സങ്കീർത്തനങ്ങൾ 107:23-43

സങ്കീർത്തനങ്ങൾ 107:23-43 MCV

ചിലർ മഹാസമുദ്രത്തിലെ വ്യാപാരികളായി; കടലിലൂടെയവർ കപ്പൽയാത്രചെയ്തു. അവർ യഹോവയുടെ പ്രവൃത്തികളെ നിരീക്ഷിച്ചു, ആഴിയിൽ അവിടത്തെ അത്ഭുതങ്ങളെത്തന്നെ. അവിടന്ന് ആജ്ഞാപിച്ചു; ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി, തിരമാലകൾ ഉയർന്നുപൊങ്ങി. അവ ആകാശത്തോളം ഉയർന്ന് ആഴങ്ങളിലേക്ക് താഴ്ന്നമർന്നു; തങ്ങളുടെ ദുരിതങ്ങളിൽ അവരുടെ ധൈര്യം ചോർന്നൊലിച്ചു. അവർ മദോന്മത്തരെപ്പോലെ ചാഞ്ചാടി ആടിയുലഞ്ഞു; അവർ അവരുടെ അറിവിന്റെ അന്ത്യത്തിലെത്തി. അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു. അവിടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി; സമുദ്രത്തിലെ തിരമാലകൾ അമർന്നു. അത് ശാന്തമായപ്പോൾ അവർ ആനന്ദിച്ചു, അവർ ആഗ്രഹിച്ച തുറമുഖത്തേക്ക് അവിടന്ന് അവരെ നയിച്ചു. അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ. ജനങ്ങളുടെ സഭയിൽ അവർ അവിടത്തെ വാഴ്ത്തട്ടെ സമുദായനേതാക്കന്മാരുടെ സംഘത്തിൽ അവിടത്തെ സ്തുതിക്കട്ടെ. ദേശവാസികളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം അവിടന്ന് നദികളെ മരുഭൂമിയും അരുവികളെ ദാഹാർത്തഭൂമിയും ഫലഭൂയിഷ്ഠമായ ഇടത്തെ ഓരുനിലവും ആക്കിയിരിക്കുന്നു. അവിടന്ന് മരുഭൂമിയെ ജലാശയങ്ങളായും വരണ്ടനിലത്തെ നീർച്ചാലുകളായും മാറ്റുന്നു; അവിടന്ന് അവിടെ വിശക്കുന്നവരെ കുടിപാർപ്പിക്കുന്നു, അവർക്കു വാസയോഗ്യമായ ഒരു പട്ടണം അവർ പണിതുയർത്തുന്നു. അവർ നിലങ്ങൾ വിതച്ചു മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു അതിൽനിന്ന് അവർക്കു വിളസമൃദ്ധിയും ലഭിച്ചു; അവിടന്ന് അവരെ അനുഗ്രഹിച്ചു, അവർ എണ്ണത്തിൽ അത്യധികം പെരുകി, അവരുടെ കാലിസമ്പത്ത് കുറയുന്നതിന് അവിടന്ന് അനുവദിച്ചതുമില്ല. പീഡനം, ആപത്ത്, ദുഃഖം എന്നിവയാൽ അവിടന്ന് അവരെ താഴ്ത്തി, അങ്ങനെ അവരുടെ എണ്ണം കുറഞ്ഞു; പ്രഭുക്കന്മാരെ നിന്ദാപാത്രങ്ങളാക്കി മാറ്റുന്ന യഹോവ ഗതിയില്ലാതെ ശൂന്യപ്രദേശങ്ങളിലൂടെ അലയുന്നതിന് അവരെ ഇടയാക്കി. എന്നാൽ അശരണരെ അവിടന്ന് അവരുടെ കഷ്ടതയിൽനിന്ന് ഉദ്ധരിച്ചു അവരുടെ കുടുംബങ്ങളെ ആട്ടിൻപറ്റം എന്നതുപോലെ വർധിപ്പിച്ചു. ഹൃദയപരമാർഥികൾ അതുകണ്ട് ആനന്ദിക്കുന്നു, എന്നാൽ ദുഷ്ടരെല്ലാം മൗനം അവലംബിക്കുന്നു. ജ്ഞാനമുള്ളവർ ഈ കാര്യങ്ങൾ സശ്രദ്ധം മനസ്സിലാക്കുകയും യഹോവയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യട്ടെ.