1 യോഹന്നാൻ 3:5-10
1 യോഹന്നാൻ 3:5-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല. അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല, പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല. കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുത്; അവൻ നീതിമാൻ ആയിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു. പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാച് ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻതന്നെ ദൈവപുത്രൻ പ്രത്യക്ഷനായി. ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്ത് അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവനു പാപം ചെയ്വാൻ കഴികയുമില്ല. ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.
1 യോഹന്നാൻ 3:5-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാപത്തെ നിർമാർജനം ചെയ്യുന്നതിന് ക്രിസ്തു പ്രത്യക്ഷനായി. ക്രിസ്തുവിൽ പാപം ഉണ്ടായിരുന്നില്ല. ക്രിസ്തുവിൽ നിവസിക്കുന്നവൻ പാപം ചെയ്തുകൊണ്ടിരിക്കുന്നില്ല. പാപം ചെയ്തുകൊണ്ടിരിക്കുന്ന ഒരുവനും അവിടുത്തെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല. കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഴി തെറ്റിക്കരുത്. അവിടുന്നു നീതിമാനായിരിക്കുന്നതുപോലെ നീതി പ്രവർത്തിക്കുന്നവൻ നീതിമാനാകുന്നു. പാപം ചെയ്യുന്നവൻ പിശാചിന്റെ മകനാകുന്നു. ആദിമുതൽതന്നെ പാപംചെയ്തവനാണല്ലോ പിശാച്. പിശാചിന്റെ പ്രവൃത്തികളെ തകർക്കുവാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്. ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ചെയ്യുന്നില്ല. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ സത്ത അവനിൽ കുടികൊള്ളുന്നു. താൻ ദൈവത്തിൽനിന്നു ജനിച്ചവനാകയാൽ അവനു പാപത്തിൽ ജീവിക്കുവാൻ സാധ്യമല്ല. ഇതിൽനിന്നും ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും തെളിയുന്നു. നീതി പ്രവർത്തിക്കാത്ത ഒരുവനും ദൈവത്തിൽനിന്നു ജനിച്ചവനല്ല. തന്റെ സഹോദരനെ സ്നേഹിക്കാത്തവനും അതുപോലെതന്നെ.
1 യോഹന്നാൻ 3:5-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പാപങ്ങളെ നീക്കുവാൻ അവൻ വെളിപ്പെട്ടു എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല. അവനിൽ വസിക്കുന്നവൻ ആരും പാപത്തിൽ തുടരുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല. പ്രിയ കുഞ്ഞുങ്ങളേ, ആരും നിങ്ങളെ വഞ്ചിക്കരുത്; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു. പാപം ചെയ്യുന്നവൻ പിശാചിൽ നിന്നുള്ളവൻ ആകുന്നു. കാരണം പിശാച് ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിൻ്റെ പ്രവൃത്തികളെ ഇല്ലാതാക്കുന്നതിനായി ദൈവപുത്രൻ വെളിപ്പെട്ടു. ദൈവത്തിൽനിന്ന് ജനിച്ചവർ ആരും പാപത്തിൽ തുടരുന്നില്ല; കാരണം ദൈവത്തിന്‍റെ പ്രകൃതം അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്ന് ജനിച്ചതിനാൽ അവനു പാപത്തിൽ തുടരുവാൻ കഴിയുകയുമില്ല. ദൈവത്തിന്‍റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ വെളിപ്പെടുന്നു; നീതി പ്രവർത്തിക്കാത്തവനോ സഹോദരനെ സ്നേഹിക്കാത്തവനോ ദൈവത്തിൽനിന്നുള്ളവനല്ല.
1 യോഹന്നാൻ 3:5-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല. അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല. കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു. പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി. ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല. ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.
1 യോഹന്നാൻ 3:5-10 സമകാലിക മലയാളവിവർത്തനം (MCV)
പാപങ്ങളെ നീക്കംചെയ്യാൻ അവിടന്നു പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു. തന്നിലാകട്ടെ പാപം ഒന്നുമില്ല. തന്നിൽ വസിക്കുന്നവരാരും പാപത്തിൽ തുടരുകയില്ല. പാപത്തിൽ തുടരുന്നവരാരും അവിടത്തെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. കുഞ്ഞുമക്കളേ, ആരും നിങ്ങളെ വഞ്ചിക്കരുത്. ക്രിസ്തു നീതിമാൻ ആയിരിക്കുന്നതുപോലെ നീതി പ്രവർത്തിക്കുന്നവരെല്ലാം നീതിനിഷ്ഠർ ആകുന്നു. പാപംചെയ്തുകൊണ്ടിരിക്കുന്നവർ പിശാചിൽനിന്നുള്ളവരാകുന്നു. പിശാച് ആരംഭംമുതലേ പാപംചെയ്യുന്നവനാണ്. പിശാചിന്റെ പ്രവർത്തനങ്ങളെ ഉന്മൂലനംചെയ്യാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്. ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ശീലമാക്കുന്നില്ല; ദൈവത്തിന്റെ വിത്ത് അവരിൽ വസിക്കുന്നല്ലോ. അവർ ദൈവത്തിൽനിന്നു ജനിച്ചിരിക്കുകയാൽ പാപത്തിൽ തുടരുക അവർക്ക് അസാധ്യമാണ്. ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും ഇങ്ങനെ തിരിച്ചറിയാം; നീതി പ്രവർത്തിക്കാത്തവർ ആരും ദൈവത്തിൽനിന്ന് ഉള്ളവരല്ല. സഹോദരങ്ങളെ സ്നേഹിക്കാത്തവരും അങ്ങനെതന്നെ.