1 കൊരിന്ത്യർ 9:16-18

1 കൊരിന്ത്യർ 9:16-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട് എനിക്ക് അഭിമാനിക്കാനൊന്നുമില്ല. അതു ചെയ്യുവാനുള്ള ബാധ്യത എനിക്കുണ്ട്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ഹാ കഷ്ടം! ആരുടെയും പ്രേരണ കൂടാതെ, സ്വമനസ്സാ അതു ഞാൻ ചെയ്യുന്നെങ്കിൽ എനിക്കു പ്രതിഫലം പ്രതീക്ഷിക്കാം. എന്നാൽ ഈ ദൗത്യം ദൈവം എന്നെ ഏല്പിച്ചതായതുകൊണ്ട് എന്റെ ധർമം എന്ന നിലയിലാണ് ഞാനിതു ചെയ്യുന്നത്. അപ്പോൾ എനിക്കു കിട്ടുന്ന പ്രതിഫലം എന്താണ്? വേതനം കൂടാതെയും സുവിശേഷഘോഷണത്തിൽ എനിക്കുള്ള അവകാശം ഉന്നയിക്കാതെയും സുവിശേഷം പ്രസംഗിക്കുന്ന പദവിയാണ് എന്റെ പ്രതിഫലം.

1 കൊരിന്ത്യർ 9:16-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! ഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂർവ്വമല്ലെങ്കിലും കാര്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. എന്നാൽ എന്റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ.

1 കൊരിന്ത്യർ 9:16-18 സമകാലിക മലയാളവിവർത്തനം (MCV)

എങ്കിലും, സുവിശേഷം അറിയിക്കുന്നതിൽ എനിക്ക് ആത്മപ്രശംസയ്ക്ക് അതൊരു കാരണമല്ല; ഞാൻ അതിനു കടപ്പെട്ടവനാണ്. സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം! ഞാൻ സ്വമേധയാ ആണ് അതു ചെയ്യുന്നതെങ്കിൽ, എനിക്കു പ്രതിഫലം ലഭിക്കും; സ്വമേധയാ അല്ലെങ്കിൽപോലും, ഞാൻ സുവിശേഷം അറിയിക്കുന്നത് ദൈവം എന്നെ ഏൽപ്പിച്ച കർത്തവ്യനിർവഹണംമാത്രമാണ്. അപ്പോൾ എനിക്കുള്ള പ്രതിഫലം എന്താണ്? സുവിശേഷം എനിക്കു നൽകുന്ന അവകാശം മുഴുവൻ ഉപയോഗിക്കാതെ സുവിശേഷഘോഷണം ഒരു യാഗാർപ്പണംപോലെ സൗജന്യമായി ചെയ്യാൻ എനിക്കു കഴിയുന്നു എന്നതുതന്നെ.