1 ദിനവൃത്താന്തം 20:4-8
1 ദിനവൃത്താന്തം 20:4-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെശേഷം ഗേസെരിൽവച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി. പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു. വീണ്ടും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്ക് ആറാറു വിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; അവനും രാഫയ്ക്കു ജനിച്ചവനായിരുന്നു. അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു. ഇവർ ഗത്തിൽ രാഫയ്ക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കൈയാൽ പട്ടുപോയി.
1 ദിനവൃത്താന്തം 20:4-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് ഗേസെരിൽവച്ചു ഫെലിസ്ത്യരുമായി യുദ്ധം ആരംഭിച്ചു. അതിൽ മല്ലന്മാരുടെ പിൻതലമുറക്കാരിൽ ഒരാളായ സിപ്പായിയെ ഹൂശാത്യനായ സിബ്ബെഖായി വധിച്ചു. ഫെലിസ്ത്യർ കീഴടങ്ങുകയും ചെയ്തു. ഫെലിസ്ത്യരുമായി പിന്നെയും യുദ്ധമുണ്ടായപ്പോൾ യായീരിന്റെ മകൻ എൽഹാനാൻ, ഗിത്യനായ ഗോല്യാത്തിന്റെ സഹോദരൻ ലഹ്മിയെ വധിച്ചു. അയാളുടെ കുന്തത്തിന്റെ പിടി നെയ്ത്തുതടിപോലെ വലുപ്പമുള്ളതായിരുന്നു. ഗത്തിൽവച്ചു വീണ്ടും യുദ്ധമുണ്ടായി. അവിടെ ദീർഘകായനായ ഒരു മനുഷ്യനുണ്ടായിരുന്നു. കൈകാലുകൾ ഓരോന്നിലും ആറുവിരൽ വീതം അയാൾക്ക് ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു. അയാളും മല്ലന്മാരുടെ-രെഫായീമുകളുടെ-വംശത്തിൽപ്പെട്ടിരുന്നു. അയാൾ ഇസ്രായേലിനെ ധിക്കരിച്ചു സംസാരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ പുത്രൻ യോനാഥാൻ അയാളെ വധിച്ചു. ഗത്തിലെ മല്ലന്മാരുടെ പിൻതലമുറക്കാരായിരുന്ന ഇവർ ദാവീദിന്റെയും അനുയായികളുടെയും കൈകളാൽ കൊല്ലപ്പെട്ടു.
1 ദിനവൃത്താന്തം 20:4-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന്‍റെശേഷം ഗേസെരിൽവച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി. പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്‍റെ കുന്തത്തണ്ട് നെയ്ത്തുകാരന്‍റെ പടപ്പുതടിപോലെ ആയിരുന്നു. വീണ്ടും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്കും ആറുവിരൽ വീതവും ഓരോ കാലിനും ആറു വിരൽ വീതവും, ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫയ്ക്കു ജനിച്ചവനായിരുന്നു. അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു. ഇവർ ഗത്തിൽ രാഫയ്ക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്‍റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടുപോയി.
1 ദിനവൃത്താന്തം 20:4-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി. പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു. വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്നു ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു. അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു. ഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.
1 ദിനവൃത്താന്തം 20:4-8 സമകാലിക മലയാളവിവർത്തനം (MCV)
ഈ സംഭവത്തിനുശേഷം ഗേസെരിൽവെച്ച് ഫെലിസ്ത്യരുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി രാഫാത്യരുടെ പിൻഗാമികളിൽ മല്ലനായ സിപ്പായിയെ വധിച്ചു; പിന്നെ ഫെലിസ്ത്യർ കീഴടങ്ങി. ഫെലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തിൽ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരൻ ലഹ്മിയെ വധിച്ചു. നെയ്ത്തുകോൽപ്പിടിപോലെ തടിച്ച പിടിയോടുകൂടിയ ഒരു കുന്തമാണ് ആ ഫെലിസ്ത്യനുണ്ടായിരുന്നത്. ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ, കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു. അയാൾ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ, ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അയാളെ വധിച്ചു. ഇവർ ഗത്തിലെ രാഫായുടെ പിൻഗാമികളായിരുന്നു. അവർ നാലും ദാവീദിന്റെയും അനുയായികളുടെയും കൈയിൽപ്പെട്ടു നാശമടഞ്ഞു.