1 യോഹന്നാൻ 3:11-18
1 യോഹന്നാൻ 3:11-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങൾ ആദിമുതൽ കേട്ടദൂത്: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽ നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്റെ പ്രവൃത്തി ദോഷവും സഹോദരൻറേതു നീതിയുമുള്ളതാകകൊണ്ടത്രേ. സഹോദരന്മാരേ, ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്. നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. സഹോദരനെ പകയ്ക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകനും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. അവൻ നമുക്കുവേണ്ടി തന്റെ പ്രാണനെ വച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്ന് അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കുവേണ്ടി പ്രാണനെ വച്ചുകൊടുക്കേണ്ടതാകുന്നു. എന്നാൽ ഈ ലോകത്തിലെ വസ്തുവക ഉള്ളവൻ ആരെങ്കിലും തന്റെ സഹോദരനു മുട്ടുള്ളതു കണ്ടിട്ട് അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക.
1 യോഹന്നാൻ 3:11-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാം പരസ്പരം സ്നേഹിക്കണം എന്നുള്ളതാണല്ലോ ആദിമുതൽ നിങ്ങൾ കേട്ട സന്ദേശം. തിന്മയിൽനിന്നു ജന്മമെടുത്ത് സ്വസഹോദരനെ വധിച്ച കയീനെപ്പോലെ നിങ്ങൾ ആകരുത്. കയീൻ തന്റെ സഹോദരനെ കൊന്നത് എന്തുകൊണ്ട്? തന്റെ പ്രവൃത്തി ദുഷ്ടവും സഹോദരൻറേത് നീതിനിഷ്ഠവും ആയതുകൊണ്ടത്രേ. സഹോദരരേ, ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്. നാം മരണത്തെ അതിജീവിച്ച് ജീവനിൽ പ്രവേശിച്ചിരിക്കുന്നു എന്ന് സഹോദരന്മാരെ സ്നേഹിക്കുന്നതുമൂലം നാം അറിയുന്നു. സഹോദരന്മാരെ സ്നേഹിക്കാത്തവൻ മരണത്തിന്റെ പിടിയിൽ കഴിയുന്നു. സഹോദരനെ ദ്വേഷിക്കുന്നവൻ കൊലപാതകിയാണ്. ഒരു കൊലപാതകിയിലും അനശ്വരജീവൻ കുടികൊള്ളുന്നില്ല എന്നു നിങ്ങൾക്ക് അറിയാമല്ലോ. ക്രിസ്തു നമുക്കുവേണ്ടി തന്റെ ജീവൻ അർപ്പിച്ചു. ഇതിൽനിന്ന് സ്നേഹം എന്തെന്ന് നാം അറിയുന്നു. നമ്മളും സഹോദരന്മാർക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടവരാണ്. എന്നാൽ ഐഹികജീവിതത്തിനു വേണ്ട വസ്തുവകകളുള്ള ഒരുവൻ, തന്റെ സഹോദരന്റെ ബുദ്ധിമുട്ടും പ്രയാസവും കണ്ടിട്ടും ദയയുടെ വാതിൽ കൊട്ടിയടയ്‍ക്കുന്നെങ്കിൽ അയാളിൽ ദൈവത്തിന്റെ സ്നേഹം വസിക്കുന്നു എന്ന് എങ്ങനെ പറയാം? കുഞ്ഞുങ്ങളേ, വെറും വാക്കുകൊണ്ടും സംസാരംകൊണ്ടും അല്ല പ്രവൃത്തികൊണ്ടും സത്യംകൊണ്ടുമാണു നാം സ്നേഹിക്കേണ്ടത്.
1 യോഹന്നാൻ 3:11-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങൾ ആദിമുതൽ കേട്ട ദൂത് ഇതാണ്: നമ്മൾ അന്യോന്യം സ്നേഹിക്കേണം. കയീൻ ദുഷ്ടനിൽനിന്നുള്ളവനായും സഹോദരനെ കൊന്നതുപോലെയും ആകരുത്; അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്റെ പ്രവൃത്തി ദോഷവും സഹോദരൻ്റെത് നീതിയുള്ളതും ആയിരുന്നതുകൊണ്ടത്രേ. എന്‍റെ സഹോദരന്മാരേ, ലോകം നിങ്ങളെ വെറുക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്. നമ്മൾ മരണം വിട്ട് ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. തന്‍റെ സഹോദരനെ പകയ്ക്കുന്നവൻ ആരായാലും കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകൻ്റെയും ഉള്ളിൽ നിത്യജീവൻ വസിച്ചിരിക്കുന്നില്ല എന്നു നിങ്ങൾ അറിയുന്നു. ക്രിസ്തു നമുക്കുവേണ്ടി തന്റെ പ്രാണനെ വച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്ത് എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കുവേണ്ടി പ്രാണനെ വച്ചുകൊടുക്കേണ്ടതാകുന്നു. എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്‍റെ സഹോദരൻ ആവശ്യക്കാരനാണെന്ന് കണ്ടിട്ടും, അവന്‍റെനേരെ തന്‍റെ ഹൃദയം അടച്ചുകളഞ്ഞാൽ ദൈവത്തിന്‍റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? എന്‍റെ പ്രിയ കുഞ്ഞുങ്ങളേ, നാം വാക്കിനാലോ നാവിനാലോ അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക.
1 യോഹന്നാൻ 3:11-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ. സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുതു. നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്കു അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു. സഹോദരനെ പകെക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു. അവൻ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.
1 യോഹന്നാൻ 3:11-18 സമകാലിക മലയാളവിവർത്തനം (MCV)
പരസ്പരം സ്നേഹിക്കണം എന്ന സന്ദേശം ആണല്ലോ ആരംഭംമുതലേ നാം കേട്ടുവന്നത്. സ്വസഹോദരനെ വധിച്ച പൈശാചികൻ കയീനെപ്പോലെ നിങ്ങൾ ആകരുത്; അയാൾ സഹോദരനെ വധിച്ചത് എന്തിന്? അവന്റെ പ്രവൃത്തി, ദോഷം നിറഞ്ഞതും സഹോദരന്റേത് നീതിയുക്തവും ആയിരുന്നതുകൊണ്ടാണ്. സഹോദരങ്ങളേ, ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ ആശ്ചര്യപ്പെടരുത്. സഹോദരങ്ങളെ സ്നേഹിക്കുന്നതിനാൽ നാം മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ, സ്നേഹിക്കാത്തവൻ മരണത്തിൽത്തന്നെ തുടരുന്നു. സഹോദരങ്ങളെ വെറുക്കുന്ന ഏതൊരു വ്യക്തിയും കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ കുടികൊള്ളുകയില്ലെന്നു നിങ്ങൾക്കറിയാമല്ലോ. ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും? കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്.