1 യോഹന്നാൻ 4:13-21
1 യോഹന്നാൻ 4:13-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്ന് അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു. പിതാവ് പുത്രനെ ലോകരക്ഷിതാവായിട്ട് അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു. യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. ഇങ്ങനെ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നെ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു. ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു. സ്നേഹത്തിൽ ഭയമില്ല; ഭയത്തിനു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല. അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകയ്ക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്ക് അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.
1 യോഹന്നാൻ 4:13-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ സ്വന്തം ആത്മാവിനെ ദൈവം നമുക്കു നല്‌കിയിരിക്കുന്നതുകൊണ്ട് നാം ദൈവത്തിൽ വസിക്കുകയും ദൈവം നമ്മിൽ വസിക്കുകയും ചെയ്യുന്നു എന്നും നാം അറിയുന്നു. പിതാവ് തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചതു ഞങ്ങൾ കണ്ടു; അതിനു ഞങ്ങൾ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. യേശു ദൈവപുത്രനെന്ന് ഒരുവൻ ഏറ്റുപറയുന്നെങ്കിൽ ദൈവം അവനിലും അവൻ ദൈവത്തിലും വസിക്കുന്നു. ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാകുന്നു. സ്നേഹത്തിൽ ജീവിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു. സ്നേഹം നമ്മിൽ പൂർണമാക്കപ്പെട്ടിരിക്കുന്നതിനാൽ ന്യായവിധി ദിവസം നമുക്കു ധൈര്യം ഉണ്ടായിരിക്കും. ഈ ലോകത്തിലെ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ ജീവിതംപോലെയാകുന്നു. സ്നേഹത്തിൽ ഭയമില്ല; തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. ഭയപ്പെടുന്നവനിൽ സ്നേഹത്തിന്റെ തികവില്ല. എന്തുകൊണ്ടെന്നാൽ ശിക്ഷയെക്കുറിച്ചാണല്ലോ ഭയം. ദൈവം ആദ്യം നമ്മെ സ്നേഹിച്ചു. അതുകൊണ്ടു നമ്മളും സ്നേഹിക്കുന്നു. ഒരുവൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നു എങ്കിൽ അവൻ പറയുന്നത് വ്യാജമാണ്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് അദൃശ്യനായ ദൈവത്തെ സ്നേഹിക്കുവാൻ എങ്ങനെ കഴിയും? ദൈവത്തെ സ്നേഹിക്കുന്ന ഏതൊരുവനും സഹോദരനെയും സ്നേഹിക്കേണ്ടതാണ്. ഇതാകുന്നു ക്രിസ്തുവിൽനിന്നു നമുക്കു ലഭിച്ചിരിക്കുന്ന കല്പന.
1 യോഹന്നാൻ 4:13-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ തന്റെ ആത്മാവിനെ നമുക്ക് തന്നതിനാൽ നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു. പിതാവ് ലോകരക്ഷിതാവായിട്ട് പുത്രനെ അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടും സാക്ഷ്യം പറയുകയും ചെയ്യുന്നു. യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും, അവൻ ദൈവത്തിലും വസിക്കുന്നു. ഇങ്ങനെ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നെ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു. അവൻ ആയിരിക്കുന്നതുപോലെ നാം ഈ ലോകത്തിൽ ആയിരിക്കുന്നതുകൊണ്ട്, ന്യായവിധിദിവസത്തിൽ നമുക്ക് ധൈര്യം ഉണ്ടാകുവാൻ തക്കവണ്ണം ഇങ്ങനെ സ്നേഹം നമ്മിൽ തികഞ്ഞുവന്നിരിക്കുന്നു. സ്നേഹത്തിൽ ഭയമില്ല; ശിക്ഷയിൽ ഭയം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; എന്നാൽ ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല. ദൈവം ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു. ഒരുവൻ, ‘ഞാൻ ദൈവത്തെ സ്നേഹിക്കുന്നു’ എന്നു പറയുകയും, തന്‍റെ സഹോദരനെ വെറുക്കുകയും ചെയ്താൽ അവൻ നുണയനാകുന്നു. കാരണം, താൻ കണ്ടിട്ടുള്ള തന്‍റെ സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ തന്‍റെ സഹോദരനെയും സ്നേഹിക്കേണം എന്ന ഈ കല്പന നമുക്ക് അവങ്കൽനിന്ന് ലഭിച്ചിരിക്കുന്നു.
1 യോഹന്നാൻ 4:13-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു. പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു. യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു. ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു. സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല. അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു. ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു.
1 യോഹന്നാൻ 4:13-21 സമകാലിക മലയാളവിവർത്തനം (MCV)
നാം ദൈവത്തിലും അവിടന്ന് നമ്മിലും വസിക്കുന്നെന്നു നമുക്കു നിശ്ചയമുണ്ട്: ദൈവം തന്റെ ആത്മാവിനെ നമുക്കു നൽകിയിരിക്കുന്നല്ലോ. പിതാവ് അവിടത്തെ പുത്രനെ ലോകരക്ഷകനായി അയച്ചത് ഞങ്ങൾ കാണുകയും സാക്ഷ്യപ്പെടുത്തുകയുംചെയ്യുന്നു. യേശു ദൈവപുത്രൻ, എന്ന് അംഗീകരിക്കുന്നവരിൽ ദൈവം വസിക്കുന്നു; അവർ ദൈവത്തിലും വസിക്കുന്നു. ദൈവം നമ്മെ സ്നേഹിക്കുന്നെന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നു. ദൈവം അവരിലും വസിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ സ്നേഹം പൂർണതയിലേക്കു വളരുന്നു. അങ്ങനെ ന്യായവിധിദിവസത്തിൽ ഭയരഹിതരായി, ദൈവത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമുക്ക് കഴിയും. കാരണം ഈ ലോകത്തിൽ നാം ജീവിക്കുന്നത് യേശുവിനെപ്പോലെ ആണല്ലോ. സ്നേഹത്തിൽ ഭയമില്ല. സമ്പൂർണസ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു. കാരണം, ഭയം ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയപ്പെടുന്ന വ്യക്തി സ്നേഹത്തിൽ സമ്പൂർണനല്ല. അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ് നാം സ്നേഹിക്കുന്നത്. ആരെങ്കിലും ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരങ്ങളെ വെറുക്കുകയുംചെയ്യുന്നെങ്കിൽ അയാൾ അസത്യവാദിയാണ്; കാരണം, താൻ കണ്ടിട്ടുള്ള സഹോദരങ്ങളെ സ്നേഹിക്കാത്തവർക്ക് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുക അസാധ്യമാണ്. ദൈവത്തെ സ്നേഹിക്കുന്നവർ തങ്ങളുടെ സഹോദരങ്ങളെയും സ്നേഹിക്കണം. ഈ കൽപ്പനയാണ് അവിടന്നു നമുക്കു നൽകിയിരിക്കുന്നത്.