതിനേഴു വർഷം ഭരിച്ചു. നയമാ എന്ന അമ്മോന്യസ്‍ത്രീ ആയിരുന്നു രെഹബെയാമിന്റെ മാതാവ്. യെഹൂദ്യയിലെ ജനം സർവേശ്വരനെതിരായി പാപം ചെയ്തു; തങ്ങളുടെ പാപപ്രവൃത്തികൾ മൂലം തങ്ങളുടെ പിതാക്കന്മാരിലും കൂടുതലായി അവിടുത്തെ അവർ പ്രകോപിപ്പിച്ചു. അവർ പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും ഉണ്ടാക്കി; കുന്നുകളുടെ മുകളിലും പച്ചമരങ്ങളുടെ ചുവട്ടിലും അശേരാപ്രതിഷ്ഠകൾ സ്ഥാപിച്ചു. ഇവയെക്കാൾ നിന്ദ്യമായി ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായവും അവിടെ നിലവിലിരുന്നു. ഇസ്രായേൽജനം ഈ നാട്ടിൽ പ്രവേശിച്ചപ്പോൾ സർവേശ്വരൻ ഇവിടെനിന്നു നീക്കിക്കളഞ്ഞ ജനതകൾ ആചരിച്ചിരുന്ന സകല മ്ലേച്ഛതകളും യെഹൂദ്യയിലെ ജനം ചെയ്തു. രെഹബെയാമിന്റെ വാഴ്ചയുടെ അഞ്ചാം വർഷം ഈജിപ്തിലെ രാജാവായ ശീശക് യെരൂശലേമിനെ ആക്രമിച്ചു. ശലോമോൻ നിർമ്മിച്ച സ്വർണപ്പരിചകൾ ഉൾപ്പെടെ ദേവാലയത്തിലെയും കൊട്ടാരത്തിലെയും വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അയാൾ അപഹരിച്ചു. അവയ്‍ക്കു പകരം രെഹബെയാം ഓട്ടുപരിചകൾ നിർമ്മിച്ചു. കൊട്ടാരസംരക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്മാരെ ഏല്പിച്ചു. രാജാവ് ദേവാലയത്തിൽ പോകുമ്പോഴെല്ലാം അകമ്പടിക്കാർ അവ ധരിക്കും; പിന്നീട് അവ കാവൽപ്പുരയിൽ സൂക്ഷിക്കും. രെഹബെയാമിന്റെ മറ്റു വിവരങ്ങളും പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. രെഹബെയാമും യെരോബെയാമും തുടരെ യുദ്ധം ചെയ്തുകൊണ്ടിരുന്നു. രെഹബെയാം മരിച്ചു; തന്റെ പിതാക്കന്മാരുടെകൂടെ ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു. അമ്മോന്യയായ നയമാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. രെഹബെയാമിന്റെ മരണശേഷം പുത്രൻ അബീയാം രാജ്യഭാരമേറ്റു.

1 രാജാക്കന്മാർ 14:1-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആ കാലത്ത് യൊരോബെയാമിന്‍റെ മകൻ അബീയാവ് രോഗിയായി കിടപ്പിലായി. യൊരോബെയാം തന്‍റെ ഭാര്യയോട്: “നീ യൊരോബെയാമിന്‍റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു പോകേണം; ‘ഈ ജനത്തിനു ഞാൻ രാജാവാകും’ എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ. നിന്‍റെ കയ്യിൽ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്‍റെ അടുക്കൽ ചെല്ലുക; കുട്ടിയുടെ കാര്യം എന്താകും എന്നു അവൻ നിന്നെ അറിയിക്കും” എന്നു പറഞ്ഞു. യൊരോബെയാമിന്‍റെ ഭാര്യ അങ്ങനെ തന്നെ ചെയ്തു; അവൾ പുറപ്പെട്ടു ശീലോവിൽ അഹീയാവിന്‍റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർദ്ധക്യം നിമിത്തം കണ്ണ് മങ്ങിയിരുന്നതുകൊണ്ടു കാണ്മാൻ കഴിയാതെയിരുന്നു. എന്നാൽ യഹോവ അഹീയാവിനോട്: “യൊരോബെയാമിന്‍റെ ഭാര്യ തന്‍റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ രോഗിയായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്ത് വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും” എന്നു അരുളിച്ചെയ്തു. അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവ് കേട്ടിട്ടു പറഞ്ഞത്: “യൊരോബെയാമിന്‍റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു അഭിനയിക്കുന്നത് എന്തിന്? അശുഭവർത്തമാനം നിന്നെ അറിയിക്കുവാൻ എനിക്കു നിയോഗം ഉണ്ട്. നീ ചെന്നു യൊരോബെയാമിനോട് പറയേണ്ടത്: ‘യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്‍റെ ഇടയിൽ നിന്നു നിന്നെ ഉയർത്തി, എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവാക്കി. രാജത്വം ദാവീദ് ഗൃഹത്തിൽ നിന്നു കീറിയെടുത്ത് നിനക്കു തന്നു; എങ്കിലും എന്‍റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‌വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കുകയും ചെയ്ത എന്‍റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിനു നീ അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ പുറന്തള്ളികളഞ്ഞു അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്‍റെ ഗൃഹത്തിന് അനർത്ഥം വരുത്തി, യൊരോബെയാമിനുള്ള സ്വതന്ത്രനും ദാസനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്‍റെ ഗൃഹം അശേഷം മുടിഞ്ഞുപോകും വരെ അതിനെ കോരിക്കളകയും ചെയ്യും. യൊരോബെയാമിന്‍റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.’” അഹീയാവ് യൊരോബെയാമിന്‍റെ ഭാര്യയോടു തുടർന്ന് പറഞ്ഞു: “ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്‍റെ കാൽ പട്ടണത്തിനകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്യും; യൊരോബെയാമിന്‍റെ ഗൃഹത്തിൽ വച്ചു അവനിൽ മാത്രം യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്‍റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും. യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്‍റെ ഗൃഹത്തെ ഛേദിച്ചുകളയും; ഇതാണ് ആ ദിവസം, അതേ ഇപ്പോൾ തന്നെ! യിസ്രായേൽ അശേരാപ്രതിഷ്ഠകൾ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഞാങ്ങണ ചെടി വെള്ളത്തിൽ ആടുന്നതുപോലെ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്ക് താൻ കൊടുത്ത ഈ നല്ലദേശത്തുനിന്നു അവരെ പറിച്ചെടുത്ത് നദിക്കക്കരെ ചിതറിച്ചുകളയും. പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്‍റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.” അപ്പോൾ യൊരോബെയാമിന്‍റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിർസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടന്നപ്പോൾ കുട്ടി മരിച്ചു. യഹോവ തന്‍റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു. യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്‍റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യൊരോബെയാം വാണകാലം ഇരുപത്തിരണ്ടു വര്‍ഷം ആയിരുന്നു. അവൻ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ നാദാബ് അവനു പകരം രാജാവായി. ശലോമോന്‍റെ മകൻ രെഹബെയാം യെഹൂദയിൽ വാണു. അവൻ വാഴ്ച തുടങ്ങിയപ്പോൾ നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്‍റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽ ഗോത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു വര്‍ഷം വാണു. അവന്‍റെ അമ്മ അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു. യെഹൂദാ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി അവർ പാപംചെയ്ത് യഹോവയെ കോപിപ്പിച്ചു. അവർ ഉയർന്ന കുന്നിന്മേലും പച്ചമരത്തിൻകീഴിലും, പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി. ലൈംഗികവൈകൃതവും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽ മക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജനതകളുടെ സകലമ്ലേച്ഛതകളും അവർ അനുകരിച്ചു. എന്നാൽ രെഹബെയാം രാജാവിന്‍റെ അഞ്ചാം ആണ്ടിൽ മിസ്രയീം രാജാവായ ശീശക്ക് യെരൂശലേമിനെ ആക്രമിച്ചു. യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങൾ എല്ലാം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി. ഇവയ്ക്കു പകരം രെഹബെയാം രാജാവ് താമ്രംകൊണ്ട് പരിചകൾ ഉണ്ടാക്കി, രാജധാനിയുടെ വാതിൽ കാവൽക്കാരായ അകമ്പടിനായകന്മാരെ ഏല്പിച്ചു. രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവ ധരിക്കയും അതിനുശേഷം കാവൽ മുറിയിൽ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും. രെഹബെയാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ? യൊരോബെയാമിനും രെഹബെയമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. രെഹബെയാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാക്കന്മാരോടു കൂടെ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ നയമാ ആയിരുന്നു അവന്‍റെ അമ്മ. അവന്‍റെ മകൻ അബീയാം അവനു പകരം രാജാവായി.

1 രാജാക്കന്മാർ 14:1-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി. യൊരോബെയാം തന്റെ ഭാര്യയോടു: നീ യൊരോബെയാമിന്റെ ഭാര്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാൻ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ. നിന്റെ കയ്യിൽ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്നു അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു. യൊരോബെയാമിന്റെ ഭാര്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ടു ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന്നു വാർദ്ധക്യം നിമിത്തം കണ്ണു മങ്ങിയിരിരുന്നതുകൊണ്ടു കാണ്മാൻ വഹിയാതെയിരുന്നു. എന്നാൽ യഹോവ അഹീയാവോടു: യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്തു വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു. അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവു കേട്ടിട്ടു പറഞ്ഞതെന്തെന്നൽ: യൊരോബെയാമിന്റെ ഭാര്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നതു എന്തിന്നു? കഠിനവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്കു നിയോഗം ഉണ്ടു. നീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽനിന്നു നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി. രാജത്വം ദാവീദ് ഗൃഹത്തിൽനിന്നു കീറിയെടുത്തു നിനക്കു തന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‌വാൻ പൂർണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു. അതു കൊണ്ടു ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന്നു അനർത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും. യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു. ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ചു അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും. യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാൽ ഇപ്പോൾ തന്നേ എന്തു? യിസ്രായേൽ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ടു ഓട വെള്ളത്തിൽ ആടുന്നതുപോലെ അവർ ആടത്തക്കവണ്ണം യഹോവ അവരെ ആടിച്ചു അവരുടെ പിതാക്കന്മാർക്കു താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും. പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും. എന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിർസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോൾ കുട്ടി മരിച്ചു. യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു. യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യൊരോബെയാം വാണകാലം ഇരുപത്തുരണ്ടു സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവന്നു പകരം രാജാവായി. ശലോമോന്റെ മകനായ രെഹബെയാം യെഹൂദയിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലായിസ്രായേൽഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേർ. യെഹൂദാ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ ചെയ്ത പാപങ്ങൾകൊണ്ടു അവരുടെ പിതാക്കന്മാർ ചെയ്തതിനെക്കാൾ അധികം അവനെ ക്രുദ്ധിപ്പിച്ചു. എങ്ങനെയെന്നാൽ അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിൻകീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി. പുരുഷമൈഥുനക്കാരും ദേശത്തു ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകലമ്ലേച്ഛതളും അവർ അനുകരിച്ചു. എന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ മിസ്രയീംരാജാവായ ശീശക്ക് യെരൂശലേമിന്റെ നേരെ വന്നു, യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം കവർന്നു; അവൻ ആസകലം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തുകൊണ്ടുപോയി. ഇവെക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു. രാജാവു യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും. രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ? രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു. രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി.

1 രാജാക്കന്മാർ 14:1-31 സമകാലിക മലയാളവിവർത്തനം (MCV)

അക്കാലത്ത് യൊരോബെയാമിന്റെ മകനായ അബീയാവ് രോഗിയായിത്തീർന്നു. യൊരോബെയാം തന്റെ ഭാര്യയോടു പറഞ്ഞു: “നീ യൊരോബെയാമിന്റെ ഭാര്യയാണെന്നു തിരിച്ചറിയാത്തവിധം വേഷംമാറി ശീലോവിലേക്കു പോകുക. ഈ ജനത്തിനു ഞാൻ രാജാവായിത്തീരുമെന്ന് എന്നോടു പ്രവചിച്ച അഹീയാപ്രവാചകൻ അവിടെയുണ്ട്. പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനും എടുത്തുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അദ്ദേഹം നിന്നോടു പറയും.” യൊരോബെയാം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ചെയ്തു. അവൾ ശീലോവിൽ അഹീയാവിന്റെ ഭവനത്തിൽ ചെന്നു. വാർധക്യംമൂലം അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. എന്നാൽ, യഹോവ അഹീയാവിനോട്: “യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു ചോദിക്കാൻ വരുന്നുണ്ട്; അവൻ രോഗിയായിരിക്കുന്നു. നീ ഇന്നിന്നവിധം അവളോടു സംസാരിക്കണം. ഇവിടെ വന്നെത്തുമ്പോൾ അവൾ മറ്റൊരു സ്ത്രീയായി നടിക്കും” എന്ന് അരുളിച്ചെയ്തിരുന്നു. അതിനാൽ, അവളുടെ കാലൊച്ച വാതിൽക്കൽ കേട്ടപ്പോൾത്തന്നെ അഹീയാവു പറഞ്ഞു: “യൊരോബെയാമിന്റെ ഭാര്യേ, അകത്തുവരിക! ഈ നാട്യം എന്തിന്? അശുഭവാർത്തകൾ നിന്നെ അറിയിക്കാൻ ഞാൻ നിയുക്തനായിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ ചെന്ന് യൊരോബെയാമിനോടു പറയുക: ‘ഞാൻ ജനമധ്യത്തിൽനിന്നു നിന്നെ ഉയർത്തി; എന്റെ ജനമായ ഇസ്രായേലിന് ഭരണാധിപനായി നിയമിച്ചു. ഞാൻ ദാവീദിന്റെ ഗൃഹത്തിൽനിന്ന് രാജ്യം വേർപെടുത്തി നിനക്കു തന്നു. എന്നാൽ, എന്റെ ദാസനായ ദാവീദിനെപ്പോലെ നീ എന്റെ ദൃഷ്ടിയിൽ നീതിയായുള്ളതുമാത്രം പ്രവർത്തിച്ച് പൂർണഹൃദയത്തോടെ എന്നെ അനുഗമിക്കുകയോ എന്റെ കൽപ്പനകൾ പാലിക്കുകയോ ചെയ്തിട്ടില്ല. നിനക്കു മുമ്പുണ്ടായിരുന്ന ആരെക്കാളും അധികം ദുഷ്ടത നീ പ്രവർത്തിച്ചു; എന്നെ കോപിപ്പിക്കുംവിധം നീ സ്വയം അന്യദേവന്മാരെയും വിഗ്രഹങ്ങളെയും വാർത്തുണ്ടാക്കി; അങ്ങനെ നീ എന്നെ പൂർണമായും തിരസ്കരിച്ചു. “ ‘അതിനാൽ, ഞാൻ യൊരോബെയാമിന്റെ കുടുംബത്തിന്മേൽ അനർഥംവരുത്തും. യൊരോബെയാമിന്റെ സന്തതികളായി ഇസ്രായേലിലുള്ള അവസാനത്തെ പുരുഷപ്രജയെവരെ—അടിമയോ സ്വതന്ത്രനോ ആകട്ടെ—ഞാൻ ഛേദിച്ചുകളയും. ഒരുവൻ ചപ്പുചവറുകൂമ്പാരം കത്തിച്ചുകളയുംപോലെ ഞാൻ യൊരോബെയാമിന്റെ രാജവംശത്തെ നിശ്ശേഷം ദഹിപ്പിച്ചുകളയും. യൊരോബെയാമിന്റെ സന്തതികളിൽ നഗരത്തിൽവെച്ചു മരിക്കുന്നവരെ നായ്ക്കൾ തിന്നും; നാട്ടിൻപുറത്തുവെച്ചു മരിക്കുന്നവർ ആകാശത്തിലെ പറവകൾക്കു ഭക്ഷണമായിത്തീരും. യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു!’ “അതിനാൽ, നീ വീട്ടിലേക്കു മടങ്ങിപ്പോകുക. നീ നഗരത്തിൽ കാൽ ചവിട്ടുമ്പോൾ ബാലൻ മരിക്കും. എല്ലാ ഇസ്രായേലും അവനെക്കുറിച്ചു വിലപിക്കും. അവർ അവനെ സംസ്കരിക്കും. യൊരോബെയാമിന്റെ സന്തതികളിൽ കല്ലറയിൽ സംസ്കരിക്കപ്പെടുന്ന ഒരേയൊരാൾ അവനായിരിക്കും. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ യൊരോബെയാമിന്റെ കുടുംബത്തിൽ എന്തെങ്കിലും പ്രസാദകരമായത് കണ്ടിട്ടുള്ളത് അവനിൽമാത്രമാണ്. “എല്ലാറ്റിലുമുപരി, യഹോവ ഇസ്രായേലിൽ ഒരു രാജാവിനെ ഉയർത്തും; അദ്ദേഹം യൊരോബെയാമിന്റെ കുടുംബത്തെ നശിപ്പിച്ചുകളയും. ഇതാണ് ആ ദിവസം. അതേ, ഇപ്പോൾത്തന്നെ. ഇസ്രായേൽ അശേരാപ്രതിഷ്ഠകൾ നിർമിച്ച് യഹോവയെ കോപിപ്പിച്ചതിനാൽ അവർ വെള്ളത്തിൽ ഇളകുന്ന ഞാങ്ങണപോലെ ആയിത്തീരത്തക്കവണ്ണം യഹോവ അവരെ പ്രഹരിക്കും; അവരുടെ പൂർവികർക്ക് അവിടന്നു നൽകിയ ഈ നല്ല ദേശത്തുനിന്നും യഹോവ അവരെ പിഴുതെടുത്ത് യൂഫ്രട്ടീസ് നദിക്കപ്പുറത്തേക്ക് ചിതറിച്ചുകളയുകയും ചെയ്യും. യൊരോബെയാം സ്വയം പ്രവർത്തിച്ചതും അദ്ദേഹം ഇസ്രായേലിനെക്കൊണ്ടു പ്രവർത്തിപ്പിച്ചതുമായ പാപങ്ങൾനിമിത്തം യഹോവ ഇസ്രായേലിനെ ഉപേക്ഷിച്ചുകളയും.” പിന്നെ, യൊരോബെയാമിന്റെ ഭാര്യ യാത്രതിരിച്ച് തിർസ്സയിലെത്തി. അവൾ അരമനയുടെ വാതിൽപ്പടിയിൽ എത്തിയപ്പോൾ ബാലൻ മരിച്ചു. യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം കൽപ്പിച്ചതുപോലെ അവർ അവനെ സംസ്കരിച്ചു; സകല ഇസ്രായേലും അവനുവേണ്ടി വിലപിച്ചു. യൊരോബെയാമിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ, അദ്ദേഹം നടത്തിയ യുദ്ധങ്ങൾ, ഭരണനിർവഹണം തുടങ്ങിയവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെയും ചരിത്രാഖ്യാനഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. യൊരോബെയാം ഇരുപത്തിരണ്ടു വർഷം രാജ്യം ഭരിച്ചു; അതിനുശേഷം, അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ നാദാബ് അദ്ദേഹത്തിനുപകരം രാജാവായി സ്ഥാനമേറ്റു ഭരണംനടത്തി. ഈ സമയം ശലോമോന്റെ മകനായ രെഹബെയാം യെഹൂദ്യയിൽ രാജാവായിരുന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. യെഹൂദാജനവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. അവർ ചെയ്ത പാപങ്ങൾമൂലം തങ്ങളുടെ പൂർവികരെക്കാൾ അധികമായി അവർ യഹോവയെ കോപിപ്പിച്ചു. അവർ, ഉയർന്ന ഓരോ മലയിലും പന്തലിച്ച ഓരോ ഇലതൂർന്ന മരത്തിന്റെ ചുവട്ടിലും തങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ, ആചാരസ്തൂപങ്ങൾ, അശേരാപ്രതിഷ്ഠകൾ എന്നിവ സ്ഥാപിച്ചു. ക്ഷേത്രങ്ങൾ ആസ്ഥാനമാക്കി പുരുഷവേശ്യകളും ദേശത്തുണ്ടായിരുന്നു; യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങളുടെ സകലവിധ മ്ലേച്ഛതകളും അവർ അനുവർത്തിച്ചു. രെഹബെയാം രാജാവിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു. യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു. അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടു പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു. രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ ആ പരിചകൾ ധരിക്കും; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും. രെഹബെയാമിന്റെ ഭരണകാലത്തെ മറ്റുസംഭവങ്ങളും തന്റെ സകലപ്രവർത്തനങ്ങളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു. രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം പിതാവിനു പകരം രാജാവായി.