1 കൊരിന്ത്യർ 4:1-5

1 കൊരിന്ത്യർ 4:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ. ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ. നിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നത് എനിക്ക് എത്രയും ലഘുകാര്യം; ഞാൻ എന്നെത്തന്നെ വിധിക്കുന്നതുമില്ല. എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവ് ആകുന്നു. ആകയാൽ കർത്താവ് വരുവോളം സമയത്തിനുമുമ്പേ ഒന്നും വിധിക്കരുത്; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്ന് ഓരോരുത്തനു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.

1 കൊരിന്ത്യർ 4:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞങ്ങൾ ക്രിസ്തുവിന്റെ ദാസന്മാരാണെന്നും ദൈവത്തിന്റെ ദിവ്യരഹസ്യങ്ങൾ ഞങ്ങളെയാണ് ഏല്പിച്ചിരിക്കുന്നതെന്നും നിങ്ങൾ എല്ലാവരും കരുതണം. അങ്ങനെയുള്ള ഒരു ദാസൻ യജമാനനോടു വിശ്വസ്തനായിരിക്കണം. നിങ്ങളോ, മനുഷ്യരുടേതായ ഏതെങ്കിലും നീതിപീഠമോ എന്നെ വിധിക്കുന്നെങ്കിൽ അത് ഞാൻ അശേഷം കാര്യമാക്കുന്നില്ല. എന്റെ മനസ്സാക്ഷി യാതൊന്നിനെക്കുറിച്ചും എന്നെ കുറ്റപ്പെടുത്തുന്നില്ലെങ്കിലും യഥാർഥത്തിൽ ഞാൻ നിർദോഷിയാണെന്നുള്ളതിന് അതു തെളിവല്ലല്ലോ. കർത്താവു മാത്രമാണ് എന്നെ വിധിക്കുന്നത്. അതുകൊണ്ടു വിധിയുടെ സമയം ആകുന്നതുവരെ നിങ്ങൾ ആരെയും വിധിക്കരുത്. കർത്താവു വരുമ്പോൾ അവസാന വിധിയുണ്ടാകും. അതുവരെ കാത്തിരിക്കുക. ഇരുളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കർത്താവു വെളിച്ചത്തു കൊണ്ടുവരും. മനുഷ്യമനസ്സിൽ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളെ അവിടുന്ന് അനാവരണം ചെയ്യും. അപ്പോൾ ഓരോരുത്തനും അർഹിക്കുന്ന പ്രശംസ ദൈവത്തിൽനിന്നു ലഭിക്കുകയും ചെയ്യും.

1 കൊരിന്ത്യർ 4:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞങ്ങളെ, ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരും ദൈവികമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും ആയി ഓരോരുത്തൻ കരുതട്ടെ. ഗൃഹവിചാരകന്മാരിൽ ആവശ്യമായിരിക്കുന്നതോ, അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ. എന്നാൽ, നിങ്ങളോ, മനുഷ്യനിർമ്മിതമായ കോടതികളോ, എന്നെ വിധിക്കുന്നത് എനിക്ക് വളരെ ചെറിയ കാര്യമാണ്; ഞാൻ എന്നെത്തന്നെ വിധിക്കുന്നതുമില്ല. എന്തെന്നാൽ എന്‍റെ യാതൊരു കുറ്റത്തെക്കുറിച്ചും എനിക്ക് ബോധ്യമില്ലെങ്കിലും, ഞാൻ കുറ്റവിമുക്തൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നത് കർത്താവ് ആകുന്നു. ആകയാൽ കർത്താവ് വരുവോളം സമയത്തിനു മുമ്പെ ഒന്നും വിധിക്കരുത്; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്താക്കുകയും ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും; അന്നു ഓരോരുത്തർക്കും ദൈവത്തിൽനിന്ന് പുകഴ്ച ലഭിക്കും.

1 കൊരിന്ത്യർ 4:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ. ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ. നിങ്ങളോ മനുഷ്യർ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നതു എനിക്കു എത്രയും ലഘുകാര്യം; ഞാൻ എന്നെത്തന്നേ വിധിക്കുന്നതുമില്ല. എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കർത്താവു ആകുന്നു. ആകയാൽ കർത്താവു വരുവോളം സമയത്തിന്നു മുമ്പെ ഒന്നും വിധിക്കരുതു; അവൻ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്നു ഓരോരുത്തന്നു ദൈവത്തിങ്കൽനിന്നു പുകഴ്ച ഉണ്ടാകും.

1 കൊരിന്ത്യർ 4:1-5 സമകാലിക മലയാളവിവർത്തനം (MCV)

അതുകൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷകരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും എന്നനിലയിലാണ് എല്ലാവരും ഞങ്ങളെ പരിഗണിക്കേണ്ടത്. വിശ്വാസ്യതയാണ് കാര്യസ്ഥരിൽ അവശ്യം കാണേണ്ട സദ്ഗുണം. നിങ്ങളോ ഏതെങ്കിലും മാനുഷികകോടതിയൊ എന്നെ വിസ്തരിച്ചാൽ അതെനിക്ക് ഒരു നിസ്സാരകാര്യം. വാസ്തവത്തിൽ ഞാൻതന്നെയും എന്നെ വിധിക്കുന്നില്ല. എനിക്കു യാതൊന്നിനെപ്പറ്റിയും കുറ്റബോധമില്ല, എന്നാൽ അതുകൊണ്ടു ഞാൻ കുറ്റമില്ലാത്തവൻ എന്നു വരുന്നില്ല. എന്നെ വിധിക്കുന്നത് കർത്താവാണ്. ആകയാൽ, സമയത്തിനുമുമ്പേ, കർത്താവ് വരുന്നതുവരെ, ഒന്നിനെയും വിധിക്കരുത്; അവിടന്ന് ഇരുളിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്തിലാക്കുകയും മനുഷ്യഹൃദയങ്ങളിലെ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്യും. അപ്പോൾ ഓരോരുത്തർക്കും ദൈവത്തിൽനിന്നുള്ള അഭിനന്ദനം ലഭിക്കും.