റോമർ 8:22-39

റോമർ 8:22-39 MCV

സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു. അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്. ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്? എന്നാൽ, കണ്ടിട്ടില്ലാത്തതിനുവേണ്ടി പ്രത്യാശിക്കുന്നെങ്കിലോ അതിനായി നാം ക്ഷമയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും. അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു. ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്. ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു. ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്. അവിടന്ന് മുൻനിയമിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ തേജസ്കരിക്കുകയും ചെയ്തു. ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്? സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ? ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്? ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ? “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു: അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,” എന്ന് എഴുതിയിരിക്കുന്നല്ലോ. നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു. മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.

റോമർ 8:22-39 - നുള്ള വീഡിയോ

റോമർ 8:22-39 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും