1 കൊരിന്ത്യർ 11:1-16

1 കൊരിന്ത്യർ 11:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ. നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു. എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. മൂടുപടം ഇട്ടു പ്രാർഥിക്കുകയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്റെ തലയെ അപമാനിക്കുന്നു. മൂടുപടമില്ലാതെ പ്രാർഥിക്കുകയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അത് അവൾ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ. പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു. പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നത്രേ ഉണ്ടായത്. പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്. ആകയാൽ സ്ത്രീക്കു ദൂതന്മാർ നിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം. എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല. സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിനും ദൈവം കാരണഭൂതൻ. നിങ്ങൾതന്നെ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർഥിക്കുന്നതു യോഗ്യമോ? പുരുഷൻ മുടി നീട്ടിയാൽ അത് അവന് അപമാനം എന്നും സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിനു പകരം നല്കിയിരിക്കകൊണ്ട് അവൾക്ക് മാനം ആകുന്നു എന്നും പ്രകൃതിതന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്ന് ഓർക്കട്ടെ.

1 കൊരിന്ത്യർ 11:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ എന്നെ അനുകരിക്കുക. നിങ്ങൾ എപ്പോഴും എന്നെ ഓർക്കുകയും ഞാൻ ഏല്പിച്ച പാരമ്പര്യങ്ങൾ പുലർത്തുകയും ചെയ്യുന്നതുകൊണ്ട് നിങ്ങളെ പ്രശംസിക്കുന്നു. ഏതു പുരുഷന്റെയുംമേലുള്ള പരമാധികാരം ക്രിസ്തുവിനും, ഭാര്യയുടെമേലുള്ള അധികാരം ഭർത്താവിനും, ക്രിസ്തുവിന്റെമേലുള്ള അധികാരം ദൈവത്തിനുമാകുന്നു. ഇതു നിങ്ങൾ അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ശിരസ്സു മൂടിക്കൊണ്ടു പ്രാർഥിക്കുകയോ, ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന പുരുഷൻ ക്രിസ്തുവിനെ അനാദരിക്കുകയാണു ചെയ്യുന്നത്. എന്നാൽ ശിരോവസ്ത്രം ധരിക്കാതെ പ്രാർഥിക്കുകയോ, ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുകയോ ചെയ്യുന്ന സ്‍ത്രീ തന്റെ ഭർത്താവിനെ അനാദരിക്കുന്നു. അവളുടെ ശിരസ്സ് മുണ്ഡനം ചെയ്യുന്നതിനു സമമാകുന്നു അത്. ശിരോവസ്ത്രം അണിയാത്ത സ്‍ത്രീ തന്റെ മുടി വെട്ടിക്കളയേണ്ടതാണ്. മുടി വെട്ടുന്നതോ ശിരസ്സു മുണ്ഡനം ചെയ്യുന്നതോ ലജ്ജാകരമാണെന്നു തോന്നുന്നെങ്കിൽ ശിരോവസ്ത്രം ധരിക്കണം. പുരുഷൻ ശിരസ്സു മൂടേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ അവൻ ദൈവത്തിന്റെ പ്രതിബിംബവും ദൈവത്തിന്റെ തേജസ്സ് പ്രതിഫലിപ്പിക്കുന്നവനുമാകുന്നു. പുരുഷൻ സ്‍ത്രീയിൽനിന്നല്ല, പുരുഷനിൽനിന്നു സ്‍ത്രീ സൃഷ്‍ടിക്കപ്പെടുകയാണുണ്ടായത്. സ്‍ത്രീക്കുവേണ്ടി സൃഷ്‍ടിക്കപ്പെട്ടവനല്ല പുരുഷൻ. പിന്നെയോ സ്‍ത്രീ പുരുഷനുവേണ്ടി സൃഷ്‍ടിക്കപ്പെട്ടവളാണ്. ഒരു സ്‍ത്രീ തന്റെ ഭർത്താവിന്റെ അധികാരത്തിനു വിധേയയാണെന്നു സൂചിപ്പിക്കുന്ന ശിരോവസ്ത്രം മാലാഖമാരോടുള്ള ആദരത്തിന്റെ പേരിൽ ധരിക്കേണ്ടതാണ്. എന്നാൽ ക്രിസ്തീയജീവിതത്തിൽ സ്‍ത്രീക്കു പുരുഷനെ ആശ്രയിക്കാതെയോ പുരുഷനു സ്‍ത്രീയെ ആശ്രയിക്കാതെയോ കഴിയുവാൻ സാധ്യമല്ല. സ്‍ത്രീ പുരുഷനിൽനിന്നു സൃഷ്‍ടിക്കപ്പെട്ടതുപോലെ പുരുഷൻ സ്‍ത്രീയിൽനിന്നു ജനിക്കുന്നു; എല്ലാറ്റിന്റെയും കാരണഭൂതൻ ദൈവമത്രേ. ആരാധനാവേളയിൽ ശിരോവസ്ത്രരഹിതയായി ഒരു സ്‍ത്രീ പ്രാർഥിക്കുന്നത് യോഗ്യമാണോ എന്നു നിങ്ങൾതന്നെ വിധിച്ചുകൊള്ളുക. നീണ്ട മുടി പുരുഷന് അപമാനകരമാണെന്നും സ്‍ത്രീ മുടി നീട്ടിയാൽ അതു ശിരസ്സിനെ മൂടുന്നതുകൊണ്ട് അത് അവൾക്കു മാനമാകുന്നു എന്നും പ്രകൃതിതന്നെ പറയുന്നില്ലേ? ആർക്കെങ്കിലും ഇനി തർക്കമുണ്ടെങ്കിൽ, ഇതാണ് ഞങ്ങൾക്കും ദൈവസഭകൾക്കുമുള്ള ആചാരരീതി എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.

1 കൊരിന്ത്യർ 11:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങളും എന്നെ അനുകരിക്കുവിൻ. നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച നടപടിക്രമങ്ങൾ അപ്രകാരം തന്നെ പ്രമാണിക്കുകയും ചെയ്യുകയാൽ നിങ്ങളെ പുകഴ്ത്തുന്നു. എന്നാൽ ഏതു പുരുഷൻ്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്‍റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. മൂടുപടം ഇട്ടു പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് പുരുഷനും തന്‍റെ തലയെ അപമാനിക്കുന്നു. എന്നാൽ മൂടുപടമില്ലാതെ പ്രാർത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏത് സ്ത്രീയും തന്‍റെ തലയെ അപമാനിക്കുന്നു; അത് അവൾ ക്ഷൗരം ചെയ്യിച്ചതു പോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി മുറിച്ചുകളയട്ടെ. മുറിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്ക് ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ. പുരുഷൻ ദൈവത്തിന്‍റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. എന്നാൽ സ്ത്രീ പുരുഷന്‍റെ തേജസ്സ് ആകുന്നു. പുരുഷൻ സ്ത്രീയിൽ നിന്നല്ലല്ലോ സ്ത്രീ പുരുഷനിൽ നിന്നത്രേ ഉണ്ടായത്. പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ട് ദൂതന്മാർ നിമിത്തം അധികാരത്തിന്‍റെ പ്രതീകമായ മൂടുപടം സ്ത്രീക്ക് ഉണ്ടായിരിക്കേണം. എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല. എന്തെന്നാൽ സ്ത്രീ പുരുഷനിൽനിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉണ്ടാകുന്നു; എന്നാൽ സകലവും ദൈവത്തിൽ നിന്നാകുന്നു. നിങ്ങൾതന്നെ വിധിക്കുവിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് യോഗ്യമോ? പുരുഷൻ മുടി നീട്ടിയാൽ അത് അവനു അപമാനം എന്നും സ്ത്രീ മുടി നീട്ടിയാലോ, അത് മൂടുപടമായി നല്കിയിരിക്കുകകൊണ്ട് അവൾക്ക് മാനം ആകുന്നു എന്നും പ്രകൃതി തന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? ഒരുവൻ തർക്കിക്കുവാൻ ഭാവിച്ചാൽ ഇതല്ലാതെയുള്ള ഒരു മര്യാദ ഞങ്ങൾക്കില്ല, ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.

1 കൊരിന്ത്യർ 11:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ. നിങ്ങൾ സകലത്തിലും എന്നെ ഓർക്കുകയും ഞാൻ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാൽ നിങ്ങളെ പുകഴ്ത്തുന്നു. എന്നാൽ ഏതുപുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. മൂടുപടം ഇട്ടു പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുപുരുഷനും തന്റെ തലയെ അപമാനിക്കുന്നു. മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതുസ്ത്രീയും തന്റെ തലയെ അപമാനിക്കുന്നു; അതു അവൾ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ. സ്ത്രീ മൂടുപടമിടുന്നില്ലെങ്കിൽ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കിൽ മൂടുപടം ഇട്ടുകൊള്ളട്ടെ. പുരുഷൻ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാൽ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു. പുരുഷൻ സ്ത്രീയിൽനിന്നല്ലല്ലോ സ്ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു. പുരുഷൻ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടതു. ആകയാൽ സ്ത്രീക്കു ദൂതന്മാർനിമിത്തം തലമേൽ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം. എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല. സ്ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്ത്രീമുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ. നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ? പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിന്നു പകരം നല്കിയിരിക്കകൊണ്ടു അവൾക്കു മാനം ആകുന്നു എന്നും പ്രകൃതി തന്നേ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ? ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.

1 കൊരിന്ത്യർ 11:1-16 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ ക്രിസ്തുവിന്റെ മാതൃക പിൻതുടരുന്നതുപോലെ നിങ്ങൾ എന്റെ മാതൃകയും പിൻതുടരുക. നിങ്ങൾ എല്ലാ കാര്യങ്ങളിലും എന്നെ ഓർക്കുന്നതുകൊണ്ടും ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്ന ഉപദേശങ്ങൾ കർശനമായി പാലിക്കുന്നതുകൊണ്ടും ഞാൻ നിങ്ങളെ അനുമോദിക്കുന്നു. പുരുഷന്റെ ശിരസ്സ് ക്രിസ്തു; സ്ത്രീയുടെ ശിരസ്സ് പുരുഷൻ; ക്രിസ്തുവിന്റെ ശിരസ്സ് ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ശിരോവസ്ത്രം ധരിച്ചുകൊണ്ടു പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന പുരുഷൻ തന്റെ ശിരസ്സിനെ അപമാനിക്കുന്നു. ശിരോവസ്ത്രം ധരിക്കാതെ ഒരു സ്ത്രീ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്താൽ അവൾ തന്റെ ശിരസ്സിനെ അപമാനിക്കുന്നു; അതു മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ്. ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീ മുടി മുറിച്ചുകളയട്ടെ. മുടി മുറിച്ചുകളയുന്നതോ തലമുണ്ഡനം ചെയ്യുന്നതോ തനിക്കു ലജ്ജാകരമെന്ന് ഒരു സ്ത്രീക്കു തോന്നുന്നെങ്കിൽ അവൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണം. പുരുഷൻ ദൈവത്തിന്റെ പ്രതിരൂപവും തേജസ്സും ആകയാൽ ശിരസ്സു മറയ്ക്കേണ്ടതില്ല; എന്നാൽ സ്ത്രീയോ പുരുഷന്റെ തേജസ്സാണ്. കാരണം പുരുഷൻ സ്ത്രീയിൽനിന്നല്ല, സ്ത്രീ പുരുഷനിൽനിന്നാണ് ഉണ്ടായത്; പുരുഷൻ സ്ത്രീക്കുവേണ്ടിയല്ല, സ്ത്രീ പുരുഷനുവേണ്ടിയാണു സൃഷ്ടിക്കപ്പെട്ടത്. ഈ കാരണത്താലും ദൂതന്മാർനിമിത്തവും സ്ത്രീയുടെ ശിരസ്സിൽ ഒരു അധികാരചിഹ്നം ഉണ്ടായിരിക്കേണ്ടതാണ്. എങ്കിലും കർത്താവിൽ, പുരുഷനെക്കൂടാതെ സ്ത്രീയില്ല, സ്ത്രീയെക്കൂടാതെ പുരുഷനുമില്ല. സ്ത്രീ പുരുഷനിൽനിന്ന് ഉളവായതുപോലെ പുരുഷൻ സ്ത്രീയിൽനിന്നു ജനിക്കുന്നു. എന്നാൽ എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനം ദൈവംതന്നെ. നിങ്ങൾതന്നെ ചിന്തിക്കുക: സ്ത്രീ ശിരോവസ്ത്രം ധരിക്കാതെ ദൈവത്തോടു പ്രാർഥിക്കുന്നതു ഉചിതമോ? നീണ്ടമുടി ഉണ്ടായിരിക്കുന്നതു പുരുഷന് അപമാനമാണെന്നും സ്ത്രീക്ക് അത് അഭിമാനകരമെന്നും പ്രകൃതിതന്നെ വ്യക്തമാക്കുന്നില്ലേ? നീണ്ടമുടി സ്ത്രീക്കു മൂടുപടംപോലെ നൽകപ്പെട്ടിരിക്കുന്നു. ഇതിനെപ്പറ്റി ആരെങ്കിലും തർക്കിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതിൽനിന്ന് വ്യത്യസ്തമായ ഒരു കീഴ്വഴക്കം ഞങ്ങൾക്കില്ല, ദൈവസഭകൾക്കും ഇല്ലായെന്നുമാത്രമേ എനിക്കു പറയാനുള്ളൂ.