യഹോവ അവരോടു കൽപ്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല, എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന് അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു. അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു, അത് അവർക്കൊരു കെണിയായി ഭവിച്ചു. അവർ തങ്ങളുടെ പുത്രീപുത്രന്മാരെ ഭൂതങ്ങൾക്ക് ബലിയർപ്പിച്ചു. അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു, കനാന്യരുടെ വിഗ്രഹങ്ങൾക്ക് ബലിദാനംചെയ്ത, അവരുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ; അങ്ങനെ അവരുടെ രക്തംമൂലം ദേശം മലിനമായിത്തീർന്നു. തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി; വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു. അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു തന്റെ അവകാശത്തെ അവിടന്ന് കഠിനമായി വെറുത്തു. അവിടന്ന് അവരെ ഇതര രാഷ്ട്രങ്ങൾക്കു കൈമാറി, അവരുടെ വൈരികൾ അവർക്കുമീതേ ഭരണം കയ്യാളി. അവരുടെ ശത്രുക്കൾ അവരെ അടിച്ചമർത്തി അവരെ തങ്ങളുടെ അധികാരത്തിൻകീഴിൽ അമർത്തി. പലപ്രാവശ്യം അവിടന്ന് അവരെ വിടുവിച്ചു, എന്നിട്ടും അവർ ബോധപൂർവം ദൈവത്തോട് എതിർത്തുനിന്ന്, തങ്ങളുടെ പാപത്തിൽ അധഃപതിക്കുകയും ചെയ്തു. എന്നിട്ടും അവിടന്ന് അവരുടെ നിലവിളി കേട്ടപ്പോൾ അവരുടെ ദുരിതങ്ങൾ അവിടന്ന് ശ്രദ്ധിച്ചു; അവരോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കുകയും അങ്ങയുടെ അചഞ്ചലസ്നേഹംനിമിത്തം അവരോട് അനുകമ്പകാണിക്കുകയും ചെയ്തു. അവരെ ബന്ദികളാക്കിവെച്ചിരുന്ന എല്ലാവർക്കും അവരോട് കനിവുതോന്നുമാറാക്കി. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ, ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്, ഇതര രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളെ കൂട്ടിച്ചേർക്കണമേ. ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, എന്നും എന്നെന്നേക്കും.
സങ്കീർത്തനങ്ങൾ 106 വായിക്കുക
കേൾക്കുക സങ്കീർത്തനങ്ങൾ 106
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീർത്തനങ്ങൾ 106:34-48
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ