1 യോഹന്നാൻ 5:13-18
1 യോഹന്നാൻ 5:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇത് എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനു തന്നെ. അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു. നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവനു ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്കുതന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അതിനെക്കുറിച്ച് അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല. ഏത് അനീതിയും പാപം ആകുന്നു; മരണത്തിനല്ലാത്ത പാപം ഉണ്ടുതാനും. ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
1 യോഹന്നാൻ 5:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങൾക്ക് അനശ്വരജീവനുണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്, ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്നവരായ നിങ്ങൾക്ക് ഞാൻ ഇതെഴുതുന്നു. ദൈവത്തിന്റെ ഇച്ഛാനുസരണം നാം അപേക്ഷിക്കുമെങ്കിൽ, അവിടുന്നു നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നതാണു നമുക്ക് അവിടുത്തെക്കുറിച്ചുള്ള ഉറപ്പ്. നാം എന്തുതന്നെ അപേക്ഷിച്ചാലും അവിടുന്നു നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നു നാം അറിയുന്നുവെങ്കിൽ, നാം ചോദിച്ചതു ലഭിച്ചിരിക്കുന്നു എന്നും നാം അറിയുന്നു. ഒരു സഹോദരൻ മരണകരമല്ലാത്ത പാപം ചെയ്യുന്നതായി ആരെങ്കിലും കണ്ടാൽ അവൻ ആ സഹോദരനുവേണ്ടി പ്രാർഥിക്കട്ടെ. മരണകരമല്ലാത്ത പാപം ചെയ്യുന്നവർക്കു ദൈവം ജീവൻ പ്രദാനം ചെയ്യും. എന്നാൽ മരണകരമായ പാപമുണ്ട്. അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. എല്ലാ അധർമവും പാപംതന്നെ. എന്നാൽ മരണത്തിലേക്കു നയിക്കാത്ത പാപമുണ്ട്. ദൈവത്തിൽനിന്നു ജനിച്ചവൻ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല എന്നു നാം അറിയുന്നു. ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്തന്നെ സംരക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുകയുമില്ല.
1 യോഹന്നാൻ 5:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവപുത്രൻ്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിന് ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും ചോദിച്ചാൽ അവൻ നമ്മെ കേൾക്കുന്നു എന്നുള്ളത് നമുക്ക് അവനിലുള്ള ധൈര്യമാകുന്നു. നമ്മൾ എന്ത് ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോട് ചോദിച്ച അപേക്ഷകൾ നമുക്ക് ലഭിച്ചു എന്നും അറിയുന്നു. സഹോദരൻ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ പ്രാർത്ഥിക്കാം; ദൈവം അവനു ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവർക്ക് തന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അവൻ അതിനെക്കുറിച്ച് അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല. എല്ലാ അനീതിയും പാപം ആകുന്നു; എന്നാൽ മരണത്തിനല്ലാത്ത പാപവും ഉണ്ട്. ദൈവത്തിൽനിന്ന് ജനിച്ചിരിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു; ദൈവത്തിൽനിന്ന് ജനിച്ചവൻ അവനെ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
1 യോഹന്നാൻ 5:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ. അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവർക്കു തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല. ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും. ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
1 യോഹന്നാൻ 5:13-18 സമകാലിക മലയാളവിവർത്തനം (MCV)
ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇത് എഴുതുന്നത്. ദൈവത്തിനു പ്രസാദകരമായ എന്ത് നാം അപേക്ഷിച്ചാലും നമ്മുടെ അപേക്ഷ അവിടന്നു കേൾക്കുന്നു, എന്നതാണു ദൈവസന്നിധിയിൽ നമുക്കുള്ള ആത്മവിശ്വാസം. നാം അപേക്ഷിക്കുന്നതെന്തും അവിടന്നു കേൾക്കുന്നെന്ന് ഉറപ്പുള്ളതിനാൽ, അപേക്ഷിച്ചവയെല്ലാം നമുക്കു ലഭിച്ചു എന്നു തീർച്ചപ്പെടുത്താം. സഹോദരങ്ങളിൽ ഒരാൾ മരണകാരണമല്ലാത്ത പാപംചെയ്യുന്നതു കണ്ടാൽ നിങ്ങൾ അയാൾക്കുവേണ്ടി അപേക്ഷിക്കുക; മരണകാരണം അല്ലാത്ത പാപംചെയ്യുന്ന വ്യക്തിക്ക് ദൈവം ജീവൻ നൽകും. മരണകാരണമായ പാപവും ഉണ്ട്. നിങ്ങൾ അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല. എല്ലാ അനീതിയും പാപംതന്നെ. എന്നാൽ, മരണത്തിലേക്കു നയിക്കാത്ത പാപവും ഉണ്ട്. ദൈവത്തിൽനിന്നു ജനിച്ചവർ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു. ദൈവപുത്രൻ അവരെ സൂക്ഷിക്കുന്നു. പിശാചിന് അവരെ സ്പർശിക്കാൻ കഴിയുകയില്ല.

