1 കൊരിന്ത്യർ 12:18-25
1 കൊരിന്ത്യർ 12:18-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വച്ചിരിക്കുന്നു. സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നുതന്നെ. കണ്ണിനു കൈയോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും, തലയ്ക്കു കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറഞ്ഞുകൂടാ. ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾതന്നെ ആവശ്യമുള്ളവയാകുന്നു. ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവയ്ക്ക് അധികം അഴകു വരുത്തുന്നു; നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ. ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി ദൈവം കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.
1 കൊരിന്ത്യർ 12:18-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചെവിമാത്രമായിരുന്നെങ്കിൽ എങ്ങനെ മണക്കുമായിരുന്നു? എന്നാൽ ദൈവം സ്വന്തം ഇച്ഛയനുസരിച്ച് ഓരോ അവയവവും ശരീരത്തിൽ ക്രമപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒരവയവം മാത്രമായിരുന്നെങ്കിൽ, ശരീരം ഉണ്ടാകുമായിരുന്നില്ല. എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഏകമാണ്. അതുകൊണ്ട് “നിന്നെ എനിക്കാവശ്യമില്ല” എന്നു കണ്ണിനു കൈയോടു പറയുവാൻ സാധ്യമല്ല. “നിന്നെ എനിക്കാവശ്യമില്ല” എന്ന് ശിരസ്സിന് പാദത്തോടും പറയുവാൻ കഴിയുകയില്ല. ശരീരത്തിലെ ദുർബലങ്ങളെന്നു തോന്നുന്ന അവയവങ്ങൾ നമുക്ക് അത്യാവശ്യമുള്ളവയാണ്. വില കുറഞ്ഞവയെന്നു നാം പരിഗണിക്കുന്ന അവയവങ്ങൾക്കു കൂടുതൽ മാനം അണിയിക്കുന്നു; അഴകു കുറഞ്ഞ അവയവങ്ങളെ അലങ്കരിക്കുന്നു. അഴകുള്ളവയെ അലങ്കരിക്കേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ ശരീരത്തിൽ ഭിന്നതയില്ലാതായിത്തീരുന്നു. വിവിധ അവയവങ്ങൾക്കു തമ്മിൽ തുല്യമായ കരുതലുമുണ്ടാകുന്നു.
1 കൊരിന്ത്യർ 12:18-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വച്ചിരിക്കുന്നു. എല്ലാം ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്ന് തന്നെ. കണ്ണ് കയ്യോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും തല കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറയുവാൻ കഴിയുകയില്ല. നേരെ മറിച്ച്, ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നെ നമുക്ക് ആവശ്യമുള്ളവയാകുന്നു. ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്ക് നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴക് കുറഞ്ഞവയ്ക്ക് അധികം അഴക് വരുത്തുന്നു; നമ്മിൽ അഴകുള്ള അവയവങ്ങൾക്ക് അത് ആവശ്യമില്ലല്ലോ. എന്നാൽ, ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ട് ശരീരത്തെ ദൈവം കൂട്ടിച്ചേർത്തിരിക്കുന്നു.
1 കൊരിന്ത്യർ 12:18-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തിൽ വെവ്വേറായി വെച്ചിരിക്കുന്നു. സകലവും ഒരു അവയവം എങ്കിൽ ശരീരം എവിടെ? എന്നാൽ അവയവങ്ങൾ പലതെങ്കിലും ശരീരം ഒന്നു തന്നേ. കണ്ണിന്നു കയ്യോടു: നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും തലെക്കു കാലുകളോടു: നിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും പറഞ്ഞുകൂടാ. ശരീരത്തിൽ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങൾ തന്നേ ആവശ്യമുള്ളവയാകുന്നു. ശരീരത്തിൽ മാനം കുറഞ്ഞവ എന്നു തോന്നുന്നവെക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മിൽ അഴകു കുറഞ്ഞവെക്കു അധികം അഴകു വരുത്തുന്നു; നമ്മിൽ അഴകുള്ള അവയവങ്ങൾക്കു അതു ആവശ്യമില്ലല്ലോ. ശരീരത്തിൽ ഭിന്നത വരാതെ അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു.
1 കൊരിന്ത്യർ 12:18-25 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, ദൈവമാണ് അവിടത്തെ ഹിതമനുസരിച്ച് അവയവങ്ങളെ ശരീരത്തിൽ ക്രമീകരിച്ചിരിക്കുന്നത്. എല്ലാംകൂടി ഒരു അവയവംമാത്രമായിരുന്നെങ്കിൽ ശരീരം എവിടെ? എന്നാൽ ഇപ്പോഴുള്ളത് പല അവയവങ്ങൾചേർന്ന ഒരു ശരീരമാണ്. “എനിക്കു നിന്നെ ആവശ്യമില്ല!” എന്നു കണ്ണിനു കൈയോടു പറയാൻ സാധ്യമല്ല. തലയ്ക്കു കാലുകളോട്, “എനിക്കു നിങ്ങളെ ആവശ്യമില്ല!” എന്നു പറയാനും സാധ്യമല്ല. വാസ്തവത്തിൽ ബലഹീനമായി കാണപ്പെടുന്ന അവയവങ്ങളാണ് അവശ്യം വേണ്ടവ. മാന്യത കുറവെന്നു കരുതുന്ന അവയവങ്ങൾക്കു നാം സവിശേഷമാന്യത നൽകുന്നു; സൗന്ദര്യം കുറഞ്ഞവെക്ക് സൗന്ദര്യം വരുത്തുന്നു. സൗന്ദര്യമുള്ള അവയവങ്ങൾക്കു പ്രത്യേക കരുതൽ ആവശ്യമില്ല, ശരീരത്തിൽ അനൈക്യമുണ്ടാകാതെ ഓരോ അവയവവും മറ്റ് അവയവങ്ങളെക്കുറിച്ച് കരുതലുള്ളവരായിരിക്കാൻ ദൈവം അവയവങ്ങളെ, മാന്യത കുറഞ്ഞവെക്കു മാന്യതനൽകി പരസ്പരം സംയോജിപ്പിച്ചിരിക്കുന്നു.