1 രാജാക്കന്മാർ 13:1-10

1 രാജാക്കന്മാർ 13:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിനരികെ നില്ക്കുമ്പോൾത്തന്നെ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യെഹൂദായിൽനിന്നു ബേഥേലിലേക്കു വന്നു. അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദുഗൃഹത്തിന് യോശീയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽവച്ച് അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചു പറഞ്ഞു. അവൻ അന്ന് ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു. ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിനു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: അവനെ പിടിപ്പിൻ എന്നു കല്പിച്ചു; എങ്കിലും അവന്റെ നേരേ നീട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെയായി. ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി. രാജാവ് ദൈവപുരുഷനോട്: നീ നിന്റെ ദൈവമായ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ച് എന്റെ കൈ മടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി. രാജാവ് ദൈവപുരുഷനോട്: നീ എന്നോടുകൂടെ അരമനയിൽ വന്ന് അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്ക് ഒരു സമ്മാനം തരും എന്നു പറഞ്ഞു. ദൈവപുരുഷൻ രാജാവിനോട്: നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല. നീ അപ്പം തിന്നരുത്, വെള്ളം കുടിക്കരുത്; പോയ വഴിയായി മടങ്ങിവരികയും അരുത് എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയായി മടങ്ങാതെ മറ്റൊരു വഴിയായി പോയി.

1 രാജാക്കന്മാർ 13:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ധൂപാർപ്പണത്തിനുവേണ്ടി യെരോബെയാം ബലിപീഠത്തിനരികെ നില്‌ക്കുമ്പോൾ സർവേശ്വരന്റെ കല്പനയനുസരിച്ച് ഒരു പ്രവാചകൻ യെഹൂദായിൽനിന്നു ബേഥേലിൽ വന്നു. അവിടുന്നു കല്പിച്ചതു പ്രവാചകൻ വിളിച്ചുപറഞ്ഞു: “അല്ലയോ ബലിപീഠമേ! ബലിപീഠമേ! സർവേശ്വരൻ അരുളിച്ചെയ്യുന്നതു കേൾക്കുക; ദാവീദിന്റെ കുടുംബത്തിൽ യോശിയാ എന്നൊരു പുത്രൻ ജനിക്കും. നിന്റെമേൽ ധൂപാർപ്പണം നടത്തുന്ന പൂജാഗിരികളിലെ പുരോഹിതന്മാരെ അവൻ നിന്റെമേൽ ബലി അർപ്പിക്കും. മനുഷ്യാസ്ഥികൾ നിന്റെമേൽ വച്ച് ദഹിപ്പിക്കും. ഒരു അടയാളം കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: സർവേശ്വരനാണ് സംസാരിക്കുന്നത് എന്നതിന്റെ അടയാളം ഇതാകുന്നു. ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം നിലത്തു വീഴും. യെരോബെയാംരാജാവ് ഇതു കേട്ടപ്പോൾ കൈ ചൂണ്ടിക്കൊണ്ട് “അവനെ പിടിക്കുക” എന്നു കല്പിച്ചു. തൽക്ഷണം രാജാവിന്റെ കൈ മരവിച്ചു മടക്കാൻ കഴിയാതെയായി. സർവേശ്വരന്റെ കല്പനയാൽ ദൈവപുരുഷൻ പറഞ്ഞതുപോലെ യാഗപീഠം പിളർന്നു ചാരം നിലത്തു വീണു. “എന്റെ കൈ സുഖപ്പെടുത്താൻ നിന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിക്കണമേ” എന്നു രാജാവു ദൈവപുരുഷനോടു അപേക്ഷിച്ചു. അദ്ദേഹം സർവേശ്വരനോടു പ്രാർഥിച്ചു; രാജാവിന്റെ കൈ പൂർവസ്ഥിതിയിലായി. അപ്പോൾ രാജാവു ദൈവപുരുഷനോടു പറഞ്ഞു: “കൊട്ടാരത്തിൽ വന്നു ഭക്ഷണം കഴിഞ്ഞു വിശ്രമിച്ചു പോയാലും; ഞാൻ അങ്ങേക്ക് ഒരു സമ്മാനവും തരാനുദ്ദേശിക്കുന്നു.” രാജാവിനോട് അദ്ദേഹം പറഞ്ഞു: “കൊട്ടാരത്തിന്റെ പകുതിതന്നെ തന്നാലും ഞാൻ അങ്ങയുടെ കൂടെ വരികയില്ല. ഈ സ്ഥലത്തുവച്ചു ഞാൻ യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഇല്ല.” “നീ ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ പോയ വഴിയെ മടങ്ങുകയോ ചെയ്യരുതെന്ന് സർവേശ്വരൻ എന്നോടു കല്പിച്ചിട്ടുണ്ട്.” അങ്ങനെ അദ്ദേഹം മറ്റൊരു വഴിയിലൂടെ ബേഥേലിൽനിന്നു തിരിച്ചുപോയി.

1 രാജാക്കന്മാർ 13:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യൊരോബെയാം ധൂപം കാട്ടുവാൻ യാഗപീഠത്തിന്നരികെ നില്ക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനപ്രകാരം യെഹൂദയിൽനിന്നു ബേഥേലിലേക്കു വന്നു. അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: “അല്ലയോ യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്‍റെ ഭവനത്തിൽ യോശീയാവ് എന്നു ഒരു മകൻ ജനിക്കും; അവൻ ഇവിടെ നിന്‍റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്‍റെമേൽ വച്ചു അറുക്കുകയും മനുഷ്യാസ്ഥികളെ നിന്‍റെമേൽ ചുട്ടുകളയുകയും ചെയ്യും” എന്നു വിളിച്ചുപറഞ്ഞു. അവൻ അന്നു ഒരു അടയാളവും കൊടുത്തു: “ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇത് യഹോവ കല്പിച്ച അടയാളം” എന്നു പറഞ്ഞു. ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിനു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: “അവനെ പിടിക്കുവിൻ” എന്നു കല്പിച്ചു; എങ്കിലും അവന്‍റെനേരെ നീട്ടിയ കൈ വരണ്ടുപോയി; തിരികെ മടക്കുവാൻ കഴിയാതെ ആയി. ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം തൂകിപ്പോയി. രാജാവ് ദൈവപുരുഷനോട്: “നീ നിന്‍റെ ദൈവമായ യഹോവയോടു കൃപക്കായി അപേക്ഷിച്ച് എന്‍റെ കൈ മടങ്ങുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കേണം” എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; അപ്പോൾ രാജാവിന്‍റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി. രാജാവ് ദൈവപുരുഷനോട്: “നീ എന്നോടുകൂടെ അരമനയിൽ വന്ന് ഭക്ഷണം കഴിച്ചാലും; ഞാൻ നിനക്കു ഒരു സമ്മാനം തരും” എന്നു പറഞ്ഞു. ദൈവപുരുഷൻ രാജാവിനോട്: “നിന്‍റെ അരമനയുടെ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവച്ചു ഞാൻ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. ‘നീ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത്’ എന്നു യഹോവ എന്നോടു കല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയെ മടങ്ങാതെ മറ്റൊരു വഴിയായി പോയി.

1 രാജാക്കന്മാർ 13:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിന്നരികെ നില്ക്കുമ്പോൾ തന്നേ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യെഹൂദയിൽ നിന്നു ബേഥേലിലേക്കു വന്നു. അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോടു: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദുഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു. അവൻ അന്നു ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളർന്നു അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു. ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിന്നു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവു കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്നു കൈ നീട്ടി: അവനെ പിടിപ്പിൻ എന്നു കല്പിച്ചു; എങ്കിലും അവന്റെനേരെ നിട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാൻ കഴിവില്ലാതെ ആയി. ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്നു ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി. രാജാവു ദൈവപുരുഷനോടു: നീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി. രാജാവു ദൈവപുരുഷനോടു: നീ എന്നോടുകൂടെ അരമനയിൽ വന്നു അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്കു ഒരു സമ്മാനം തരും എന്നു പറഞ്ഞു. ദൈവപുരുഷൻ രാജാവിനോടു: നിന്റെ അരമനയിൽ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവെച്ചു ഞാൻ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല. നീ അപ്പം തിന്നരുതു, വെള്ളം കുടിക്കരുതു; പോയ വഴിയായി മടങ്ങിവരികയും അരുതു എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ബേഥേലിലേക്കു വന്ന വഴിയായി മടങ്ങാതെ മറ്റൊരുവഴിയായി പോയി.

1 രാജാക്കന്മാർ 13:1-10 സമകാലിക മലയാളവിവർത്തനം (MCV)

യൊരോബെയാം ധൂപം അർപ്പിക്കുന്നതിനായി പീഠത്തിൽ നിൽക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കൽപ്പനയാൽ യെഹൂദ്യയിൽനിന്ന് ബേഥേലിലേക്കു വന്നു. ദൈവകൽപ്പനയാൽ അദ്ദേഹം യാഗപീഠത്തിന്റെ നേർക്കു വിളിച്ചുപറഞ്ഞു: “യാഗപീഠമേ, യാഗപീഠമേ! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ദാവീദിന്റെ കുടുംബത്തിൽ യോശിയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും. ഇവിടെ മലകളിൽ യാഗമർപ്പിക്കുന്ന പുരോഹിതന്മാരെ അവൻ നിന്റെമേൽ യാഗം കഴിക്കും. മനുഷ്യാസ്ഥികൾ നിന്റെമേൽ ദഹിപ്പിക്കപ്പെടും.’ ” അന്നുതന്നെ, ആ ദൈവപുരുഷൻ ഒരു ചിഹ്നവും നൽകി: “യഹോവ കൽപ്പിച്ചിരിക്കുന്ന ചിഹ്നം ഇതാണ്: ഈ യാഗപീഠം പൊട്ടിപ്പിളരുകയും ഇതിന്മേലുള്ള കൊഴുപ്പുനിറഞ്ഞ ചാരം തൂകിപ്പോകുകയും ചെയ്യും.” ബേഥേലിലെ യാഗപീഠത്തിനെതിരേ ദൈവപുരുഷൻ വിളിച്ചുപറഞ്ഞ വാക്കുകൾ യൊരോബെയാം കേട്ടപ്പോൾ അദ്ദേഹം യാഗപീഠത്തിൽനിന്ന് കൈചൂണ്ടിക്കൊണ്ട്: “അവനെ പിടിക്കുക!” എന്നു കൽപ്പിച്ചു. എന്നാൽ, ദൈവപുരുഷന്റെനേരേ രാജാവു നീട്ടിയകരം, മടക്കാൻ കഴിയാത്തവിധം മരവിച്ചു പോയി. അപ്പോൾത്തന്നെ, യഹോവയുടെ വചനത്താൽ ദൈവപുരുഷൻ കൊടുത്ത അടയാളപ്രകാരം യാഗപീഠം പൊട്ടിപ്പിളർന്നു വേർപെടുകയും അതിന്മേലുള്ള കൊഴുപ്പുനിറഞ്ഞ ചാരം തൂകിപ്പോകുകയും ചെയ്തു. അപ്പോൾ, രാജാവ് ദൈവപുരുഷനോട്: “എന്റെ കൈ വീണ്ടും മടങ്ങാൻവേണ്ടി താങ്കളുടെ ദൈവമായ യഹോവയോടു മധ്യസ്ഥതചെയ്ത് എനിക്കുവേണ്ടി പ്രാർഥിക്കണേ!” എന്നപേക്ഷിച്ചു. ആ ദൈവപുരുഷൻ രാജാവിനുവേണ്ടി ദൈവത്തോടു മധ്യസ്ഥതവഹിച്ചു പ്രാർഥിച്ചു; രാജാവിന്റെ കൈ പൂർവസ്ഥിതിയിലായിത്തീർന്നു. രാജാവ് ദൈവപുരുഷനോട്: “എന്നോടുകൂടെ അരമനയിൽ വന്ന് എന്തെങ്കിലും ഭക്ഷിച്ചാലും! ഞാൻ അങ്ങേക്കൊരു സമ്മാനവും നൽകുന്നുണ്ട്” എന്നു പറഞ്ഞു. എന്നാൽ, ആ ദൈവപുരുഷൻ രാജാവിനോടു മറുപടി പറഞ്ഞു: “നിന്റെ സമ്പത്തിൽ പകുതി തന്നാലും ഞാൻ നിന്റെകൂടെ വരികയോ ഇവിടെവെച്ച് അപ്പം ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. കാരണം, ‘നീ അപ്പം ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ വന്നവഴിയായി തിരികെ പോകുകയോ ചെയ്യരുത്,’ എന്നാണ് എനിക്കു ലഭിച്ചിരിക്കുന്ന യഹോവയുടെ കൽപ്പന.” അതിനാൽ, അദ്ദേഹം വന്നവഴിയേതന്നെ മടങ്ങാതെ, മറ്റൊരു വഴിയായി ബേഥേലിലേക്കു മടങ്ങിപ്പോയി.