രൂത്ത് 2:15-20

രൂത്ത് 2:15-20 MCV

അവൾ വീണ്ടും കാലാപെറുക്കാൻ എഴുന്നേറ്റപ്പോൾ ബോവസ് ഭൃത്യന്മാരോട്, “അവൾ കറ്റകൾക്കിടയിൽനിന്ന് പെറുക്കിയാൽപോലും അവളെ ശാസിക്കരുത്. കറ്റകളിൽനിന്നും അവൾക്കു പെറുക്കാൻവേണ്ടി കതിർക്കുലകൾ മനഃപൂർവം നിലത്തു വലിച്ചിട്ടുകൊടുക്കുക, അവളെ ശകാരിക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സന്ധ്യയാകുംവരെ രൂത്ത് കാലാപെറുക്കി. അതിനുശേഷം അവൾ ശേഖരിച്ച കതിരുമെതിച്ചു, അത് ഒരു ഏഫായോളം യവം ഉണ്ടായിരുന്നു. അവൾ അതു പട്ടണത്തിലേക്കു ചുമന്നുകൊണ്ടുപോയി; അവൾ എത്രമാത്രം ശേഖരിച്ചെന്ന് അവളുടെ അമ്മായിയമ്മ മനസ്സിലാക്കി. താൻ ഭക്ഷിച്ചിട്ട് ശേഷിച്ച ധാന്യംകൂടി കൊണ്ടുവന്ന് രൂത്ത് അവൾക്കുകൊടുത്തു. അവളുടെ അമ്മായിയമ്മ: “ഇന്നു നീ എവിടെയായിരുന്നു കാലാപെറുക്കിയത്? നീ പണിചെയ്തത് എവിടെയാണ്? നിന്നോട് കരുണ കാട്ടിയവൻ അനുഗ്രഹിക്കപ്പെടട്ടെ!” എന്നു പറഞ്ഞു. അപ്പോൾ രൂത്ത് അവൾ അന്നു വേലചെയ്ത സ്ഥലത്തെ യജമാനനെക്കുറിച്ച് അമ്മായിയമ്മയോടു പറഞ്ഞു, “ബോവസ് എന്നയാളുടെ അടുക്കലാണു ഞാൻ ഇന്നു വേലചെയ്തത്” എന്ന് അവൾ പറഞ്ഞു. “യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!” നവൊമി തന്റെ മരുമകളോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണ കാണിക്കുന്നത് അവിടന്ന് നിർത്തിയിട്ടില്ല.” അവൾ പിന്നെയും, “അദ്ദേഹം നമ്മുടെ അടുത്ത ബന്ധുവും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുവനുമാണ്” എന്നു പറഞ്ഞു.