1 കൊരിന്ത്യർ 14:13-25

1 കൊരിന്ത്യർ 14:13-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതുകൊണ്ട് അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർഥിക്കട്ടെ. ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നു എങ്കിൽ എന്റെ ആത്മാവ് പ്രാർഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്ത്? ഞാൻ ആത്മാവുകൊണ്ട് പ്രാർഥിക്കും; ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന് എങ്ങനെ ആമേൻ പറയും? നീ നന്നായി സ്തോത്രംചൊല്ലുന്നു സത്യം; മറ്റവന് ആത്മികവർധന വരുന്നില്ലതാനും. നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷകളിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിനു ബുദ്ധികൊണ്ട് അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; തിന്മയ്ക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ. “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുതന്നെ. സഭയൊക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ട് എന്നു പറകയില്ലയോ? എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവനു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്ന് ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.

1 കൊരിന്ത്യർ 14:13-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട് അന്യഭാഷകൾ സംസാരിക്കുന്നവൻ വ്യാഖ്യാനിക്കുവാനുള്ള വരത്തിനുവേണ്ടി പ്രാർഥിക്കണം. ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവു പ്രാർഥിക്കുന്നു. പക്ഷേ, എന്റെ മനസ്സിന് അതിൽ ഒരു പങ്കും ഉണ്ടായിരിക്കുകയില്ല. അപ്പോൾ ഞാൻ എന്തു ചെയ്യണം? ആത്മാവുകൊണ്ടു ഞാൻ പ്രാർഥിക്കും; എന്റെ മനസ്സുകൊണ്ടും ഞാൻ പ്രാർഥിക്കും. ആത്മാവുകൊണ്ടു ഞാൻ പാടും; എന്റെ മനസ്സുകൊണ്ടും ഞാൻ പാടും. നീ ആത്മാവുകൊണ്ടു മാത്രം ദൈവത്തിനു സ്തോത്രം ചെയ്യുമ്പോൾ ഒരു സാധാരണക്കാരൻ നീ പറയുന്നത് ഗ്രഹിക്കാതെ നിന്റെ പ്രാർഥനയ്‍ക്ക് എങ്ങനെ ആമേൻ പറയും. നിന്റെ സ്തോത്രപ്രാർഥന വളരെ നല്ലതായിരിക്കാം. പക്ഷേ, അന്യന് അത് ആത്മീയവളർച്ചയ്‍ക്കു പ്രയോജനപ്പെടുന്നില്ല. നിങ്ങളിൽ ഏതൊരുവനെയും അതിശയിക്കുംവിധം ഞാൻ അന്യഭാഷകൾ സംസാരിക്കുന്നു എന്നതിനാൽ ഞാൻ ദൈവത്തോടു കൃതജ്ഞനാണ്. എങ്കിലും സഭാംഗങ്ങൾ ആരാധനയ്‍ക്കായി കൂടുമ്പോൾ അന്യഭാഷകളിൽ പതിനായിരം വാക്കുകൾ പറയുന്നതിനെക്കാൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു പര്യാപ്തമായ അഞ്ചുവാക്കുകൾ പറയുന്നതാണ് ഞാൻ അധികം ഇഷ്ടപ്പെടുന്നത്. എന്റെ സഹോദരന്മാരേ, ചിന്തയിൽ നിങ്ങൾ ശിശുക്കളെപ്പോലെയാകരുത്; തിന്മയെ സംബന്ധിച്ചിടത്തോളം നിങ്ങൾ ശിശുക്കളും, ചിന്തയെ സംബന്ധിച്ചിടത്തോളം പക്വമതികളും ആകണം. വേദലിഖിതങ്ങളിൽ ഇങ്ങനെ കാണുന്നു: അന്യഭാഷകൾ സംസാരിക്കുന്ന ആളുകൾ മുഖേന എന്റെ ജനത്തോടു സംസാരിക്കും എന്നും, വൈദേശികരുടെ അധരങ്ങളിൽകൂടി ഞാൻ സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു ശ്രദ്ധിക്കുകയില്ല എന്നും കർത്താവു പറയുന്നു. അതുകൊണ്ട്, അന്യഭാഷകൾ അവിശ്വാസികൾക്കുവേണ്ടിയുള്ള അടയാളമാകുന്നു. അതു വിശ്വാസികൾക്കുവേണ്ടിയുള്ളതല്ല. പ്രവചനവരം അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്. സഭാംഗങ്ങൾ എല്ലാവരും സമ്മേളിച്ച് ഓരോരുവനും അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങുമ്പോൾ ഭാഷാവരത്തിന്റെ മർമം ഗ്രഹിക്കാത്തവരോ അവിശ്വാസികളോ ആയ ചിലർ അവിടെ വന്നു എന്നിരിക്കട്ടെ. നിങ്ങൾക്കു ഭ്രാന്തുപിടിച്ചു എന്ന് അവർ പറയുകയില്ലേ? എന്നാൽ നിങ്ങൾ എല്ലാവരും പ്രവാചകന്മാരെപ്പോലെ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയാണെങ്കിൽ ആ യോഗത്തിൽ സന്നിഹിതനാകുന്ന അവിശ്വാസി അഥവാ സഭയ്‍ക്കു പുറത്തുള്ളവൻ, അതു കേൾക്കുന്നതുമൂലം പാപബോധമുള്ളവനായിത്തീരുന്നു; എല്ലാവരാലും വിധിക്കപ്പെടുകയും ചെയ്യുന്നു. അവന്റെ രഹസ്യവിചാരങ്ങൾ പുറത്തു വരുന്നു. അവൻ സാഷ്ടാംഗം പ്രണമിച്ച് ദൈവത്തെ ആരാധിച്ചുകൊണ്ട് ‘ദൈവം യഥാർഥത്തിൽ ഇവിടെ നിങ്ങളുടെ മധ്യത്തിലുണ്ട്’ എന്നു പ്രസ്താവിക്കും.

1 കൊരിന്ത്യർ 14:13-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതുകൊണ്ട് അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിനായി പ്രാർത്ഥിക്കട്ടെ. എന്തെന്നാൽ ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്‍റെ ആത്മാവ് പ്രാർത്ഥിക്കുന്നു; എന്‍റെ ബുദ്ധിയോ ഫലമില്ലാത്തതായിരിക്കുന്നു. അപ്പോൾ ഞാൻ എന്ത് ചെയ്യേണം? ഞാൻ ആത്മാവുകൊണ്ട് പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ട് പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ട് സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവന് നീ പറയുന്നത് മനസ്സിലാകാത്തതുകൊണ്ട് നിന്‍റെ സ്തോത്രത്തിന് എങ്ങനെ ആമേൻ പറയും? നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; എങ്കിലും കേൾക്കുന്നവന് ആത്മികവർദ്ധന വരുന്നില്ലതാനും. നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ട് ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എങ്കിലും സഭയിൽ പതിനായിരം വാക്ക് അന്യഭാഷയിൽ സംസാരിക്കുന്നതിനേക്കാൾ അധികം, മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന് ബുദ്ധികൊണ്ട് അഞ്ചുവാക്ക് പറയുവാൻ ഞാൻ ഇച്ഛിക്കുന്നു. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുത്; എങ്കിലും, തിന്മയ്ക്ക് ശിശുക്കൾ ആയിരിക്കുവിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ. “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോട് സംസാരിക്കും എങ്കിലും അവർ എന്‍റെ വാക്ക് കേൾക്കുകയില്ല എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. അതുകൊണ്ട് അന്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്ക് തന്നെ. സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്ത് വന്നാൽ നിങ്ങൾക്ക് ഭ്രാന്തുണ്ട് എന്നു പറയുകയില്ലയോ? എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തുവന്നാൽ എല്ലാവരുടെ വാക്കിനാലും അവനു പാപബോധം വരും; അവൻ എല്ലാവരാലും വിലയിരുത്തപ്പെടും. അവന്‍റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട് എന്നു ഏറ്റുപറഞ്ഞ് ദൈവത്തെ നമസ്കരിക്കും.

1 കൊരിന്ത്യർ 14:13-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ. ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും? നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും. നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ. “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു. അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ. സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ? എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും. അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.

1 കൊരിന്ത്യർ 14:13-25 സമകാലിക മലയാളവിവർത്തനം (MCV)

അതുകൊണ്ട് അജ്ഞാതഭാഷയിൽ സംസാരിക്കുന്നവൻ അയാൾ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവിനുവേണ്ടിയും പ്രാർഥിക്കണം. ഞാൻ അജ്ഞാതഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവുമാത്രം പ്രാർഥിക്കുന്നു, എന്റെ ബുദ്ധിയോ ഫലരഹിതമായിരിക്കുന്നു. അങ്ങനെയെങ്കിൽ എന്താണ് കരണീയം? ഞാൻ ആത്മാവുകൊണ്ടു പ്രാർഥിക്കും, ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും. ആത്മാവുകൊണ്ടു നീ ദൈവത്തെ സ്തുതിക്കുമ്പോൾ ആ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന ഒരു അന്വേഷകൻ നിന്റെ സ്തോത്രാർപ്പണത്തിന് എങ്ങനെ “ആമേൻ” പറയും? നീ പറയുന്നത് അയാൾ മനസ്സിലാക്കുന്നില്ലല്ലോ? നീ നന്നായി സ്തോത്രം അർപ്പിക്കുന്നുണ്ടായിരിക്കാം, എന്നാൽ മറ്റാർക്കും ആത്മികോന്നതി ഉണ്ടാകുന്നില്ല. ഞാൻ നിങ്ങളെല്ലാവരെക്കാളും അധികമായി അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു കൊണ്ട് ദൈവത്തിനു സ്തോത്രംചെയ്യുന്നു. എന്നാൽ സഭയിൽ പതിനായിരം വാക്കുകൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ, മറ്റുള്ളവരെ ഉപദേശിക്കാനായി ബുദ്ധികൊണ്ട് അഞ്ചു വാക്കു സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. സഹോദരങ്ങളേ, ശിശുക്കളെപ്പോലെയല്ലാ ചിന്തിക്കേണ്ടത്. തിന്മയ്ക്ക് ശിശുക്കളും ചിന്തയിൽ മുതിർന്നവരും ആയിരിക്കുക. ന്യായപ്രമാണത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ഇതരഭാഷക്കാരിലൂടെയും വിദേശികളുടെ അധരങ്ങളിലൂടെയും ഞാൻ ഈ ജനത്തോടു സംസാരിക്കും, എങ്കിലും അവർ എന്റെ വാക്കു കേൾക്കുകയില്ല, എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.” അങ്ങനെ അജ്ഞാതഭാഷകൾ വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ് ചിഹ്നമായിരിക്കുന്നത്. എന്നാൽ പ്രവചനവരം അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്. അതുകൊണ്ട് സഭമുഴുവനും സമ്മേളിക്കുമ്പോൾ എല്ലാവരും അജ്ഞാതഭാഷകളിൽ സംസാരിച്ചാൽ, അന്വേഷകരോ അവിശ്വാസികളോ അകത്തു വന്നാൽ, നിങ്ങൾക്കു ചിത്തഭ്രമം പിടിപെട്ടിരിക്കുന്നെന്ന് അവർ പറയുകയില്ലേ? എന്നാൽ എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അവിശ്വാസിയോ ഒരു അന്വേഷകനോ അകത്തു വന്നാൽ, അയാൾക്ക് എല്ലാറ്റിനാലും പാപബോധമുണ്ടായിട്ട്, അയാൾ സ്വയം പരിശോധനാവിധേയനാകും; അയാളുടെ ഹൃദയത്തിലെ രഹസ്യങ്ങളും വെളിപ്പെടും; അയാൾ സാഷ്ടാംഗം വീണ്, “വാസ്തവമായി നിങ്ങളുടെ മധ്യത്തിൽ ദൈവം ഉണ്ട്” എന്നു പറഞ്ഞു ദൈവത്തെ ആരാധിക്കും.