1 യോഹന്നാൻ 1:3-9
1 യോഹന്നാൻ 1:3-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. നമ്മുടെ സന്തോഷം പൂർണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്ക് എഴുതുന്നു. ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു. അവനോടു കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നു എങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ട്; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
1 യോഹന്നാൻ 1:3-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തതുതന്നെ നിങ്ങളോടു പ്രസ്താവിക്കുന്നു. നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് അപ്രകാരം ചെയ്യുന്നത്. നമ്മുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. നമ്മുടെ ആനന്ദം പൂർണമാകുന്നതിനുവേണ്ടിയാണ് ഇതെഴുതുന്നത്. ദൈവം പ്രകാശമാകുന്നു; ദൈവത്തിൽ അന്ധകാരത്തിന്റെ കണികപോലുമില്ല; ഇതാണ് യേശുക്രിസ്തുവിൽനിന്നു ഞങ്ങൾ കേട്ടതും നിങ്ങളോടു പ്രഖ്യാപനം ചെയ്യുന്നതുമായ സന്ദേശം. അവിടുത്തോടു കൂട്ടായ്മ ഉണ്ടെന്നു നാം പറയുകയും ഇരുളിൽ നടക്കുകയും ചെയ്യുന്നെങ്കിൽ, നാം പറയുന്നത് വ്യാജമാണ്; നാം സത്യത്തെ അനുസരിച്ചു ജീവിക്കുന്നവരല്ല. അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ നാം പ്രകാശത്തിൽ നടക്കുന്നെങ്കിൽ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം സർവപാപവും നീക്കി നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു പാപം ഇല്ലെന്നു നാം പറയുന്നെങ്കിൽ, നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലെന്നു സ്പഷ്ടം. ദൈവം വാഗ്ദാനം നിറവേറ്റുന്നവനും നീതി പ്രവർത്തിക്കുന്നവനും ആകുന്നു; പാപങ്ങൾ ഏറ്റുപറയുന്നെങ്കിൽ അവിടുന്നു നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും നമ്മുടെ എല്ലാ അനീതികളും അകറ്റി നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.
1 യോഹന്നാൻ 1:3-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങൾ കണ്ടും കേട്ടുമുള്ളത് നിങ്ങൾക്ക് ഞങ്ങളോട് കൂട്ടായ്മ ഉണ്ടാകേണ്ടതിന് നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടുകൂടെയും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടുകൂടെയും ആകുന്നു. അങ്ങനെ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇത് നിങ്ങൾക്ക് എഴുതുന്നു. ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ട് അശേഷം ഇല്ല എന്നത് ഞങ്ങൾ അവനിൽ നിന്ന് കേട്ടു, നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു. അവനോട് കൂടെ കൂട്ടായ്മ ഉണ്ട് എന്നു പറയുകയും ഇരുട്ടിൽ നടക്കുകയും ചെയ്താൽ നാം ഭോഷ്ക് പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. എന്നാൽ അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്ക് അന്യോന്യം കൂട്ടായ്മ ഉണ്ട്; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. നമുക്ക് പാപം ഇല്ല എന്നു പറയുന്നു എങ്കിൽ നമ്മൾ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. എന്നാൽ നമ്മുടെ പാപങ്ങളെ നമ്മൾ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോട് പാപങ്ങളെ ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കുവാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
1 യോഹന്നാൻ 1:3-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു. ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു. അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല. അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകലഅനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
1 യോഹന്നാൻ 1:3-9 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങൾക്ക് ഞങ്ങളുമായി കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തത് നിങ്ങളെ അറിയിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവിടത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. ഞങ്ങളുടെ ആനന്ദം സമ്പൂർണമാകാനാണ് ഞങ്ങൾ ഇത് എഴുതുന്നത്. ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല. നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല. അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ.