സങ്കീർത്തനങ്ങൾ 139:1-10

സങ്കീർത്തനങ്ങൾ 139:1-10 MCV

യഹോവേ, അവിടന്നെന്നെ പരിശോധിച്ചു, അവിടന്നെന്നെ അറിഞ്ഞുമിരിക്കുന്നു. ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടന്ന് അറിയുന്നു; എന്റെ ചിന്തകളെ വിദൂരതയിൽനിന്നുതന്നെ അവിടന്ന് ഗ്രഹിക്കുന്നു. എന്റെ നടപ്പും എന്റെ കിടപ്പും അങ്ങ് വേർതിരിച്ചറിയുന്നു; എന്റെ എല്ലാ മാർഗങ്ങളും അവിടത്തേക്ക് സുപരിചിതമാണ്. ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു. അവിടന്ന് എന്റെ മുന്നിലും പിന്നിലുംനിന്ന് എനിക്കു സംരക്ഷണമേകുന്നു, അങ്ങയുടെ കരുതലിൻകരം എന്റെമേൽ വെച്ചിരിക്കുന്നു. ഈ അറിവ് എനിക്ക് അത്യന്തം വിസ്മയാവഹമാണ്, അതെനിക്ക് എത്തിച്ചേരാവുന്നതിലും ഉന്നതമാണ്. അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും? തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും? ഞാൻ സ്വർഗോന്നതങ്ങളിൽ കയറിച്ചെന്നാൽ അങ്ങ് അവിടെയുണ്ട്; ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുമുണ്ട്. ഞാൻ ഉഷസ്സിൻ ചിറകിലേറി, ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ, അങ്ങയുടെ തിരുക്കരം അവിടെയും എനിക്കു വഴികാട്ടും, അവിടത്തെ വലതുകരമെന്നെ താങ്ങിനടത്തും.