സദൃശവാക്യങ്ങൾ 26:13-28

സദൃശവാക്യങ്ങൾ 26:13-28 MCV

അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്! ഭീകരനായ ഒരു സിംഹം തെരുവിൽ ചുറ്റിത്തിരിയുന്നുണ്ട്!” ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ, അലസർ തങ്ങളുടെ കിടക്കയിൽ തിരിഞ്ഞുമറിയുന്നു. അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുന്നതിനുപോലും മടിയാണ്. വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ, താൻ കേമനാണെന്ന് അലസർ മിഥ്യാഭിമാനംകൊള്ളുന്നു. താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ, വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവരെപ്പോലെയാണ്. അയൽവാസിയെ ദ്രോഹിച്ചിട്ട്, “അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ; മാരകമായ തീജ്വാല ചുഴറ്റിയെറിയുന്ന ഭ്രാന്തനുസമം. വിറകില്ലായെങ്കിൽ തീ കെട്ടുപോകും; പരദൂഷണം ഇല്ലാതെയായാൽ കലഹവും കെട്ടടങ്ങും. കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ, കലഹത്തെ പ്രണയിക്കുന്നവർ സംഘട്ടനത്തെ ആളിക്കത്തിക്കുന്നു. ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു. ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്. ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു, എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു. അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്, ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും, അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും. ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും; താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും. വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു, മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.