റോമർ 10:8-17

റോമർ 10:8-17 MCV

എന്നാൽ തിരുവെഴുത്ത് എന്തുപറയുന്നു? “വചനം നിങ്ങൾക്കു സമീപമാകുന്നു; അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു,” ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്. “യേശു കർത്താവാകുന്നു” എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. അങ്ങനെ ഒരുവൻ ഹൃദയത്തിൽ വിശ്വസിച്ചു നീതീകരിക്കപ്പെടുകയും വാകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു രക്ഷപ്രാപിക്കുകയുംചെയ്യുന്നു. “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല” എന്നു തിരുവെഴുത്തു പറയുന്നല്ലോ. യെഹൂദനും യെഹൂദേതരനുംതമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരുവൻ അത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ തക്കവണ്ണം അവിടന്നു സമ്പന്നനാകുന്നു. “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,” എന്നുണ്ടല്ലോ. എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വസിക്കും? ആരെങ്കിലും പ്രസംഗിക്കാതെ എങ്ങനെ കേൾക്കും? അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “സുവാർത്ത ഘോഷിക്കുന്നവരുടെ പാദം എത്ര മനോഹരം!” എന്ന് എഴുതിയിരിക്കുന്നല്ലോ. എന്നാൽ, എല്ലാ ഇസ്രായേല്യരും സുവിശേഷം അനുസരിച്ചിട്ടില്ല. “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു?” എന്ന് യെശയ്യാവു ചോദിക്കുന്നുണ്ടല്ലോ. അങ്ങനെ വിശ്വാസം ദൈവികസന്ദേശത്തിന്റെ കേൾവിയാലും കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള വചനത്താലും ഉണ്ടാകുന്നു.

റോമർ 10:8-17 - നുള്ള വീഡിയോ