1 കൊരിന്ത്യർ 10:7-12

1 കൊരിന്ത്യർ 10:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്ന് എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്. അവരിൽ ചിലർ പരസംഗം ചെയ്ത് ഒരു ദിവസത്തിൽ ഇരുപത്തിമൂവായിരം പേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുത്. അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത്. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുത്. ഇതു ദൃഷ്ടാന്തമായിട്ട് അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.

1 കൊരിന്ത്യർ 10:6-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ തിന്മയെ ആഗ്രഹിക്കുകയും അവരിൽ ചിലർ വിഗ്രഹങ്ങളെ ആരാധിക്കുകയും ചെയ്തു. അതുപോലെ നാം ചെയ്യാതിരിക്കുന്നതിന് നമുക്കു മുന്നറിയിപ്പു നല്‌കുന്ന മാതൃകാപാഠങ്ങളാണ് ഇവയെല്ലാം. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘ജനം തിന്നു കുടിച്ച് ഉല്ലസിക്കുന്നതിനായി ഇരുന്നു; മദിരോത്സവത്തിനായി എഴുന്നേറ്റു.’ അവരിൽ ചിലർ വ്യഭിചാരം ചെയ്യുകയും തൽഫലമായി ഒറ്റദിവസംകൊണ്ട് ഇരുപത്തിമൂവായിരം പേർ മരിച്ചു വീഴുകയും ചെയ്തു. അവരെപ്പോലെ നാം വ്യഭിചാരം ചെയ്യരുത്. അവരിൽ ചിലർ ചെയ്തതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുത്; സർപ്പങ്ങളാൽ അവർ കൊല്ലപ്പെട്ടു. അവരിൽ ചിലർ ചെയ്തതുപോലെ നാം പിറുപിറുക്കുകയുമരുത്; മരണദൂതൻ അവരെ നശിപ്പിച്ചുകളഞ്ഞു. മറ്റുള്ളവർക്ക് ദൃഷ്ടാന്തമായിത്തീരുന്നതിന് ഇവയെല്ലാം അവർക്കു സംഭവിച്ചു. നമുക്ക് ഒരു മുന്നറിയിപ്പായി അവ എഴുതപ്പെട്ടിരിക്കുന്നു. എന്തെന്നാൽ അന്ത്യം അടുത്തെത്തിയിരിക്കുന്ന സമയത്താണു നാം ജീവിക്കുന്നത്. ഉറച്ചുനില്‌ക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളട്ടെ.

1 കൊരിന്ത്യർ 10:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“ജനം തിന്നുവാനും കുടിക്കുവാനും ഇരുന്നു, കളിക്കുവാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുത്. അവരിൽ ചിലർ ദുർന്നടപ്പിൽ മുഴുകി, ഒരു ദിവസത്തിൽ ഇരുപത്തിമൂവായിരം (23,000) പേർ മരിച്ചുപോയതുപോലെ നാമും ദുർന്നടപ്പുകാർ ആകരുത്. അവരിൽ ചിലർ കർത്താവിനെ പരീക്ഷിച്ച് സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാമും കർത്താവിനെ പരീക്ഷിക്കരുത്. അവരിൽ ചിലർ പിറുപിറുത്ത് സംഹാരകനാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കരുത്. ഇത് ഒരു ദൃഷ്ടാന്തത്തിനായി അവർക്ക് സംഭവിക്കുകയും ലോകാവസാനം വന്നെത്തിയിരിക്കുന്ന നമ്മുടെ ഗുണദോഷത്തിനായി എഴുതിയുമിരിക്കുന്നു. അതുകൊണ്ട് താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളട്ടെ.

1 കൊരിന്ത്യർ 10:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു. അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു. അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു. അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു. ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.

1 കൊരിന്ത്യർ 10:7-12 സമകാലിക മലയാളവിവർത്തനം (MCV)

അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധകരാകരുത്. “ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു, വിളയാടാൻ എഴുന്നേറ്റു” എന്നെഴുതിയിരിക്കുന്നല്ലോ. നാം അവരിൽ ചിലരെപ്പോലെ അസാന്മാർഗികളാകരുത്; വ്യഭിചാരംനിമിത്തം അവരിൽ 23,000 പേർ ഒരൊറ്റ ദിവസംകൊണ്ടു മരിച്ചുപോയി. അവരിൽ മറ്റുചിലർ ചെയ്തതുപോലെ നാം ക്രിസ്തുവിനെ പരീക്ഷിക്കരുത്; അവർ സർപ്പദംശനമേറ്റ് മരിച്ചല്ലോ. അവരിൽ വേറെചിലർ ചെയ്തതുപോലെ നാം മുറുമുറുക്കുന്നവരും ആകരുത്; അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞല്ലോ. ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ.