1 രാജാക്കന്മാർ 1:1-52

1 രാജാക്കന്മാർ 1:1-52 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദാവീദുരാജാവ് വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല. ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട്: യജമാനനായ രാജാവിനുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചു നില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിനു തിരുമാർവിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു; അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന് പരിചാരികയായി ശുശ്രൂഷ ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല. അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് നിഗളിച്ചുംകൊണ്ട്: ഞാൻ രാജാവാകുമെന്നു പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും സമ്പാദിച്ചു. അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവച്ച് അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തത് എന്തെന്ന് അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവൻ ജനിച്ചത്. അവൻ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവർ അദോനീയാവിനു പിന്തുണയായിരുന്നു. എന്നാൽ പുരോഹിതനായ സാദോക്കും യെഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല. അദോനീയാവ് ഏൻ-രോഗേലിനു സമീപത്തു സോഹേലെത്ത് എന്ന കല്ലിനരികെവച്ച് ആടുമാടുകളെയും തടിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകല സഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു. എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല. എന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞത്: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല. ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന് ഞാൻ നിനക്ക് ആലോചന പറഞ്ഞുതരാം. നീ ദാവീദുരാജാവിന്റെ അടുക്കൽ ചെന്ന്: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് വാഴുന്നത് എന്ത് എന്ന് അവനോടു ചോദിക്ക. നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്ക് ഉറപ്പിച്ചുകൊള്ളാം. അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിനു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു. നിനക്ക് എന്തു വേണം എന്നു രാജാവ് ചോദിച്ചു. അവൾ അവനോടു പറഞ്ഞത്: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോട് സത്യം ചെയ്തുവല്ലോ. ഇപ്പോൾ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവ് അറിയുന്നതുമില്ല. അവൻ അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല. യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്നു നീ അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു. അല്ലാഞ്ഞാൽ, യജമാനനായ രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും. അവൾ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇതാ, നാഥാൻപ്രവാചകൻ വരുന്നു. നാഥാൻപ്രവാചകൻ വന്നിരിക്കുന്നു എന്നു രാജാവിനോട് അറിയിച്ചു. അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു. നാഥാൻ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവ് എന്റെ അനന്തരവനായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ? അവൻ ഇന്നു ചെന്ന് അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയ ജയ എന്നു പറയുന്നു. എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യെഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല. യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നത്? ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദുരാജാവ് കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു. എന്നാറെ രാജാവ്: എന്റെ ജീവനെ സകല കഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണ് എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാൻ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെതന്നെ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യം ചെയ്തു പറഞ്ഞു. അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദുരാജാവ് ദീർഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു. പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യെഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിൻ എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നു നിന്നു രാജാവ് അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകനായ ശലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ. അവിടെവച്ചു സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലോമോൻ രാജാവേ, ജയ ജയ എന്നു ഘോഷിച്ചുപറവിൻ. അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്കു പകരം വാഴേണം; യിസ്രായേലിനും യെഹൂദായ്ക്കും പ്രഭുവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു. അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവ് രാജാവിനോട്: ആമേൻ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെതന്നെ കല്പിക്കുമാറാകട്ടെ. യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദുരാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്ന് ദാവീദുരാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി, സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടു ചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും: ശലോമോൻ രാജാവേ, ജയ ജയ എന്നു ഘോഷിച്ചു പറഞ്ഞു. പിന്നെ ജനമൊക്കെയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമി കുലുങ്ങുമാറ് അത്യന്തം സന്തോഷിച്ചു. അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്ത് എന്നു ചോദിച്ചു. അവൻ പറയുമ്പോൾതന്നെ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവ് അവനോട്: അകത്തു വരിക; നീ യോഗ്യപുരുഷൻ; നീ നല്ല വർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. യോനാഥാൻ അദോനീയാവോട് ഉത്തരം പറഞ്ഞത്: നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു. രാജാവ് സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി. സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവച്ചു രാജാവായിട്ട് അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ട് അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം. അത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു; രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അഭിവന്ദനം ചെയ്‍വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽക്കൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു. രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ടു കാൺമാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. ഉടനെ അദോനീയാവിന്റെ വിരുന്നുകാരൊക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി. അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു. അദോനീയാവു ശലോമോൻരാജാവിനെ പേടിക്കുന്നു; ശലോമോൻ രാജാവ് അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്ന് ഇന്ന് എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വർത്തമാനം കേട്ടു. അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു.

1 രാജാക്കന്മാർ 1:1-52 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാവീദ്‍രാജാവു വൃദ്ധനായി; ഭൃത്യന്മാർ രാജാവിനെ പുതപ്പിച്ചിട്ടും അദ്ദേഹത്തിനു കുളിരു മാറിയില്ല. അവർ രാജാവിനോടു പറഞ്ഞു: “ഞങ്ങൾ അങ്ങേക്കുവേണ്ടി ഒരു യുവതിയെ അന്വേഷിക്കാം; അവൾ അങ്ങയെ ശുശ്രൂഷിക്കുകയും അങ്ങയുടെ കൂടെ കിടന്നു ചൂടു പകരുകയും ചെയ്യട്ടെ. അവർ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേൽദേശത്തെല്ലാം അന്വേഷിച്ചു; അങ്ങനെ ശൂനേംകാരിയായ അബീശഗിനെ രാജസന്നിധിയിൽ കൊണ്ടുവന്നു. അതിസുന്ദരിയായിരുന്ന അവൾ രാജാവിനെ ശുശ്രൂഷിച്ചു; എന്നാൽ രാജാവ് അവളെ പ്രാപിച്ചില്ല. അബ്ശാലോമിന്റെ മരണശേഷം അദോനിയാ ആയിരുന്നു ദാവീദിന്റെയും ഹഗ്ഗീത്തിന്റെയും പുത്രന്മാരിൽ മൂത്തവൻ. അവനും അതികോമളനായിരുന്നു; അവന്റെ തെറ്റായ പ്രവൃത്തികൾക്കു പിതാവ് അവനെ ഒരിക്കലും ശാസിച്ചിരുന്നില്ല. അവൻ രാജാവാകാൻ ആഗ്രഹിച്ചു. രഥങ്ങളെയും കുതിരക്കാരെയും കൂടാതെ അമ്പത് അകമ്പടിക്കാരെയും തനിക്കുവേണ്ടി ഒരുക്കി. സെരൂയായുടെ പുത്രനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരോടും ഇതേപ്പറ്റി അയാൾ ആലോചിച്ചു; അയാൾക്കു പിന്തുണ നല്‌കാമെന്ന് അവർ സമ്മതിച്ചു. എന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ പുത്രൻ ബെനായായും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ അംഗരക്ഷകരും അദോനിയായുടെ പക്ഷം ചേർന്നില്ല. അദോനിയാ ഒരു ദിവസം എൻ-രോഗെൽ അരുവിയുടെ സമീപത്തുള്ള സോഹേലത്ത് കല്ലിനരികെ ആടുമാടുകളെയും കൊഴുത്തു തടിച്ച മൃഗങ്ങളെയും യാഗമർപ്പിച്ചു. അയാൾ ദാവീദുരാജാവിന്റെ പുത്രന്മാരായ തന്റെ എല്ലാ സഹോദരന്മാരെയും രാജസേവകരായ സകല യെഹൂദ്യരെയും അതിനു ക്ഷണിച്ചിരുന്നു. എന്നാൽ നാഥാൻപ്രവാചകനെയും ബെനായായെയും രാജാവിന്റെ അംഗരക്ഷകരെയും തന്റെ സഹോദരനായ ശലോമോനെയും അയാൾ ക്ഷണിച്ചില്ല. നാഥാൻപ്രവാചകൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു ചോദിച്ചു: “ഹഗ്ഗീത്തിന്റെ പുത്രനായ അദോനിയാ രാജാവായതു നീ അറിഞ്ഞില്ലേ? നമ്മുടെ യജമാനനായ ദാവീദുരാജാവും ആ വിവരം അറിഞ്ഞിട്ടില്ല; നിന്റെയും നിന്റെ പുത്രൻ ശലോമോന്റെയും ജീവരക്ഷയ്‍ക്കുവേണ്ടി എന്റെ ഉപദേശം കേൾക്കുക; ഉടൻതന്നെ നീ ചെന്നു ദാവീദുരാജാവിനോടു ചോദിക്കണം: ‘എന്റെ യജമാനനായ രാജാവേ, എന്റെ മകൻ ശാലോമോൻ അങ്ങയുടെ പിൻഗാമിയായി സിംഹാസനത്തിൽ ഇരുന്നു വാഴുമെന്ന് അങ്ങ് എന്നോടു പ്രതിജ്ഞ ചെയ്തിരുന്നതല്ലേ? പിന്നെ എങ്ങനെ അദോനിയാ രാജാവായി?’ നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ വന്നു നിനക്കു പിന്തുണ നല്‌കിക്കൊള്ളാം.” ബത്ത്-ശേബ ശയനമുറിയിൽ രാജാവിന്റെ അടുക്കൽ ചെന്നു; ശൂനേംകാരി അബീശഗ് വൃദ്ധനായ രാജാവിനെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. ബത്ത്-ശേബ രാജാവിനെ താണുവണങ്ങി. “നിനക്ക് എന്തു വേണം” എന്നു രാജാവ് അവളോടു ചോദിച്ചു. അവൾ പറഞ്ഞു: “എന്റെ യജമാനനേ, എന്റെ മകൻ ശലോമോൻ അങ്ങേക്കു ശേഷം രാജാവായി അങ്ങയുടെ സിംഹാസനത്തിൽ വാണരുളുമെന്ന് അങ്ങയുടെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ അങ്ങ് എന്നോടു സത്യം ചെയ്തിരുന്നല്ലോ; എന്നാൽ ഇപ്പോൾ ഇതാ, അദോനിയാ രാജാവായിരിക്കുന്നു; അവിടുന്ന് ഇത് അറിയുന്നുമില്ല. അവൻ ഒട്ടു വളരെ കാളകളെയും ആടുകളെയും കൊഴുത്തു തടിച്ച മൃഗങ്ങളെയും കൊന്നു വിരുന്നു നടത്തുന്നു. അവൻ എല്ലാ രാജകുമാരന്മാരെയും പുരോഹിതനായ അബ്യാഥാരെയും സൈന്യാധിപനായ യോവാബിനെയും ക്ഷണിച്ചു. എന്നാൽ അങ്ങയുടെ പുത്രനായ ശലോമോനെ അവൻ ക്ഷണിച്ചിട്ടില്ല. എന്റെ യജമാനനായ രാജാവേ, അങ്ങയുടെ പിൻഗാമിയായി രാജ്യഭരണം നടത്തുന്നത് ആരായിരിക്കും എന്ന് അങ്ങു പ്രഖ്യാപിക്കുന്നതു കേൾക്കാൻ ഇസ്രായേൽജനം കാത്തിരിക്കുകയാണ്. അവിടുന്ന് അങ്ങനെ ചെയ്തില്ലെങ്കിൽ അങ്ങു മരിച്ച് പിതാക്കന്മാരോടു ചേരുമ്പോൾ എന്നെയും എന്റെ മകൻ ശലോമോനെയും അവർ രാജ്യദ്രോഹികളായി കണക്കാക്കും.” ബത്ത്-ശേബ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ നാഥാൻപ്രവാചകൻ കൊട്ടാരത്തിൽ വന്നു. പ്രവാചകൻ വന്ന വിവരം രാജാവിനെ അറിയിച്ചു. നാഥാൻ രാജസന്നിധിയിൽ വന്ന് താണുവണങ്ങി. പ്രവാചകൻ രാജാവിനോടു ചോദിച്ചു: “എന്റെ യജമാനനായ രാജാവേ, അങ്ങയുടെ പിൻഗാമിയായി അങ്ങയുടെ സിംഹാസനത്തിലിരുന്ന് അദോനിയാ രാജഭരണം നടത്തും എന്ന് അങ്ങു പ്രഖ്യാപിച്ചിട്ടുണ്ടോ? അവൻ ഇന്ന് അനേകം കാളകളെയും കൊഴുത്തു തടിച്ച ആടുമാടുകളെയും യാഗമർപ്പിച്ചു. വിരുന്നിന് എല്ലാ രാജകുമാരന്മാരെയും സൈന്യാധിപന്മാരെയും അബ്യാഥാർപുരോഹിതനെയും ക്ഷണിച്ചു. അവർ ഭക്ഷിച്ചു പാനം ചെയ്യുകയും ‘അദോനിയാരാജാവേ ജയ, ജയ’ എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു. എന്നാൽ അങ്ങയുടെ ദാസനായ എന്നെയും സാദോക്ക്പുരോഹിതനെയും യഹോയാദയുടെ പുത്രൻ ബെനായായെയും അങ്ങയുടെ പുത്രനായ ശലോമോനെയും അവൻ ക്ഷണിച്ചിട്ടില്ല. അങ്ങയുടെ പിൻഗാമിയായി രാജ്യഭരണം നടത്തേണ്ടത് ആരാണെന്ന് അങ്ങു ഞങ്ങളെ അറിയിച്ചിട്ടില്ലല്ലോ. അങ്ങയുടെ കല്പന അനുസരിച്ചാണോ ഇതു നടന്നത്?” ബത്ത്-ശേബയെ വിളിക്കാൻ രാജാവു കല്പിച്ചു; അവൾ രാജസന്നിധിയിൽ എത്തി. അദ്ദേഹം അവളോടു പറഞ്ഞു: “എന്റെ സകല കഷ്ടതകളിൽനിന്നും എന്നെ രക്ഷിച്ച ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ ഞാൻ നിന്നോടു സത്യം ചെയ്യുന്നു; നിന്റെ മകൻ ശലോമോൻ എന്റെ കാലശേഷം സിംഹാസനസ്ഥനായി രാജ്യഭരണം നടത്തുമെന്ന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിൽ ഞാൻ ചെയ്തിരുന്ന പ്രതിജ്ഞ ഇന്നു ഞാൻ നിറവേറ്റും.” ഇതു കേട്ട് ബത്ത്-ശേബ രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്റെ യജമാനനായ രാജാവു നീണാൾ വാഴട്ടെ” എന്ന് ആശംസിച്ചു. ദാവീദുരാജാവ് സാദോക്ക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യഹോയാദയുടെ പുത്രൻ ബെനായായെയും വിളിക്കാൻ കല്പിച്ചു; അവർ രാജസന്നിധിയിൽ എത്തി. രാജാവ് അവരോടു കല്പിച്ചു: “നിങ്ങൾ എന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകൻ ശലോമോനെ എന്റെ കോവർകഴുതപ്പുറത്തിരുത്തി ഗീഹോനിലേക്കു കൊണ്ടുപോകുക. അവിടെവച്ചു സാദോക്ക്പുരോഹിതനും നാഥാൻപ്രവാചകനും കൂടി അവനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യണം. പിന്നീട് കാഹളം ഊതി ‘ശലോമോൻരാജാവ് നീണാൾ വാഴട്ടെ’ എന്ന് ആർത്തുഘോഷിക്കണം. അതിനുശേഷം നിങ്ങൾ അവന്റെ പിന്നാലെ വരണം. അവൻ വന്ന് എന്റെ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ. ഇസ്രായേലിന്റെയും യെഹൂദായുടെയും ഭരണാധികാരിയായി ഞാൻ അവനെ നിയമിച്ചിരിക്കുന്നു.” അപ്പോൾ യഹോയാദയുടെ പുത്രൻ ബെനായാ പറഞ്ഞു: “അങ്ങനെയാകട്ടെ; യജമാനനായ രാജാവിന്റെ ദൈവമായ സർവേശ്വരനും അപ്രകാരംതന്നെ കല്പിക്കട്ടെ. അവിടുന്നു യജമാനനായ രാജാവിന്റെകൂടെ ഇരുന്നതുപോലെ ശാലോമോന്റെകൂടെയും ഇരിക്കട്ടെ. അദ്ദേഹത്തിന്റെ ഭരണം അങ്ങയുടേതിലും മികച്ചതായിരിക്കട്ടെ.” അങ്ങനെ സാദോക്ക്പുരോഹിതനും നാഥാൻപ്രവാചകനും യഹോയാദയുടെ പുത്രൻ ബെനായായും ക്രേത്യരും പെലേത്യരുമായ അംഗരക്ഷകരും ശലോമോനെ ദാവീദുരാജാവിന്റെ കോവർകഴുതപ്പുറത്തിരുത്തി ഗീഹോനിലേക്ക് ആനയിച്ചു. സാദോക്ക്പുരോഹിതൻ തിരുസാന്നിധ്യകൂടാരത്തിൽനിന്നു തൈലക്കൊമ്പെടുത്തു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി; ‘ശലോമോൻരാജാവു നീണാൾ വാഴട്ടെ’ എന്നു ജനം ആർത്തുവിളിച്ചു; അവർ കുഴലൂതിയും ഭൂമി പിളരുംവിധം ഹർഷാരവം മുഴക്കിയുംകൊണ്ട് ശലോമോനെ അനുഗമിച്ചു. വിരുന്നു കഴിഞ്ഞപ്പോഴേക്ക് അദോനിയായും കൂടെയുണ്ടായിരുന്ന അതിഥികളും ആ ശബ്ദകോലാഹലം കേട്ടു; പട്ടണത്തിൽനിന്ന് ഉയരുന്ന ആരവം എന്ത് എന്ന് യോവാബ് അന്വേഷിച്ചു; അയാൾ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ അബ്യാഥാർപുരോഹിതന്റെ പുത്രൻ യോനാഥാൻ അവിടെ എത്തി. അദോനിയാ പറഞ്ഞു: “അകത്തു വരിക; നല്ലവനായ നീ സദ്‍വാർത്ത ആയിരിക്കുമല്ലോ കൊണ്ടുവരുന്നത്.” യോനാഥാൻ അദോനിയായോടു പറഞ്ഞു: “നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു; രാജാവ് സാദോക്ക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യഹോയാദയുടെ പുത്രനായ ബെനായായെയും തന്റെ അംഗരക്ഷകരായ ക്രേത്യരെയും പെലേത്യരെയും അദ്ദേഹത്തിന്റെ കൂടെ അയച്ചു; അവർ അദ്ദേഹത്തെ രാജാവിന്റെ കോവർകഴുതപ്പുറത്താണ് എഴുന്നള്ളിച്ചത്. സാദോക്ക്പുരോഹിതനും നാഥാൻ പ്രവാചകനുംകൂടി അദ്ദേഹത്തെ ഗീഹോനിൽ വച്ചു രാജാവായി അഭിഷേകം ചെയ്തു. പട്ടണം ഇളകത്തക്കവിധം ആർത്തട്ടഹസിച്ചുകൊണ്ട് അവർ മടങ്ങിപ്പോയി. നിങ്ങൾ കേട്ട ആരവം അതാണ്. ശലോമോൻ ഇപ്പോൾ സിംഹാസനാരൂഢനായിരിക്കുന്നു. രാജഭൃത്യന്മാർ നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അനുമോദിക്കാൻ പോയിരുന്നു.” അങ്ങയുടെ ദൈവം ശലോമോന്റെ നാമത്തെ അങ്ങയുടേതിലും മഹനീയവും അദ്ദേഹത്തിന്റെ ഭരണം അങ്ങയുടേതിലും മികച്ചതുമാക്കട്ടെ എന്ന് അവർ ആശംസിച്ചു. രാജാവ് കിടക്കയിൽ ഇരുന്നുതന്നെ ദൈവത്തെ വണങ്ങി ഇങ്ങനെ പ്രാർഥിച്ചു. എന്റെ സന്തതികളിലൊരുവൻ സിംഹാസനത്തിലിരിക്കുന്നത് എനിക്കു കാണാൻ ഇടയാക്കിയ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടുമാറാകട്ടെ.” അപ്പോൾ അദോനിയായുടെ അതിഥികൾ ഭയപ്പെട്ട്; ഓരോരുത്തരായി സ്ഥലംവിട്ടു; ശലോമോനെ ഭയപ്പെട്ട അദോനിയാ ജീവരക്ഷയ്‍ക്കായി യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു. തന്നെ കൊല്ലുകയില്ലെന്നു ശലോമോൻ സത്യം ചെയ്യണമെന്ന് ഉദ്ദേശിച്ചുകൊണ്ടു ഭയചകിതനായ അദോനിയാ യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചിരിക്കുന്ന വിവരം ശലോമോൻ അറിഞ്ഞു. ശലോമോൻ പറഞ്ഞു: “അവൻ വിശ്വസ്തനെങ്കിൽ അവന്റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല. കുറ്റക്കാരനെങ്കിൽ മരിക്കുകതന്നെ വേണം.”

1 രാജാക്കന്മാർ 1:1-52 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദാവീദ്‌ രാജാവ് വൃദ്ധനും പ്രായം ചെന്നവനുമായപ്പോള്‍ അവർ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല. ആകയാൽ അവന്‍റെ ഭൃത്യന്മാർ അവനോട്: “യജമാനനായ രാജാവിനുവേണ്ടി കന്യകയായ ഒരു യുവതിയെ ഞങ്ങൾ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിക്കയും, അങ്ങേയുടെ കുളിർ മാറേണ്ടതിനു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ” എന്നു പറഞ്ഞു. അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിക്കുവേണ്ടി യിസ്രായേൽദേശത്തെല്ലായിടവും അന്വേഷിച്ചു; ശൂനേംകാരത്തി അബീശഗിനെ കണ്ടു, രാജാവിന്‍റെ അടുക്കൽ കൊണ്ടുവന്നു. ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിനെ പരിചരിക്കുകയും ശുശ്രൂഷിക്കയും ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല. അനന്തരം ഹഗ്ഗീത്തിന്‍റെ മകൻ അദോനീയാവ് നിഗളിച്ചു “ഞാൻ രാജാവാകും” എന്നു പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും, തനിക്കു മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും ഒരുക്കി. “നീ ഇങ്ങനെ ചെയ്തത് എന്ത്?” എന്നു അവന്‍റെ അപ്പൻ ഒരിക്കലും അവനെ ശാസിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അവൻ ജനിച്ചത് അബ്ശാലോമിനു ശേഷം ആയിരുന്നു. അവൻ സെരൂയയുടെ മകൻ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചു; ഇവർ അദോനീയാവിനെ തുണക്കുകയും സഹായിക്കുകയും ചെയ്തു. എന്നാൽ പുരോഹിതനായ സാദോക്ക്, യെഹോയാദയുടെ മകൻ ബെനായാവ്, പ്രവാചകനായ നാഥാൻ, ശിമെയി, രേയി, ദാവീദിന്‍റെ വീരന്മാർ എന്നിവർ അദോനീയാവിന്‍റെ പക്ഷം ചേർന്നിരുന്നില്ല. അദോനീയാവ് ഏൻ-രോഗേലിനു സമീപത്തു, സോഹേലെത്ത് എന്ന കല്ലിനരികെവച്ച് ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു; രാജകുമാരന്മാരായ തന്‍റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ എല്ലാ യെഹൂദാപുരുഷന്മാരെയും ക്ഷണിച്ചു. എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്‍റെ സഹോദരൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല. അനന്തരം നാഥാൻ ശലോമോന്‍റെ അമ്മയായ ബത്ത്-ശേബയോട് പറഞ്ഞത്: “ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് ഈ വിവരം അറിഞ്ഞിട്ടുമില്ല. ആകയാൽ വരിക; നിന്‍റെയും നിന്‍റെ മകനായ ശലോമോന്‍റെയും ജീവൻ രക്ഷിക്കേണ്ടതിന് ഞാൻ നിനക്കു ഒരു ആലോചന പറഞ്ഞുതരാം. നീ ദാവീദ്‌ രാജാവിന്‍റെ അടുക്കൽ ചെന്നു ഇപ്രകാരം പറയേണം: “യജമാനനായ രാജാവേ, നിന്‍റെ മകനായ ശലോമോൻ എനിക്കു ശേഷം രാജാവായി വാണ് എന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് രാജാവായി വാഴുന്നത് എന്ത്?” എന്നു അവനോടു ചോദിക്ക. നീ അവിടെ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ, ഞാനും നിന്‍റെ പിന്നാലെ വന്നു നിന്‍റെ വാക്ക് ഉറപ്പിച്ചുകൊള്ളാം.” അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്‍റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തി അബീശഗ് രാജാവിനു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു “നിനക്കു എന്തു വേണം?” എന്നു രാജാവ് ചോദിച്ചു. അവൾ അവനോടു പറഞ്ഞത്: “എന്‍റെ യജമാനനേ, നിന്‍റെ മകൻ ശലോമോൻ എനിക്കു ശേഷം രാജാവായി വാണ് എന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്‍റെ ദൈവമായ യഹോവയുടെ നാമത്തിൽ ഈ ദാസിയോട് സത്യം ചെയ്തിട്ടുണ്ടല്ലോ. ഇപ്പോൾ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്‍റെ യജമാനനായ രാജാവ് ഈ കാര്യം അറിയുന്നതുമില്ല. അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ചു; രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതി യോവാബിനെയും ക്ഷണിച്ചു; എങ്കിലും നിന്‍റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല. യജമാനനായ രാജാവേ, അങ്ങേയുടെ ശേഷം സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്നു അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്‍റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു. അല്ലാത്തപക്ഷം, യജമാനനായ രാജാവ് തന്‍റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ ഈ ലോകം വിട്ടുപിരിയുമ്പോള്‍, ഞാനും എന്‍റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.” അവൾ രാജാവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ നാഥാൻ പ്രവാചകൻ വന്നു. ‘നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു’ എന്നു അവർ രാജാവിനെ അറിയിച്ചു. അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം നമസ്കരിച്ചു. നാഥാൻ പ്രവാചകൻ പറഞ്ഞതെന്തെന്നാൽ: “യജമാനനായ രാജാവേ, അദോനീയാവ് രാജാവായി വാണ് എന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ? അവൻ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ച്, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു; അവർ അവന്‍റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: “അദോനീയാരാജാവേ, ജയജയ” എന്നു ആർപ്പിടുന്നു. എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യെഹോയാദയുടെ മകൻ ബെനായാവെയും നിന്‍റെ ദാസൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല. യജമാനനായ രാജാവിന്‍റെ കാലശേഷം അങ്ങേയുടെ സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ അറിയിക്കാതിരിക്കയാൽ, ഈ കാര്യം യജമാനനായ രാജാവിന്‍റെ കല്പനയാലോ നടന്നിരിക്കുന്നത്?” “ബത്ത്-ശേബയെ വിളിപ്പിൻ” എന്നു ദാവീദ്‌ രാജാവ് കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്‍റെ മുമ്പാകെ നിന്നു. അപ്പോൾ രാജാവ് സത്യംചെയ്തു പറഞ്ഞത്: “എന്‍റെ ജീവനെ സകലകഷ്ടത്തിൽ നിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ, നിന്‍റെ മകനായ ശലോമോൻ എന്‍റെ കാലശേഷം വാണ് എനിക്കു പകരം എന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോട് യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെ തന്നെ ഞാൻ ഇന്നു നിവർത്തിക്കും.” അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: “എന്‍റെ യജമാനനായ ദാവീദ്‌ രാജാവ് ദീർഘായുസ്സായിരിക്കട്ടെ” എന്നു പറഞ്ഞു. പിന്നെ ദാവീദ്: “സാദോക്ക് പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും വിളിപ്പിൻ” എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു. രാജാവ് അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങളുടെ യജമാനന്‍റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്‍റെ മകൻ ശാലോമോനെ എന്‍റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ. അവിടെവച്ചു സാദോക്ക് പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: “ശലോമോൻരാജാവേ, ജയജയ” എന്നു ഘോഷിച്ചുപറവിൻ. അതിന്‍റെശേഷം നിങ്ങൾ അവന്‍റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്‍റെ സിംഹാസനത്തിൽ ഇരുന്ന് എനിക്ക് പകരം വാഴേണം; യിസ്രായേലിനും യെഹൂദയ്ക്കും രാജാവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു.” അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവ് രാജാവിനോട്: “ആമേൻ! യജമാനനായ രാജാവിന്‍റെ ദൈവമായ യഹോവയും അങ്ങനെ തന്നെ കല്പിക്കുമാറാകട്ടെ. യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‌ രാജാവിന്‍റെ സിംഹാസനത്തെക്കാളും അവന്‍റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ” എന്നു ഉത്തരം പറഞ്ഞു. അങ്ങനെ സാദോക്ക് പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകൻ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്നു ദാവീദ്‌രാജാവിന്‍റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി. സാദോക്ക് പുരോഹിതൻ സമാഗമനകൂടാരത്തിൽ നിന്നു തൈലക്കൊമ്പ് കൊണ്ടുചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും “ശലോമോൻരാജാവേ, ജയജയ” എന്നു ഘോഷിച്ചുപറഞ്ഞു. പിന്നെ ജനമൊക്കയും അവന്‍റെ പിന്നാലെ ചെന്നു കുഴലൂതി; അവർ അത്യന്തം സന്തോഷിച്ചു; ഭൂമി പിളരുന്നു എന്നു തോന്നുമാറ് അവർ അത്യന്തം ഘോഷിച്ചു. അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അത് കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: “പട്ടണം ഇളക്കുന്ന ഈ ആരവം എന്ത്?” എന്നു ചോദിച്ചു. അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അബ്യാഥാർ പുരോഹിതന്‍റെ മകൻ യോനാഥാൻ വന്നെത്തി; അദോനീയാവ് അവനോട്: “യോഗ്യനായ പുരുഷാ അകത്തുവരിക; നല്ല വർത്തമാനം കൊണ്ടുവന്നാലും” എന്നു പറഞ്ഞു. യോനാഥാൻ അദോനീയാവോട് ഉത്തരം പറഞ്ഞത്: ”നമ്മുടെ യജമാനനായ ദാവീദ്‌ രാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു. രാജാവ് സാദോക്ക് പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്‍റെ കോവർകഴുതപ്പുറത്തു കയറ്റി. സാദോക്ക് പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവച്ചു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു. അവർ പട്ടണം മുഴങ്ങുമാറ് സന്തോഷിച്ചു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം. അത്രയുമല്ല, ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു. കൂടാതെ രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‌ രാജാവിനെ അഭിവന്ദനം ചെയ്‌വാൻ ചെന്നു. 'നിന്‍റെ ദൈവം ശലോമോന്‍റെ നാമത്തെ നിന്‍റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്‍റെ സിംഹാസനത്തെ നിന്‍റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ' എന്നു പറഞ്ഞു. രാജാവ് തന്‍റെ കട്ടിലിന്മേൽ നമസ്കരിച്ചു: 'ഇന്ന് എന്‍റെ സിംഹാസനത്തിൽ എന്‍റെ സന്തതി ഇരിക്കുന്നത് എന്‍റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്‍റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ'” എന്നു പറഞ്ഞു. ഉടനെ അദോനീയാവിന്‍റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്‍റെ വഴിക്കു പോയി. അദോനീയാവും ശലോമോനെ ഭയപ്പെട്ടു ചെന്നു യാഗപീഠത്തിന്‍റെ കൊമ്പുകളെ പിടിച്ചു. “അദോനീയാവ് ശലോമോൻരാജാവിനെ ഭയപ്പെട്ടിരിക്കയാൽ ശലോമോൻ രാജാവ് അടിയനെ വാൾകൊണ്ട് കൊല്ലുകയില്ല എന്നു ഇന്ന് എന്നോട് സത്യം ചെയ്യട്ടെ” എന്നു പറഞ്ഞ് അവൻ യാഗപീഠത്തിന്‍റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ കേട്ടു. “അവൻ യോഗ്യനായിരുന്നാൽ അവന്‍റെ തലയിലെ ഒരു രോമംപോലും നിലത്ത് വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം” എന്നു ശലോമോൻ കല്പിച്ചു.

1 രാജാക്കന്മാർ 1:1-52 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദാവീദ്‌ രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോൾ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല. ആകയാൽ അവന്റെ ഭൃത്യന്മാർ അവനോടു: യജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിച്ചുനില്ക്കയും യജമാനനായ രാജാവിന്റെ കുളിർ മാറേണ്ടതിന്നു തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാൽ രാജാവു അവളെ പരിഗ്രഹിച്ചില്ല. അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാൻ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു. അവന്റെ അപ്പൻ അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെശേഷം ആയിരുന്നു അവൻ ജനിച്ചതു. അവൻ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവർ അദോനീയാവിന്നു പിന്തുണയായിരുന്നു. എന്നാൽ പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല. അദോനീയാവു ഏൻ-രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെവെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു. എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല. എന്നാൽ നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതു: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല. ആകയാൽ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാൻ നിനക്കു ആലോചന പറഞ്ഞുതരാം. നീ ദാവീദ്‌ രാജാവിന്റെ അടുക്കൽ ചെന്നു: യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക. നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം. അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു. നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു. അവൾ അവനോടു പറഞ്ഞതു: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോടു സത്യം ചെയ്തുവല്ലോ. ഇപ്പോൾ ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല. അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല. യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു. അല്ലാഞ്ഞാൽ, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും. അവൾ രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഇതാ, നാഥാൻ പ്രവാചകൻ വരുന്നു. നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവൻ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു. നാഥാൻ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ? അവൻ ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവർ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയജയ എന്നു പറയുന്നു. എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല. യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു? ബത്ത്-ശേബയെ വിളിപ്പിൻ എന്നു ദാവീദ്‌ രാജാവു കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു. എന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ, നിന്റെ മകനായ ശലോമോൻ എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു ഞാൻ നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യംചെയ്തതുപോലെ തന്നേ ഞാൻ ഇന്നു നിവർത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു. അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്റെ യജമാനനായ ദാവീദ്‌ രാജാവു ദീർഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു. പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിൻ എന്നു കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു. രാജാവു അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിൻ. അവിടെവെച്ചു സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിൻ. അതിന്റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്നു എന്റെ സിംഹാസനത്തിൽ ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ അവനെ നിയമിച്ചിരിക്കുന്നു. അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവു രാജാവിനോടു: ആമേൻ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ. യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‌ രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു. അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്നു ദാവീദ്‌രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി, സാദോക്പുരോഹിതൻ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും ശലോമോൻരാജാവേ, ജയജയ എന്നു ഘോഷിച്ചുപറഞ്ഞു. പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു. അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അതു കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു. അവൻ പറയുമ്പോൾ തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകൻ യോനാഥാൻ വരുന്നു; അദോനീയാവു അവനോടു: അകത്തുവരിക; നീ യോഗ്യപുരുഷൻ; നീ നല്ലവർത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു. യോനാഥാൻ അദോനീയാവോടു ഉത്തരം പറഞ്ഞതു: നമ്മുടെ യജമാനനായ ദാവീദ്‌ രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു. രാജാവു സാദോക്പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി. സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവർ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം. അത്രയുമല്ല ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു; രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‌ രാജാവിനെ അഭിവന്ദനം ചെയ്‌വാൻ ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു. രാജാവു തന്റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്നു എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി. അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു. അദോനീയാവു ശലോമോൻരാജാവിനെ പേടിക്കുന്നു; ശലോമോൻരാജാവു അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വർത്തമാനം കേട്ടു. അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്നു ശലോമോൻ കല്പിച്ചു.

1 രാജാക്കന്മാർ 1:1-52 സമകാലിക മലയാളവിവർത്തനം (MCV)

ദാവീദുരാജാവു വയോധികനായി; സേവകർ അദ്ദേഹത്തെ കമ്പിളികൾകൊണ്ടു പുതപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ കുളിരുമാറിയിരുന്നില്ല. അതുകൊണ്ട് സേവകർ അദ്ദേഹത്തോട്: “യജമാനനായ രാജാവേ! അടിയങ്ങൾ കന്യകയായ ഒരു യുവതിയെ അന്വേഷിക്കട്ടെ! അവൾ രാജസന്നിധിയിൽ തിരുമേനിയെ ശുശ്രൂഷിക്കുകയും അവിടത്തേക്ക് കുളിരുമാറത്തക്കവണ്ണം ചേർന്നുകിടക്കുകയും ചെയ്യട്ടെ” എന്നു നിർദേശിച്ചു. അങ്ങനെ അവർ ഇസ്രായേലിലെല്ലാം സുന്ദരിയായ ഒരു കന്യകയെ അന്വേഷിച്ചു, ശൂനേംകാരിയായ അബീശഗിനെ കണ്ടെത്തി. അവളെ രാജസന്നിധിയിൽ കൊണ്ടുവന്നു. ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്റെ പരിചാരികയായി ശുശ്രൂഷചെയ്തു. എന്നാൽ രാജാവ് അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. ഇതേസമയം ദാവീദിന് ഹഗ്ഗീത്തിൽ ജനിച്ച മകനായ അദോനിയാവ്: “ഞാൻ രാജാവായിത്തീരും” എന്നു നിഗളത്തോടെ പറഞ്ഞു. തന്റെ മുമ്പിൽ ഓടുന്നതിന് രഥങ്ങളോടും കുതിരകളോടുംകൂടെ അൻപത് അകമ്പടിക്കാരെയും അദ്ദേഹം ഒരുക്കിനിർത്തി. എന്നാൽ പിതാവായ ദാവീദ് അദ്ദേഹത്തെ ഒരിക്കലും ശാസിക്കുകയോ, “നീ ഇങ്ങനെ ചെയ്യുന്നത് എന്തിന്?” എന്നു ചോദിക്കുകയോ ചെയ്തില്ല. അദോനിയാവ്, അബ്ശാലോമിനുശേഷം ദാവീദിനു ജനിച്ച മകനും അതികോമളനും ആയിരുന്നു. അദോനിയാവ് സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും സ്വകാര്യമായി ആലോചന നടത്തിപ്പോന്നു; അവർ അദ്ദേഹത്തിനു പിന്തുണ നൽകിയിരുന്നു. എന്നാൽ പുരോഹിതനായ സാദോക്കും യെഹോയാദായുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ പ്രത്യേക അംഗരക്ഷകസേനയും അദോനിയാവിന്റെ പക്ഷംചേർന്നിരുന്നില്ല. ഒരു ദിവസം അദോനിയാവ് ഏൻ-രോഗേൽ അരുവിക്കരികെയുള്ള സോഹേലെത്ത് പാറയ്ക്കു സമീപത്തുവെച്ച് ആടുമാടുകളെയും കൊഴുപ്പിച്ച കാളക്കിടാങ്ങളെയും യാഗമർപ്പിച്ചു. രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും യെഹൂദ്യദേശത്തുള്ള രാജകീയ ഉദ്യോഗസ്ഥരായ സകലരെയും അദ്ദേഹം യാഗവിരുന്നിനു ക്ഷണിച്ചിരുന്നു. എന്നാൽ പ്രവാചകനായ നാഥാനെയോ ബെനായാവിനെയോ രാജാവിന്റെ പ്രത്യേക അംഗരക്ഷകരെയോ തന്റെ സഹോദരനായ ശലോമോനെയോ അദ്ദേഹം ക്ഷണിച്ചിരുന്നില്ല. അപ്പോൾ പ്രവാചകനായ നാഥാൻ ശലോമോന്റെ അമ്മയായ ബേത്ത്-ശേബയോടു ചോദിച്ചു: “നമ്മുടെ യജമാനനായ ദാവീദ് അറിയാതെ ഹഗ്ഗീത്തിന്റെ മകനായ അദോനിയാവ് തന്നെത്താൻ രാജാവായിരിക്കുന്നു എന്നു നിങ്ങൾ കേട്ടില്ലേ? അതുകൊണ്ട് വരിക; സ്വന്തജീവനെയും നിങ്ങളുടെ മകനായ ശലോമോന്റെ ജീവനെയും എങ്ങനെ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ ആലോചന പറഞ്ഞുതരാം. നിങ്ങൾ ദാവീദുരാജാവിന്റെ അടുക്കൽച്ചെന്ന് അദ്ദേഹത്തോട് ഈ വിധം പറയണം: ‘എന്റെ യജമാനനായ രാജാവേ, “തീർച്ചയായും നമ്മുടെ മകനായ ശലോമോൻ എനിക്കുശേഷം രാജാവായിരിക്കും; അവൻ എന്റെ സിംഹാസനത്തിൽ ഇരിക്കും,” എന്ന് അങ്ങ് ഈ ദാസിയോട് ആണയിട്ടു പറഞ്ഞിരുന്നല്ലോ? പിന്നെ, ഇപ്പോൾ അദോനിയാവ് രാജാവായിരിക്കുന്നതെങ്ങനെ?’ നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഞാൻ അകത്തുവന്ന് നീ സംസാരിച്ച കാര്യങ്ങൾ പൂർത്തിയാക്കി ഉറപ്പിച്ചുകൊള്ളാം.” അങ്ങനെ ബേത്ത്-ശേബ രാജാവിനെ കാണുന്നതിന് പള്ളിയറയിൽച്ചെന്നു. അവിടെ ശൂനേംകാരിയായ അബീശഗ് രാജാവ് വയോവൃദ്ധനാകുകയാൽ അദ്ദേഹത്തെ പരിചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബേത്ത്-ശേബ കുനിഞ്ഞ് രാജാവിനെ നമസ്കരിച്ചു. “നിനക്കെന്താണു വേണ്ടത്?” രാജാവു ചോദിച്ചു. അവൾ രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, ‘അങ്ങയുടെ മകനായ ശലോമോൻ അങ്ങേക്കുശേഷം രാജാവായി വാഴുമെന്നും അവൻ അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കുമെന്നും ഈ ദാസിയോട് അങ്ങയുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആണയിട്ടു പറഞ്ഞിരുന്നല്ലോ!’ എന്നാൽ, ഇപ്പോൾത്തന്നെ അദോനിയാവ് രാജാവായിത്തീർന്നിരിക്കുന്നു; എന്റെ യജമാനനായ രാജാവിന് അതേക്കുറിച്ച് യാതൊരറിവുമില്ല. അദ്ദേഹം അനേകം കാളകളെയും കൊഴുപ്പിച്ച കാളക്കിടാങ്ങളെയും ആടുകളെയും യാഗമർപ്പിക്കുകയും സകലരാജകുമാരന്മാരെയും പുരോഹിതനായ അബ്യാഥാരിനെയും അങ്ങയുടെ സൈന്യാധിപനായ യോവാബിനെയും യാഗത്തിനു ക്ഷണിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, അങ്ങയുടെ ദാസനായ ശലോമോനെ അദ്ദേഹം ക്ഷണിച്ചതുമില്ല. ഇപ്പോൾ, യജമാനനായ രാജാവേ! അങ്ങയുടെ കാലശേഷം ആരാണ് അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കുന്നത് എന്നതിനെപ്പറ്റിയുള്ള പ്രഖ്യാപനത്തിനായി എല്ലാ ഇസ്രായേലും കാത്തിരിക്കുന്നു. അതു ചെയ്യാത്തപക്ഷം പിതാക്കന്മാരെപ്പോലെ, യജമാനനായ രാജാവ് നാടുനീങ്ങിയശേഷം ഞാനും എന്റെ മകൻ ശലോമോനും കുറ്റവാളികളായി കണക്കാക്കപ്പെടും.” ബേത്ത്-ശേബ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, പ്രവാചകനായ നാഥാൻ കൊട്ടാരത്തിലെത്തി. “പ്രവാചകനായ നാഥാൻ വന്നിരിക്കുന്നു,” എന്നവിവരം രാജാവിനെ അറിയിച്ചു. അദ്ദേഹം രാജവിന്റെമുമ്പാകെ എത്തി സാഷ്ടാംഗം നമസ്കരിച്ചു. നാഥാൻ രാജാവിനോട്: “യജമാനനായ രാജാവേ! അങ്ങേക്കുശേഷം അദോനിയാവ് രാജാവായിരിക്കുമെന്നും അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കുമെന്നും അങ്ങ് പ്രഖ്യാപിച്ചിട്ടുണ്ടോ? ഇന്ന് അയാൾ ചെന്ന് അനവധി കാളകളെയും കൊഴുപ്പിച്ച കാളക്കിടാങ്ങളെയും ആടുകളെയും യാഗമർപ്പിച്ചിരിക്കുന്നു. സകലരാജകുമാരന്മാരെയും സൈന്യാധിപന്മാരെയും പുരോഹിതനായ അബ്യാഥാരിനെയും അയാൾ ക്ഷണിച്ചു; അവർ അയാളോടൊപ്പം തിന്നുകയും കുടിക്കുകയും, ‘അദോനിയാരാജാവ് നീണാൾ വാഴട്ടെ!’ എന്ന് ആശംസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നാൽ അങ്ങയുടെ ദാസനായ അടിയനെയോ പുരോഹിതനായ സാദോക്കിനെയോ യെഹോയാദായുടെ മകനായ ബെനായാവിനെയോ അങ്ങയുടെ ദാസനായ ശലോമോനെയോ അയാൾ ക്ഷണിച്ചിട്ടില്ല. യജമാനനായ രാജാവേ! അങ്ങയുടെ കാലശേഷം സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ അങ്ങ് അറിയിക്കാതിരിക്കെ, അങ്ങയുടെ കൽപ്പനയാലാണോ ഈ കാര്യം സംഭവിച്ചിട്ടുള്ളത്?” അപ്പോൾ ദാവീദുരാജാവ് ഇപ്രകാരം പറഞ്ഞു: “ബേത്ത്-ശേബയെ അകത്തേക്കു വിളിക്കുക.” അവൾ രാജസന്നിധിയിലേക്ക് വന്ന് അദ്ദേഹത്തിന്റെമുമ്പിൽ നിന്നു. അപ്പോൾ രാജാവ് ഇപ്രകാരം ശപഥംചെയ്തു: “എന്നെ എന്റെ സകലകഷ്ടങ്ങളിൽനിന്നും വിടുവിച്ചവനായ യഹോവയാണെ, ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ നിന്നോടു ശപഥംചെയ്തു പറഞ്ഞകാര്യം ഞാൻ ഇന്നു നിർവഹിക്കുന്നതാണ്. നിന്റെ മകനായ ശലോമോൻ എനിക്കുശേഷം രാജാവായിരിക്കും; അവൻ എനിക്കുപകരം എന്റെ സിംഹാസനത്തിൽ ഇരിക്കുന്നതുമാണ്.” അപ്പോൾ ബേത്ത്-ശേബ രാജസന്നിധിയിൽ സാഷ്ടാംഗം വീണു നമസ്കരിച്ച്, “എന്റെ യജമാനനായ ദാവീദുരാജാവ് ദീർഘായുസ്സോടിരിക്കട്ടെ!” എന്നു പറഞ്ഞു. “പുരോഹിതനായ സാദോക്കിനെയും നാഥാൻ പ്രവാചകനെയും യെഹോയാദായുടെ മകനായ ബെനായാവെയും വിളിക്കുക,” എന്നു ദാവീദുരാജാവു കൽപ്പിച്ചു. അവർ രാജസന്നിധിയിൽ വന്നപ്പോൾ, അദ്ദേഹം അവരോട് ഇപ്രകാരം ആജ്ഞാപിച്ചു: “നിങ്ങളുടെ യജമാനന്റെ അംഗരക്ഷകരുടെ അകമ്പടിയോടെ എന്റെ മകനായ ശലോമോനെ എന്റെ കോവർക്കഴുതപ്പുറത്തിരുത്തി താഴേ ഗീഹോനിലേക്കു കൊണ്ടുപോകുക. അവിടെവെച്ച് പുരോഹിതനായ സാദോക്കും നാഥാൻപ്രവാചകനും അവനെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്യണം. പിന്നെ കാഹളം ഊതി: ‘ശലോമോൻരാജാവ്, നീണാൾ വാഴട്ടെ!’ എന്ന് ആർപ്പിടുക. അതിനുശേഷം നിങ്ങൾ അവനെ അകമ്പടിയായി ഇവിടെ കൊണ്ടുവരിക. അവൻ എന്റെ സിംഹാസനത്തിൽ ഇരിക്കും; അവൻ എനിക്കുപകരം രാജാവായി വാഴും. ഞാൻ അവനെ ഇസ്രായേലിനും യെഹൂദയ്ക്കും ഭരണാധികാരിയായി നിയമിച്ചിരിക്കുന്നു.” അതിന് യെഹോയാദായുടെ മകനായ ബെനായാവ് രാജാവിനോട്: “ആമേൻ, യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും ഇതുതന്നെ സംഭവിക്കാൻ കൽപ്പിക്കുമാറാകട്ടെ! യഹോവ എന്റെ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുകൂടെയും ഇരിക്കുമാറാകട്ടെ! യഹോവ ശലോമോന്റെ ഭരണത്തെ എന്റെ യജമാനനായ ദാവീദുരാജാവിന്റെ ഭരണത്തെക്കാളും മഹത്തരമാക്കിത്തീർക്കട്ടെ!” എന്നു പറഞ്ഞു. അങ്ങനെ പുരോഹിതനായ സാദോക്കും പ്രവാചകനായ നാഥാനും യെഹോയാദായുടെ മകനായ ബെനായാവും ശലോമോനെ ദാവീദുരാജാവിന്റെ കോവർക്കഴുതപ്പുറത്തു കയറ്റി കെരീത്യരും പ്ളേത്യരും ചേർന്ന ദാവീദിന്റെ അംഗരക്ഷകരുടെ അകമ്പടിയോടെ ഗീഹോനിലേക്കു കൊണ്ടുപോയി. പുരോഹിതനായ സാദോക്ക് വിശുദ്ധകൂടാരത്തിൽനിന്ന് തൈലക്കൊമ്പെടുത്ത് ശലോമോനെ എണ്ണകൊണ്ട് അഭിഷേകംചെയ്തു. അതിനുശേഷം അവർ കാഹളമൂതി. സകലജനവും “ശലോമോൻരാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർപ്പിട്ടു. അവർ കുഴലൂതിയും അത്യന്തം ആഹ്ലാദിച്ചുംകൊണ്ട് അദ്ദേഹത്തെ അനുഗമിച്ചു. അവരുടെ ആഹ്ലാദാഘോഷങ്ങളുടെ ആരവം ഭൂമി കുലുങ്ങുമാറ് ഉച്ചത്തിൽ മുഴങ്ങി. വിരുന്നു കഴിഞ്ഞിരിക്കുമ്പോൾ അദോനിയാവും കൂടെയുള്ള അതിഥികളും ഈ ശബ്ദഘോഷം കേട്ടു. കാഹളനാദം കേട്ടപ്പോൾ, “നഗരത്തിൽ ഈ ശബ്ദഘോഷത്തിന്റെ കാരണമെന്ത്?” എന്ന് യോവാബു ചോദിച്ചു. അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ അബ്യാഥാർപുരോഹിതന്റെ മകനായ യോനാഥാൻ വന്നെത്തി. ഉടനെതന്നെ അദോനിയാവു പറഞ്ഞു: “വരൂ! കയറിവരൂ! നിന്നെപ്പോലെ ആദരണീയനായ ഒരുവൻ കൊണ്ടുവരുന്നതു തീർച്ചയായും നല്ല വാർത്തയായിരിക്കും.” യോനാഥാൻ അദോനിയാവിനോടു മറുപടി പറഞ്ഞു: “നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു. രാജാവ് അദ്ദേഹത്തോടൊപ്പം പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യെഹോയാദായുടെ മകനായ ബെനായാവെയും കെരീത്യരെയും പ്ളേത്യരെയും അയച്ചു. അവർ അദ്ദേഹത്തെ രാജാവിന്റെ കോവർക്കഴുതപ്പുറത്തു കയറ്റി. സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനുംകൂടി അദ്ദേഹത്തെ ഗീഹോനിൽവെച്ച് രാജാവായി അഭിഷേകംചെയ്തു. അവിടെനിന്നും അവർ ആഹ്ലാദപൂർവം ആർത്തുവിളിച്ചുകൊണ്ടു കടന്നുപോയി. ഇതാണ് നഗരത്തിൽ മാറ്റൊലികൊള്ളുന്ന ഘോഷം. അങ്ങു കേൾക്കുന്ന ശബ്ദവും അതുതന്നെ. അതിനുപുറമേ, ശലോമോൻ ഇപ്പോൾ രാജസിംഹാസനത്തിൽ ഇരിക്കുന്നു. കൂടാതെ, രാജാവിന്റെ ഉദ്യോഗസ്ഥവൃന്ദവും നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അനുമോദിക്കാനായി വന്നു. ‘അങ്ങയുടെ ദൈവം ശലോമോന്റെ നാമം അങ്ങയുടെ നാമത്തെക്കാൾ അധികം വിഖ്യാതമാക്കിത്തീർക്കട്ടെ; അദ്ദേഹത്തിന്റെ സിംഹാസനത്തെ അങ്ങയുടെ സിംഹാസനത്തെക്കാൾ മഹത്തരമാക്കിത്തീർക്കട്ടെ,’ എന്ന് അവർ ആശംസിച്ചു. രാജാവ് കിടക്കയിൽവെച്ചുതന്നെ യഹോവയെ നമസ്കരിച്ച് ആരാധിച്ചു: ‘ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ അനന്തരാവകാശി ഇരിക്കുന്നത് എന്റെ കണ്ണിനു കാണുമാറാക്കിയ ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ!’ എന്ന് അദ്ദേഹം പ്രാർഥിച്ചു.” ഇതു കേട്ട് അദോനിയാവിന്റെ അതിഥികളെല്ലാം ഭയന്നുവിറച്ചുകൊണ്ട്, എഴുന്നേറ്റു തങ്ങളുടെ വഴിക്കുപോയി. എന്നാൽ അദോനിയാവ്, ശലോമോനെ ഭയപ്പെട്ട്, ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു. “അദോനിയാവ് ശലോമോൻ രാജാവിനെ ഭയപ്പെട്ട് യാഗപീഠത്തിന്റെ കൊമ്പുകൾ പിടിച്ചിരിക്കുന്നു. ‘തന്റെ ദാസനായ എന്നെ വാൾകൊണ്ടു കൊല്ലുകയില്ലെന്ന് ശലോമോൻരാജാവ് ഇന്ന് എന്നോടു ശപഥംചെയ്യട്ടെ,’ എന്ന് അയാൾ പറയുന്നു,” എന്നിങ്ങനെ ആളുകൾ ശലോമോനെ വേഗം അറിയിച്ചു. “അയാൾ യോഗ്യനെന്നു തെളിയുന്നപക്ഷം അയാളുടെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല; മറിച്ച് അയാളിൽ തിന്മകണ്ടെത്തിയാൽ അയാൾ തീർച്ചയായും മരിക്കും,” എന്നു ശലോമോൻ കൽപ്പിച്ചു.