സദൃശവാക്യങ്ങൾ 4:13-27

സദൃശവാക്യങ്ങൾ 4:13-27 MCV

ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്; അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ. ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത് ദുർമാർഗികളുടെ പാതയിൽ നീ സഞ്ചരിക്കുകയുമരുത്. അത് ഒഴിവാക്കുക, ആ വഴിയിൽക്കൂടി സഞ്ചരിക്കരുത്; അത് വിട്ടൊഴിഞ്ഞ് നിന്റെ ലക്ഷ്യത്തിലേക്കു കുതിക്കുക. കാരണം അകൃത്യംചെയ്യുന്നതുവരെ അവർക്ക് ഉറക്കംവരികയില്ല; ആരെയെങ്കിലും വീഴ്ത്തിയില്ലെങ്കിൽ അവരെ സുഖനിദ്ര കൈവിടുന്നു, അവർ ദുഷ്ടതയുടെ ആഹാരം ഭക്ഷിക്കുന്നു അതിക്രമത്തിന്റെ വീഞ്ഞു പാനംചെയ്യുന്നു. നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു, അതു നട്ടുച്ചവരെ അധികമധികമായി പ്രശോഭിച്ചുകൊണ്ടിരിക്കും. എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്; ഏതിൽ തട്ടിവീഴുമെന്ന് അവർ അറിയുന്നില്ല. എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക; എന്റെ മൊഴികൾക്കു ചെവിചായ്‌ക്കുക. അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്, അവ നിന്റെ ഹൃദയത്തിൽത്തന്നെ സൂക്ഷിക്കുക; കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും അവരുടെ ശരീരംമുഴുവൻ ആരോഗ്യവും നൽകുന്നു. എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക, കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്. വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക; ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക. നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ; നിന്റെ കണ്ണുകൾ മുൻപോട്ടുതന്നെ പതിപ്പിക്കുക. നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്; നിന്റെ കാലുകൾ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കട്ടെ.