സദൃശവാക്യങ്ങൾ 18:1-8
സദൃശവാക്യങ്ങൾ 18:1-8 MCV
കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും നല്ല തീരുമാനങ്ങളെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നു. ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല; എന്നാൽ അവർ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലാണ് ആനന്ദിക്കുന്നത്. ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു, അപമാനത്തോടൊപ്പം അപകീർത്തിയും വന്നുചേരുന്നു. ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം; എന്നാൽ ജ്ഞാനത്തിന്റെ ഉറവ കളകളാരവത്തോടെ ഒഴുകുന്ന അരുവിപോലെയും. ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും നിരപരാധിക്കു നീതി നിഷേധിക്കുന്നതും ഉചിതമല്ല. ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു, അവരുടെ അധരം അടി ഇരന്നുവാങ്ങുന്നു. ഭോഷരുടെ വായ് അവർക്കു നാശഹേതുവും അധരങ്ങൾ അവരുടെ ജീവനു കെണിയും ആകുന്നു. ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു.


