1 യോഹന്നാൻ 5:10-13

1 യോഹന്നാൻ 5:10-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവപുത്രനിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽത്തന്നെ ആ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ, ദൈവം തന്റെ പുത്രനെക്കുറിച്ചു നല്‌കിയ സാക്ഷ്യം വിശ്വസിക്കാത്തതുകൊണ്ട് ദൈവത്തെ അസത്യവാദിയാക്കുന്നു. ദൈവം നമുക്കു നിത്യജീവൻ നല്‌കി; അവിടുത്തെ പുത്രനോടുള്ള ഐക്യത്തിൽ ആ ജീവൻ നമുക്കു ലഭിക്കുന്നു. ഇതാണ് ആ സാക്ഷ്യം. പുത്രനുള്ളവനു ജീവനുണ്ട്; ദൈവപുത്രനില്ലാത്തവനു ജീവനില്ല. നിങ്ങൾക്ക് അനശ്വരജീവനുണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്, ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്നവരായ നിങ്ങൾക്ക് ഞാൻ ഇതെഴുതുന്നു.

1 യോഹന്നാൻ 5:10-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു ഞാൻ ഇതു എഴുതിയിരിക്കുന്നതു നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിന്നു തന്നേ.