എന്റെ ബലമായ യഹോവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു. യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു; എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്. സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു. മരണപാശങ്ങൾ എന്നെ ചുറ്റിവരിഞ്ഞു; നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി. പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു. എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; സഹായത്തിനായി ഞാൻ എന്റെ ദൈവത്തോടു നിലവിളിച്ചു. തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു. എന്റെ നിലവിളി അവിടത്തെ സന്നിധിയിൽ, അതേ അവിടത്തെ കാതുകളിൽത്തന്നെ എത്തി. ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, പർവതങ്ങളുടെ അടിസ്ഥാനങ്ങൾ വിറകൊണ്ടു; അവിടത്തെ കോപത്താൽ അവ ഇളകിയാടി. അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു; സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു, തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു. അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു; കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു. അവിടന്നു കെരൂബിൻമുകളിലേറി പറന്നു; കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു. അവിടന്ന് അന്ധകാരത്തെ തനിക്കു ആവരണവും, തനിക്കുചുറ്റും വിതാനമാക്കി നിർത്തി— ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ. ആലിപ്പഴത്തോടും മിന്നൽപ്പിണരുകളോടുംകൂടെ അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് മേഘങ്ങൾ ഉയർന്നു. യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു, ആലിപ്പഴപ്പെയ്ത്തോടും മിന്നൽപ്പിണരുകളോടുംകൂടെ. അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു. യഹോവേ, അവിടത്തെ ശാസനയാൽ, അവിടത്തെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ, സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു. അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു; പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു, അവർ എന്നെക്കാൾ പ്രബലരായിരുന്നു. എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി, എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി. അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു. എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു. കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല. അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല. തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു. എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, തിരുമുമ്പിൽ എന്റെ കൈകളുടെ വിശുദ്ധിക്കനുസരിച്ചുതന്നെ.
സങ്കീർത്തനങ്ങൾ 18 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 18
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 18:1-24
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ