1 കൊരിന്ത്യർ 16:5-18 - Compare All Versions
1 കൊരിന്ത്യർ 16:5-18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഞാൻ മക്കെദോന്യയിൽകൂടി കടന്നശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽ കൂടിയാകുന്നു ഞാൻ വരുന്നത്. ഞാൻ പോകുന്നേടത്തേക്ക് നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും. കർത്താവ് അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകും വഴിയിൽ അല്ല നിങ്ങളെ കാൺമാൻ ഇച്ഛിക്കുന്നത്. എഫെസൊസിൽ ഞാൻ പെന്തെക്കൊസ്തുവരെ പാർക്കും. എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്. തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെതന്നെ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ. ആരും അവനെ അലക്ഷ്യമാക്കരുത്; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ട് എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ. സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന് ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും. ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്വിൻ. സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്കു തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അധ്വാനിക്കയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നത് അവർ നികത്തിയിരിക്കുന്നു. അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.
1 കൊരിന്ത്യർ 16:5-18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എനിക്കു മാസിഡോണിയയിൽകൂടി കടന്നുപോകേണ്ടതുണ്ട്. അതിനുശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും. അങ്ങനെ കുറേനാൾ, ഒരുപക്ഷേ, ശീതകാലം മുഴുവൻ നിങ്ങളുടെ കൂടെ കഴിച്ചുകൂട്ടാം. പിന്നീട് എനിക്കു പോകേണ്ടത് എങ്ങോട്ടായാലും നിങ്ങളുടെ സഹായത്തോടുകൂടി എന്റെ യാത്ര തുടരാം. പോകുന്നവഴി നിങ്ങളെ കണ്ടിട്ടു പെട്ടെന്നു പോകാനല്ല ഞാൻ ആഗ്രഹിക്കുന്നത്. കർത്താവ് അനുവദിക്കുന്നെങ്കിൽ കുറെ ഏറെ നാൾ നിങ്ങളോടൊത്തു കഴിച്ചുകൂട്ടണമെന്നാണ് എന്റെ ആഗ്രഹം. പെന്തെക്കോസ്തുനാൾവരെ ഞാൻ എഫെസൊസിൽ താമസിക്കും. ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നാലും ഫലപ്രദമായ പ്രവർത്തനത്തിനുള്ള സുവർണാവസരമാണ് ഇവിടെയുള്ളത്. തിമൊഥെയോസ് വന്നാൽ നിങ്ങളുടെ ഇടയിൽ നിർഭയം പ്രവർത്തിക്കുവാൻ തക്കവണ്ണം അയാളെ സ്വാഗതം ചെയ്യണം; എന്നെപ്പോലെതന്നെ അയാൾ കർത്താവിനുവേണ്ടി പ്രവർത്തിക്കുന്നവനാണല്ലോ. ആരും അയാളെ അവഗണിക്കരുത്. സഹോദരന്മാരോടൊപ്പം ഞാൻ അയാളുടെ വരവു കാത്തിരിക്കുകയാണ്; എന്റെ അടുക്കൽ തിരിച്ചുവരുന്നതിനുവേണ്ടി സമാധാനത്തോടെ യാത്ര തുടരുവാൻ നിങ്ങൾ അയാളെ സഹായിക്കണം. സഹോദരനായ അപ്പൊല്ലൊസിന്റെ കാര്യമാണെങ്കിൽ, മറ്റു സഹോദരന്മാരോടൊപ്പം നിങ്ങളെ സന്ദർശിക്കുന്നതിന് അയാളെയും ഞാൻ പലപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിങ്ങളുടെ അടുക്കൽ വരുന്നതിന് അയാൾക്കു പൂർണസമ്മതമുണ്ടായില്ല. ഇനി അവസരമുണ്ടാകുമ്പോൾ വരുന്നതാണ്. ഉണർന്നിരിക്കുക; വിശ്വാസത്തിൽ അടിയുറച്ചു നില്‌ക്കുക; ധൈര്യവും മനക്കരുത്തും ഉള്ളവരായിരിക്കുക. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹപൂർവം ആയിരിക്കട്ടെ. സ്തേഫാനോസിനെയും അയാളുടെ കുടുംബത്തെയും നിങ്ങൾക്കറിയാമല്ലോ; അഖായയിൽ ആദ്യം ക്രിസ്തുമാർഗം സ്വീകരിച്ചത് അവരാണ്. ദൈവജനത്തിന്റെ ശുശ്രൂഷയ്‍ക്കായി അവർ തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരുടെയും, അവരോടുകൂടി ശുശ്രൂഷചെയ്യുകയും അധ്വാനിക്കുകയും ചെയ്യുന്നവരുടെയും നേതൃത്വത്തിനു നിങ്ങൾ കീഴ്പെട്ടിരിക്കണം. സ്തേഫാനോസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ അസാന്നിധ്യം അവർ നികത്തി. അവർ എന്റെയും നിങ്ങളുടെയും ആത്മാവിന് ഉന്മേഷം പകർന്നുതന്നു. ഇങ്ങനെയുള്ളവരെ നിങ്ങൾ ആദരിക്കണം.
1 കൊരിന്ത്യർ 16:5-18 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
മക്കെദോന്യയിൽകൂടി കടന്നശേഷം ഞാൻ നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നത്. ഞാൻ പോകുന്നിടത്തേക്ക് നിങ്ങൾ എന്നെ യാത്ര അയക്കുവാൻ തക്കവണ്ണം ഒരുപക്ഷേ നിങ്ങളോടുകൂടെ പാർക്കും; തണുപ്പുകാലംകൂടെ കഴിക്കുമായിരിക്കും. കർത്താവ് അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർക്കുവാൻ ആശിക്കുന്നതുകൊണ്ട് ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണുവാൻ ഇച്ഛിക്കുന്നത്. എന്നാൽ എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും. എന്തെന്നാൽ എനിക്ക് വലിയതും സഫലവുമായൊരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്. തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിക്കുവാൻ നോക്കുവിൻ; എന്നെപ്പോലെ തന്നെ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ. അതുകൊണ്ട്, ആരും അവനെ തുച്ഛീകരിക്കരുത്; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കുകകൊണ്ട് എന്‍റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയക്കുവിൻ. സഹോദരനായ അപ്പൊല്ലോസിൻ്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോട് വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവനു ഒട്ടും താല്പര്യമില്ല; അവസരം കിട്ടിയാൽ അവൻ വരും. ഉണർന്നിരിക്കുവിൻ; വിശ്വാസത്തിൽ നിലനിൽക്കുവിൻ; പുരുഷത്വം കാണിക്കുവിൻ; ശക്തിപ്പെടുവിൻ. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്യുവിൻ. സഹോദരന്മാരേ, സ്തെഫാനൊസിൻ്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്ക് തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സ്തെഫാനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്ക് സന്തോഷമായി. നിങ്ങളുടെ ഭാഗത്ത് കുറവായിരുന്നത് അവർ നികത്തിയിരിക്കുന്നു. എന്തെന്നാൽ അവർ എന്‍റെ മനസ്സിലും നിങ്ങളുടെ മനസ്സിലും ഉന്മേഷം പകർന്നതുകൊണ്ട് ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്ളുവിൻ.
1 കൊരിന്ത്യർ 16:5-18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ മക്കെദോന്യയിൽകൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കൽ വരും; മക്കെദോന്യയിൽകൂടി ആകുന്നു ഞാൻ വരുന്നതു. ഞാൻ പോകുന്നേടത്തേക്കു നിങ്ങൾ എന്നെ യാത്ര അയപ്പാൻ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാർക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും. കർത്താവു അനുവദിച്ചാൽ കുറേക്കാലം നിങ്ങളോടുകൂടെ പാർപ്പാൻ ആശിക്കുന്നതുകൊണ്ടു ഞാൻ ഈ പ്രാവശ്യം കടന്നുപോകുംവഴിയിൽ അല്ല നിങ്ങളെ കാണ്മാൻ ഇച്ഛിക്കുന്നതു. എഫെസൊസിൽ ഞാൻ പെന്തെക്കൊസ്ത് വരെ പാർക്കും. എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ടു. തിമൊഥെയൊസ് വന്നാൽ അവൻ നിങ്ങളുടെ ഇടയിൽ നിർഭയനായിരിപ്പാൻ നോക്കുവിൻ; എന്നെപ്പോലെ തന്നേ അവൻ കർത്താവിന്റെ വേല ചെയ്യുന്നുവല്ലോ. ആരും അവനെ അലക്ഷ്യമാക്കരുതു; ഞാൻ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കൽ വരുവാൻ അവനെ സമാധാനത്തോടെ യാത്ര അയപ്പിൻ. സഹോദരനായ അപ്പൊല്ലോസിന്റെ കാര്യമോ, അവൻ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കൽ വരേണം എന്നു ഞാൻ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോൾ വരുവാൻ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാൽ അവൻ വരും. ഉണർന്നിരിപ്പിൻ; വിശ്വാസത്തിൽ നിലനില്പിൻ; പുരുഷത്വം കാണിപ്പിൻ; ശക്തിപ്പെടുവിൻ. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്വിൻ. സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവർ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ. ഇങ്ങനെയുള്ളവർക്കും അവരോടുകൂടെ പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. സ്തെഫനാസും ഫൊർത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവർ നികത്തിയിരിക്കുന്നു. അവർ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ.
1 കൊരിന്ത്യർ 16:5-18 MCV (സമകാലിക മലയാളവിവർത്തനം)
ഞാൻ മക്കദോന്യയിൽക്കൂടി യാത്രചെയ്ത് നിങ്ങളുടെ അടുത്തെത്തും—അതുവഴിയാണു ഞാൻ വരുന്നത്. ഒരുപക്ഷേ ഞാൻ കുറച്ചുകാലം നിങ്ങളോടുകൂടെ താമസിച്ചേക്കും, ശീതകാലം മുഴുവൻ അവിടെ ചെലവഴിച്ചെന്നും വരാം, അപ്പോൾ എന്റെ തുടർന്നുള്ള യാത്രയ്ക്കു വേണ്ടുന്ന സഹായം ചെയ്തുതരാൻ നിങ്ങൾക്കു കഴിയുമല്ലോ. ഇപ്പോൾ നിങ്ങളെ സന്ദർശിച്ചിട്ടു പെട്ടെന്നു മടങ്ങാനല്ല ഞാൻ ആഗ്രഹിക്കുന്നത്; കർത്താവ് അനുവദിച്ചാൽ കുറച്ചുകാലം നിങ്ങളോടൊപ്പം താമസിക്കാൻ ഞാൻ ആശിക്കുന്നു. എന്നാൽ പെന്തക്കൊസ്തുവരെ ഞാൻ എഫേസോസിൽ താമസിക്കും. കാരണം, ഫലപ്രദമായ വേലയ്ക്കുവേണ്ടി വലിയൊരു വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു; എന്നെ എതിർക്കുന്നവരും പലരുണ്ട്. തിമോത്തിയോസ് വരുമ്പോൾ, ഭയലേശമെന്യെ അദ്ദേഹത്തിന് നിങ്ങളോടുകൂടെ വസിക്കാൻ നിങ്ങൾ സാഹചര്യമൊരുക്കണം. അദ്ദേഹം എന്നെപ്പോലെതന്നെ കർത്താവിന്റെ വേല ചെയ്യുകയാണല്ലോ. ആരും അദ്ദേഹത്തോട് അനാദരവ് കാണിക്കരുത്. എന്റെ അടുക്കൽ മടങ്ങിയെത്തേണ്ടതിന് അദ്ദേഹത്തെ സമാധാനത്തോടെ യാത്രയയയ്ക്കണം. ഞാനും സഹോദരന്മാരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്. നമ്മുടെ സഹോദരനായ അപ്പൊല്ലോസിന്റെ കാര്യം: സഹോദരരോടുകൂടെ നിങ്ങളുടെ അടുത്തേക്കു വരാൻ ഞാൻ അദ്ദേഹത്തെ നിർബന്ധിച്ചു, എന്നാൽ ഉടനെ വരാൻ അദ്ദേഹത്തിനു തീരെ താത്പര്യമില്ല, അവസരം ലഭിക്കുമ്പോൾ അദ്ദേഹം വരും. ജാഗ്രതയോടിരിക്കുക, വിശ്വാസത്തിൽ സുസ്ഥിരരായിരിക്കുക, ധൈര്യമുള്ളവരായിരിക്കുക, ശക്തരായിരിക്കുക. നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ആകട്ടെ. സഹോദരങ്ങളേ, അഖായയിൽ ആദ്യം വിശ്വസിച്ചത് സ്തെഫാനൊസിന്റെ കുടുംബമാണെന്നു നിങ്ങൾക്കറിയാമല്ലോ; വിശ്വാസികളുടെ ശുശ്രൂഷയ്ക്കായി അവർ സ്വയം സമർപ്പിച്ചിരിക്കുകയാണ്. അങ്ങനെയുള്ളവർക്കും, ഈ ശുശ്രൂഷയിൽ അവരോടൊപ്പം അധ്വാനിക്കുന്നവർക്കും നിങ്ങൾ വിധേയരായിരിക്കണമെന്നു ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. സ്തെഫാനൊസും ഫൊർത്തുനാതൊസും അഖായിക്കോസും വന്നപ്പോൾ ഞാൻ ആനന്ദിച്ചു; കാരണം നിങ്ങളുടെ അഭാവം അവർ നികത്തി. അവർ എന്റെയും നിങ്ങളുടെയും ആത്മാവിനു നവോന്മേഷം നൽകിയിരിക്കുന്നു. ഇങ്ങനെയുള്ളവരെ ആദരിക്കുക.