1 കൊരിന്ത്യർ 6:1-8

1 കൊരിന്ത്യർ 6:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങളിൽ ഒരുത്തനു മറ്റൊരുത്തനോട് ഒരു കാര്യം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിനു പോകുവാൻ തുനിയുന്നുവോ? വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ? നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം? എന്നാൽ നിങ്ങൾക്ക് ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കിൽ വിധിപ്പാൻ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ? നിങ്ങൾക്കു ലജ്ജയ്ക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽതന്നെ. നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതുതന്നെ കേവലം പോരായ്മയാകുന്നു; അതിനു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്? അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കുതന്നെ.

1 കൊരിന്ത്യർ 6:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളിൽ ആർക്കെങ്കിലും മറ്റൊരു ക്രൈസ്തവ സഹോദരനുമായി തർക്കമുണ്ടായാൽ വിശ്വാസികളുടെ അടുക്കൽ പോയി നിങ്ങളുടെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാതെ വിജാതീയരായ ന്യായാധിപന്മാരുടെ അടുക്കൽ പോകുവാൻ തുനിയുന്നുവോ? ദൈവത്തിന്റെ ജനം ലോകത്തെ വിധിക്കുമെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ലോകത്തെ വിധിക്കേണ്ടവരാണ് നിങ്ങളെങ്കിൽ, നിസ്സാരകാര്യങ്ങൾക്കു പരിഹാരമുണ്ടാക്കുവാൻ നിങ്ങൾക്കു കഴിവില്ലെന്നോ? നാം മാലാഖമാരെ വിധിക്കുമെന്നു നിങ്ങൾക്ക് അറിഞ്ഞുകൂടേ? അങ്ങനെയെങ്കിൽ ഐഹിക ജീവിതത്തിലെ കാര്യങ്ങൾ വിധിക്കുന്നത് എത്ര എളുപ്പം! ഐഹിക കാര്യങ്ങളെ സംബന്ധിച്ചു വിധി പറയേണ്ടിവരുമ്പോൾ, സഭയിൽ സ്ഥാനമില്ലാത്തവരെ നിങ്ങൾ അതിനുവേണ്ടി സമീപിക്കുന്നുവോ? നിങ്ങൾക്കു ലജ്ജയില്ലേ? ക്രൈസ്തവ സഹോദരന്മാർ തമ്മിലുള്ള തർക്കം പറഞ്ഞു തീർക്കുവാൻ കഴിവുള്ള ഒരൊറ്റ വിവേകശാലിപോലും നിങ്ങളുടെ ഇടയിൽ ഇല്ലെന്നു വരുമോ? ക്രൈസ്തവ സഹോദരന്മാർ തമ്മിൽ വ്യവഹാരങ്ങൾ ഉണ്ടാകുന്നു. അവ തീർക്കുവാൻ അവിശ്വാസികളുടെ അടുക്കൽ പോകുകയും ചെയ്യുന്നു. നിങ്ങൾ തമ്മിൽ വ്യവഹാരങ്ങൾ ഉണ്ടാകുന്നതുതന്നെ, നിങ്ങൾ പരാജയപ്പെട്ടു തറപറ്റിയിരിക്കുന്നു എന്നു തെളിയിക്കുന്നു. അന്യായം സഹിക്കുകയും, ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്നതല്ലേ അതിനെക്കാൾ നല്ലത്? അതിനുപകരം, നിങ്ങൾ അന്യായം പ്രവർത്തിക്കുന്നു; അതും സ്വന്തം സഹോദരന്മാർക്കെതിരെ.

1 കൊരിന്ത്യർ 6:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നിങ്ങളിൽ ഒരാൾക്ക് മറ്റൊരാളോട് ഒരു അന്യായം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ പരിഹാരത്തിന് പോകാതെ അഭക്തന്മാരുടെ മുൻപിൽ പോകുവാൻ തുനിയുന്നുവോ? വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെയും വിധിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ലയോ? നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? എന്നാൽ ഈ ജീവിതത്തെ സംബന്ധിക്കുന്നവയെ എത്ര അധികം? അതുകൊണ്ട് നിങ്ങൾക്ക് ഈ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങളിൽ അന്യായം ഉണ്ടെങ്കിൽ വിധിക്കുവാൻ സഭ ഗണ്യമാക്കാത്തവരെ നിയമിക്കുന്നുവോ? നിങ്ങളുടെ ലജ്ജയ്ക്കായി ഞാൻ ഇത് പറയുന്നു. സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാക്കുവാൻ പ്രാപ്തിയുള്ളൊരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? എന്നാൽ, ഒരു വിശ്വാസി മറ്റൊരു വിശ്വാസിയോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നെ. നിങ്ങളുടെ ഇടയിൽ അന്യായം ഉണ്ടാകുന്നത് തന്നെ കേവലം പോരായ്മയാകുന്നു; അതിനു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്? പക്ഷേ, നിങ്ങൾതന്നെ സഹോദരന്മാർക്കു അന്യായം ചെയ്യുകയും, നഷ്ടം വരുത്തുകയും ചെയ്യുന്നു

1 കൊരിന്ത്യർ 6:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങളിൽ ഒരുത്തന്നു മറ്റൊരുത്തനോടു ഒരു കാര്യം ഉണ്ടെങ്കിൽ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിന്നു പോകുവാൻ തുനിയുന്നുവോ? വിശുദ്ധന്മാർ ലോകത്തെ വിധിക്കും എന്നു അറിയുന്നില്ലയോ? ലോകത്തെ നിങ്ങൾ വിധിക്കുമെങ്കിൽ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാൻ നിങ്ങൾ അയോഗ്യരോ? നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം? എന്നാൽ നിങ്ങൾക്കു ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കിൽ വിധിപ്പാൻ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ? നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ? അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ. നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു? അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കു തന്നേ.

1 കൊരിന്ത്യർ 6:1-8 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങളിൽ ഒരാൾക്കു മറ്റൊരാളോടു തർക്കം ഉണ്ടെങ്കിൽ അതിന്റെ തീർപ്പിനായി, ദൈവജനത്തിന്റെയടുത്ത് പോകുന്നതിനു പകരം, അഭക്തരുടെമുമ്പിൽ പോകുന്നതിനോ നിങ്ങൾ ചങ്കൂറ്റം കാണിക്കുന്നത്? ദൈവജനമാണ് ലോകത്തെ ന്യായംവിധിക്കാനിരിക്കുന്നത് എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ ലോകത്തെ വിധിക്കാനുള്ളവരെങ്കിൽ നിസ്സാരമായ തർക്കങ്ങൾ തീരുമാനിക്കാൻ നിങ്ങൾ അസമർഥരോ? നാം ദൂതന്മാരെയും ന്യായംവിധിക്കും എന്നറിയുന്നില്ലേ? അങ്ങനെയുള്ള നാം ലൗകികകാര്യങ്ങളെ എത്രയധികം! അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി തർക്കമുണ്ടെങ്കിൽ സഭയ്ക്കു യാതൊരു മതിപ്പുമില്ലാത്തവരെ നിങ്ങൾ വിധികർത്താക്കളായി നിയമിക്കുമോ? ഞാൻ ഇതു നിങ്ങളുടെ ലജ്ജയ്ക്കായി പറയുന്നു. വിശ്വാസികൾക്കു പരസ്പരമുള്ള തർക്കം തീർക്കാൻ തക്ക ജ്ഞാനമുള്ള ഒരാൾപോലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലാതെയായോ? എന്നാൽ അതിനുപകരം, ഒരു സഹോദരൻ മറ്റൊരു സഹോദരനോടു വ്യവഹാരം നടത്താൻ പോകുന്നു; അതും അവിശ്വാസികളുടെമുമ്പിൽ! നിങ്ങളുടെ മധ്യേ വ്യവഹാരം ഉണ്ടാകുന്നു എന്നതിനാൽത്തന്നെ നിങ്ങൾ പരാജയമടഞ്ഞിരിക്കുന്നു. നിങ്ങൾ അന്യായം സഹിക്കുന്നതല്ലേ ഇതിലും ഭേദം? ചതിക്കപ്പെടുന്നതല്ലേ കൂടുതൽ ഉത്തമം? അല്ല, അതിനുപകരം നിങ്ങൾതന്നെ ചതിക്കുകയും ദ്രോഹിക്കുകയുംചെയ്യുന്നു! അതും നിങ്ങളുടെ സഹോദരങ്ങളെ!