1 കൊരിന്ത്യർ 12:4-28

1 കൊരിന്ത്യർ 12:4-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; ആത്മാവ് ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട് ; കർത്താവ് ഒരുവൻ. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻതന്നെ. എന്നാൽ ഓരോരുത്തന് ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു. ഒരുത്തന് ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന് അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന് വീര്യപ്രവൃത്തികൾ; മറ്റൊരുവനു പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവനു പലവിധ ഭാഷകൾ; മറ്റൊരുവനു ഭാഷകളുടെ വ്യാഖ്യാനം. എന്നാൽ ഇത് എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന് അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവുതന്നെ. ശരീരം ഒന്നും, അതിന് അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു. ശരീരം ഒരു അവയവമല്ല പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല. ഞാൻ കണ്ണ് അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല. ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വച്ചിരിക്കുന്നു. സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നുതന്നെ. കണ്ണിനു കൈയോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും, തലയ്ക്കു കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറഞ്ഞുകൂടാ. ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾതന്നെ ആവശ്യമുള്ളവയാകുന്നു. ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവയ്ക്ക് അധികം അഴകു വരുത്തുന്നു; നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ. ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി ദൈവം കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു. അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിനു മാനം വന്നാൽ അവയവങ്ങളൊക്കെയുംകൂടെ സന്തോഷിക്കുന്നു. എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു. ദൈവം സഭയിൽ ഒന്നാമത് അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധ ഭാഷാവരം എന്നിവ നല്കുകയും ചെയ്തു.

1 കൊരിന്ത്യർ 12:4-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വിവിധതരത്തിലുള്ള ആത്മീയവരങ്ങളുണ്ട്. എന്നാൽ അവ നല്‌കുന്നത് ഒരേ ആത്മാവാകുന്നു. സേവനം പല വിധത്തിലുണ്ട്. എന്നാൽ സേവിക്കപ്പെടുന്നത് ഒരേ കർത്താവു തന്നെ. പ്രവർത്തിക്കുന്നതിനുള്ള പ്രാപ്തി വിവിധ തരത്തിലുണ്ട്. എന്നാൽ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രത്യേക പ്രവൃത്തി ചെയ്യാനുള്ള ത്രാണി നല്‌കുന്നത് ഒരേ ദൈവമാണ്. എല്ലാവരുടെയും നന്മയ്‍ക്കുവേണ്ടി ഓരോ വ്യക്തിയിലും ആത്മാവ് ഓരോ തരത്തിൽ വെളിപ്പെടുന്നു. ആത്മാവ് ഒരാൾക്ക് ജ്ഞാനപൂർണമായ ഭാഷണത്തിനുള്ള വരവും അതേ ആത്മാവുതന്നെ മറ്റൊരുവന് വിജ്ഞാനപൂർണമായ ഭാഷണത്തിനുള്ള വരവും നല്‌കുന്നു. ആ ആത്മാവുതന്നെ ഒരുവനു വിശ്വാസവും, മറ്റൊരുവന് രോഗസൗഖ്യത്തിനുള്ള വരവും ആണു നല്‌കുന്നത്. ഒരാൾക്ക് അദ്ഭുതപ്രവൃത്തികൾ ചെയ്യുവാനുള്ള വരമാണെങ്കിൽ മറ്റൊരാൾക്ക് ദൈവത്തിന്റെ സന്ദേശം അറിയിക്കുവാനുള്ള വരവും, വേറൊരാൾക്ക് ആത്മാക്കളെ തിരിച്ചറിയുവാനുള്ള കഴിവുമാണ് നല്‌കപ്പെടുന്നത്. ഒരുവന് അന്യഭാഷകൾ സംസാരിക്കുവാനുള്ള വരവും മറ്റൊരുവന് അവ വ്യാഖ്യാനിക്കുവാനുള്ള കഴിവും നല്‌കപ്പെടുന്നു. എന്നാൽ ഒരേ ആത്മാവുതന്നെയാണ് ഈ വരങ്ങളെല്ലാം നല്‌കുന്നത്; അവിടുന്ന് യഥേഷ്ടം ഓരോരുത്തർക്കും വരങ്ങൾ വിഭജിച്ചു കൊടുക്കുന്നു. ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങളുണ്ടല്ലോ. അവയവങ്ങൾ പലതായിരിക്കുമ്പോൾത്തന്നെ അവയെല്ലാം ചേർന്ന് ശരീരം ഒന്നായിരിക്കുന്നു. അതുപോലെതന്നെയാണ് ക്രിസ്തുവും. യെഹൂദനെന്നോ വിജാതീയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദംകൂടാതെ, നാമെല്ലാവരും സ്നാപനംമൂലം ഏകശരീരമാക്കപ്പെട്ടിരിക്കുന്നു; നമുക്കു പാനം ചെയ്യുന്നതിന് ഒരേ ആത്മാവിനെ നല്‌കുകയും ചെയ്തിരിക്കുന്നു. നമ്മുടെ ശരീരംതന്നെ, പല അവയവങ്ങൾ ചേർന്നതാണ്. “ഞാൻ കൈയല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു കാലു പറയുകയാണെങ്കിൽ, അതു ശരീരത്തിന്റെ അവയവം അല്ലെന്നു വരുമോ? അതുപോലെതന്നെ, “ഞാൻ കണ്ണല്ലാത്തതുകൊണ്ട് ശരീരത്തിന്റെ ഭാഗമല്ല” എന്നു ചെവി പറയുന്നെങ്കിൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? ശരീരം ആസകലം ഒരു കണ്ണായിരുന്നെങ്കിൽ കേൾക്കുന്നത് എങ്ങനെ? ചെവിമാത്രമായിരുന്നെങ്കിൽ എങ്ങനെ മണക്കുമായിരുന്നു? എന്നാൽ ദൈവം സ്വന്തം ഇച്ഛയനുസരിച്ച് ഓരോ അവയവവും ശരീരത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരവയവം മാത്രമായിരുന്നെങ്കിൽ, ശരീരം ഉണ്ടാകുമായിരുന്നില്ല. എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഏകമാണ്. അതുകൊണ്ട് “നിന്നെ എനിക്കാവശ്യമില്ല” എന്നു കണ്ണിനു കൈയോടു പറയുവാൻ സാധ്യമല്ല. “നിന്നെ എനിക്കാവശ്യമില്ല” എന്ന് ശിരസ്സിന് പാദത്തോടും പറയുവാൻ കഴിയുകയില്ല. ശരീരത്തിലെ ദുർബലങ്ങളെന്നു തോന്നുന്ന അവയവങ്ങൾ നമുക്ക് അത്യാവശ്യമുള്ളവയാണ്. വില കുറഞ്ഞവയെന്നു നാം പരിഗണിക്കുന്ന അവയവങ്ങൾക്കു കൂടുതൽ മാനം അണിയിക്കുന്നു; അഴകു കുറഞ്ഞ അവയവങ്ങളെ അലങ്കരിക്കുന്നു. അഴകുള്ളവയെ അലങ്കരിക്കേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ ശരീരത്തിൽ ഭിന്നതയില്ലാതായിത്തീരുന്നു. വിവിധ അവയവങ്ങൾക്കു തമ്മിൽ തുല്യമായ കരുതലുമുണ്ടാകുന്നു. ഒരവയവം ദുരിതം അനുഭവിക്കുന്നു എങ്കിൽ മറ്റുള്ള എല്ലാ അവയവങ്ങളും അതിന്റെ കഷ്ടതയിൽ പങ്കുചേരുന്നു. ഒരവയവം പ്രശംസിക്കപ്പെടുന്നെങ്കിൽ മറ്റ് അവയവങ്ങളെല്ലാം അതിനോടൊത്ത് സന്തോഷിക്കുന്നു. നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിന്റെ ഓരോ അവയവവും ആകുന്നു. ദൈവം സഭയിൽ ഓരോരുത്തരെയും യഥാസ്ഥാനങ്ങളിൽ ആക്കിയിരിക്കുന്നു; ഒന്നാമത് അപ്പോസ്തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും മൂന്നാമത് പ്രബോധിപ്പിക്കുന്നവരെയും അദ്ഭുതപ്രവൃത്തികൾ ചെയ്യുന്നവരെയും, പിന്നീട് രോഗശാന്തി നല്‌കാനോ, സഹായിക്കാനോ, ഭരണം നടത്താനോ, അന്യഭാഷകൾ സംസാരിക്കാനോ ഉള്ള സിദ്ധിവിശേഷം ഉള്ളവരെയും നിയമിച്ചിരിക്കുന്നു.

1 കൊരിന്ത്യർ 12:4-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ട്; എങ്കിലും ആത്മാവ് ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ട്; എങ്കിലും കർത്താവ് ഒരുവൻ. പ്രവൃത്തികളിൽ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നെ. എന്നാൽ ഓരോരുത്തർക്കും ആത്മാവിന്‍റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു. ഒരാൾക്ക് ആത്മാവിനാൽ ജ്ഞാനത്തിന്‍റെ വചനവും മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്‍റെ വചനവും നല്കപ്പെടുന്നു; വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരങ്ങൾ; ഒരാൾക്ക് വീര്യപ്രവൃത്തികൾ; മറ്റൊരാൾക്ക് പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവന് പലവിധ ഭാഷകൾ; മറ്റൊരാൾക്ക് ഭാഷകളുടെ വ്യാഖ്യാനം. എന്നാൽ ഇത് എല്ലാം പ്രവർത്തിക്കുന്നത് താൻ ഇച്ഛിക്കുംപോലെ അവനവന് അതത് വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവ് തന്നെ. ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങൾ ഉണ്ടല്ലോ. ശരീരത്തിന്‍റെ അവയവങ്ങൾ പലതായിരിക്കെ അവ എല്ലാം ചേർന്ന് ഒരു ശരീരം ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസനോ സ്വതന്ത്രനോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു. ശരീരം ഒരു അവയവമല്ല പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്നു വരികയില്ല. ഞാൻ കണ്ണ് അല്ലായ്കകൊണ്ട് ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അത് ശരീരത്തിലുള്ളതല്ല എന്നും വരികയില്ല. ശരീരം മുഴുവൻ കണ്ണായാൽ കേൾവി എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്‍റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വച്ചിരിക്കുന്നു. എല്ലാം ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്ന് തന്നെ. കണ്ണ് കയ്യോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും തല കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറയുവാൻ കഴിയുകയില്ല. നേരെ മറിച്ച്, ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നെ നമുക്ക് ആവശ്യമുള്ളവയാകുന്നു. ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴക് കുറഞ്ഞവയ്ക്ക് അധികം അഴക് വരുത്തുന്നു; നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ. എന്നാൽ, ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ട് ശരീരത്തെ ദൈവം കൂട്ടിച്ചേർത്തിരിക്കുന്നു. അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന് മാനം വന്നാൽ അവയവങ്ങൾ ഒക്കെയും അതിനോടുകൂടെ സന്തോഷിക്കുന്നു. എന്നാൽ നിങ്ങൾ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അവയവങ്ങളും ആകുന്നു. ദൈവം സഭയിൽ ഒന്നാമത് അപ്പൊസ്തലന്മാർ, രണ്ടാമത് പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും, പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരങ്ങൾ, സഹായം ചെയ്യുവാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.

1 കൊരിന്ത്യർ 12:4-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ. ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ. വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ. എന്നാൽ ഓരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു. ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം. എന്നാൽ ഇതു എല്ലാം പ്രവർത്തിക്കുന്നതു താൻ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ. ശരീരം ഒന്നും അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു. ശരീരം ഒരു അവയവമല്ല പലതത്രേ. ഞാൻ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാൽ പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല. ഞാൻ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കിൽ അതിനാൽ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല. ശരീരം മുഴുവൻ കണ്ണായാൽ ശ്രവണം എവിടെ? മുഴുവൻ ശ്രവണം ആയാൽ ഘ്രാണം എവിടെ? ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു. സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ. കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും പറഞ്ഞുകൂടാ. ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു. ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു; നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ. ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു. അതിനാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാൽ അവയവങ്ങൾ ഒക്കെയും കൂടെ സന്തോഷിക്കുന്നു. എന്നാൽ നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തൻ വെവ്വേറായി അവയവങ്ങളും ആകുന്നു. ദൈവം സഭയിൽ ഒന്നാമതു അപ്പൊസ്തലന്മാർ, രണ്ടാമതു പ്രവാചകന്മാർ, മൂന്നാമതു ഉപദേഷ്ടാക്കന്മാർ, ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികൾ, രോഗശാന്തികളുടെ വരം, സഹായം ചെയ്‌വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നല്കുകയും ചെയ്തു.

1 കൊരിന്ത്യർ 12:4-28 സമകാലിക മലയാളവിവർത്തനം (MCV)

കൃപാദാനങ്ങൾ വിവിധതരം; അവനൽകുന്ന ആത്മാവോ ഒരുവൻമാത്രം; ശുശ്രൂഷകൾ വിവിധതരം, കർത്താവോ ഒരുവൻമാത്രം. പ്രവൃത്തികളും ബഹുവിധം, എന്നാൽ എല്ലാവരിലൂടെയും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻമാത്രം. പൊതുനന്മയുദ്ദേശിച്ചാണ് ഓരോ വ്യക്തിക്കും ആത്മാവിന്റെ ദാനം നൽകിയിരിക്കുന്നത്. ഒരാൾക്ക് ദൈവാത്മാവിലൂടെ ജ്ഞാനത്തിന്റെ വചനം നൽകപ്പെട്ടിരിക്കുന്നു; മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും. ഇനി വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് ആ ആത്മാവിനാൽത്തന്നെ രോഗസൗഖ്യത്തിനുള്ള കൃപാദാനങ്ങൾ, ഒരാൾക്ക് അത്ഭുതശക്തികൾ, മറ്റൊരാൾക്കു പ്രവചനം, വേറൊരാൾക്ക് ആത്മാക്കളെ വിവേചിക്കാനുള്ളദാനങ്ങൾ, ഇനിയൊരാൾക്കു ബഹുവിധഭാഷകൾ സംസാരിക്കാനുള്ളദാനം, ഇനി ഒരുവനു ഭാഷകളുടെ വ്യാഖ്യാനം. ഇവയെല്ലാംതന്നെ ഒരേ ആത്മാവിന്റെ പ്രവർത്തനമാണ്. അവിടത്തെ ഹിതാനുസാരം ഓരോരുത്തർക്കും അവ വിതരണംചെയ്യുന്നു. പല അവയവങ്ങളുണ്ടെങ്കിലും ശരീരം ഒന്നായിരിക്കുന്നതുപോലെയും പല അവയവങ്ങൾചേർന്ന് ഒരു ശരീരം രൂപപ്പെടുന്നതുപോലെയും തന്നെയാണ് ക്രിസ്തുവിന്റെ ശരീരംസംബന്ധിച്ചും. നാം യെഹൂദരോ ഗ്രീക്കുകാരോ അടിമകളോ സ്വതന്ത്രരോ ആരുമായിക്കൊള്ളട്ടെ, ഒരൊറ്റശരീരമായി രൂപപ്പെടാൻ നാമെല്ലാവരും ഒരേ ആത്മാവിനാൽ സ്നാനമേറ്റവരും പാനംചെയ്യാൻ ഒരേ ആത്മാവു നൽകപ്പെട്ടവരുമായിരിക്കുന്നു. ശരീരമെന്നത് ഒരവയവമല്ല, പല അവയവങ്ങൾചേർന്നതാണ്. “ഞാൻ കൈ അല്ലാത്തതുകൊണ്ടു ശരീരത്തിലുള്ളതല്ല,” എന്നു കാൽ പറഞ്ഞു എന്ന കാരണത്താൽ അത് ശരീരത്തിന്റെ അവയവം അല്ലാതാകുന്നില്ല. “ഞാൻ കണ്ണല്ലാത്തതുകൊണ്ടു ശരീരത്തിലുള്ളതല്ല,” എന്നു ചെവി പറഞ്ഞു എന്ന കാരണത്താൽ അതു ശരീരഭാഗം അല്ലാതാകുന്നില്ല. ശരീരം ആകമാനം കണ്ണായിരുന്നെങ്കിൽ കേൾക്കുന്നതെങ്ങനെ? ശരീരംമുഴുവൻ ചെവിയായിരുന്നെങ്കിൽ മണം അറിയുന്നതെങ്ങനെ? എന്നാൽ, ദൈവമാണ് അവിടത്തെ ഹിതമനുസരിച്ച് അവയവങ്ങളെ ശരീരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. എല്ലാംകൂടി ഒരു അവയവംമാത്രമായിരുന്നെങ്കിൽ ശരീരം എവിടെ? എന്നാൽ ഇപ്പോഴുള്ളത് പല അവയവങ്ങൾചേർന്ന ഒരു ശരീരമാണ്. “എനിക്കു നിന്നെ ആവശ്യമില്ല!” എന്നു കണ്ണിനു കൈയോടു പറയാൻ സാധ്യമല്ല. തലയ്ക്കു കാലുകളോട്, “എനിക്കു നിങ്ങളെ ആവശ്യമില്ല!” എന്നു പറയാനും സാധ്യമല്ല. വാസ്തവത്തിൽ ബലഹീനമായി കാണപ്പെടുന്ന അവയവങ്ങളാണ് അവശ്യം വേണ്ടവ. മാന്യത കുറവെന്നു കരുതുന്ന അവയവങ്ങൾക്കു നാം സവിശേഷമാന്യത നൽകുന്നു; സൗന്ദര്യം കുറഞ്ഞവെക്ക് സൗന്ദര്യം വരുത്തുന്നു. സൗന്ദര്യമുള്ള അവയവങ്ങൾക്കു പ്രത്യേക കരുതൽ ആവശ്യമില്ല, ശരീരത്തിൽ അനൈക്യമുണ്ടാകാതെ ഓരോ അവയവവും മറ്റ് അവയവങ്ങളെക്കുറിച്ച് കരുതലുള്ളവരായിരിക്കാൻ ദൈവം അവയവങ്ങളെ, മാന്യത കുറഞ്ഞവെക്കു മാന്യതനൽകി പരസ്പരം സംയോജിപ്പിച്ചിരിക്കുന്നു. ആകയാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നെങ്കിൽ മറ്റുള്ളവയും അതിനോടൊപ്പം കഷ്ടം അനുഭവിക്കുന്നു; ഒന്ന് ആദരിക്കപ്പെടുന്നെങ്കിൽ മറ്റെല്ലാം അതിനോടുകൂടെ ആനന്ദിക്കുന്നു. നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും ആ ശരീരത്തിന്റെ അവയവങ്ങളുമാകുന്നു. ഒന്നാമത് അപ്പൊസ്തലന്മാരെയും രണ്ടാമതു പ്രവാചകരെയും മൂന്നാമത് ഉപദേഷ്ടാക്കന്മാരെയും പിന്നെ അത്ഭുതപ്രവൃത്തികൾ, രോഗങ്ങളുടെ സൗഖ്യം, സഹായംചെയ്യൽ, നേതൃനൈപുണ്യം, വിവിധഭാഷകൾ എന്നിങ്ങനെയുള്ള കൃപാദാനങ്ങളും ദൈവം സഭയ്ക്കു നൽകിയിരിക്കുന്നു.