സെഖര്യാവ് 7:8-14

സെഖര്യാവ് 7:8-14 MCV

യഹോവയുടെ വചനം വീണ്ടും സെഖര്യാവിനുണ്ടായി: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക. വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’ “എന്നാൽ, അവർക്കു ശ്രദ്ധിക്കാൻ മനസ്സില്ലായിരുന്നു; ശാഠ്യത്തോടെ അവർ പുറംതിരിഞ്ഞുപോകുകയും ചെവി അടച്ചുകളയുകയും ചെയ്തു. അവർ തങ്ങളുടെ ഹൃദയത്തെ വജ്രംപോലെ കഠിനമാക്കി, ന്യായപ്രമാണം ശ്രദ്ധിച്ചില്ല. പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം സൈന്യങ്ങളുടെ യഹോവയുടെ ആത്മാവ് അയച്ച വചനവും അവർ ചെവിക്കൊണ്ടില്ല. അതിനാൽ സൈന്യങ്ങളുടെ യഹോവ കോപിച്ചു. “ ‘ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല, അതുകൊണ്ട് അവർ വിളിക്കുമ്പോൾ ഞാനും കേൾക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ‘ഞാൻ ചുഴലിക്കാറ്റുകൊണ്ട് അവർ അറിയാത്ത എല്ലാ രാജ്യങ്ങളിലേക്കും അവരെ ചിതറിച്ചു, ആർക്കും വരുന്നതിനോ പോകുന്നതിനോ കഴിയാത്തവിധത്തിൽ ദേശം ശൂന്യമായിപ്പോയി. ഇങ്ങനെ അവർ അവരുടെ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.’ ”