1 കൊരിന്ത്യർ 15:45-58 - Compare All Versions

1 കൊരിന്ത്യർ 15:45-58 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗീയനെപ്പോലെ സ്വർഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗീയന്റെ പ്രതിമയും ധരിക്കും. സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ? മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്തോത്രം. ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർഥമല്ല എന്ന് അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർധിച്ചുവരുന്നവരും ആകുവിൻ.

പങ്ക് വെക്കു
1 കൊരിന്ത്യർ 15 MALOVBSI

1 കൊരിന്ത്യർ 15:45-58 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ആദിമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായി സൃഷ്‍ടിക്കപ്പെട്ടു എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്; എന്നാൽ ഒടുവിലത്തെ ആദാം ജീവദായകനായ ആത്മാവാകുന്നു. ആത്മീയമായതല്ല ആദ്യമുണ്ടായത്. പ്രത്യുത ആദ്യം ഭൗതികമായതും പിന്നീട് ആത്മീയമായതും ഉണ്ടായി. ആദ്യത്തെ മനുഷ്യൻ ഭൂമിയിലെ മണ്ണിൽ നിന്നുള്ളവനാണ്. രണ്ടാമത്തെ മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവനത്രേ. മണ്ണിൽനിന്ന് ഉണ്ടായവനെപ്പോലെയാണ്, മൺമയരായ എല്ലാവരും; സ്വർഗത്തിൽനിന്നുള്ളവനെപ്പോലെയാണ് സ്വർഗീയരായ എല്ലാവരും. മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ടവന്റെ രൂപസാദൃശ്യം നാം ധരിച്ചതുപോലെ തന്നെ, സ്വർഗത്തിൽനിന്നു വന്ന മനുഷ്യന്റെ രൂപസാദൃശ്യവും ധരിക്കും. സഹോദരരേ, മാംസരക്തങ്ങൾക്ക് ദൈവരാജ്യം അവകാശമാക്കുവാൻ കഴിയുകയില്ല; നശ്വരമായതിന് അനശ്വരമായതിനെ സ്വന്തമാക്കുവാനും സാധ്യമല്ല. ഞാൻ പറയുന്ന ഈ രഹസ്യസത്യം നിങ്ങൾ ശ്രദ്ധിക്കുക; നാം എല്ലാവരും മരിക്കുകയില്ല; എന്നാൽ അവസാനത്തെ കാഹളം മുഴക്കുമ്പോൾ എല്ലാവരും പെട്ടെന്ന് ഒരു നിമിഷമാത്രയിൽ രൂപാന്തരപ്പെടും; കാഹളം മുഴക്കുമ്പോൾ മരിച്ചവർ ഉയിർത്തെഴുന്നേല്‌ക്കും; അവർ അനശ്വരരായിരിക്കും. നാമെല്ലാവരും രൂപാന്തരം പ്രാപിക്കുകയും ചെയ്യും. ഈ നശ്വരമായത് അനശ്വരമായും, മർത്യമായത് അമർത്യമായും രൂപാന്തരപ്പെടേണ്ടതാണ്. അതുകൊണ്ട് ഈ നശ്വരമായത് അനശ്വരമായും മർത്യമായത് അമർത്യമായും തീരുമ്പോൾ ‘മരണത്തെ ഉന്മൂലനം ചെയ്തു; വിജയം പൂർത്തിയായി’ എന്ന വേദലിഖിതം യഥാർഥമായിത്തീരും. ‘ഹേ മരണമേ, നിന്റെ വിജയമെവിടെ? വേദനിപ്പിക്കുന്ന നിന്റെ വിഷമുള്ള് എവിടെ?’ വേദനിപ്പിക്കുവാനുള്ള ശക്തി മരണത്തിനുണ്ടാകുന്നത് പാപം മൂലമാണ്; പാപത്തിന്റെ ശക്തി നിയമംമൂലവും. എന്നാൽ കർത്താവായ യേശുക്രിസ്തു മുഖേന നമുക്കു വിജയം നല്‌കുന്ന ദൈവത്തിനു സ്തോത്രം! അതുകൊണ്ട് എന്റെ പ്രിയ സഹോദരരേ, നിങ്ങൾ ഉറച്ച് അചഞ്ചലരായി നില്‌ക്കുക. കർത്താവിനുവേണ്ടിയുള്ള പ്രയത്നത്തിൽ ഉത്തരോത്തരം വ്യാപൃതരാകുക. കർത്താവിൽ നിങ്ങളുടെ യാതൊരു പ്രയത്നവും വ്യർഥമാകുകയില്ലെന്നു നിങ്ങൾക്ക് അറിയാമല്ലോ.

പങ്ക് വെക്കു
1 കൊരിന്ത്യർ 15 MALCLBSI

1 കൊരിന്ത്യർ 15:45-58 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുവിലത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്ന് മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവൻ്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയൻ്റെ പ്രതിമയും ധരിക്കും. സഹോദരന്മാരേ, മാംസരക്തങ്ങൾക്ക് ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴിയുകയില്ല, നശ്വരമായത് അനശ്വരമായതിനെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമ്മം നിങ്ങളോട് പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അവസാനത്തെ കാഹളം ധ്വനിക്കുമ്പോൾ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാൽ, കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ നശ്വരമായത് അനശ്വരമായതിനെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കേണ്ടതല്ലയോ. ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മർത്യമായത് അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്‍റെ ജയം എവിടെ? ഹേ മരണമേ, നിന്‍റെ വിഷമുള്ള് എവിടെ? മരണത്തിന്‍റെ വിഷമുള്ള് പാപം; പാപത്തിന്‍റെ ശക്തിയോ ന്യായപ്രമാണം. എന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്ക് ജയം നല്കുന്ന ദൈവത്തിന് സ്തോത്രം. ആകയാൽ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കുകയാൽ കർത്താവിന്‍റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.

പങ്ക് വെക്കു
1 കൊരിന്ത്യർ 15 IRVMAL

1 കൊരിന്ത്യർ 15:45-58 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും. സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം. നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം. ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.

1 കൊരിന്ത്യർ 15:45-58 MCV (സമകാലിക മലയാളവിവർത്തനം)

“ആദ്യമനുഷ്യനായ ആദാം ജീവനുള്ളവനായിത്തീർന്നു” എന്നെഴുതിയിരിക്കുന്നല്ലോ; അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി. ആദ്യമുണ്ടായത് ആത്മികമല്ല, ഭൗതികമായിരുന്നു. ആത്മികം അതിനുശേഷം. ഒന്നാംമനുഷ്യൻ ഭൂമിയിൽനിന്നുള്ള മർത്യൻ; രണ്ടാംമനുഷ്യനോ സ്വർഗത്തിൽനിന്നുള്ളവൻ. ആ മർത്യനെപ്പോലെതന്നെ ശേഷം മർത്യരും, സ്വർഗത്തിൽനിന്നുള്ളവനെപ്പോലെതന്നെ സ്വർഗീയരും ആകുന്നു. നാം ആ മർത്യന്റെ സ്വരൂപം ധരിച്ചിരിക്കുന്നതുപോലെ സ്വർഗീയന്റെയും സ്വരൂപം ധരിക്കും. സഹോദരങ്ങളേ, ജഡരക്തങ്ങൾക്കു ദൈവരാജ്യം അവകാശമാക്കാൻ സാധ്യമല്ലെന്നു ഞാൻ പറയുന്നു; നശ്വരമായത് അനശ്വരതയെ അവകാശമാക്കുകയില്ല. ശ്രദ്ധിക്കുക, ഞാൻ ഒരു രഹസ്യം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രപ്രാപിക്കുകയില്ല, നാം എല്ലാവരും രൂപാന്തരപ്പെടും. അന്ത്യകാഹളധ്വനി മുഴങ്ങുമ്പോൾ, ക്ഷണനേരത്തിൽ, കണ്ണിമയ്ക്കുന്നതിനിടയിൽ മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടും; നാം രൂപാന്തരം പ്രാപിക്കുകയും ചെയ്യും. ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിക്കേണ്ടതാകുന്നു. ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു” എന്നു എഴുതിയ വചനം നിറവേറും. “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?” മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തി ന്യായപ്രമാണം. എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു. അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, നിങ്ങൾ അചഞ്ചലരായിരിക്കുക; യാതൊന്നും നിങ്ങളെ ഉലച്ചുകളയാൻ ഇടയാകരുത്. കർത്താവിൽ നിങ്ങളുടെ അധ്വാനം വ്യർഥമല്ല എന്നറിയുന്നതുകൊണ്ടു കർത്താവിന്റെ വേലയിൽ എപ്പോഴും വ്യാപൃതരായിരിക്കുക.

പങ്ക് വെക്കു
1 കൊരിന്ത്യർ 15 MCV