സങ്കീർത്തനങ്ങൾ 119:9-20

സങ്കീർത്തനങ്ങൾ 119:9-20 MCV

ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ? അവിടത്തെ വചനം അനുസരിച്ച് ജീവിക്കുന്നതിനാൽത്തന്നെ. ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു; അവിടത്തെ കൽപ്പനകളിൽനിന്നു വ്യതിചലിക്കാൻ എനിക്കിടവരരുതേ. അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ, അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. തിരുവായിൽനിന്നു പൊഴിയുന്ന അനുശാസനങ്ങളെല്ലാം ഞാൻ എന്റെ അധരങ്ങളാൽ വർണിക്കുന്നു. മഹാസമ്പത്തിലൊരാൾ ആഹ്ലാദിക്കുന്നതുപോലെ ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടരുന്നതിൽ ആനന്ദിക്കുന്നു. അവിടത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കുകയും അവിടത്തെ മാർഗങ്ങളിൽ ദൃഷ്ടിയുറപ്പിക്കുകയും ചെയ്യുന്നു. അവിടത്തെ ഉത്തരവുകളിൽ ഞാൻ ആനന്ദിക്കുന്നു; അവിടത്തെ വചനം ഞാനൊരിക്കലും നിരസിക്കുകയില്ല. ഞാൻ ജീവിച്ചിരുന്ന് അങ്ങയുടെ വചനം അനുസരിക്കേണ്ടതിന് ഈ ദാസന്റെമേൽ ദയകാണിക്കണമേ. അവിടത്തെ ന്യായപ്രമാണത്തിലെ വൈശിഷ്ട്യങ്ങളെ ദർശിക്കേണ്ടതിന് അടിയന്റെ കണ്ണുകളെ തുറക്കണമേ. ഈ ഭൂമിയിൽ ഞാനൊരു പ്രവാസിയാണ്; അവിടത്തെ കൽപ്പനകൾ എന്നിൽനിന്നു മറച്ചുവെക്കരുതേ. അവിടത്തെ നിയമങ്ങളോട് എപ്പോഴുമുള്ള അഭിവാഞ്ഛനിമിത്തം എന്റെ പ്രാണൻ ക്ഷയിച്ചുപോകുന്നു.