1 രാജാക്കന്മാർ 13:1-34

1 രാജാക്കന്മാർ 13:1-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിനരികെ നില്ക്കുമ്പോൾത്തന്നെ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യെഹൂദായിൽനിന്നു ബേഥേലിലേക്കു വന്നു. അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദുഗൃഹത്തിന് യോശീയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽവച്ച് അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചു പറഞ്ഞു. അവൻ അന്ന് ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു. ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിനു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: അവനെ പിടിപ്പിൻ എന്നു കല്പിച്ചു; എങ്കിലും അവന്റെ നേരേ നീട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെയായി. ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി. രാജാവ് ദൈവപുരുഷനോട്: നീ നിന്റെ ദൈവമായ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ച് എന്റെ കൈ മടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി. രാജാവ് ദൈവപുരുഷനോട്: നീ എന്നോടുകൂടെ അരമനയിൽ വന്ന് അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്ക് ഒരു സമ്മാനം തരും എന്നു പറഞ്ഞു. ദൈവപുരുഷൻ രാജാവിനോട്: നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല. നീ അപ്പം തിന്നരുത്, വെള്ളം കുടിക്കരുത്; പോയ വഴിയായി മടങ്ങിവരികയും അരുത് എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയായി മടങ്ങാതെ മറ്റൊരു വഴിയായി പോയി. ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു. അവന്റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു. അവരുടെ അപ്പൻ അവരോട്: അവൻ ഏതു വഴിക്കുപോയി എന്നു ചോദിച്ചു; യെഹൂദായിൽനിന്നു വന്ന ദൈവപുരുഷൻ പോയ വഴി അവന്റെ പുത്രന്മാർ കണ്ടിരുന്നു. അവൻ തന്റെ പുത്രന്മാരോട്: കഴുതയ്ക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു. അവർ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു; അവൻ അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു; അവൻ ഒരു കരുവേലകത്തിൻകീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദായിൽനിന്നു വന്ന ദൈവപുരുഷനോ എന്ന് അവനോട് ചോദിച്ചു. അവൻ അതേ എന്നു പറഞ്ഞു. അവൻ അവനോട്: നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു. അതിന് അവൻ: എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വീട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല. നീ അവിടെവച്ച് അപ്പം തിന്നരുത്, വെള്ളം കുടിക്കരുത്, പോയ വഴിയായി മടങ്ങിവരികയും അരുത് എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന് നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക എന്ന് ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു. അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്റെ വീട്ടിൽവച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു. അവർ ഭക്ഷണത്തിനിരിക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി. അവൻ യെഹൂദായിൽനിന്നു വന്ന ദൈവപുരുഷനോട്: നീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചിരുന്ന കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്ന് അവൻ നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു. അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനുവേണ്ടി കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു; അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ട് അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു. വഴിപോകുന്ന ആളുകൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്ന് അറിയിച്ചു. അവനെ വഴിയിൽനിന്നു കൂട്ടിക്കൊണ്ടു വന്ന പ്രവാചകൻ അതു കേട്ടപ്പോൾ: അവൻ യഹോവയുടെ വചനം മറുത്ത ദൈവപുരുഷൻ തന്നെ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു. പിന്നെ അവൻ തന്റെ പുത്രന്മാരോട്: കഴുതയ്ക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു. അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല. പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്തു. അവന്റെ ശവം അവൻ തന്റെ സ്വന്ത കല്ലറയിൽ വച്ചിട്ട് അവനെക്കുറിച്ച്: അയ്യോ എന്റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞ് അവർ വിലാപം കഴിച്ചു. അവനെ അടക്കം ചെയ്തശേഷം അവൻ തന്റെ പുത്രന്മാരോട്: ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽത്തന്നെ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം. അവൻ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകല പൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായും സംഭവിക്കും എന്നു പറഞ്ഞു. ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്റെ ദുർമാർഗം വിട്ടുതിരിയാതെ പിന്നെയും സർവജനത്തിൽനിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവർ പൂജാഗിരിപുരോഹിതന്മാരായിത്തീർന്നു. യൊരോബെയാംഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു മുടിച്ചുകളയത്തക്കവണ്ണം ഈ കാര്യം അവർക്കു പാപമായിത്തീർന്നു.

1 രാജാക്കന്മാർ 13:1-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ധൂപാർപ്പണത്തിനുവേണ്ടി യെരോബെയാം ബലിപീഠത്തിനരികെ നില്‌ക്കുമ്പോൾ സർവേശ്വരന്റെ കല്പനയനുസരിച്ച് ഒരു പ്രവാചകൻ യെഹൂദായിൽനിന്നു ബേഥേലിൽ വന്നു. അവിടുന്നു കല്പിച്ചതു പ്രവാചകൻ വിളിച്ചുപറഞ്ഞു: “അല്ലയോ ബലിപീഠമേ! ബലിപീഠമേ! സർവേശ്വരൻ അരുളിച്ചെയ്യുന്നതു കേൾക്കുക; ദാവീദിന്റെ കുടുംബത്തിൽ യോശിയാ എന്നൊരു പുത്രൻ ജനിക്കും. നിന്റെമേൽ ധൂപാർപ്പണം നടത്തുന്ന പൂജാഗിരികളിലെ പുരോഹിതന്മാരെ അവൻ നിന്റെമേൽ ബലി അർപ്പിക്കും. മനുഷ്യാസ്ഥികൾ നിന്റെമേൽ വച്ച് ദഹിപ്പിക്കും. ഒരു അടയാളം കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: സർവേശ്വരനാണ് സംസാരിക്കുന്നത് എന്നതിന്റെ അടയാളം ഇതാകുന്നു. ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം നിലത്തു വീഴും. യെരോബെയാംരാജാവ് ഇതു കേട്ടപ്പോൾ കൈ ചൂണ്ടിക്കൊണ്ട് “അവനെ പിടിക്കുക” എന്നു കല്പിച്ചു. തൽക്ഷണം രാജാവിന്റെ കൈ മരവിച്ചു മടക്കാൻ കഴിയാതെയായി. സർവേശ്വരന്റെ കല്പനയാൽ ദൈവപുരുഷൻ പറഞ്ഞതുപോലെ യാഗപീഠം പിളർന്നു ചാരം നിലത്തു വീണു. “എന്റെ കൈ സുഖപ്പെടുത്താൻ നിന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിക്കണമേ” എന്നു രാജാവു ദൈവപുരുഷനോടു അപേക്ഷിച്ചു. അദ്ദേഹം സർവേശ്വരനോടു പ്രാർഥിച്ചു; രാജാവിന്റെ കൈ പൂർവസ്ഥിതിയിലായി. അപ്പോൾ രാജാവു ദൈവപുരുഷനോടു പറഞ്ഞു: “കൊട്ടാരത്തിൽ വന്നു ഭക്ഷണം കഴിഞ്ഞു വിശ്രമിച്ചു പോയാലും; ഞാൻ അങ്ങേക്ക് ഒരു സമ്മാനവും തരാനുദ്ദേശിക്കുന്നു.” രാജാവിനോട് അദ്ദേഹം പറഞ്ഞു: “കൊട്ടാരത്തിന്റെ പകുതിതന്നെ തന്നാലും ഞാൻ അങ്ങയുടെ കൂടെ വരികയില്ല. ഈ സ്ഥലത്തുവച്ചു ഞാൻ യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഇല്ല.” “നീ ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ പോയ വഴിയെ മടങ്ങുകയോ ചെയ്യരുതെന്ന് സർവേശ്വരൻ എന്നോടു കല്പിച്ചിട്ടുണ്ട്.” അങ്ങനെ അദ്ദേഹം മറ്റൊരു വഴിയിലൂടെ ബേഥേലിൽനിന്നു തിരിച്ചുപോയി. അക്കാലത്ത് ബേഥേലിൽ വൃദ്ധനായ ഒരു പ്രവാചകൻ ഉണ്ടായിരുന്നു. അയാളുടെ പുത്രന്മാർ രാജാവിന്റെ അടുക്കൽ വന്ന പ്രവാചകൻ ചെയ്ത കാര്യങ്ങളും പറഞ്ഞ വിവരങ്ങളും പിതാവിനെ അറിയിച്ചു. “ഏതു വഴിക്കാണ് അയാൾ പോയത്” എന്ന് അദ്ദേഹം പുത്രന്മാരോടു ചോദിച്ചു. യെഹൂദ്യയിൽനിന്നു വന്ന പ്രവാചകൻ പോയ വഴി അവർ പിതാവിനു കാണിച്ചുകൊടുത്തു. അയാൾ അവരോട്: “ഉടൻതന്നെ യാത്രയ്‍ക്കുവേണ്ടി കഴുതയെ ഒരുക്കുക” എന്നു പറഞ്ഞു. അയാൾ കഴുതപ്പുറത്തു കയറി ദൈവപുരുഷൻ പോയ വഴിയെ യാത്ര തിരിച്ചു. ഒരു കരുവേലകമരത്തിൻ കീഴിൽ ദൈവപുരുഷൻ ഇരിക്കുന്നതു കണ്ടു. “യെഹൂദ്യയിൽനിന്നു വന്ന പ്രവാചകൻ അങ്ങുതന്നെയാണോ” എന്ന് അയാൾ ചോദിച്ചു. “അതേ, ഞാൻ തന്നെ” അദ്ദേഹം പ്രതിവചിച്ചു. “അങ്ങ് എന്നോടൊപ്പം വീട്ടിൽ വന്നു ഭക്ഷണം കഴിച്ചാലും” എന്നു വൃദ്ധനായ പ്രവാചകൻ ക്ഷണിച്ചു. ദൈവപുരുഷൻ പ്രതിവചിച്ചു; “എനിക്ക് അങ്ങയുടെ വീട്ടിൽ വരാനോ, ഈ സ്ഥലത്തുവച്ചു ഭക്ഷണപാനീയങ്ങൾ കഴിക്കാനോ നിവൃത്തിയില്ല; ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ പോയവഴിയേ മടങ്ങുകയോ, ചെയ്യരുത് എന്നു സർവേശ്വരൻ എന്നോടു കല്പിച്ചിട്ടുണ്ട്.” വൃദ്ധൻ പറഞ്ഞു: “ഞാനും അങ്ങയെപ്പോലെ ഒരു പ്രവാചകനാണ്; ‘ഭക്ഷണം കഴിക്കാൻ അയാളെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക’ എന്നു സർവേശ്വരൻ ഒരു ദൂതൻവഴി എന്നോടു കല്പിച്ചിരിക്കുന്നു.” എന്നാൽ വൃദ്ധൻ പറഞ്ഞതു വ്യാജമായിരുന്നു. ദൈവപുരുഷൻ അയാളോടൊപ്പം വീട്ടിൽ ചെന്നു ഭക്ഷണപാനീയങ്ങൾ കഴിച്ചു. അവർ ഭക്ഷണത്തിനിരിക്കുമ്പോൾ വൃദ്ധപ്രവാചകനു സർവേശ്വരന്റെ അരുളപ്പാടുണ്ടായി; അയാൾ യെഹൂദ്യയിൽനിന്നു വന്ന പ്രവാചകനോട് ഉറക്കെപ്പറഞ്ഞു: “നീ സർവേശ്വരനെ അനുസരിച്ചില്ല; അവിടുന്നു കല്പിച്ചതുപോലെ പ്രവർത്തിച്ചുമില്ല; നീ മടങ്ങിവരികയും ഭക്ഷണപാനീയങ്ങൾ കഴിക്കരുതെന്നു പറഞ്ഞ സ്ഥലത്തുവച്ചുതന്നെ അവ കഴിക്കുകയും ചെയ്തു. അതിനാൽ നിന്റെ ശരീരം പിതാക്കന്മാരുടെ കല്ലറയിൽ സംസ്കരിക്കപ്പെടുകയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.” ഭക്ഷണപാനീയങ്ങൾ കഴിച്ചശേഷം വൃദ്ധപ്രവാചകൻ ദൈവപുരുഷനു യാത്ര ചെയ്യാൻ ഒരു കഴുതയെ ഒരുക്കി. മടക്കയാത്രയിൽ എതിരെ വന്ന ഒരു സിംഹം അദ്ദേഹത്തെ കൊന്നുകളഞ്ഞു. ജഡത്തിനരികിൽ സിംഹവും കഴുതയും നിന്നു. വഴിപോക്കർ വഴിയിൽ ജഡം കിടക്കുന്നതും അതിനരികിൽ സിംഹം നില്‌ക്കുന്നതും കണ്ടു; അവർ വൃദ്ധപ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു വിവരമറിയിച്ചു; അയാൾ അതു കേട്ടപ്പോൾ “സർവേശ്വരന്റെ കല്പന അനുസരിക്കാതിരുന്ന പ്രവാചകൻറേതാണല്ലോ ആ ജഡം. അവിടുന്ന് അരുളിച്ചെയ്തതുപോലെ അയാളെ സിംഹത്തിന് ഏല്പിച്ചുകൊടുക്കുകയും അത് അയാളെ കൊല്ലുകയും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. യാത്രയ്‍ക്കു കഴുതയെ ഒരുക്കാൻ അയാൾ പുത്രന്മാരോടു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. പ്രവാചകന്റെ ജഡം വഴിയിൽ കിടക്കുന്നതും കഴുതയും സിംഹവും അതിനരികിൽ നില്‌ക്കുന്നതും അയാൾ കണ്ടു; സിംഹം ജഡം ഭക്ഷിക്കുകയോ കഴുതയെ കടിച്ചുകീറുകയോ ചെയ്തിരുന്നില്ല. ദുഃഖം ആചരിക്കുന്നതിനും ശവം സംസ്കരിക്കുന്നതിനുമായി വൃദ്ധപ്രവാചകൻ ജഡം കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു കൊണ്ടുപോയി. അയാൾ ജഡം തന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു. “അയ്യോ, എന്റെ സഹോദരാ” എന്നു വിളിച്ച് അവർ വിലപിച്ചു. അതിനുശേഷം അയാൾ തന്റെ പുത്രന്മാരോട് പറഞ്ഞു: “ഞാൻ മരിക്കുമ്പോൾ ഈ കല്ലറയിൽതന്നെ എന്നെ സംസ്കരിക്കണം; എന്റെ ശരീരം അദ്ദേഹത്തിന്റെ ശരീരത്തിന്റെ അടുത്തുതന്നെ വയ്‍ക്കണം. സർവേശ്വരന്റെ കല്പനയനുസരിച്ചു ബേഥേലിലെ യാഗപീഠത്തിനും ശമര്യാപട്ടണങ്ങളിലെ എല്ലാ പൂജാഗിരികൾക്കും എതിരായി അദ്ദേഹം പ്രവചിച്ചതെല്ലാം സംഭവിക്കുകതന്നെ ചെയ്യും.” ഈ സംഭവം കഴിഞ്ഞിട്ടും യെരോബെയാം തന്റെ അധാർമികപ്രവർത്തനങ്ങളിൽനിന്നു പിന്തിരിഞ്ഞില്ല. താൻ സ്ഥാപിച്ച പൂജാഗിരികളിൽ ശുശ്രൂഷ ചെയ്യുന്നതിനു സകല ഗോത്രങ്ങളിൽനിന്നും പുരോഹിതന്മാരെ നിയമിച്ചു. പുരോഹിതവൃത്തിക്കു സമ്മതമുള്ള എല്ലാവർക്കും രാജാവ് പുരോഹിതസ്ഥാനം നല്‌കി. യെരോബെയാമിന്റെ വംശം നിശ്ശേഷം നശിക്കുന്നതിന് ഈ പാപം കാരണമായിത്തീർന്നു.

1 രാജാക്കന്മാർ 13:1-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യൊരോബെയാം ധൂപം കാട്ടുവാൻ യാഗപീഠത്തിന്നരികെ നില്ക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനപ്രകാരം യെഹൂദയിൽനിന്നു ബേഥേലിലേക്കു വന്നു. അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: “അല്ലയോ യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്‍റെ ഭവനത്തിൽ യോശീയാവ് എന്നു ഒരു മകൻ ജനിക്കും; അവൻ ഇവിടെ നിന്‍റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്‍റെമേൽ വച്ചു അറുക്കുകയും മനുഷ്യാസ്ഥികളെ നിന്‍റെമേൽ ചുട്ടുകളയുകയും ചെയ്യും” എന്നു വിളിച്ചുപറഞ്ഞു. അവൻ അന്നു ഒരു അടയാളവും കൊടുത്തു: “ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇത് യഹോവ കല്പിച്ച അടയാളം” എന്നു പറഞ്ഞു. ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിനു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: “അവനെ പിടിക്കുവിൻ” എന്നു കല്പിച്ചു; എങ്കിലും അവന്‍റെനേരെ നീട്ടിയ കൈ വരണ്ടുപോയി; തിരികെ മടക്കുവാൻ കഴിയാതെ ആയി. ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം തൂകിപ്പോയി. രാജാവ് ദൈവപുരുഷനോട്: “നീ നിന്‍റെ ദൈവമായ യഹോവയോടു കൃപക്കായി അപേക്ഷിച്ച് എന്‍റെ കൈ മടങ്ങുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കേണം” എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; അപ്പോൾ രാജാവിന്‍റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി. രാജാവ് ദൈവപുരുഷനോട്: “നീ എന്നോടുകൂടെ അരമനയിൽ വന്ന് ഭക്ഷണം കഴിച്ചാലും; ഞാൻ നിനക്കു ഒരു സമ്മാനം തരും” എന്നു പറഞ്ഞു. ദൈവപുരുഷൻ രാജാവിനോട്: “നിന്‍റെ അരമനയുടെ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവച്ചു ഞാൻ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. ‘നീ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത്’ എന്നു യഹോവ എന്നോടു കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയെ മടങ്ങാതെ മറ്റൊരു വഴിയായി പോയി. ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്‍റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു. അവരുടെ അപ്പൻ അവരോട്: “അവൻ ഏത് വഴിക്കാണ് പോയത്?” എന്നു ചോദിച്ചു. യെഹൂദയിൽനിന്നു വന്ന ദൈവപുരുഷൻ പോയ വഴി അവന്‍റെ പുത്രന്മാർ അപ്പനെ കാണിച്ചിരുന്നു. അവൻ തന്‍റെ പുത്രന്മാരോട്: “കഴുതയ്ക്കു കോപ്പിട്ടുതരുവിൻ” എന്നു പറഞ്ഞു. അവർ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു; അവൻ അതിന്‍റെ പുറത്ത് കയറി ദൈവപുരുഷന്‍റെ പിന്നാലെ ചെന്നു; അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നതു കണ്ടു: “നീ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോ?” എന്നു അവനോട് ചോദിച്ചു. അവൻ: “അതേ” എന്നു പറഞ്ഞു. അവൻ അവനോട്: “നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം” എന്നു പറഞ്ഞു. അതിന് അവൻ: “എനിക്കു നിന്നോടുകൂടെ പോരുകയോ നിന്‍റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവച്ചു നിന്നോടുകൂടെ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. നീ അവിടെവച്ച് അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത് എന്നു യഹോവ എന്നോടു കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതിന് അവൻ: “ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യേണ്ടതിന് നീ അവനെ നിന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അവൻ പറഞ്ഞത് ഭോഷ്കായിരുന്നു. അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്‍റെ വീട്ടിൽവച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തു. അവൻ ഭക്ഷണമേശയിലിരിക്കുമ്പോൾ, അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി. അവൻ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോട്: “നീ യഹോവയുടെ വചനം മറുത്തു നിന്‍റെ ദൈവമായ യഹോവയുടെ കല്പന പ്രമാണിക്കാതെ, അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യരുതെന്ന് നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തതുകൊണ്ടു നിന്‍റെ ജഡം നിന്‍റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു” എന്നു വിളിച്ചുപറഞ്ഞു. ഭക്ഷിച്ചു പാനംചെയ്ത് കഴിഞ്ഞപ്പോൾ വൃദ്ധനായ പ്രവാചകൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു വേണ്ടി കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു; അവൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു സിംഹം അവനെ കൊന്നുകളഞ്ഞു; അവന്‍റെ ശവം വഴിയിൽ കിടന്നു, കഴുതയും സിംഹവും ശവത്തിന്‍റെ അരികെ നിന്നിരുന്നു. ശവം വഴിയിൽ കിടക്കുന്നതും അതിന്‍റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു, വഴിപോക്കർ വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു. അവനെ വഴിയിൽനിന്നു കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അത് കേട്ടപ്പോൾ: “അവൻ യഹോവയുടെ വചനം അനുസരിക്കാത്ത ദൈവപുരുഷൻ തന്നെ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു” എന്നു പറഞ്ഞു. പിന്നെ അവൻ തന്‍റെ പുത്രന്മാരോട്: “കഴുതയ്ക്കു കോപ്പിട്ടുതരുവിൻ” എന്നു പറഞ്ഞു. അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്‍റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തിരുന്നില്ല. വൃദ്ധനായ പ്രവാചകൻ ദൈവപുരുഷന്‍റെ ശവം എടുത്ത് കഴുതപ്പുറത്ത് വച്ചു കൊണ്ടുവന്നു; അവൻ തന്‍റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്തു. അവൻ തന്‍റെ സ്വന്തകല്ലറയിൽ ശവം വച്ചിട്ട് അവനെക്കുറിച്ച്: “അയ്യോ എന്‍റെ സഹോദരാ” എന്നു പറഞ്ഞ് അവർ വിലാപം കഴിച്ചു. അവനെ അടക്കം ചെയ്തശേഷം അവൻ തന്‍റെ പുത്രന്മാരോട്: “ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നെ അടക്കം ചെയ്യേണം; അവന്‍റെ അസ്ഥികളുടെ അരികെ എന്‍റെ അസ്ഥികളും ഇടേണം. അവൻ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും” എന്നു പറഞ്ഞു. ഈ സംഭവത്തിനുശേഷവും യൊരോബെയാം തന്‍റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും തനിക്കു ബോധിച്ചവരെ വേർതിരിച്ച് പൂജാഗിരിപുരോഹിതന്മാരായി നിയമിച്ചു. യൊരോബെയാം ഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു കളയത്തക്കവണ്ണം ഈ കാര്യം അവർക്കു പാപമായ്തീർന്നു.

1 രാജാക്കന്മാർ 13:1-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിന്നരികെ നില്ക്കുമ്പോൾ തന്നേ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യെഹൂദയിൽ നിന്നു ബേഥേലിലേക്കു വന്നു. അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോടു: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദുഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു. അവൻ അന്നു ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളർന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു. ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിന്നു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവു കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്നു കൈ നീട്ടി: അവനെ പിടിപ്പിൻ എന്നു കല്പിച്ചു; എങ്കിലും അവന്റെനേരെ നിട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെ ആയി. ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്നു ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി. രാജാവു ദൈവപുരുഷനോടു: നീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി. രാജാവു ദൈവപുരുഷനോടു: നീ എന്നോടുകൂടെ അരമനയിൽ വന്നു അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്കു ഒരു സമ്മാനം തരും എന്നു പറഞ്ഞു. ദൈവപുരുഷൻ രാജാവിനോടു: നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവെച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല. നീ അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു; പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ബേഥേലിലേക്കു വന്ന വഴിയായി മടങ്ങാതെ മറ്റൊരുവഴിയായി പോയി. ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോടു പറഞ്ഞു; അവൻ രാജാവിനോടു പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു. അവരുടെ അപ്പൻ അവരോടു: അവൻ ഏതു വഴിക്കു പോയി എന്നു ചോദിച്ചു; യെഹൂദയിൽനിന്നു വന്നു ദൈവപുരുഷൻ പോയ വഴി അവന്റെ പുത്രന്മാർ കണ്ടിരുന്നു. അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു, അവർ കഴുതെക്കു കോപ്പിട്ടുകൊടുത്തു; അവൻ അതിന്റെ പുറത്തു കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു; അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോ എന്നു അവനോടു ചോദിച്ചു. അവൻ അതേ എന്നു പറഞ്ഞു. അവൻ അവനോടു: നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു. അതിന്നു അവൻ: എനിക്കു നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല. നീ അവിടെവെച്ചു അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു, പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു. അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്റെ വീട്ടിൽവെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു. അവൻ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായി. അവൻ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോടു: നീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിരുന്ന കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്നു അവൻ നിന്നോടു കല്പിച്ച സ്ഥലത്തു നീ മടങ്ങിവന്നു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു. അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു; അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു. വഴിപോകുന്ന ആളുകൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു. അവനെ വഴിയിൽ നിന്നു കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അതു കേട്ടപ്പോൾ: അവൻ യഹോവയുടെ വചനം മറുത്ത ദൈവപുരുഷൻ തന്നേ; യഹോവ അവനോടു അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന്നു ഏല്പിച്ചു; അതു അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു. പിന്നെ അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു. അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല. പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വെച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്തു. അവന്റെ ശവം അവൻ തന്റെ സ്വന്തകല്ലറയിൽ വെച്ചിട്ടു അവനെക്കുറിച്ചു: അയ്യോ എന്റെ സഹോദരാ എന്നിങ്ങനെ പറഞ്ഞു അവർ വിലാപം കഴിച്ചു. അവനെ അടക്കം ചെയ്തശേഷം അവൻ തന്റെ പുത്രന്മാരോടു: ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നേ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം. അവൻ ബേഥേലിലെ യാഗപീഠത്തിന്നും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും എന്നു പറഞ്ഞു. ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവർ പൂജാഗിരിപുരോഹിതന്മാരായ്തീർന്നു. യൊരോബെയാംഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു മുടിച്ചുകളയത്തക്കവണ്ണം ഈ കാര്യം അവർക്കു പാപമായ്തീർന്നു.

1 രാജാക്കന്മാർ 13:1-34 സമകാലിക മലയാളവിവർത്തനം (MCV)

യൊരോബെയാം ധൂപം അർപ്പിക്കുന്നതിനായി പീഠത്തിൽ നിൽക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കൽപ്പനയാൽ യെഹൂദ്യയിൽനിന്ന് ബേഥേലിലേക്കു വന്നു. ദൈവകൽപ്പനയാൽ അദ്ദേഹം യാഗപീഠത്തിന്റെ നേർക്കു വിളിച്ചുപറഞ്ഞു: “യാഗപീഠമേ, യാഗപീഠമേ! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ദാവീദിന്റെ കുടുംബത്തിൽ യോശിയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും. ഇവിടെ മലകളിൽ യാഗമർപ്പിക്കുന്ന പുരോഹിതന്മാരെ അവൻ നിന്റെമേൽ യാഗം കഴിക്കും. മനുഷ്യാസ്ഥികൾ നിന്റെമേൽ ദഹിപ്പിക്കപ്പെടും.’ ” അന്നുതന്നെ, ആ ദൈവപുരുഷൻ ഒരു ചിഹ്നവും നൽകി: “യഹോവ കൽപ്പിച്ചിരിക്കുന്ന ചിഹ്നം ഇതാണ്: ഈ യാഗപീഠം പൊട്ടിപ്പിളരുകയും ഇതിന്മേലുള്ള കൊഴുപ്പുനിറഞ്ഞ ചാരം തൂകിപ്പോകുകയും ചെയ്യും.” ബേഥേലിലെ യാഗപീഠത്തിനെതിരേ ദൈവപുരുഷൻ വിളിച്ചുപറഞ്ഞ വാക്കുകൾ യൊരോബെയാം കേട്ടപ്പോൾ അദ്ദേഹം യാഗപീഠത്തിൽനിന്ന് കൈചൂണ്ടിക്കൊണ്ട്: “അവനെ പിടിക്കുക!” എന്നു കൽപ്പിച്ചു. എന്നാൽ, ദൈവപുരുഷന്റെനേരേ രാജാവു നീട്ടിയകരം, മടക്കാൻ കഴിയാത്തവിധം മരവിച്ചു പോയി. അപ്പോൾത്തന്നെ, യഹോവയുടെ വചനത്താൽ ദൈവപുരുഷൻ കൊടുത്ത അടയാളപ്രകാരം യാഗപീഠം പൊട്ടിപ്പിളർന്നു വേർപെടുകയും അതിന്മേലുള്ള കൊഴുപ്പുനിറഞ്ഞ ചാരം തൂകിപ്പോകുകയും ചെയ്തു. അപ്പോൾ, രാജാവ് ദൈവപുരുഷനോട്: “എന്റെ കൈ വീണ്ടും മടങ്ങാൻവേണ്ടി താങ്കളുടെ ദൈവമായ യഹോവയോടു മധ്യസ്ഥതചെയ്ത് എനിക്കുവേണ്ടി പ്രാർഥിക്കണേ!” എന്നപേക്ഷിച്ചു. ആ ദൈവപുരുഷൻ രാജാവിനുവേണ്ടി ദൈവത്തോടു മധ്യസ്ഥതവഹിച്ചു പ്രാർഥിച്ചു; രാജാവിന്റെ കൈ പൂർവസ്ഥിതിയിലായിത്തീർന്നു. രാജാവ് ദൈവപുരുഷനോട്: “എന്നോടുകൂടെ അരമനയിൽ വന്ന് എന്തെങ്കിലും ഭക്ഷിച്ചാലും! ഞാൻ അങ്ങേക്കൊരു സമ്മാനവും നൽകുന്നുണ്ട്” എന്നു പറഞ്ഞു. എന്നാൽ, ആ ദൈവപുരുഷൻ രാജാവിനോടു മറുപടി പറഞ്ഞു: “നിന്റെ സമ്പത്തിൽ പകുതി തന്നാലും ഞാൻ നിന്റെകൂടെ വരികയോ ഇവിടെവെച്ച് അപ്പം ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. കാരണം, ‘നീ അപ്പം ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ വന്നവഴിയായി തിരികെ പോകുകയോ ചെയ്യരുത്,’ എന്നാണ് എനിക്കു ലഭിച്ചിരിക്കുന്ന യഹോവയുടെ കൽപ്പന.” അതിനാൽ, അദ്ദേഹം വന്നവഴിയേതന്നെ മടങ്ങാതെ, മറ്റൊരു വഴിയായി ബേഥേലിലേക്കു മടങ്ങിപ്പോയി. അതേസമയം, ബേഥേലിൽ വൃദ്ധനായ ഒരു പ്രവാചകൻ ഉണ്ടായിരുന്നു. ഈ പ്രവാചകന്റെ പുത്രന്മാർ വന്ന് ദൈവപുരുഷൻ അന്ന് ബേഥേലിൽ ചെയ്ത കാര്യങ്ങളെല്ലാം അദ്ദേഹത്തോടു പറഞ്ഞു. ദൈവപുരുഷൻ രാജാവിനോടു പറഞ്ഞ കാര്യങ്ങളും അവർ പിതാവിനെ അറിയിച്ചു. “ഏതു വഴിയായാണ് അദ്ദേഹം യാത്രയായത്,” എന്ന് അവരുടെ പിതാവു ചോദിച്ചു. യെഹൂദ്യയിൽനിന്നുള്ള ദൈവപുരുഷൻ മടങ്ങിപ്പോയ വഴി അവർ തങ്ങളുടെ പിതാവിനു കാണിച്ചുകൊടുത്തു. “എനിക്കുവേണ്ടി കഴുതയ്ക്കു കോപ്പിട്ടുതരിക,” എന്ന് അദ്ദേഹം തന്റെ പുത്രന്മാരോട് ആവശ്യപ്പെട്ടു. അവർ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തപ്പോൾ, അദ്ദേഹം കഴുതപ്പുറത്തുകയറി ദൈവപുരുഷന്റെ പിന്നാലെ യാത്രപുറപ്പെട്ടു. കരുവേലകത്തിൻകീഴേ ഇരിക്കുന്ന ദൈവപുരുഷനെ കണ്ടെത്തി. അദ്ദേഹം ചോദിച്ചു: “യെഹൂദ്യയിൽനിന്നും വന്ന ദൈവപുരുഷൻ താങ്കളാണോ?” “അതേ, ഞാൻതന്നെ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോൾ, വൃദ്ധനായ പ്രവാചകൻ അദ്ദേഹത്തോട്: “എന്റെ ഭവനത്തിൽ വന്ന് എന്നോടുകൂടി ഭക്ഷണം കഴിച്ചാലും” എന്നപേക്ഷിച്ചു. ദൈവപുരുഷൻ അതിനു മറുപടി പറഞ്ഞത്: “എനിക്കു താങ്കളോടുകൂടി വരാൻ നിർവാഹമില്ല. ഈ സ്ഥലത്തുവെച്ചു താങ്കളോടുകൂടി അപ്പം തിന്നുന്നതിനോ വെള്ളം കുടിക്കുന്നതിനോ എനിക്കു സാധ്യവുമല്ല. ‘നീ അവിടെവെച്ച് അപ്പം തിന്നരുത്; വെള്ളം കുടിക്കരുത്; പോയവഴിയായി മടങ്ങിവരികയുമരുത്,’ എന്നാണ് എനിക്കു ലഭിച്ചിട്ടുള്ള യഹോവയുടെ കൽപ്പന.” അതിനു വൃദ്ധനായ പ്രവാചകൻ ദൈവപുരുഷനോട്: “താങ്കളെപ്പോലെതന്നെ ഞാനും ഒരു പ്രവാചകനാണ്. ‘അവനെ നിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരിക, അവൻ അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യട്ടെ’ എന്ന് യഹോവയുടെ അരുളപ്പാടായി ഒരു ദൈവദൂതൻ എന്നോടു പറഞ്ഞു,” എന്നു മറുപടി പറഞ്ഞു. എന്നാൽ, ആ വൃദ്ധനായ പ്രവാചകൻ കളവ് പറയുകയായിരുന്നു. അതിനാൽ, ആ ദൈവപുരുഷൻ അദ്ദേഹത്തോടൊപ്പം മടങ്ങിച്ചെന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽനിന്ന് തിന്നുകയും കുടിക്കുകയും ചെയ്തു. അവർ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, അദ്ദേഹത്തെ തിരികെ വിളിച്ചുകൊണ്ടുവന്ന വൃദ്ധനായ പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി. യെഹൂദ്യയിൽനിന്നും വന്ന ദൈവപുരുഷനോടായി അദ്ദേഹം വിളിച്ചുപറഞ്ഞു: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘താങ്കൾ യഹോവയുടെ വചനം ധിക്കരിച്ചിരിക്കുന്നു; താങ്കളുടെ ദൈവമായ യഹോവ താങ്കൾക്കുതന്ന കൽപ്പന പ്രമാണിച്ചതുമില്ല. അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യരുതെന്ന് യഹോവ കൽപ്പിച്ച സ്ഥലത്തേക്കുതന്നെ താങ്കൾ തിരിച്ചുവരികയും അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ, താങ്കളുടെ മൃതശരീരം താങ്കളുടെ പിതാക്കന്മാരുടെ കല്ലറയിൽ സംസ്കരിക്കപ്പെടുകയില്ല.’ ” ദൈവപുരുഷൻ ഭക്ഷിച്ചുപാനംചെയ്തു കഴിഞ്ഞപ്പോൾ, അദ്ദേഹത്തെ മടക്കിക്കൊണ്ടുവന്ന വൃദ്ധനായ പ്രവാചകൻ അദ്ദേഹത്തിനുവേണ്ടി തന്റെ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു. ദൈവപുരുഷൻ മടങ്ങിപ്പോകുമ്പോൾ ഒരു സിംഹം വഴിയിൽവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം വഴിയരികിൽ കിടന്നിരുന്നു; സിംഹവും കഴുതയും അരികത്തുതന്നെ നിന്നിരുന്നു. വഴിയാത്രക്കാരിൽ ചിലർ മൃതദേഹം വഴിയിൽ കിടക്കുന്നതും സിംഹം അതിനരികെ നിൽക്കുന്നതും കണ്ടിട്ട് വൃദ്ധനായ പ്രവാചകൻ താമസിച്ചിരുന്ന നഗരത്തിൽച്ചെന്ന് വിവരം അറിയിച്ചു. അയാളെ വഴിയിൽനിന്നു മടക്കിക്കൊണ്ടുവന്ന വൃദ്ധപ്രവാചകൻ ഇതു കേട്ടപ്പോൾ പറഞ്ഞു: “യഹോവയുടെ വാക്കിനെ ധിക്കരിച്ചത് ആ ദൈവപുരുഷനാണ്. യഹോവ അദ്ദേഹത്തെ സിംഹത്തിന് ഏൽപ്പിച്ചുകൊടുത്തു. യഹോവയുടെ വചനംപോലെതന്നെ സിംഹം അദ്ദേഹത്തെ കീറിക്കളഞ്ഞു.” “എന്റെ കഴുതയ്ക്കു കോപ്പിട്ടുതരിക,” എന്ന് വൃദ്ധപ്രവാചകൻ തന്റെ പുത്രന്മാരോടു പറഞ്ഞു. അവർ അപ്രകാരം ചെയ്തുകൊടുത്തു. അദ്ദേഹം പുറപ്പെട്ടുചെല്ലുമ്പോൾ ദൈവപുരുഷന്റെ മൃതദേഹം വഴിയിൽ കിടക്കുന്നതും സിംഹവും കഴുതയും അതിന്റെ അരികിൽ നിൽക്കുന്നതും കണ്ടു. സിംഹം ആ മൃതദേഹം തിന്നുകയോ കഴുതയെ ആക്രമിക്കുകയോ ചെയ്തിരുന്നില്ല. പ്രവാചകൻ ആ ദൈവപുരുഷന്റെ മൃതശരീരമെടുത്തു കഴുതപ്പുറത്തുകിടത്തി. മൃതദേഹം സംസ്കരിക്കുന്നതിനും ദുഃഖാചരണത്തിനുമായി അദ്ദേഹം അതു തന്റെ സ്വന്തം പട്ടണത്തിലേക്കു കൊണ്ടുവന്നു. ആ മൃതദേഹം അദ്ദേഹം തന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു; “അയ്യോ! എന്റെ സഹോദരാ!” എന്നു പറഞ്ഞ് അവർ അദ്ദേഹത്തിനുവേണ്ടി വിലപിച്ചു. അദ്ദേഹത്തെ സംസ്കരിച്ചശേഷം വൃദ്ധപ്രവാചകൻ തന്റെ പുത്രന്മാരോടു പറഞ്ഞു: “ഞാൻ മരിക്കുമ്പോൾ എന്റെ ശരീരവും ആ ദൈവപുരുഷനെ വെച്ച കല്ലറയിൽത്തന്നെ സംസ്കരിക്കണം; എന്റെ അസ്ഥികൾ അദ്ദേഹത്തിന്റെ അസ്ഥികൾക്കരികെതന്നെ നിക്ഷേപിക്കേണം. യഹോവയുടെ കൽപ്പനപ്രകാരം ബേഥേലിലെ യാഗപീഠത്തിനും ശമര്യാനഗരങ്ങളിലെ മലകളിലുള്ള ക്ഷേത്രങ്ങൾക്കുമെതിരായി അദ്ദേഹം പ്രഖ്യാപിച്ച വചനങ്ങൾ തീർച്ചയായും സംഭവിക്കും.” ഈ സംഭവത്തിനുശേഷവും യൊരോബെയാം തന്റെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിഞ്ഞില്ല. അദ്ദേഹം പിന്നെയും സർവജനങ്ങളിൽനിന്നും യാഗമർപ്പിച്ചുവന്നിരുന്ന ക്ഷേത്രങ്ങളിലേക്ക് പുരോഹിതന്മാരെ നിയമിച്ചു. പുരോഹിതജോലി ആഗ്രഹിച്ചിരുന്നവരെയെല്ലാം അദ്ദേഹം ഇത്തരം ക്ഷേത്രങ്ങളിലേക്ക് വേർതിരിച്ചു. യൊരോബെയാംരാജവംശത്തിന്റെ പതനത്തിനും അവർ ഭൂമുഖത്തുനിന്നു നശിപ്പിക്കപ്പെടുന്നതിനും കാരണമായിത്തീർന്ന പാപം ഇതായിരുന്നു.