സങ്കീർത്തനങ്ങൾ 106:17-33
സങ്കീർത്തനങ്ങൾ 106:17-33 MCV
ഭൂമി വായ്‌പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ സംഘത്തെ മൂടിക്കളഞ്ഞു. അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു; ആ ദുഷ്ടരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു. ഹോരേബിൽവെച്ച് അവർ ഒരു കാളക്കിടാവിനെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തിനുമുന്നിൽ അവർ മുട്ടുമടക്കി. അവർ തങ്ങളുടെ തേജസ്സേറിയ ദൈവത്തിന്റെ സ്ഥാനത്ത് പുല്ലുതിന്നുന്ന കാളയുടെ പ്രതിമയെ തെരഞ്ഞെടുത്തു. ഈജിപ്റ്റിൽ മഹത്തരമായ കാര്യങ്ങൾചെയ്ത തങ്ങളുടെ വിമോചകനായ ദൈവത്തെ അവർ മറന്നു, ഹാമിന്റെ ദേശത്തുചെയ്ത അത്ഭുതങ്ങളും ചെങ്കടലിൽ അരങ്ങേറിയ ഭയങ്കരകാര്യങ്ങളുംതന്നെ. അതിനാൽ അവർക്ക് ഉന്മൂലനാശംവരുത്തുമെന്ന് അങ്ങ് അരുളിച്ചെയ്തു— എന്നാൽ അവിടന്ന് തെരഞ്ഞെടുത്ത മോശ അങ്ങേക്കും അവിടത്തെ ജനത്തിനും മധ്യേനിന്നു, അങ്ങയുടെ ക്രോധത്താൽ ജനത്തെ നശിപ്പിക്കാതിരിക്കുന്നതിനായിത്തന്നെ. അവർ മനോഹരദേശത്തെ നിരസിച്ചു; അവിടത്തെ വാഗ്ദാനം അവർ വിശ്വസിച്ചതുമില്ല. തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു യഹോവയുടെ ശബ്ദം അനുസരിച്ചതുമില്ല. അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും അവരുടെ സന്തതികളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച്, വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും അവിടന്ന് കൈ ഉയർത്തി അവരോട് ശപഥംചെയ്തു. അവർ പെയോരിലെ ബാലിനോട് ചേർന്നു ജീവനില്ലാത്ത ദേവന്മാർക്ക് അർപ്പിച്ച ബലിപ്രസാദം അവർ ഭക്ഷിച്ചു; തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു, ഒരു മഹാമാരി അവർക്കിടയിൽ പൊട്ടിപ്പുറപ്പെട്ടു. എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു, മഹാമാരി നിലയ്ക്കുകയും ചെയ്തു. അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു; അനന്തമായി ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും. മെരീബാജലാശയത്തിനരികെവെച്ച് അവർ യഹോവയെ കോപിപ്പിച്ചു, അത് മോശയ്ക്ക് അനർഥഹേതുവായിത്തീർന്നു. അവർ ദൈവത്തിന്റെ ആത്മാവിനെതിരേ മത്സരിച്ചു, അധരംകൊണ്ട് അദ്ദേഹം അവിവേകവാക്കുകൾ സംസാരിച്ചു.

