1 രാജാക്കന്മാർ 12:26-30

1 രാജാക്കന്മാർ 12:26-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദുഗൃഹത്തിന് ആയിപ്പോകും; ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു. ആകയാൽ രാജാവ് ആലോചിച്ചു പൊന്നുകൊണ്ട് രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്ന് അവരോടു പറഞ്ഞു. അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു. ഈ കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാൻ ദാൻവരെ ചെന്നു.

1 രാജാക്കന്മാർ 12:26-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെരോബെയാം ആത്മഗതം ചെയ്തു: എന്റെ ജനം ഇന്നു ചെയ്യുന്നതുപോലെ യെരൂശലേംദേവാലയത്തിൽ പോയി അവിടെ തുടർന്നു യാഗങ്ങളർപ്പിച്ചാൽ എന്നോടുള്ള കൂറു വിട്ട് രെഹബെയാമിലേക്ക് അവർ തിരിയും; എന്നെ വധിച്ച ശേഷം അയാളെ അനുഗമിക്കുകയും ചെയ്യും. അതുകൊണ്ട് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ച് ഒരു ഉപായം കണ്ടുപിടിച്ചു. സ്വർണംകൊണ്ടു രണ്ടു കാളക്കുട്ടികളെ നിർമ്മിച്ചശേഷം അവരോടു പറഞ്ഞു: “നിങ്ങൾ യെരൂശലേമിലേക്ക് എത്രയോ നാളുകളായി പോകുന്നു. ഇതാ! നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്ന ദേവന്മാർ.” പിന്നീട് രാജാവു സ്വർണകാളക്കുട്ടികളിൽ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു. അങ്ങനെ ജനം ബേഥേലിലും ദാനിലും പോയി കാളക്കുട്ടികളെ ആരാധിച്ചു സർവേശ്വരനോടു പാപം ചെയ്തു.

1 രാജാക്കന്മാർ 12:26-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ യൊരോബെയാം തന്‍റെ ഹൃദയത്തിൽ ചിന്തിച്ചത്: ‘രാജത്വം വീണ്ടും ദാവീദ് ഗൃഹത്തിന് ആയിപ്പോകും; ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിക്കുവാൻ പോയാൽ അവരുടെ ഹൃദയം യെഹൂദാരാജാവും തങ്ങളുടെ യജമാനനുമായ രെഹബെയാമിനോടു കൂറ് കാണിച്ച്, അവന്‍റെ പക്ഷം ചേർന്ന് എന്നെ കൊല്ലുകയും ചെയ്യും.’ ആകയാൽ രാജാവിനു ലഭിച്ച ഉപദേശപ്രകാരം, അവൻ പൊന്നുകൊണ്ട് രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; “യെരൂശലേംവരെ പോകുന്നതു നിങ്ങൾക്കു ബുദ്ധിമുട്ടാണ്; യിസ്രായേലേ, നിന്നെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ദൈവം ഇതാ” എന്നു അവരോടു പറഞ്ഞു. അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു. ഈ കാര്യം പാപഹേതുവായിത്തീർന്നു; ഒരു പ്രതിഷ്ഠയെ നമസ്കരിപ്പാൻ ജനം ദാൻവരെ ചെന്നു.

1 രാജാക്കന്മാർ 12:26-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദ് ഗൃഹത്തിന്നു ആയിപ്പോകും; ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു. ആകയാൽ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു. അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു. ഈ കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാൻ ദാൻവരെ ചെന്നു.

1 രാജാക്കന്മാർ 12:26-30 സമകാലിക മലയാളവിവർത്തനം (MCV)

പിന്നെ, യൊരോബെയാം മനസ്സിൽ ഇപ്രകാരം നിരൂപിച്ചു: “രാജ്യം മിക്കവാറും ദാവീദ് ഗൃഹത്തിലേക്കു മടങ്ങിപ്പോകാൻ സാധ്യതയുണ്ട്. ഈ ജനം ജെറുശലേമിൽ യഹോവയുടെ ആലയത്തിലേക്ക് യാഗങ്ങൾ അർപ്പിക്കുന്നതിനായി പോകുന്നപക്ഷം അവരുടെ ഹൃദയം യെഹൂദാരാജാവും തങ്ങളുടെ യജമാനനുമായ രെഹബെയാമിന്റെ വശത്തേക്കുചായും. അവർ എന്നെ വധിച്ച് രെഹബെയാം രാജാവിന്റെ പക്ഷത്തേക്കു ചേരും.” അതിനാൽ, അദ്ദേഹം ഉപദേശം തേടിയശേഷം സ്വർണംകൊണ്ടുള്ള രണ്ടു കാളക്കിടാങ്ങളെ ഉണ്ടാക്കി. അദ്ദേഹം ജനത്തോട്: “ജെറുശലേംവരെ പോകുന്നത് നിങ്ങൾക്കു ബുദ്ധിമുട്ടാണ്; ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്നവനായ, നിങ്ങളുടെ ദേവന്മാർ ഇതാ!” എന്നു പറഞ്ഞു. കാളക്കിടാങ്ങളിൽ ഒന്നിനെ അദ്ദേഹം ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു. ഇത് ഒരു പാപമായിത്തീർന്നു; ജനം അവയെ ആരാധിക്കാൻ ബേഥേലിലേക്കും ദാനിലേക്കും യാത്രചെയ്തു.