1 ദിനവൃത്താന്തം 17:16-22

1 ദിനവൃത്താന്തം 17:16-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ ദാവീദ്‍രാജാവ് അകത്തു ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളൂ? ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്ക് അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥയ്ക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു. അടിയനു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടൂ? നീ അടിയനെ അറിയുന്നുവല്ലോ. യഹോവേ, അടിയൻ നിമിത്തവും നിന്റെ പ്രസാദപ്രകാരവും നീ ഈ മഹിമയൊക്കെയും പ്രവർത്തിച്ച് ഈ വൻകാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു. ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. മിസ്രയീമിൽനിന്നു നീ ഉദ്ധരിച്ച നിന്റെ ജനത്തിന്റെ മുമ്പിൽനിന്നു ജാതികളെ നീക്കിക്കളകയിൽ വലിയതും ഭയങ്കരവുമായ കാര്യങ്ങളാൽ നിനക്ക് ഒരു നാമം സമ്പാദിക്കേണ്ടതിന്: ദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വീണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ ഏതൊരു ജാതിയുള്ളൂ? നിന്റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവർക്കു ദൈവമായിത്തീരുകയും ചെയ്തുവല്ലോ.

1 ദിനവൃത്താന്തം 17:16-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് ദാവീദുരാജാവ് അകത്തു പോയി സർവേശ്വരസന്നിധിയിൽ പ്രാർഥിച്ചു. സർവേശ്വരനായ ദൈവമേ, അവിടുന്ന് എന്നെ ഈ നിലയിൽ എത്തിക്കത്തക്കവിധം ഞാൻ ആരാണ്? എന്റെ ഭവനത്തിന് എന്തു മേന്മ? ദൈവമേ, അവിടുത്തേക്ക് ഇതൊരു നിസ്സാരകാര്യമാണ്. ഈ ദാസന്റെ കുടുംബത്തിന് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അവിടുന്നു വെളിപ്പെടുത്തി; വരാനിരിക്കുന്ന തലമുറകളെ എനിക്കു കാണിച്ചുതന്നു. അവിടുത്തെ ദാസനെ അവിടുന്നു ബഹുമാനിച്ച വിധത്തെപ്പറ്റി ഇനി എന്താണു പറയാനുള്ളത്? ഈ ദാസനെ അവിടുന്ന് അറിയുന്നുവല്ലോ. സർവേശ്വരാ, ഈയുള്ളവനെ ഓർത്ത് അവിടുത്തെ ഹിതമനുസരിച്ച് ഈ വൻകാര്യങ്ങളെല്ലാം അവിടുന്നു പ്രവർത്തിച്ചു; അവിടുന്ന് അവ പ്രസിദ്ധമാക്കുകയും ചെയ്തു. അവിടുത്തെപ്പോലെ മറ്റൊരു ദൈവത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടില്ല; അവിടുന്നല്ലാതെ വേറൊരു ദൈവവുമില്ല. അവിടുന്ന് ഈജിപ്തിൽനിന്നു വീണ്ടെടുത്ത് സ്വന്തജനമാക്കിയ ഇസ്രായേലിനെപ്പോലെ മറ്റൊരു ജനതയുമില്ല. അവർ മുമ്പോട്ടു നീങ്ങിയപ്പോൾ അദ്ഭുതകരവും ഭീതിജനകവുമായ പ്രവൃത്തികൾ ചെയ്ത് മറ്റു ജനതകളെ അവരുടെ മുമ്പിൽനിന്നു നീക്കി; അങ്ങനെ അവിടുന്ന് മഹത്ത്വം ആർജിച്ചു. സർവേശ്വരാ, സദാകാലത്തേക്കും അവിടുത്തെ ജനമായിരിക്കാൻ അവിടുന്ന് ഇസ്രായേലിനെ തിരഞ്ഞെടുത്തു. അവിടുന്ന് അവരുടെ ദൈവമായിത്തീർന്നു.

1 ദിനവൃത്താന്തം 17:16-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അപ്പോൾ ദാവീദ്‌ രാജാവ് അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു ഇപ്രകാരം പറഞ്ഞു “യഹോവയായ ദൈവമേ, അവിടുന്ന് എന്നെ ഇത്രത്തോളം അനുഗ്രഹിക്കുവാൻ ഞാൻ ആർ? എന്‍റെ ഭവനത്തിന് എന്തു മേന്മ? അവിടുത്തെ ദൃഷ്ടിയിൽ ഇത് നിസ്സാരം എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്‍റെ ഭവനത്തെക്കുറിച്ച് അവിടുന്ന് അരുളിച്ചെയ്കയും, ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്‍റെ അവസ്ഥക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു. അടിയനു നൽകിയ ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയാനാണ്? അവിടുന്ന് അടിയനെ അറിയുന്നുവല്ലോ. യഹോവേ, അടിയൻ നിമിത്തവും അങ്ങേയുടെ പ്രസാദപ്രകാരവും അങ്ങ് ഈ വൻകാര്യങ്ങളെല്ലാം പ്രവർത്തിച്ചു. അവിടുന്ന് അവ എല്ലാം അറിയിച്ചുതന്നിരിക്കുന്നു. ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, അങ്ങയെപ്പോലെ ആരുമില്ല; അങ്ങ് അല്ലാതെ ഒരു ദൈവവുമില്ല. മിസ്രയീമിൽനിന്ന് അവിടുന്ന് വീണ്ടെടുത്ത സ്വന്ത ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ മറ്റൊരു ജാതിയില്ല, വലിയതും ഭയങ്കരവുമായ കാര്യങ്ങൾ ചെയ്തു അവിടുത്തെ ജനത്തിന്‍റെ മുമ്പിൽനിന്ന് ജനതകളെ നീക്കിക്കളഞ്ഞു. അങ്ങനെ ഒരു നാമം സമ്പാദിച്ചു. അങ്ങേയുടെ ജനമായ യിസ്രായേലിനെ അവിടുന്ന് എന്നേക്കും സ്വന്തജനമാക്കുകയും അവർക്ക് ദൈവമായ്തീരുകയും ചെയ്തു.

1 ദിനവൃത്താന്തം 17:16-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ ദാവീദ്‌ രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു? ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥെക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു. അടിയന്നു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ. യഹോവേ, അടിയൻ നിമിത്തവും നിന്റെ പ്രസാദപ്രകാരവും നീ ഈ മഹിമ ഒക്കെയും പ്രവർത്തിച്ചു ഈ വങ്കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു. ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല. മിസ്രയീമിൽനിന്നു നീ ഉദ്ധരിച്ച നിന്റെ ജനത്തിന്റെ മുമ്പിൽനിന്നു ജാതികളെ നീക്കിക്കളകയിൽ വലിയതും ഭയങ്കരവുമായ കാര്യങ്ങളാൽ നിനക്കു ഒരു നാമം സമ്പാദിക്കേണ്ടതിന്നു, ദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വീണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ ഏതൊരു ജാതിയുള്ളു? നിന്റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവർക്കു ദൈവമായ്തീരുകയും ചെയ്തുവല്ലോ.

1 ദിനവൃത്താന്തം 17:16-22 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ ദാവീദുരാജാവ് ഉള്ളിൽക്കടന്ന്, യഹോവയുടെമുമ്പാകെ ഇരുന്ന് ഈ വിധം പ്രാർഥിച്ചു: “ദൈവമായ യഹോവേ, അവിടന്ന് അടിയനെ ഇത്രവരെ ആക്കിത്തീർക്കാൻ ഞാൻ ആര്? എന്റെ കുടുംബവും എന്തുള്ളൂ? അത്രയുമല്ല, എന്റെ ദൈവമേ! അങ്ങയുടെ ഈ ദാസന്റെ ഭവനത്തിന്റെ ഭാവിയെപ്പറ്റിയും അവിടന്ന് അരുളിച്ചെയ്തല്ലോ! ഹാ, ദൈവമായ യഹോവേ, ഞാൻ മനുഷ്യരിൽ അതിശ്രേഷ്ഠൻ എന്നവണ്ണം അങ്ങ് എന്നെ കണ്ടിരിക്കുന്നു. “അങ്ങ് ഈ ദാസനു നൽകിയ ബഹുമതിയെപ്പറ്റി ദാവീദ് ഇനി കൂടുതലായി എന്തു പറയേണ്ടൂ? അവിടത്തെ ദാസനെ അങ്ങ് അറിയുന്നല്ലോ! യഹോവേ! അങ്ങയുടെ ഈ ദാസനുവേണ്ടി, തിരുഹിതം അനുസരിച്ച് ഈ മഹാകാര്യങ്ങൾ അവിടന്നു ചെയ്തിരിക്കുന്നു; ഈ മഹാവാഗ്ദാനങ്ങൾ എന്നെ അറിയിക്കുകയും ചെയ്തിരിക്കുന്നു. “യഹോവേ, ഞങ്ങൾ സ്വന്തം ചെവികൊണ്ടു കേട്ടതുപോലെ, അവിടത്തേക്ക് സദൃശനായി ആരുമില്ല; അവിടന്നല്ലാതെ മറ്റു ദൈവവുമില്ല. അവിടത്തെ സ്വന്തം ജനമാക്കിത്തീർക്കുന്നതിനും അങ്ങയുടെ നാമം പ്രസിദ്ധമാകുന്നതിനുമായി ദൈവമേ, അങ്ങുതന്നെ നേരിട്ടുചെന്ന് വീണ്ടെടുത്ത ഭൂമിയിലെ ഏകജനതയായ, അവിടത്തെ ജനമായ ഇസ്രായേലിനു തുല്യരായി ഭൂമിയിൽ മറ്റ് ഏതു ജനതയാണുള്ളത്? അങ്ങ് ഈജിപ്റ്റിൽനിന്നു വീണ്ടെടുത്ത അങ്ങയുടെ ജനത്തിന്റെ മുമ്പിൽനിന്ന് മഹത്തും ഭീതിജനകവുമായ അത്ഭുതങ്ങൾ പ്രവർത്തിച്ച് ഇതരജനതകളെ ഓടിച്ചുകളഞ്ഞുവല്ലോ. അവിടത്തെ ജനമായ ഇസ്രായേലിനെ അവിടന്ന് എന്നേക്കും സ്വന്തജനമാക്കിത്തീർത്തു; യഹോവേ, അവിടന്ന് അവർക്കു ദൈവമായും തീർന്നിരിക്കുന്നു.