സദൃശവാക്യങ്ങൾ 4:1-9

സദൃശവാക്യങ്ങൾ 4:1-9 MCV

എന്റെ കുഞ്ഞുങ്ങളേ, പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക; അതിൽ ശ്രദ്ധനൽകി വിവേചനശക്തി കൈവരിക്കുക. കാരണം ഞാൻ നിനക്കു സദുപദേശം നൽകുന്നു, എന്റെ അഭ്യസനം നിരാകരിക്കരുത്. ഞാനും എന്റെ പിതാവിനു മകനും മാതാവിന്റെ ഏക ഓമനസന്താനവും ആയിരുന്നു. എന്റെ പിതാവ് എന്നെ പഠിപ്പിച്ച് എന്നോട് ഇപ്രകാരം പറഞ്ഞു: “എന്റെ വാക്കുകൾ നീ ഹൃദയപൂർവം സ്വീകരിക്കുക; എന്റെ കൽപ്പനകൾ പാലിച്ചാൽ നീ ജീവിക്കും. ജ്ഞാനം നേടുക, വിവേകം ആർജിക്കുക; എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്. ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും; അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും. ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക. നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും അറിവ് സമ്പാദിക്കുക. അവളെ താലോലിക്കുക, അവൾ നിന്നെ ഉയർത്തും; അവളെ ആലിംഗനംചെയ്യുക, അവൾ നിന്നെ ആദരിക്കും. അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും ശോഭയുള്ള കിരീടം നിനക്ക് ഉപഹാരമായി നൽകുകയും ചെയ്യും.”