1 രാജാക്കന്മാർ 11:1-6

1 രാജാക്കന്മാർ 11:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശലോമോൻരാജാവ് ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു. നിങ്ങൾക്ക് അവരോടു കൂടിക്കലർച്ച അരുത്; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുത്; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്ത അന്യജാതികളിൽ നിന്നുള്ളവരെത്തന്നെ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു. അവന് എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു. തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണമായി അനുസരിക്കാതെ ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.

1 രാജാക്കന്മാർ 11:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശലോമോൻരാജാവ് ഫറവോയുടെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ തുടങ്ങിയ വിജാതീയരായ സ്‍ത്രീകളെയും പ്രേമിച്ചു; ‘അന്യജനതകളുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർ നിങ്ങളെ വശീകരിച്ചു അന്യദേവന്മാരെ നിങ്ങൾ ആരാധിക്കാൻ ഇടയാക്കും’ എന്നു സർവേശ്വരൻ അരുളിച്ചെയ്തിരുന്നിട്ടും ശലോമോൻ അവരെ ഗാഢമായി സ്നേഹിച്ചു. ശലോമോന് എഴുനൂറു രാജ്ഞിമാരും മുന്നൂറു ഉപഭാര്യമാരുമുണ്ടായിരുന്നു; അവർ അദ്ദേഹത്തിന്റെ ഹൃദയത്തെ വ്യതിചലിപ്പിച്ചു. ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അന്യദേവന്മാരിലേക്ക് അദ്ദേഹത്തിന്റെ ഹൃദയം തിരിച്ചു. അദ്ദേഹത്തിന്റെ പിതാവായ ദാവീദ് ദൈവമായ സർവേശ്വരനോടു വിശ്വസ്തനായിരുന്നതുപോലെ ശലോമോൻ അവിടുത്തോടു വിശ്വസ്തത പാലിച്ചില്ല. അദ്ദേഹം സീദോന്യരുടെ ദേവിയായ അസ്തൊരെത്തിനെയും അമ്മോന്യരുടെ ദേവനായ മില്‌ക്കോവിന്റെ മ്ലേച്ഛവിഗ്രഹത്തെയും ആരാധിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ സർവേശ്വരനോടു പൂർണവിശ്വസ്തത പുലർത്താതെ അദ്ദേഹം ദൈവമുമ്പാകെ പാപം ചെയ്തു.

1 രാജാക്കന്മാർ 11:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ശലോമോൻ രാജാവ് ഫറവോന്‍റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യജാതിക്കാരായ അനേകം സ്ത്രീകളെ സ്നേഹിച്ചു. “അവരും നിങ്ങളും അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും” എന്നു യഹോവ ഏത് ജനതകളെക്കുറിച്ച് യിസ്രായേൽ മക്കളോട് അരുളിച്ചെയ്തുവോ, അതിൽപ്പെട്ടതായിരുന്നു ഈ സ്ത്രീകൾ; എന്നിട്ടും ശലോമോൻ അവരോട് സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു. അവന് എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്‍റെ ഭാര്യമാർ അവന്‍റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. ശലോമോൻ വൃദ്ധനായപ്പോൾ ഭാര്യമാർ അവന്‍റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്‍റെ ഹൃദയം അവന്‍റെ അപ്പനായ ദാവീദിന്‍റെ ഹൃദയംപോലെ തന്‍റെ ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല. ശലോമോൻ സീദോന്യദേവിയായ അസ്തോരെത്ത് ദേവിയെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും പിൻപറ്റി അവയെ സേവിച്ചു തന്‍റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു.

1 രാജാക്കന്മാർ 11:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശലോമോൻരാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യർ, അമ്മോന്യർ, എദോമ്യർ, സീദോന്യർ, ഹിത്യർ എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു. നിങ്ങൾക്കു അവരോടു കൂടിക്കലർച്ച അരുതു; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുതു; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്ത അന്യജാതികളിൽനിന്നുള്ളവരെ തന്നേ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു. അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. എങ്ങനെയെന്നാൽ ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല. ശലോമോൻ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും ചെന്നു സേവിച്ചു തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂർണ്ണമായി അനുസരിക്കാതെ ശലോമോൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.

1 രാജാക്കന്മാർ 11:1-6 സമകാലിക മലയാളവിവർത്തനം (MCV)

ശലോമോൻരാജാവ് വിദേശികളായ അനേകം സ്ത്രീകളെ സ്നേഹിച്ചിരുന്നു. ഫറവോന്റെ മകളെക്കൂടാതെ മോവാബ്യരും അമ്മോന്യരും ഏദോമ്യരും സീദോന്യരും ഹിത്യരുമായ അനേകം സ്ത്രീകളെയും അദ്ദേഹം സ്നേഹിച്ചു. “നിങ്ങൾ അവരുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർക്കു നിങ്ങളോടും വിവാഹബന്ധം അരുത്; അവർ നിങ്ങളുടെ ഹൃദയം തങ്ങളുടെ ദേവന്മാരിലേക്കു നിശ്ചയമായും തിരിച്ചുകളയും,” എന്ന് ഏതു ജനതകളെക്കുറിച്ച് യഹോവ ഇസ്രായേലിനോട് അരുളിച്ചെയ്തിരുന്നോ, അതേ ജനതകളിൽപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. എന്നിട്ടും, ശലോമോൻ അവരെ ഗാഢമായി പ്രേമിച്ചു. അദ്ദേഹത്തിന്, രാജ്ഞിമാരായ 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം വശീകരിച്ചുകളഞ്ഞു. ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം അന്യദേവന്മാരിലേക്കു വ്യതിചലിപ്പിച്ചു. തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അദ്ദേഹത്തിന്റെ ഹൃദയം ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല. സീദോന്യരുടെ ദേവിയായ അസ്തരോത്തിനെയും അമ്മോന്യരുടെ മ്ലേച്ഛദേവനായ മോലെക്കിനെയും അദ്ദേഹം സേവിച്ചു. അങ്ങനെ, ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായതു പ്രവർത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ അദ്ദേഹം യഹോവയെ പരിപൂർണമായി അനുസരിച്ചില്ല.