1 കൊരിന്ത്യർ 1:1-9

1 കൊരിന്ത്യർ 1:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭയ്ക്ക്, ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കുതന്നെ, എഴുതുന്നത്; നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിനു നിങ്ങളെക്കുറിച്ച് എപ്പോഴും സ്തോത്രം ചെയ്യുന്നു. ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ അവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു. ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.

1 കൊരിന്ത്യർ 1:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായി വിളിക്കപ്പെട്ട പൗലൊസും സോസ്തെനേസ് എന്ന സഹോദരനും ചേർന്ന്, ക്രിസ്തുയേശുവിനോടുള്ള ഐക്യത്തിൽ ദൈവത്തിന്റെ സ്വന്തമായ വിശുദ്ധജനമെന്നു വിളിക്കപ്പെടുന്ന കൊരിന്തിലെ ദൈവസഭയ്‍ക്കും, നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിനെ ആരാധിക്കുന്നവരായി ലോകത്തിലെങ്ങുമുള്ള എല്ലാവർക്കും എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ക്രിസ്തുയേശു മുഖേന നിങ്ങൾക്ക് നല്‌കിയിരിക്കുന്ന ദൈവകൃപ നിമിത്തം നിങ്ങൾക്കുവേണ്ടി എന്റെ ദൈവത്തെ എപ്പോഴും ഞാൻ സ്തുതിക്കുന്നു. ക്രിസ്തുവിനോടുള്ള ഐക്യത്തിൽ എല്ലാവിധ ഭാഷണങ്ങളും അറിവുകളുമുൾപ്പെടെയുള്ള സകല കാര്യങ്ങളിലും നിങ്ങൾ സമ്പന്നരായിത്തീർന്നിരിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം നിങ്ങളിൽ ദൃഢമായി വേരൂന്നിയിട്ടുണ്ട്. അങ്ങനെ നമ്മുടെ കർത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതിനുവേണ്ടി കാത്തിരിക്കുന്ന നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ടല്ലോ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദിവസത്തിൽ നിങ്ങൾ കുറ്റമറ്റവരായിരിക്കുന്നതിന് അന്ത്യംവരെ അവിടുന്ന് നിങ്ങളെ ഉറപ്പിച്ചു നിർത്തുകയും ചെയ്യും. അവിടുത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയ്‍ക്കായി നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ തന്നെ.

1 കൊരിന്ത്യർ 1:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവഹിതപ്രകാരം ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്ഥനേസും, കൊരിന്ത്യയിലുള്ള ദൈവസഭയ്ക്ക്, ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവർക്ക്, എല്ലായിടത്തും നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംകൂടെ വിളിക്കപ്പെട്ട, വിശുദ്ധന്മാരുമായവർക്ക് തന്നെ, എഴുതുന്നത്; നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. ക്രിസ്തുയേശുവിൽ നിങ്ങൾക്ക് ലഭിച്ച ദൈവകൃപനിമിത്തം ഞാൻ നിങ്ങൾക്ക് വേണ്ടി എന്‍റെ ദൈവത്തിന് എപ്പോഴും സ്തോത്രം ചെയ്യുന്നു. ക്രിസ്തുവിന്‍റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ അവനിൽ നിങ്ങൾ സകലത്തിലും, സകല വചനത്തിലും, സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു. ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ വരവിനായി കാത്തിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കുകയും ചെയ്യും. തന്‍റെ പുത്രനും നമ്മുടെ കർത്താവും ആയ യേശുക്രിസ്തുവിന്‍റെ കൂട്ടായ്മയിലേക്ക് നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.

1 കൊരിന്ത്യർ 1:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭെക്കു, ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു; നമ്മുടെ പിതാവായ ദൈവത്തിങ്കൽ നിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നിങ്ങൾക്കു ക്രിസ്തുയേശുവിൽ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാൻ എന്റെ ദൈവത്തിന്നു നിങ്ങളെക്കുറിച്ചു എപ്പോഴും സ്തോത്രം ചെയ്യുന്നു. ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതുപോലെ അവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു. ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും. തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.

1 കൊരിന്ത്യർ 1:1-9 സമകാലിക മലയാളവിവർത്തനം (MCV)

ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായി ദൈവം തിരുഹിതപ്രകാരം വിളിച്ച പൗലോസും നമ്മുടെ സഹോദരനായ സോസ്തനേസും ചേർന്ന്, ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും വിശുദ്ധജനം ആയിരിക്കാൻ ദൈവം വിളിച്ചിരിക്കുന്നവരുമായ, കൊരിന്തിലുള്ള ദൈവസഭയ്ക്കും എല്ലാ സ്ഥലങ്ങളിലുമായി നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച സകലർക്കുമായി എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. ക്രിസ്തുയേശുവിൽ ദൈവം നിങ്ങൾക്കു നൽകിയ കൃപ ഓർത്ത് നിങ്ങൾക്കുവേണ്ടി ഞാൻ എപ്പോഴും എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. കാരണം, ക്രിസ്തുയേശുവിൽ വചനത്തിലും ജ്ഞാനത്തിലും സർവസമൃദ്ധിയും നിങ്ങൾക്കു ലഭിച്ചിരിക്കുന്നല്ലോ; ക്രിസ്തുവിനെക്കുറിച്ചു ഞങ്ങൾ നിങ്ങളോടു പറഞ്ഞ സാക്ഷ്യത്തിന്റെ വിശ്വാസ്യത ഇതു സ്ഥിരീകരിക്കുന്നു. ഇങ്ങനെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിനായി കാത്തിരിക്കുന്ന നിങ്ങൾ കൃപാദാനങ്ങളിൽ യാതൊന്നിൽപോലും കുറവുള്ളവരായിരിക്കുന്നില്ല. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദിവസത്തിൽ നിങ്ങൾ നിരപവാദ്യർ ആയിരിക്കേണ്ടതിന് അവിടന്ന് നിങ്ങളെ അന്ത്യംവരെ ശക്തിപ്പെടുത്തും. അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തനാണല്ലോ.